De Kochi - Photographic Journal
Malayalam short story, Malayalam cheru kathakal, cheru kathakal, Malayalam story, cheru katha, Malayalam pranaya kathakal, Malayalam katha, kathakal, Malayalam blog kathakal, Malayalam story online, Malayalam short story online, online story, storytelling, new Malayalam short stories, new Malayalam short story, latest Malayalam short story, Malayalam kathakal, Malayalam kadha, Malayalam kadhakal, cheru kathakal, Malayalam short stories online, online kathakal, Malayalam publishing

കർത്താവപ്പൂപ്പൻ

Malayalam short story, Malayalam cheru kathakal, cheru kathakal, Malayalam story, cheru katha, Malayalam pranaya kathakal, Malayalam katha, kathakal, Malayalam blog kathakal, Malayalam story online, Malayalam short story online, online story, storytelling, new Malayalam short stories, new Malayalam short story, latest Malayalam short story, Malayalam kathakal, Malayalam kadha, Malayalam kadhakal, cheru kathakal, Malayalam short stories online, online kathakal, Malayalam publishing

കർത്താവപ്പൂപ്പൻ

വണ്ടി വളഞ്ഞുതിരിഞ്ഞ് ചുരം കയറുമ്പോൾ ഓർത്തു, ജീവിതവും ഇങ്ങനെയൊക്കെത്തന്നെയാണ്‌… ചിലയിടത്ത് വളഞ്ഞും തിരിഞ്ഞും കിതച്ചും ഒക്കെ യാത്ര ചെയ്യേണ്ടി വരും.

എന്നാലൊരു ലക്ഷ്യം മനസിലുണ്ടെങ്കിൽ അങ്ങനെ സഞ്ചരിക്കാനും ബുദ്ധിമുട്ടുണ്ടാകില്ല. ഈ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ട്. ജീവിതലക്ഷ്യത്തിലേയ്ക്കുള്ള യാത്രയിലെ തടസങ്ങൾ മാറ്റിത്തരാൻ കഴിവുള്ള ദിവ്യനെ കാണാനാണ്‌ ഈ യാത്ര.

പ്ളേയറിലെ സോനു നിഗമിന്റെ നേർത്ത ആലാപനത്തിനൊപ്പം മൂളിപ്പാട്ടു പാടി ആ ലക്ഷ്യത്തിലേയ്ക്ക് ഡ്രൈവ് ചെയ്യുന്ന, സിനിമാമോഹിയായ എന്റെ സുഹൃത്തിനു വേണ്ടിയുള്ള യാത്ര.

കോവിഡ് കാലത്ത് ഒറ്റയ്ക്കിരുന്ന് മുഷിഞ്ഞ എന്നെ സംബന്ധിച്ച് നാടുകടന്ന് കുന്നുകയറി മലകയറി കാടുകടന്നുള്ള ആ യാത്രയ്ക്കുള്ള അവന്റെ ക്ഷണം വലിയൊരാശ്വാസമായിരുന്നു. അല്ലെങ്കിലും അത്തരം യാത്രകളിൽ അവനൊപ്പം പോയിരുന്നത് ഞാനാണ്‌.

എല്ലാം ഉണ്ടായിരിക്കേ, ചിലതും കൂടി ഉണ്ടെങ്കിൽ മാത്രമേ ഉള്ളതിലും ഉണ്ണുന്നതിലും ഒരു തൃപ്തി ഉണ്ടാകൂ എന്നു കരുതുന്നവരിലൊരാളാണ്‌ അവനും. ആ ചിന്തയിൽ നിന്നാണ്‌ അവൻ പലപ്പോഴും ദിവ്യന്മാരുടെ സന്നിധിയിലേക്ക് ഇറങ്ങിത്തിരിക്കുക.

ഇത്തവണ ഒരു കർത്താവയ്യനാണ്‌ ലക്ഷ്യം. ദൂരെയൊരു ഗ്രാമത്തിൽ ഏകനായി ജീവിയ്ക്കുന്ന, ഭൂതവും ഭാവിയും ദൃഷ്ടിയിൽ കാണുന്ന ഒരു ദിവ്യൻ… കർത്താവയ്യൻ…!

