മറഞ്ഞിരുന്ന തുമ്പികൾ - Granite Ghost
കരിങ്കല്ലിൽ തീർത്ത മതിലുകളുള്ള ഒരിടവഴിയിലൂടെ സഞ്ചരിക്കുമ്പോഴാണ് യാദൃശ്ചികമായി അത് ശ്രദ്ധിച്ചത്. മഴയും വെയിലിലുമെല്ലാം ഏറ്റുവാങ്ങി കറുത്ത് കരുവാളിച്ച മതിലിൽ നിന്ന് പറന്നുയരുന്ന കറുത്ത നിറത്തിലുള്ള തുമ്പികൾ. നിലത്തു കിടക്കുന്ന കരിയിലയിൽ കാൽനടക്കാരന്റെ കാലമരുന്ന ശബ്ദം കേട്ടപ്പോൾ മതിലിൽ ഒളിച്ചിരുന്ന തുമ്പികൾ സുരക്ഷിതമായ ഇടം തേടി പറന്നതാണ്.
മതിലിൽ അത്തരത്തിൽ തുമ്പികൾ ഒളിച്ചിരിക്കുന്നതായി ഒറ്റനോട്ടത്തിൽ കാണാൻ സാധിക്കുമായിരുന്നില്ല. കൗതുകം ലേശം കൂടുതലായതു കൊണ്ട് നന്നായി ശ്രദ്ധിച്ചു. ചെറിയ കരിങ്കൽ ചീളുകൾക്ക് ചിറകു മുളച്ചുവെന്ന് തോന്നും വിധത്തിൽ, കല്ലിന്റെ സ്വാഭാവികമായ കറുപ്പും ചാരനിറവും ഇടകലർന്ന തുമ്പികൾ.
കരിങ്കൽ മതിലിൽ മറഞ്ഞിരിക്കുന്ന മതിൽത്തുമ്പി
ഈത്തപ്പഴത്തിന്റെ നിറം പോലെ ചുവപ്പ് കലർന്ന തവിട്ടു നിറമുള്ള ഉരുണ്ട കണ്ണുകൾ. മറ്റു തുമ്പികളെപ്പോലെ തന്നെ കണ്ണുകൾ സദാ ചലിപ്പിച്ചുകൊണ്ട് ചുറ്റുപാടും ശ്രദ്ധിക്കുകയാണ് അവ. ഒരു ചെറിയ അനക്കം കേട്ടാൽ പറന്ന് അകന്ന് മാറിയിരിക്കും. മതിൽത്തുമ്പി എന്നറിയപ്പെടുന്ന തുമ്പികളായിരുന്നു അത്.
മതിൽത്തുമ്പി
തുമ്പികളിലെ ശക്തരായ വിഭാഗത്തിൽപ്പെടുന്ന തുമ്പികൾ കല്ലൻതുമ്പി എന്നാണ് അറിയപ്പെടുന്നത്. ഉറപ്പും വലിപ്പവുമുള്ള ശരീരവും പറക്കുമ്പോഴല്ലാത്തപ്പോൾ സദാ വിടർത്തിപ്പിടിക്കുന്ന ചിറകുകളും കല്ലൻതുമ്പികളുടെ പ്രത്യേകതയാണ്.
കല്ലൻതുമ്പി വിഭാഗത്തിൽപ്പെട്ട തുമ്പിയാണ് മതിൽത്തുമ്പി. Granite Ghost എന്നാണ് ഇംഗ്ലീഷിൽ ഇവ അറിയപ്പെടുന്നത്. ഗ്രനൈറ്റ് ഭൂതം എന്നു വേണമെങ്കിൽ മൊഴിമാറ്റം നടത്താം. Bradinopyga Geminata എന്നാണ് മതിൽത്തുമ്പിയുടെ ശാസ്ത്രീയ നാമം.
കല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന മതിൽത്തുമ്പി
എവിടെയെല്ലാം കാണാം?
മതിലുകളിൽ ഇരുന്ന് വിശ്രമിക്കാനാണ് മതിൽത്തുമ്പികൾക്ക് താത്പര്യം. അതുകൊണ്ട് തന്നെയാണ് മതിൽതുമ്പി എന്ന പേര് ലഭിച്ചത്. കറുത്ത പാറക്കൂട്ടങ്ങളിലും ഇരുണ്ട ഭിത്തികളുള്ള കെട്ടിടങ്ങളിലും മതിൽത്തുമ്പികളെ കാണാം.
ദേഹത്തിന് കറുപ്പും ചാരനിറവും കലർന്ന നിറമായതിനാൽ തന്നെ പാറകളിലോ, മതിലുകളിലോ ഇരിക്കുന്ന മതിൽത്തുമ്പികളെ ഒറ്റനോട്ടത്തിൽ കണ്ടെത്തുക അത്ര എളുപ്പമല്ല. കൂട്ടത്തോടെ വസിക്കാൻ ഇഷ്ടപ്പെടുന്നവയാണ് മതിൽതുമ്പികൾ.
കല്ലിന്റെ നിറവുമായി പൊരുത്തപ്പെടുന്ന കറുപ്പും ചാരനിറവും കലർന്ന കൽത്തുമ്പി
കൊതുകുകളെ നശിപ്പിക്കാൻ മതിൽതുമ്പികൾ
ചെറുപ്രാണികളാണ് മതിൽതുമ്പികളുടെ പ്രധാന ഭക്ഷണം. കൊതുകളും മതിൽതുമ്പിയുടെ ഭക്ഷണത്തിൽപ്പെടുന്നു.
മതിൽതുമ്പികളുടെ ലാർവ്വകൾ ഡെങ്കിപ്പനി പടർത്തുന്ന ഈഡിസ് കൊതുകുകളുടെ ലാർവ്വകളെ ഭക്ഷണമാക്കുന്നു. അതുകൊണ്ട് തന്നെ മതിൽതുമ്പികൾ കൊതുകുനശീകരണം നടത്തിക്കൊണ്ട് മനുഷ്യന് ഉപകാരിയാകുന്നു.