
ആലിവീണ കുത്ത്
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ, കോതമംഗലത്തിനും നേര്യമംഗലത്തിനും ഇടയിൽ, തലക്കോട് എന്ന പ്രദേശത്താണ് ആലിവീണക്കുത്ത് എന്ന വെള്ളച്ചാട്ടം. തലക്കോട് നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെ കാടിന്റെ ഉള്ളിൽ ആണ് ആലിവീണക്കുത്ത് ഒഴുകുന്നത്.
ആലിവീണ കുത്ത് വെള്ളച്ചാട്ടം
കുത്ത് എന്നാൽ ചെറിയ വെള്ളച്ചാട്ടം എന്നാണ് അർത്ഥം. മലകളിൽ നിന്ന്, അല്ലെങ്കിൽ പാറകളിൽ നിന്ന് വെള്ളം പതിക്കുന്ന അരുവികൾ, ചെറിയ വെള്ളച്ചാട്ടങ്ങൾ എല്ലാം കുത്ത് എന്നാണ് നാട്ടുഭാഷയിൽ അറിയപ്പെടുന്നത്.
സൂചിപ്പാറ എന്ന കുന്നിന്റെ മുകളിൽ നിന്നാണ് ആലിവീണക്കുത്ത് ഒഴുകി പതിക്കുന്നത്. വർഷത്തിൽ മുഴുവൻ ജീവനുള്ള ഒരു വെള്ളച്ചാട്ടം അല്ല ആലിവീണക്കുത്ത്. മഴക്കാലത്തിന്റെ തുടക്കത്തിൽ തന്നെ ജീവൻ വയ്ക്കുകയും, തുലാവർഷം അവസാനിക്കുന്നതോടെ നേർത്ത് മാർച്ച് മാസത്തോടെ നീരൊഴുക്ക് വറ്റുകയും ചെയ്യുന്ന ഒരു ചെറിയ വെള്ളച്ചാട്ടമാണ് ആലിവീണ കുത്ത്.


ആലി എന്ന പപ്പാനും ആനയും
ആലിവീണക്കുത്ത് എന്ന രസികൻ പേരിനു പിന്നിലുള്ള കഥ അത്ര രസമുള്ള ഒന്നല്ല. അത് ആലി എന്ന പാപ്പാനും അയാളുടെ ആനയും ആയി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. ദശാബ്ദങ്ങൾക്ക് മുൻപ് കാട്ടിൽ നിന്ന് തടിയും മറ്റു വസ്തുക്കളും നാട്ടിലേക്ക് എത്തിക്കാൻ ഉപയോഗിച്ചിരുന്നത് ആനയുടെ സേവനമായിരുന്നു. അക്കാലത്ത് വാഹനങ്ങൾ ഉണ്ടായിരുന്നില്ല എന്നത് തന്നെ കാരണം.
തലക്കോട് വനപ്രദേശം മുള കൊണ്ട് സമ്പന്നമായിരുന്നു. ഒരിക്കൽ ആലി പാപ്പാൻ ആനയുമായി വനത്തിൽ നിന്ന് മുള കൊണ്ടുവരാനായി പുറപ്പെട്ടു. മാർഗമധ്യേ സൂചിപ്പാറ കടക്കുന്നതിനിടയിൽ അടി തെറ്റിയ ആനയും, ആനയോടൊപ്പം ആലി പാപ്പാനും കുത്തിലേക്ക് വീണ് മരിച്ചു. അതിനു ശേഷം ആ പ്രദേശം ആലി വീണക്കുത്ത് ആയി. അതായത് ആലി വീണ കുത്ത്.


ഇത് കഥയല്ല?
അങ്ങിനെ എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയില്ല. എനിക്ക് ഈ കഥ പറഞ്ഞു തന്നത് തലക്കോടുള്ള വളരെ പ്രായമുള്ള ഒരു ചേട്ടനാണ്. അദ്ദേഹം കഥ പറഞ്ഞ് അവസാനിപ്പിച്ചത് ഇങ്ങിനെയാണ്, “അതിൽ പിന്നീടാണ് ആ കുത്തിന് ആലിവീണക്കുത്തെന്ന് പേര് വന്നതെന്നാ പറഞ്ഞു കേട്ടേക്കണത്…” അതെ അദ്ദേഹത്തെപ്പോലെ തന്നെ ആ നാട്ടുകാരും, അവിടെ എത്തുന്നവരും എല്ലാവരും ആ കഥ പറഞ്ഞു കേട്ടതാണ്. അതു കൊണ്ട് തന്നെ ചരിത്രമെന്നോ സത്യമെന്നോ ആരും ഉറപ്പിക്കുന്നില്ല
കാട്ടിലൂടെ നടക്കാം
അൽപ്പദൂരം കാട്ടിലൂടെ നടന്നാൽ മാത്രമേ ആലിവീണകുത്തിൽ എത്താനാവൂ. നടക്കാൻ ഇഷ്ടമുള്ളവർക്ക്, ട്രെക്കിങ്ങ് എന്ന് പറഞ്ഞ് ഇറങ്ങാം. അതായത് ഓടി വന്ന് സന്ദർശിച്ച് പോകാൻ ഉള്ള ഇടം, അല്ലെങ്കിൽ ഒരു ടൂറിസ്റ്റ് കേന്ദ്രം അല്ല ആലിവീണകുത്ത്.
കുത്തിലേക്ക് നടക്കുമ്പോൾ ചുറ്റും പച്ചപ്പും പ്രകൃതിയും കിളികളും, കളകളാരവവും മാത്രമേ ഉണ്ടാകൂ. കുന്നിനുമുകളിലോ, കുത്തിലോ അധികം സാഹസത്തിന് മുതിരരുത്. വെള്ളം ഉള്ള സമയത്ത് വഴുക്കൽ ഉണ്ടാകും.
ആലിവീണക്കത്തിന്റെ കൂടുതൽ ചിത്രങ്ങൾ കാണാം
ആലിവീണകുത്തിൽ എങ്ങനെ എത്തി ചേരാം?
ഇവിടെ ചേർത്തിരിക്കുന്ന ഗൂഗിൾ മാപ്പ് ഉപയോഗിക്കുക
Add comment