ദിവ്യന്മാരുടെ സന്നിധിയിലേയ്ക്കുള്ള യാത്രകളിൽ എന്തെങ്കിലും അത്ഭുതം സംഭവിക്കും എന്ന് അവൻ ഉറപ്പിച്ചു വിശ്വസിച്ചിരുന്നത് കൊണ്ട് അന്ന് രണ്ട് അത്ഭുതങ്ങൾ സംഭവിച്ചു. ഒന്നാമത്തേത് യാത്രയ്ക്ക് ഇറങ്ങാൻ നേരം ഒരു മഴ പെയ്തു. രണ്ടാമത്തേത് പോലീസ് പരിശോധന ഉണ്ടായിരുന്ന ഒരിടത്തും ഞങ്ങളുടെ വാഹനത്തെ അവർ തടയുകയുണ്ടായില്ല എന്നതും.

രണ്ടാമത്തെ അത്ഭുതം നടന്നയിടങ്ങളിൽ പോലീസിന്റെ നോട്ടം കാറിന്റെ മുൻ ഗ്ളാസിലെ ഇരട്ട പാമ്പുകൾക്കു മേൽ ചിറകുവിടർത്തി നിൽക്കുന്ന ‘റോഡ് ഓഫ് ആസ്കൽപിയസ്’ (Rod of Asclepius) ചിഹ്നത്തിൽ പതിയുന്നത് ഞാൻ കണ്ടതാണ്‌. ചില അടയാളങ്ങൾക്ക് അങ്ങനെയൊരു ഗുണമുണ്ട്. പ്രതിസന്ധികളെ അകറ്റി നിർത്തും.

അങ്ങനെ പല പാട്ടുദൂരങ്ങൾക്കൊടുവിൽ ഗ്രാമത്തിലെ ഒരു കുന്നിന്റെ ചുവട്ടിൽ യാത്ര അവസാനിച്ചു. ഒരു ലക്ഷ്വറി കാറുൾപ്പെടെ മൂന്നു നാല്‌ വാഹനങ്ങൾ അവിടെ പാർക്കു ചെയ്തിരുന്നു. അതെ കർത്താവയ്യനെ കാണാൻ എത്തിയിരിക്കുന്നവർ അത്ര നിസാരക്കാരല്ല… അപ്പോൾ അയാളും.

കുന്നിറങ്ങി ചെല്ലുമ്പോൾ ഒരു ചെറിയ തെങ്ങിൻ തോപ്പ്. അതും കടന്നാൽ അടുത്തടുത്തായി ഒരുപാട് പഴയ രണ്ട് ചെറിയ വീടുകൾ. ഒന്നിന്റെ വരാന്തയിലും വലിയ ഒറ്റമുറിയിലുമായി നിരത്തിയിരുന്ന ബഞ്ചുകളിൽ മാസ്ക് ധരിച്ച് അകലം പാലിച്ച് സന്ദർശകർ. ചെല്ലുന്നവരെ സ്വീകരിക്കുന്നത് ഒരു പെൺകുട്ടിയാണ്‌.

മാസ്ക് മുഖം മറയ്ക്കുന്നുണ്ടെങ്കിലും, മനോഹരമായ ശബ്ദത്തിനുടമയായ ആ പെൺകുട്ടി സുന്ദരിയാണെന്ന് എന്റെ സുഹൃത്ത് ഉറപ്പിച്ചു. അല്ലെങ്കിലും സൗന്ദര്യം നിർണയിക്കാൻ മുഖം കാണണം എന്നില്ലല്ലോ. ഇരിക്കുന്നവർ കഴിഞ്ഞിട്ടേ കർത്താവയ്യനെ കാണാനാകൂ എന്നുണ്ടായിട്ടും, സുഹൃത്ത് ആ പെൺകുട്ടിയുമായി മുറ്റത്ത് മാറി നിന്ന് എന്തോ രഹസ്യം സംസാരിയ്ക്കാൻ തുടങ്ങി.

