
പ്രേതരൂപികൾ
രാത്രിയിലാണ് പുറത്തിറങ്ങുക. ചിറകുകൾ വായുവിൽ വീശുന്ന കട കട ശബ്ദംകേട്ടാൻ ഉറപ്പിക്കാം ഇത് ആ ഭീകര രൂപി തന്നെ. തൊടിയിലെ വാഴക്കൂമ്പിലോ, മുറ്റത്തെ പേരമരത്തിലോ പറന്നു പറ്റുന്ന ഇവനെ ശരിക്കൊന്നു കാണാൻ കാത്തിരിക്കുക തന്നെ വേണം.
ടോർച്ച് തെളിച്ചു നോക്കിയാൽ കാണാം, തീക്കനൽ പോലെ തിളങ്ങുന്ന കണ്ണുകൾ. പട്ടിയുടേതെന്നോ, കുറുക്കന്റേതെന്നോ തോന്നിക്കുന്ന തല. കറുത്തിരുണ്ടതെന്നു തോന്നിക്കുന്ന ചിറകുകൾ. അതാകട്ടേ, തൂവലുകൾ കൊണ്ടുള്ളതല്ല. കുടക്കമ്പിയിൽ നേർത്ത ചർമ്മം വലിച്ചു കെട്ടിയുണ്ടാക്കിയതു പോലെ.
ആകെ ഒരു വശപിശകാണ് ആകാരത്തിൽ തന്നെ. നിലാവെളിച്ചത്തിൽ ചന്ദ്രനെയും മറച്ചെന്ന തരത്തിൽ ചിറകുകൾ വിടർത്തി പറക്കുന്ന വലിയ വാവലുകൾ (കടവാവൽ) ശരിക്കും ഭീകരരൂപികൾ തന്നെ.
യക്ഷിക്കഥകളിൽ നിന്നും, പേടിപ്പെടുത്തുന്ന മുത്തശ്ശിക്കഥക്കഥകളിൽ നിന്നും എത്ര വവ്വാലുകളാണ് പറന്നുയർന്നിട്ടുള്ളത്. ചലചിത്രങ്ങളുടെ കാര്യം പിന്നെ പറയേണ്ട. ഡ്രാക്കുളയായാലും, തനി നാടൻ മലയാളം പടമാണെങ്കിലും, വിഷയം പ്രേതമാണോ, കുറച്ചു വവ്വാലുകൾ നിർബന്ധമാണ്.

എന്തുകൊണ്ട് ആ ചീത്തപ്പേര്?
യുക്തിപരമായി ചിന്തിക്കുന്ന എല്ലാവർക്കുമുള്ള ഒരു സംശയം തന്നെയാണ് ഇത്. രോമാവൃതമാണ് വവ്വാലുകളുടെ ദേഹം. പലവിധ ചെറുപ്രാണികളും രോഗാണുക്കളും ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കാൻ ഇടയുണ്ട്.
അതിനൊരു പ്രധാനകാരണം, ചെറിയ വവ്വാലുകൾ (നരിച്ചീറുകൾ) പാറയിടുക്കളിലോ, ഗുഹകൾ പോലെയുള്ള ഇടുക്കകളിലോ ആണ് വസിക്കുക. അതു കൊണ്ട് തന്നെ വവ്വാലുകൾ രോഗാണുവാഹകരാണ് എന്നൊരു ചിന്ത ആദികാലങ്ങളിൽ തന്നെ ഉണ്ടായിരുന്നിരിക്കണം. നിപ്പ വൈറസ് പരത്തിയ കാര്യത്തിൽ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത് വവ്വാലുകളായിരുന്നല്ലോ.
എന്തെങ്കിലും ഒന്നിനോട് ഭയം തോന്നിയാൽ അതിൽ നിന്ന് അകലം പാലിക്കുന്ന, അല്ലെങ്കിൽ അതിനെ പ്രതിരോധിക്കുന്ന രീതിയാണ് മനുഷ്യന് ഉള്ളത്. അതു കൊണ്ട് തന്നെ ഹാനികരമായ രോഗാണുവാഹകർ എന്ന് മനസിലാക്കി പഴമക്കാരിൽ ആരെങ്കിലും പറഞ്ഞുണ്ടാക്കിയ കഥയായിരിക്കണം പ്രേതവുമായി ബന്ധപ്പെട്ടുണ്ടായത്.

മുകളിൽ ആകാശം താഴെ ഭൂമി
അകാശം നോക്കി തലകീഴായി മരത്തിൽ തൂങ്ങുന്നതും കടവാവലുകളെ പ്രേതകഥകളുമായി ബന്ധപ്പെടുത്തി തെറ്റിദ്ധരിക്കാൻ ഇടയാക്കി. ശാസ്ത്രീയമായി ആ കിടപ്പ് ഒരു അടവാണ്.
ശരീരഭാരം അനുസരിച്ച് അത്ര പെട്ടെന്ന് കാലുകളിൽ ബലം കൊടുത്ത് മുന്നോട്ടോ, മുകളിലേക്കോ കുതിച്ച് സാധാരണ പക്ഷികളെപ്പോലെ പറക്കാൻ വവ്വാലുകൾക്കാകില്ല. തലകീഴായി തൂങ്ങിക്കിടക്കുന്ന വവ്വലുകൾ പിടിവിട്ട് താഴേക്ക് പതിക്കുമ്പോൾ കിട്ടുന്ന ഊർജ്ജം കൊണ്ടാണ് പറന്നുയരുകയെന്ന് ശാസ്ത്രം വ്യക്തമാക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ വവ്വാൽ
അത് നമ്മുടെ നാട്ടിൽ കാണുന്ന കടവാവൽ തന്നെയാണ്. ഇൻഡ്യൻ ഫ്ളൈയിംഗ് ഫോക്സ്, ഗ്രേറ്റർ ഇൻഡ്യൻ ഫ്രൂട്ട് ബാറ്റ് എന്നിവയാണ് ഇംഗ്ളീഷി ലുള്ള പേരുകൾ. കുറുക്കന്റെ മുഖത്തോടുള്ള സാമ്യമാണ് ഇൻഡ്യൻ ഫ്ളൈയിംഗ് ഫോക്സ് എന്ന പേരിൽ അറിയപ്പെടാനുള്ള കാരണം.
വവ്വാൽ ഭക്ഷണം
ഇൻഡ്യ ഉൾപ്പെടെ പല ഏഷ്യൻ രാജ്യങ്ങളിലും, വ്യാപകമായിട്ടല്ലെങ്കിലും വവ്വാലുകളുടെ മാസം ഭക്ഷിക്കുന്നുണ്ട്. പലപ്പോഴും ഔഷധം എന്ന നിലയിലാണ് കേരളത്തിൽ വവ്വാൽ മാംസം ഉപയോഗിച്ചിരുന്നത്. ആസ്തമ രോഗത്തിനുള്ള ഉത്തമ പ്രതിവിധി എന്ന നിലയിൽ വവ്വാലിന്റെ മാംസം ഭക്ഷിച്ചിരുന്നു.
Add comment