
ഭൂതത്താൻകെട്ട്
ഭൂതത്താൻകെട്ട് കേരളത്തിലെ മനോഹരമായ ഒരു വാരാന്ത്യ വിനോദസഞ്ചാര കേന്ദ്രമാണ്. പെരിയാറിനു കുറുകെയുള്ള ഡാം, റിസർവോയിർ പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് ഭൂതത്താൻകെട്ട് ഇക്കോ ടൂറിസം കേന്ദ്രം. ബോട്ടിംഗ്, കുട്ടികൾക്കുള്ള പാർക്ക്, വാച്ച് ടവർ, കാനന പാതയിലൂടെയുള്ള ട്രക്കിംഗ് എന്നിവയാണ് മുഖ്യ ആകർഷണം.
ഭൂതത്താൻ കെട്ടിയ കെട്ട്
കോതമംഗലം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തൃക്കാരിയൂർ മഹാദേവ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ഭൂതത്താൻകെട്ടിന്റെ ഐതീഹ്യം. ശിവഭക്തരായ പ്രദേശവാസികളുടെ ഭക്തിയിലും പൂജയിലും തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിന്റെ ഖ്യാതി നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരുന്നു. മഹാദേവന്റെ ചൈതന്യത്താൽ നാട് അഭിവൃദ്ധിപ്പെട്ടു.
എന്നാൽ ഭൂതത്താന്മാർ അപകടം മണത്തു. പാതാളവാസികളായ തങ്ങളുടെ നിലനിൽപ്പ് ശിവചൈതന്യത്താൽ ഇല്ലാതാകുമെന്ന് ഭയന്ന അവർ ക്ഷേത്രം നശിപ്പിക്കാൻ തീരുമാനിച്ചു. പെരിയാറിൽ അണ കെട്ടി വെള്ളപ്പൊക്കം ഉണ്ടാക്കുക. അതു വഴി തൃക്കാരിയൂർ ഉൾപ്പെടെ കോതമംഗലം പ്രദേശത്തെയാകെ വെള്ളത്തിനടിയിൽ മുക്കിക്കളയുക. ഇതായിരുന്നു ഭൂതത്താന്മാരുടെ പദ്ധതി.
രാത്രിയിൽ മാത്രം പുറംലോകത്ത് എത്തുവാനും ശക്തി പ്രകടിപ്പിക്കാനും അവസരമുണ്ടായിരുന്ന ഭൂതത്താന്മാർ ഒരു രാത്രി വനമദ്ധ്യത്തിലൂടെ ഒഴുകുന്നു പെരിയാറിനു കുറുകെ അണകെട്ടുവാൻ ആരംഭിച്ചു. തീരത്ത് കിടന്നിരുന്ന വലിയ പാറക്കല്ലുകൾ പെരിയാറിലേക്ക് എടുത്തിട്ടാണ് അണ കെട്ടാൻ ആരംഭിച്ചത്. അപകടം മനസിലാക്കിയ മഹാദേവൻ പാതിരാത്രി കഴിഞ്ഞപ്പോൾ കോഴിയുടെ രൂപത്തിൽ വന്ന് കൂവിയത്രേ.
പാതിരാക്കോഴി കൂവി കഴിഞ്ഞ നേരം വീണ്ടും കോഴി കൂവൽ കേട്ടപ്പോൾ നേരം വെളുക്കാറായെന്നും വെളിച്ചം വന്നാൽ അപകടമാകുമെന്നും മനസിലാക്കിയ ഭൂതത്താന്മാർ അണ കെട്ട് പാതി വഴിക്ക് ഉപേക്ഷിച്ച് പാതാളത്തിലേക്ക് പലായനം ചെയ്തു. പിന്നീട് മഹാദേവൻ തങ്ങളെ കബളിപ്പിച്ചതാണെന്ന് തിരിച്ചറിയുകയും, അതു കൊണ്ട് തന്നെ ഭക്തർക്ക് മേൽ മഹേശ്വരനുള്ള പ്രീതി മനസിലാക്കിയ ഭൂതത്താന്മാർ പിന്നീടൊരിക്കലം അത്തരമൊരു ഉദ്യമത്തിന് മുതിർന്നതുമില്ല.