പിന്നെയാണ്‌ മനസിലായത്, സന്ദർശകർക്ക് ലഘുഭക്ഷണവും പാനീയങ്ങളും നൽകുന്ന ഒരു ചെറിയ സംവിധാനം കൂടിയാണ്‌ ആ വീട്. സുഹൃത്ത് വീടിന്റെ അരഭിത്തിയിൽ ചാരി നിന്ന് ആ പെൺകുട്ടിയുമായി ഇപ്പോഴും സംസാരിക്കുന്നു. അവൾ തിരികെയും സംസാരിക്കുന്നത് കൊണ്ടാവണം അതങ്ങനെ നീണ്ടു പോകുന്നത്. സന്ദർശകർ ആരും തമ്മിൽ പരിചയപ്പെടുന്നതോ സംസാരിക്കുന്നതോ കണ്ടില്ല. ഒരു പരീക്ഷാ ഹാളിന്റെ പ്രതീതി.

ഞാൻ മുറ്റത്തേക്കിറങ്ങി ഒന്നു നടന്നു. ഇലഞ്ഞിയും ചെമ്പകവും അരിനെല്ലിയും പിന്നെ പേരറിയാത്ത ഒരുപാട് മരങ്ങളും ഇടതൂർന്ന് വളരുന്ന ഒരു വലിയ പറമ്പിലാണ്‌ ആ വീടുകൾ. നേർത്ത കാറ്റ് മരങ്ങളെയും ചില്ലകളേയും തഴുകി കടന്നുപോയ്ക്കൊണ്ടിരുന്നു.

അടുത്തെങ്ങും മറ്റു വീടുകൾ ഇല്ല. കുറച്ചപ്പുറത്തായി ഒരു കവുങ്ങിൻ തോട്ടവും വാഴത്തോപ്പും കാണുന്നുണ്ട്. അപ്പുറത്തെ വീടിന്റെ മുറ്റത്ത് ഒരു കൊച്ചു കാവ്. അവിടെ എന്തോ ഒരു പ്രതിഷ്ഠയുണ്ട്. കുറച്ചു നടന്നിട്ട് തിരികെ വരുമ്പോൾ ആ കുട്ടി ചായ എടുത്തിരിക്കുന്നു. അതുമായി ഒരു ബഞ്ചിൽ ചെന്നിരുന്നു.

അപ്പുറത്തെ വീട്ടിൽ നിന്ന് സന്ദർശകർ ഇറങ്ങുന്നത് അനുസരിച്ച് അടുത്ത ഊഴം നിശ്ചയിക്കപ്പെട്ടവർ അവിടേയ്ക്ക് തിടുക്കത്തിൽ പോകുന്നു. ഞാൻ ഫോണിൽ നോക്കി… ഫുൾ റേഞ്ച്… ഡേറ്റ ഓൺ ചെയ്ത് ഫേസ്ബുക്കിലേക്ക് ഊളിയിട്ടു.

സമയം പോയതറിഞ്ഞില്ല…! “ഇനിയാരാ…?” എന്ന് ഉറക്കെയൊരു ചോദ്യം കേട്ട് നോക്കുമ്പോൾ അപ്പുറത്തെ കൊച്ചു വീടിന്റെ വാതിൽക്കൽ വെളുത്ത താടിയും മുടിയുമുള്ള കറുത്ത് പൊക്കം കുറഞ്ഞ വെളുത്ത മുണ്ടു മാത്രം ധരിച്ച ഒരു മനുഷ്യൻ. പെൺകുട്ടിയുമായി സംസാരിച്ചു നിന്നിരുന്ന സുഹൃത്ത് ഒരു ഞെട്ടലോടെ അവിടേക്ക് നീങ്ങിയപ്പോൾ, കർത്താവയ്യൻ അകത്തേയ്ക്ക് മറഞ്ഞു.

