De Kochi - Photographic Journal
cheru katha, cherukatha, short story, malayalam short story, malayalam katha, malayalam kadha, malayalam story, malayalam cheru kathakal, malayalam short stories, cherukathakal, katha, kathakal, Malayalam blog, Malayalam blog kathakal, malayalam blog stories

അരക്കഥ

cheru katha, cherukatha, short story, malayalam short story, malayalam katha, malayalam kadha, malayalam story, malayalam cheru kathakal, malayalam short stories, cherukathakal, katha, kathakal, Malayalam blog, Malayalam blog kathakal, malayalam blog stories

 

പല സമയങ്ങൾ കാണിയ്ക്കുന്ന വീടിന്റെ വിവിധ ചുമരുകളിലെ ക്ളോക്കുകളെ മറന്നു കളഞ്ഞാൽ, എന്റെ വാച്ചിലെ അഞ്ചര മണിയിൽ നിന്ന് ഗൂഗിൾ മാപ്പ് പ്രകാരം എട്ടര മിനുട്ട് നടക്കാനുള്ള ദൂരമാണ്‌ ഈ കഥയുടെ വേദിയിലേക്കുള്ള ദൂരം… നാട്ടിലെ വായന ശാലയിലേക്കുള്ള ദൂരം.

അത്ര വലിയ പുസ്തകപ്രേമിയോ, വായനാശീലമുള്ളവനോ ഒന്നുമല്ല ഞാൻ. എന്നിട്ടും ഞാൻ അവിടേയ്ക്കു പോകുന്നതെന്തിനാണെന്ന് ചോദിച്ചാൽ, ലക്ഷ്യമല്ല മാർഗ്ഗമാണ്‌ പ്രധാനം എന്നു തിരുത്തേണ്ടി വരും. വായനശാലയെന്ന ലക്ഷ്യം, സായാഹ്നസവാരിയോടുള്ള പ്രിയം മാത്രമാണ്‌ എനിയ്ക്ക്.

എന്നാൽ ആഴ്ചയിലൊരിക്കൽ അവിടെ ചെന്നു മടങ്ങുമ്പോൾ എന്റെ ഒപ്പം ഒരു പുസ്തകം കാണാതിരിക്കില്ല. എന്റെ മേശയിൽ ഉറങ്ങുന്ന അവിടെ നിന്നെടുത്ത പുസ്തകം തിരിച്ചേൽപ്പിക്കണമെന്ന ഉത്തരവാദിത്വം കൊണ്ടോ, അല്ലെങ്കിൽ അംഗത്വ ഫീസ് കൊടുക്കുന്നത് വെറുതേയാകരുതെന്ന ചിന്ത കൊണ്ടോ എന്തോ ആണ്‌ ഞാൻ അത്തരത്തിലൊരു ശീലം കൊണ്ടു നടക്കുന്നത്.

കൈവശം വയ്ക്കുന്ന പുസ്തകത്തിന്റെ നാലര പേജുകളിൽ അധികം ഞാൻ വായിച്ചിട്ടുള്ളത് അപൂർവ്വമായി മാത്രമാണ്‌. എന്താണ്‌ അര പേജിന്റെ കണക്കെന്ന് ചോദിക്കരുത്. ഞാനങ്ങനെയാണ്‌… അര പേജ്… അര മിനുട്ട്… അര കിലോമീറ്റർ അതൊക്കെയാണ്‌ എന്റെ ശീലങ്ങൾ.

ചിലതൊക്കെ പൂർത്തിയാക്കാനാവില്ലാത്തത് കൊണ്ടോ, അല്ലെങ്കിൽ പാലിക്കാനോ മുഴുമിക്കാനോ ആവില്ല എന്ന് എനിക്ക് തന്നെ ബോധ്യമുള്ളത് കൊണ്ടോ, അതുമല്ലെങ്കിൽ ഒന്നിലും കൃത്യതയുണ്ടാകാറില്ല എന്ന തിരിച്ചറിവു കൊണ്ടോ ആയിരിക്കാം സമയത്തിന്റെയും ദൂരത്തിന്റേയും അളവുകോലുകളിൽ അത്തരം അരകൾ ഞാൻ കൂടെ കൂട്ടിയിരുന്നത്.