ഭൂതത്താൻകെട്ട് ഒരു കെട്ടുകഥയാണോ?
തലമുറകളായി ഭൂതത്താൻകെട്ടിനെക്കുറിച്ച് നാട്ടുകർ പറഞ്ഞു പോരുന്ന ഒരു ഐതീഹ്യം തന്നെയാണിത്. എന്നാൽ പുരാതനമായ തൃക്കാരിയൂർ മഹാദേവക്ഷേത്രത്തിന് ഇന്നും വളരെ പ്രാധാന്യം ഉണ്ട്. കോതമംഗലം വലിയ പള്ളി പെരുന്നാളിന് കൊടി കയറുന്നത് ക്ഷേത്രത്തിൽ വെടിവഴിപാട് നടത്തിയതിന് ശേഷമാണ്.
മറ്റൊന്ന്, പെരിയാറിനു കുറുകെയുള്ള പാറകൾ ശ്രദ്ധിച്ചാൽ ഇതൊരു കഥയായി തോന്നില്ല. വളരെ വലിപ്പം ഉള്ള പാറകൾ ആരോ ഏടുത്തിട്ടത് പോലെയാണ് പെരിയാറിനു കുറുകെ കിടക്കുന്നത്. അതും ഒരേ വരിയിൽ എന്ന പോലെ. പുഴയുടെ മധ്യഭാഗത്ത് വരെ ഇങ്ങിനെ പാറക്കല്ലുകൾ ആണ്. 2018 ലെ വെള്ളപ്പൊക്കത്തിൽ പെരിയാർ അൽപ്പം വഴി മാറി ഒഴുകിയിട്ടുണ്ടെങ്കിലും കല്ലുകൾക്ക് സ്ഥനഭൃംശം സംഭവിച്ചിട്ടില്ല.
വാച്ച് ടവർ
ഭൂതത്താൻകെട്ട് വനപ്രദേശവും റിസർവോയിർ പ്രദേശവും കാണാൻ തക്ക ഉയരമുള്ള വാച്ച് ടവർ ആണ് ഇവിടെ പണി കഴിപ്പിച്ചിരിക്കുന്നത്. മുകളിൽ കയറി നിന്ന് ദൂരക്കാഴ്ചകൾ കാണാനാവുന്നത് വ്യത്യസ്ഥമായ അനുഭവം തന്നെയാണ്.

ബോട്ടിംഗ്
ഒക്ടോബർ മുതൽ മെയ് മാസം വരെ ബോട്ടിംഗ് ഉണ്ടായിരിക്കും. ഡാമിന്റെ ജല സംഭരണിയിൽ തട്ടേക്കാട് വരെ പെരിയാറിലൂടെ സഞ്ചരിക്കാനുള്ള ഹൗസ് ബോട്ട്, സ്പീഡ് ബോട്ട് സൗകര്യം ആണ് ഉണ്ടാകുക. സാധാരണയായി മഴയുള്ള സമയം, ജൂൺ മുതൽ സെപ്തംബർ വരെ ഡാമിന്റെ ഷട്ടറുകൾ തുറന്നിടുന്നതിനാൽ ജലസംഭരണിയിൽ ജലനിരപ്പ് താഴെയായിരിക്കും എന്നതിനാൽ ബോട്ടിംഗ് നിർത്തി വയ്ക്കും.


കുട്ടികൾക്കുള്ള പാർക്ക്.
മനോഹരമായി ചെടികളും മരങ്ങളും വളർത്തിത്തിയിരിക്കുന്ന ഒരു പാർക്ക് കുട്ടികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാനുള്ള മെച്ചപ്പെട്ട സൗകര്യങ്ങൾ ഇവിടെയുണ്ട്. ദിനോസർ മുതൽ ഭൂതത്താൻ കല്ലുമായി നിൽക്കുന്ന ശിൽപ്പം വരെ ആകർഷകമായി ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
കാട്ടിലൂടെയുള്ള യാത്ര
പഴയ ഭൂതത്താൻകെട്ടിലെ ഭൂതത്താൻ കെട്ടിയ കെട്ട് കാണണം എങ്കിൽ കാട്ടിലൂടെ 1.5 കിലോമീറ്റർ ദൂരം നടക്കണം. ഇവിടുത്തെ മുഖ്യ ആകർഷണം കാടിനു നടുവിലൂടെയുള്ള പാതയിലൂടെയുള്ള ഈ (ട്രെക്കിംഗ്) യാത്രയാണ്.
ജന്തുജാലങ്ങൾ
കാട്ടുപാതയിലൂടെയുള്ള ഈ യാത്രയിൽ അനേകം പക്ഷി മൃഗാദികളെ കാണാനാകും. മലയണ്ണാനും, കാട്ടു കോഴിയും, വേഴാമ്പലും സാധാരണമാണ്. ആകാശം മുട്ടെ വളരുന്ന വലിപ്പമുള്ള വലിയ മരങ്ങളുടെ ചുവട് ‘സെൽഫി പോയിന്റുകൾ’ ആണ്. സഞ്ചാരികൾ മൊബൈൽ ക്യാമറയിൽ സെൽഫി പകർത്താൻ മത്സരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.
2018 സെപ്തംബർ മധ്യത്തിൽ ഭൂതത്താൻകെട്ടിലേക്കുള്ള യാത്രയിൽ പകർത്തിയ ജീവജാലങ്ങളുടെ ചിത്രങ്ങളാണ് ഇവിടെ ചേർത്തിരിക്കുന്നത്.






ഭൂതത്താൻകെട്ട് വീഡിയോ
ഭൂതത്താൻകെട്ടിൽ എങ്ങനെ എത്തി ചേരാം?
ഭൂതത്താൻകെട്ട് വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തിച്ചേരാൻ ഇതോടൊപ്പമുള്ള ഗൂഗിൾ മാപ്പ് ഉപയോഗിക്കുക
Add comment