ഇരുട്ടുള്ള സമയമായിരുന്നെങ്കിൽ വെളുത്ത താടിയും മുണ്ടും മാത്രം കണ്ട് പകച്ചു പോകുമായിരുന്നു എന്നു തോന്നി. കാൽപ്പെരുമാറ്റം കേട്ട് നോക്കുമ്പോൾ പെൺകുട്ടി അടുത്ത ബഞ്ചിൽ വന്നിരുന്നു. ഞാൻ മാത്രം അവശേഷിച്ചിരുന്നത് കൊണ്ടാവണം അവൾ മാസ്ക് മാറ്റി പുഞ്ചിരിച്ചു. മാസ്ക് ഇറുകിയതിന്റെ രണ്ട് പാടുകൾ അവളുടെ മുഖത്ത് കാണാമായിരുന്നു.

“എന്താ, ആരോടും സംസാരിക്കാത്ത ആളാ…?” അവളെന്നെ സൗഹൃദത്തോടെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.

“ അല്ല കുട്ടീ… നിന്റെ കണ്ണുകളിൽ നോക്കി സംസാരിച്ചാൽ പറഞ്ഞു തീരാത്തത്ര വിശേഷങ്ങൾ ഞാൻ പറഞ്ഞു പോകും എന്നുള്ളത് കൊണ്ടാണ്‌ മിണ്ടാതിരുന്നത്…“ എന്നു പറയാനാണ്‌ തോന്നിയത്…! പക്ഷേ മറുപടി ചിരിയിലൊതുക്കിയിട്ട് അവിടുത്തെ വിശേഷങ്ങൾ തിരക്കി.

കർത്താവയ്യനെക്കുറിച്ച്… ആ ചുറ്റുപാടുകളെക്കുറിച്ച്… പിന്നെ അവളെക്കുറിച്ച്…

മഹാമാന്ത്രികനും, ജ്ഞാനിയുമായിരുന്ന കുഞ്ചുക്കർത്താവ് എന്ന പൂർവികന്റെ പിന്മുറയിൽപ്പെട്ട ആളാണത്രേ കർത്താവയ്യൻ… സ്കൂൾ മാഷായിരുന്നു… അന്നും ഇന്നും തലമുറകളായി പകർന്നു കിട്ടിയ വിദ്യകൾ കൊണ്ട് ആളുകൾക്ക് പ്രശ്നപരിഹാരം നൽകുന്നു.

സഹോദരങ്ങളും ബന്ധുക്കളുമൊക്കെ അടുത്തു തന്നെ താമസമുണ്ട്. അവിവാഹിതനായ കർത്തവപ്പൂപ്പൻ കാവും പരിസരവും പരിപാലിച്ചും, തന്നെ കാണാനെത്തുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിച്ചും ആ ചെറിയ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്നു. രാജഭരണകാലത്ത് അദ്ദേഹത്തിന്റെ പൂർവികർക്ക് പതിച്ചു കിട്ടിയതാണ്‌ സ്വന്തമായുള്ള ആ പ്രദേശമത്രയും.

അവൾ വളരെ നന്നായി തന്നെ എനിക്കു കാര്യങ്ങൾ പറഞ്ഞു തന്നുകൊണ്ടിരുന്നു. അവളെക്കുറിച്ച് ചോദിച്ചപ്പോൾ എന്തോ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു, ”ടൗണിലെ ഒരു ഓഫീസിൽ ജോലിയുണ്ടായിരുന്നു… ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ നിർത്തി… ശരിയ്ക്കു പറഞ്ഞാൽ ഇനി വിളിച്ചിട്ട് ചെന്നാൽ മതീന്ന് പറഞ്ഞു…“ ഒന്നു നിർത്തിയിട്ട് അവൾ ചിരിച്ചു. എനിക്കത് വ്യക്തമായി.