വായനാശാലയുടെ സൂക്ഷിപ്പുകാരന്റെ പുഞ്ചിരിക്കപ്പുറം, വേദനയും ചിന്തയും തുടങ്ങി പലവിധ ആത്മസംഘർഷങ്ങൾ ഉള്ളടക്കത്തിലുണ്ടാകുമ്പോഴും പുറം ചട്ടകളിലെ വർണ്ണവിസ്മയങ്ങൾ കൊണ്ട് ചിരിക്കുന്ന പുതിയ പുസ്തകങ്ങളെ കടന്ന് അന്ന് ഞാൻ ആ ഗ്രന്ധപ്പുരയുടെ ഇരുണ്ട മൂലയിലേക്ക് നടന്നു. തിരഞ്ഞെടുപ്പിൽ ഒരു മാറ്റമുണ്ടാകട്ടേ എന്നൊരു വെറും ചിന്തയാണ്‌ എന്നെ അതിനു പ്രേരിപ്പിച്ചത്. അവിടെ, പുസ്തക അലമാരകളുടെ അങ്ങേയറ്റത്ത്, ആ മുറിയുടെ തന്നെ അവസാന അലമാരകളിലാണ്‌ പഴയ പുസ്തകങ്ങൾ ഉറങ്ങുന്നത്.

ഒരേ നിറത്തിൽ ബൈൻഡ് ചെയ്ത പുറംചട്ടകളിലുള്ള ആ പുസ്തകക്കൂട്ടങ്ങൾക്ക്, ഒരേ നിറമുള്ള പുതപ്പിനുള്ളിൽ മയങ്ങുന്ന വാർദ്ധക്യം ബാധിച്ച മനുഷ്യരുള്ള ഒരു വൃദ്ധസദനത്തിന്റെ പ്രതീതിതിയാണ്‌.

അതെ… താളുകളുടെ പഴക്കം കൊണ്ടും, രചയിതാക്കളുടെ മൺമറഞ്ഞ ചരിത്രം കൊണ്ടു ശരിക്കും വാർദ്ധക്യം ബാധിച്ച പുസ്തകങ്ങൾ…

എന്നെ കണ്ടിട്ടോ എന്തോ, അപരിചിതനായ ഒരാൾ അവശതകൾ തങ്ങുന്ന ഒരു വീടിനു മുന്നിൽ എത്തി നിൽക്കുമ്പോൾ, “എന്താ വേണ്ടേ ?” എന്ന് അവശത നിറഞ്ഞ സ്വരത്തിൽ ചോദിച്ചു കൊണ്ട് ഊന്നു വടിയുമായി അവശതയോടെ എഴുന്നേറ്റ് അയാളെ സമീപിച്ചേക്കാവുന്ന ഒരു മുത്തശ്ശനേയോ മുത്തശ്ശിയെയോ പോലെ, പുസ്തക അലമാരകൾക്കിടയിലെ മാറാലകളൊന്നിൽ നിന്ന് ഒരു ചിലന്തി, തന്റെ മെല്ലിച്ച കാലുകൾ സാവധാനം നീട്ടി വച്ച് ഇരുട്ടിൽ നിന്ന് പുറത്തേക്ക് വന്ന് എന്നെ നോക്കി.

ആരും വരാനില്ലാത്ത വീട്ടുപടിക്കൽ അപരിചിതനെ കാണുമ്പോൾ പോലും പ്രതീക്ഷയുടെ തിളക്കം വിരിയുന്ന ഒരു വൃദ്ധന്റെ, അല്ലെങ്കിൽ വൃദ്ധയുടെ കണ്ണുകളായി തോന്നി ആ ചിലന്തിയുടെ കണ്ണുകൾ. നാലരപേജ് വായന എനിക്കു സമ്മാനിച്ച ഭാവനയായിരുന്നോ അത്, അല്ലെങ്കിൽ ജീവിതത്തിലെവിടേയോ എന്നോ കണ്ട ഒരു ദൃശ്യത്തോട് ഉപമിച്ചു പോയതോ എന്നെനിക്കറിയില്ല.

