ഗരുഡൻ തൂക്കം - Garudan Thookkam
തൂക്കം അല്ലെങ്കിൽ ഗരുഡൻ തൂക്കം (Garudan Thookkam) ഒരു അനുഷ്ഠാന കലയാണ്. ഗരുഡൻ തൂക്കം പലപ്പോഴും വീടുകളിൽ വഴിപാടായി നടത്തുന്ന ഒന്നാണ്. ദേവീക്ഷേത്രങ്ങളിലെ, പ്രത്യേകിച്ച് കാളീക്ഷേത്രങ്ങളിലെ ഉത്സവത്തിനോ ടനുബന്ധിച്ചാണ് തൂക്കം വഴിപാട് അല്ലെങ്കിൽ തൂക്കം നേർച്ച നടത്തുന്നത്.
തൂക്കം കലാകാരൻ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നു
അനുഷ്ഠാനം
ഗരുഡവേഷധാരിയായ തൂക്കം കലാകാരൻ ഗരുഡനെ അനുസ്മരിപ്പിക്കും വിധത്തിൽ ചിറകുകളും കൂർത്ത കൊക്കും ധരിച്ച്, മറ്റ് വേഷഭൂഷാധികളോടെ ചെണ്ടമേളത്തിനുസരിച്ച് ചുവടു വയ്ക്കുന്നു. അർദ്ധരാത്രി കഴിഞ്ഞാൽ തൂക്കക്കാരനും തൂക്കം നടത്തുന്ന വീട്ടുകാരും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് തിരിക്കുന്നു.
ക്ഷേത്രത്തിലെത്തി ദേവിയെ വണങ്ങി നൃത്തം ചെയ്യുന്നു. തൂക്കം വഴിപാടു നേരുന്ന ഗൃഹത്തിലെ ദോഷങ്ങളെല്ലാം ഇതോടെ ഒഴിവാകുന്നു എന്നാണ് വിശ്വാസം. തുടർന്ന് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്ന തൂക്കവില്ലിൽ പ്രതീകാത്മകമായി തൂക്കം കലാകാരനെ ബന്ധിച്ച് തൂക്കിയിടുന്നു. ഗരുഡൻ പറക്കുന്ന പ്രതീതിയിലാണ് തൂക്കം കലാകാരനെ തൂക്ക വില്ലിൽ ബന്ധിക്കുന്നത്.
ദേവിയുടെ നടയിൽ ചിറകുവിടർത്തി ചുവട് വയ്ക്കുന്ന തൂക്കം
ഐതീഹ്യം
ഗരുഡൻ തൂക്കം എന്ന അനുഷ്ഠാന കലയ്ക്കു പിന്നിലുള്ള വിശ്വാസം ദേവി ഭദ്രകാളിയുമായി ബന്ധപ്പെട്ടതാണ്. അസുരനായ ദാരിക നിഗ്രഹത്തിന് പുറപ്പെട്ട ദേവി ഉഗ്രകോപിയായി മാറി. ദാരിക വധത്തിനുശേഷം രക്തദാഹിയായി കലിതുള്ളി നിന്ന ഭദ്രകാളിയുടെ കോപം ശമിപ്പിക്കുന്നതിനു വേണ്ടി, വിഷ്ണു തന്റെ വാഹനമായ ഗരുഡനെ ദേവിയുടെ സമീപത്തേക്ക് അയച്ചു.
തുടർന്ന് ഗരുഡൻ കാളിയെ സന്തോഷിപ്പിക്കാനായി കാളിയുടേ മുൻപിൽ നൃത്തം ചെയ്യുകയും, അതിനു ശേഷം കാളിക്ക് ഗരുഡൻ തന്റെ രക്തം അർപ്പിച്ചുവെന്നും ആണ് ഐതിഹ്യം. ഗരുഡന്റെ രക്തം പാനം ചെയ്തതിനു ശേഷം കാളിയുടെ കോപത്തിന് ശമനമുണ്ടായി എന്നുമാണ് ഐതിഹ്യം.
പന്തത്തിന്റെ വെളിച്ചത്തിൽ തൂക്കം കലാകാരനെ നയിക്കുന്ന പരികർമ്മി
തൂക്കം അനുഭവങ്ങൾ
തൂക്കം കലാകാരൻ ഗരുഡ വേഷം കെട്ടിയാൽ ഗരുഡനായി മാറുന്നു. ചുവടുകളും പ്രവൃത്തിയും ഒരു പറവയുടെ മട്ടിലാണ്. വിശ്വാസികൾ അർപ്പിക്കുന്ന കാഴ്ച തൂക്കം കലാകാരൻ തന്റെ കൊക്കുകൾ കൊത്തിയാണ് എടുക്കുക. എന്റെ ബാല്യത്തിൽ തറവാട്ടിൽ തൂക്കം നടക്കുന്നതിനിടയിൽ കൈയിലെ നാണയത്തുട്ട് കൊത്തിയെടുക്കാൻ വന്ന തൂക്കക്കാരന്റെ രൂപം കണ്ട് പേടിച്ചതോർക്കുന്നു.
ഇന്നും അത്തരം കാര്യങ്ങളിൽ വലിയ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. തൂക്കം അവതരണം നടക്കുന്ന വീട്ടിലെത്തിയ അയൽക്കാരുടേയും ബന്ധുക്കളുടേയും കുട്ടികൾ പലപ്പോഴും തൂക്കക്കാരനെ ഭയത്തോടെ നോക്കുന്നത് കണ്ടു.
തൂക്കം ചിത്രങ്ങൾ
തങ്കളം ഭഗവതി ക്ഷേത്രത്തിൽ എത്തിയ തൂക്കത്തിന്റെ ചിത്രങ്ങളാണ് ഇവിടെ ചേർത്തിരിക്കുന്നത്. തൂക്കം അനുഷ്ഠാനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ നോക്കാവുന്നതാണ്.
തൂക്കവില്ലിൽ കയറും മുൻപ് തൂക്കം കലാകാരന്റെ പാദങ്ങൾ കഴുകുന്നു
തൂക്കവില്ലിൽ ഗരുഡനെ അനുകരിക്കുന്ന തൂക്കം കലാകാരൻ