അവൾ തുടർന്നു “ ഇവിടെ അമ്മയാണ്‌ നിന്നിരുന്നത്… വരുന്നവർക്ക് ചായയോ വെള്ളമോ ഒക്കെ കൊടുക്കണം… പിന്നെ അദ്ദേഹത്തെ കാണാൺ വരുന്നവരുടെ കോൾ ഒക്കെ നേരത്തെ മുതൽ എടുത്തിരുന്നത് ഞാൻ തന്നാണ്‌… ഞങ്ങളുടെ വീട്ടിലാണ്‌ ഫോൺ വച്ചിരിക്കുന്നത്… ”

“ ഓഹ്… അപ്പോൾ കർത്താവയ്യന്റെ പി ആർ വർക്ക് നിങ്ങളാണ്‌ ചെയ്യുന്നത്… അല്ലേ?… ” എന്റെ ചോദ്യം കേട്ട് അതേയെന്ന അർത്ഥത്തിൽ അവൾ തലയാട്ടി.

പിന്നെയും അവൾ വിശേഷങ്ങൾ പറഞ്ഞു. എല്ലാം കർത്താവപ്പൂപ്പൻ എന്ന് അവൾ അഭിസംബോധന ചെയ്യുന്ന കർത്താവയ്യനിൽ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്ന കാര്യങ്ങൾ. അവളെ സംബന്ധിച്ചാണെങ്കിൽ അവളുടെ വിദ്യാഭ്യാസത്തിനൊക്കെ അയാൾ സഹായിച്ചിരുന്നു. അവളെ മാത്രമല്ല, അവളെപ്പോലെ പലരേയും. അവളുടെ വാക്കുകളിൽ കർത്താവപ്പൂപ്പൻ എന്ന, മുൻപ് ഒരു മിന്നായം പോലെ കണ്ട ആ കുറിയ മനുഷ്യൻ ഒരു കാരുണ്യപ്രവർത്തകനോ നല്ലൊരു മാർഗദർശിയോ ഒക്കെയായി നിറയുകയാണ്‌.

എല്ലാം കേട്ടു മനസിലാക്കുന്നതിനിടയിൽ കുറച്ച് പ്രായമുള്ള ഒരു സ്ത്രീയ്ക്കൊപ്പം തെങ്ങിൻതോപ്പ് കടന്നു വന്ന ആറോ എഴോ വയസുള്ള ഒരു കുട്ടി അമ്മേ എന്ന് വിളിച്ച് അവളുടെ കൈയിൽ വന്നു തൂങ്ങി…

“നന്ദു…” അവൾ മകനെ എനിയ്ക്കു പരിചയപ്പെടുത്തി… ഒപ്പം അമ്മയേയും… അവൻ എന്നെ നോക്കി ചിരിച്ചിട്ട് വീടിനകത്തേയ്ക്ക് പോയി… അകത്തേയ്ക്ക് നടന്ന ആ സ്ത്രീ അവിടമെല്ലാം അടിച്ചു വൃത്തിയാക്കുവാൻ ആരംഭിച്ചിരിക്കുന്നു.

“ കർത്താവപ്പൂപ്പന്റെ കണക്കുകൂട്ടൽ തെറ്റിച്ച ഒരു ജീവിതമാണ്‌ എന്റേത്…” ഒരു പുതിയ കഥ പറയാൻ തുടങ്ങിയത് പോലെ അവൾ പറഞ്ഞു.

എല്ലാ പൊരുത്തങ്ങളുമുണ്ടായിരുന്ന ഒരു വിവാഹബന്ധം ഭർത്താവിന്റെ അകാലമരണത്തിൽ അവസാനിച്ച കാര്യം ഒന്നോ രണ്ടോ വാക്കുകളിൽ അവൾ പറഞ്ഞു നിർത്തി. സഹതാപം തോന്നിയ്ക്കുന്നതെന്തു കേട്ടാലും വന്നു പോകുന്ന മൗനം എന്നെ പെട്ടെന്ന് ബാധിച്ചത് മനസില്ലാക്കിയതു കൊണ്ടാവണം അവൾ ഒന്നു ചിരിച്ചിട്ടു പറഞ്ഞു, “ ഇനി വരുന്നൊരാൾ എന്റെയും മോന്റേയും കൂടെ എന്നും ഉണ്ടാകൂന്ന് കർത്താവപ്പൂപ്പൻ പറഞ്ഞിട്ടുണ്ട്…”

അവളുടെ ചിരിയിൽ ഒരു നിമിഷം നിഴലിച്ചത് പ്രതീക്ഷയാണോ അതോ, വിഷാദമാണോ എന്നെനിയ്ക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല്ല.