“ഇതൊക്കെ ഇടയ്ക്ക് വൃത്തിയാക്കി വച്ചുകൂടേ…?” എന്നെനിക്ക് വായനാശാലയിലെ മേശക്കിപ്പുറം വായനയിൽ മുഴുകിയിരിക്കുന്ന ലൈബ്രേറിയനോട് ചോദിക്കാൻ തോന്നി. അതെന്റെ കൂടി ഉത്തരവാദിത്വമാണ്‌ എന്ന തിരിച്ചറിവിൽ, ആ ചോദ്യം ചോദിക്കാതെ ഞാൻ ഒരു സഹൃദയനായി.

കടുത്ത നിറത്തിൽ, കട്ടിയുള്ള പുറം ചട്ടയ്ക്കുള്ളിൽ മാധവിക്കുട്ടിയുടെ നീർമാതളം പൂത്തു നിൽക്കുന്നു. അന്ന് ഞാൻ തിരികെ നടക്കുമ്പോൾ നീർമാതളം എന്റെ കൈയിലുണ്ടായിരുന്നു.

ആദ്യരാത്രി ഒരു പുസ്തകവും ഞാൻ തുറന്നു നോക്കിയ ചരിത്രമില്ലാതിരിക്കേ, അന്ന് ഞാൻ ആ പുസ്തകം വായിക്കാൻ തുടങ്ങി.

അഞ്ച്… പത്ത്… ഇരുപത്… മുപ്പത്… താളുകൾ മറിഞ്ഞുകൊണ്ടിരുന്നു. മുപ്പത്തി രണ്ടാമത്തെ താൾ മറിക്കുമ്പോൾ രണ്ടായി മടക്കിയ ഒരു ചെറിയ കടലാസ് ആ പേജിൽ പറ്റിപ്പിടിച്ചിരിക്കുന്നു. പുസ്തകത്തിന്റെ പേജിന്റത്ര തന്നെ മഞ്ഞച്ചു പോയ ഒരു കടലാസ്. വല്ലാത്തൊരുദ്വേഗത്തോടെ ഞാനതു വിടർത്തി നോക്കി…

‘ഈ വരുന്ന 22 വരെ ഞാനുണ്ടാകും… എനിക്കതു വരെ മാത്രമേ പ്രതീക്ഷിക്കാൻ കഴിയൂ… രണ്ടാഴ്ച കൂടി മാത്രം… അതു കഴിഞ്ഞാൽ, എല്ലാ സ്വപ്നങ്ങളും ഓർമകളും, നഷ്ടപ്പെടുത്താനുള്ള പൂർണ്ണ സ്വാത്രന്ത്ര്യത്തോടെ ഞാൻ നിങ്ങളെ ഏൽപ്പിച്ചു മടങ്ങി എന്നു മാത്രം കരുതിക്കോളണം…’

ഒന്നു രണ്ടാവർത്തി ഞാനത് വായിച്ചു. ഒരു പെൺകുട്ടിയുടെ അല്ലെങ്കിൽ ഒരു സ്ത്രീയുടെ കൈപ്പടയാണതെന്ന് എനിക്ക് തിരിച്ചറിയാനായി.

ആരായിരിക്കാം അതെഴുതിയത്..? ഒരാനാവശ്യ ഉദ്വേഗം എന്റെ മനസിൽ നിറഞ്ഞു. അതിലെ വരികൾ ഞാൻ അറിയാതെ മനസിൽ ആവർത്തിച്ചു. ഏതോ ഒരു നഷ്ടപ്രണയത്തിന്റെ അവശേഷിപ്പ് എന്ന മുൻവിധിയോടെ പുസ്തകം തുറന്ന്, കത്ത് മടക്കി അതിനുള്ളിലാക്കി.

ആ രാത്രി ഉറക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു. പരിചയമില്ലാത്ത ഒരു പെൺകുട്ടി എന്റെ മുന്നിൽ വന്ന് നിന്ന് എന്നെ രൂക്ഷമായി നോക്കുന്നു. തിരിച്ചറിയുന്നില്ല എന്ന എന്റെ മുഖം വായിച്ചറിഞ്ഞിട്ട് അവൾ തന്റെ പുസ്തകം എന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.

ആ കത്തിനെ ഒർത്ത് ഞാൻ ഇത്ര അസ്വസ്ഥനാകുന്നതെന്തിനാണ്‌…? എന്റെ നഷ്ടപ്രണയത്തിന്റെ വേദന, ഒരു യാദൃശിചികതയ്ക്ക് മുന്നിൽ വീണ്ടും വേദനിപ്പിക്കുകയാണെന്ന് തോന്നി. അവസാന വർഷ ഡിഗ്രി നോട്ടു പുസ്തകത്തിൽ ആളില്ലാതെ കണ്ട രണ്ടു വരി പ്രണയം ആരുടേയോ കുസൃതിയായി മാത്രം കരുതി മറന്നു കളഞ്ഞ ഞാൻ എന്തിനാണ്‌ ഇന്നിപ്പോൾ അസ്വസ്ഥനാകുന്നത്…?

ആ കത്തിന്റെ പിന്നാമ്പുറത്തെക്കുറിച്ചറിയണമെന്ന് എനിക്ക് തോന്നി. ഒരു കാരണവുമില്ലാതെ. പഴയ ചില ചലചിത്രങ്ങളിൽ കണ്ടിട്ടുള്ളതു പോലെ പുസ്തകത്തിലൂടെ പ്രണയലേഖനം കൈമാറിയിരുന്ന രണ്ട് പ്രണയിതാക്കളുടെ അവസാനത്തെ കത്ത്. അല്ലെങ്കിൽ തിടുക്കത്തിലെപ്പോഴോ വായിക്കേണ്ടയാളുടെ കൈവശമുള്ള പുസ്തകത്തിനിടയിലേക്ക് ഒരെഴുത്ത് വച്ചിട്ടു പോയ ഒരാൾ…? അതിനായിരിക്കും സാധ്യത. അല്ലാതെ പലയാളുകൾ കയറിയിറങ്ങുന്ന വായനശാലയിലെ പുസ്തകങ്ങളിലൊന്നിൽ ഒരു കത്തു വച്ചിട്ട് പോകാൻ അവളത്ര വിവരമില്ലാത്ത ഒരുവൾ ആയിരിക്കില്ല.

പക്ഷേ, അതാർക്കും കിട്ടാതെ പോയതെന്തേ… ? കണ്ടിട്ടും കാണാതെ പോയതാണോ… ഇല്ല അങ്ങിനെയാകില്ല… വായിച്ചിട്ടും ഉപേക്ഷ വിചാരിച്ചതാണെങ്കിൽ, ആ കത്ത് ആരും കാണാതിരിക്കാൻ അയാൾ (ആ ആൾ) അതു നശിപ്പിക്കുകയല്ലേ ചെയ്യുക… ?

എന്തായാലും അതിനു പിന്നിൽ മുറിഞ്ഞു പോയ ഒരു ബന്ധം, അല്ലെങ്കിൽ ആരും കാണാതെ പോയ ഒരു വേദന ഇല്ലേ…? അതല്ലേ ഇപ്പോൾ എന്റെ മുന്നിൽ ഈ കത്തിന്റെ രൂപത്തിൽ…?

എന്തിനാണ്‌ ഞാൻ അത്തരം ചിന്തകൾ കൊണ്ടു നടക്കാൻ തുടങ്ങിയതെന്ന് എനിക്ക് തന്നെ തിരിച്ചറിയാനായില്ല. കത്തിന്റെ കാലപ്പഴക്കത്തോളം തന്നെ പഴയതായ ഏതോ രണ്ടു പേർ അദൃശ്യരായി എന്റൊപ്പം നടക്കുന്നതായി തോന്നിയപ്പോൾ ഞാൻ ആ പുസ്തകം തിരിച്ചേൽപ്പിക്കാൻ തീരുമാനിച്ചു. ആ കത്ത് ഉപേക്ഷിക്കാൻ വേണ്ടി മാത്രം. പക്ഷേ അത് ശരിയല്ലെന്ന് തോന്നി.

പുസ്തകത്തിന്‌ പുറത്ത് കത്ത് വിടർത്തിവച്ച് ലൈബ്രേറിയന്‌ മുന്നിലെ മേശയിൽ വച്ചു. തികഞ്ഞ അപരിചിതത്വത്തോടെ എന്നെ നോക്കിയിട്ട് ജയൻമാഷ് അതെടുത്തു വായിച്ചു… പിന്നെ പുഞ്ചിരിച്ചു കൊണ്ട് എന്നെ നോക്കി.

“ മാഷേ, ഈ പുസ്തകം അവസാനമായി ഇവിടെ നിന്ന് കൊണ്ടു പോയ ആളെ പഴയ രജിസ്റ്റർ ബുക്കിൽ നിന്ന് തപ്പിയെടുക്കാൻ കഴിയില്ലേ…?” എന്റെ ഡിക്റ്റടീവ് ബുദ്ധിക്ക് അധികം ആയുസില്ലാതെ പോയി.

അദ്ദേഹം എന്നെ നോക്കി. പിന്നെ ഒരു പൊട്ടിച്ചിരിയായിരുന്നു. “ നിനക്ക് വേറേ പണിയില്ലേ…? പത്തു പന്ത്രണ്ട് കൊല്ലം മുൻപെങ്കിലും എഴുതിയ സാധനമാണ്‌…” അയാൾ അത് വെളിച്ചത്തിൽ ഉയർത്തി നോക്കിയിട്ട് പറഞ്ഞു. “പത്തു കൊല്ലത്തെ രജിസ്റ്റർ ബുക്കൊക്കെ കാണുമായിരിക്കും. ബാക്കിയൊക്കെ എങ്ങിനെ എവിടെ ചെന്നു തപ്പിയെടുക്കാനാണ്‌…?“

ശരിയാണ്‌… അതൊരു മണ്ടൻ ആശയമാണ്‌. ഇനിയഥവാ അങ്ങിനൊരാളെ കണ്ടെത്തിയിട്ടെന്തിന്‌…?

എങ്കിലും മന:പൂർവ്വം നഷ്ടപ്പെടുത്തിയതല്ലെങ്കിൽ അതിന്റെ നൊമ്പരം പേറുന്ന ഒരാൾ ഉണ്ടാകില്ലേ… ? അവരിപ്പോൾ അതൊക്കെ ഓർമിക്കുന്നുണ്ടാകുമോ…? അറിയില്ല… പക്ഷെ എനിക്കങ്ങിനെ തോന്നിയതു കൊണ്ടാണല്ലോ അവരെ അന്വേഷിക്കാൻ തോന്നിയത്.

അപ്പോൾ എനിക്ക് ഒരു കഥയെഴുതാൻ തോന്നി. അര നിമിഷവും അര ദൂരവും പോലെ കൃത്യതയില്ലാത്ത, വ്യക്തതയില്ലാത്ത ഒരു കഥ.

അവർ ആരാണെന്നറിയില്ലെങ്കിലും, കാണാതെ പോയ ഒരു സന്ദേശത്തിന്റെ, പ്രണയലേഖനത്തിന്റെ കാര്യം പറയുന്ന കഥ. അതാണ്‌ ഈ കഥ. ഇതെവിടെയെങ്കിലും അച്ചടിച്ചു വന്നാൽ, അവരിലൊരാളെങ്കിലും ഇതു വായിക്കും എന്ന അതിമോഹം കൊണ്ടാണ്‌ ഇതു ഞാൻ പ്രസാധകനു മുന്നിലേക്ക് അയച്ചത്.

തിരസ്കരിക്കപ്പെട്ട അനേക എഴുത്തുകളുടെ കൂട്ടത്തിൽ ഇതും തിരസ്കരിക്കപ്പെട്ടു… പരിഭവമില്ല, കാരണം കഥയില്ലാ കഥകൾ തിരസ്കരിക്കപ്പെടേണ്ടതാണ്‌.

‘എങ്കിലും നോക്കൂ, കാണാതെ പോയതു കൊണ്ടാണ്‌… അതു കൊണ്ട് മാത്രം…’ അങ്ങനൊരു വാക്ക്, അയാൾ പങ്കു വയ്ക്കുന്നതായി കരുതാൻ വേണ്ടി മാത്രം… അതിനു വേണ്ടി മാത്രം ഇതിവിടെ പോസ്റ്റ് ചെയ്യുന്നു.

——–
അനൂപ് ശാന്തകുമാർ
-2020 ഏപ്രിൽ 9-

കൂടുതൽ ചെറുകഥകൾ വായിക്കാം

YOUTUBE  |  INSTAGRAM  |  FACEBOOK

Facebook Comments

comments

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Add comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

About Blogger

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Email Newsletter

We Won't SPAM , Only Serious Emails.

Advertisement