അവളുടെ അമ്മ കുറച്ചു പാത്രങ്ങളുമായി വീടിന്റെ വാതിൽ പൂട്ടി തിരികെ വന്നു കഴിഞ്ഞു. അവർ എന്നെ നോക്കി യാത്ര പറയുന്നതു പോലെ തലയാട്ടിക്കൊണ്ട് പുറത്തേയ്ക്ക് നടന്നു. കുട്ടി അവരുടെ കൈയിൽ പിടിച്ച് നീങ്ങി.

“എന്നാൽ ഞാനും പോകുന്നു… ഇനി ആരും വരാനില്ല…” യാത്ര പറഞ്ഞു തിരിഞ്ഞ അവൾ ഒന്നു നിന്നിട്ട് എന്നെ നോക്കി… എന്നിട്ട് തെളിഞ്ഞ ചിരിയോടെ പറഞ്ഞു, “ നാട്ടിലേക്ക് വന്നാൽ ഒരു ജോലി തരാന്ന് കൂട്ടുകാരൻ പറഞ്ഞു… അത്തരം കള്ളമുള്ള തമാശകൾ ഇനിയാരോടും പറഞ്ഞേക്കരുതെന്ന് പറയണേ…“ അവൾ തിരിഞ്ഞു നടന്നു.

ഒരു നിമിഷം കൊണ്ട് അവിടം ശൂന്യമായത് പോലെ തോന്നി… ഞാൻ അപ്പുറത്തെ വീടിന്റെ മുറ്റത്തേയ്ക്ക് നടന്നു. കൽത്തറയിൽ മഞ്ഞളും കുങ്കുമവും തൂകിയ ഒരു പ്രതിഷ്ഠ. പിന്നിൽ ഒരാൾ പൊക്കത്തിൽ ഉയർന്നു നിൽക്കുന്ന പാറ. പാറ വെടിഞ്ഞ് എന്തോ ദ്രാവകം പുറത്തേക്കൊഴുകുന്നുണ്ട്. അടുത്തു ചെന്നു നോക്കുമ്പോൾ പിന്നിൽ നിന്ന് സംസാരം കേട്ടു.

തിരിഞ്ഞു നോക്കുമ്പോൾ കർത്താവപ്പൂപ്പൻ സുഹൃത്തിനൊപ്പം അടുത്തേയ്ക്ക് വരുന്നു. എന്നെ നോക്കിയിട്ട് പറഞ്ഞു ”അത്രടം പോയി നിക്കേണ്ട… അവിടേയ്ക്ക് ചെരുപ്പിട്ട് ചെല്ലാറില്ല…“

ഞാൻ കുറ്റബോധത്തോടെ, ക്ഷമ ചോദിച്ച് കൊണ്ട് അവർക്കരുകിലേയ്ക്കു ചെന്നു. സുഹൃത്തിന്റെ മുഖത്ത് അത്ര തെളിച്ചം പോരാ.

കർത്താവപ്പൂപ്പൻ എന്നോട് വിശേഷങ്ങൾ തിരക്കി… ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടയിൽ ‘പാറ വെടിഞ്ഞിരിക്കുന്നത് കണ്ടിട്ടാണ്‌ പ്രതിഷ്ഠയെ കടന്ന് അവിടേയ്ക്ക് പോയതെന്ന്’ വീണ്ടും ഒരു ക്ഷമാപണത്തോടെ ഞാൻ പറഞ്ഞു.

“കന്മദം… എത്ര കഠിനമായ പാറയും ഉരുകാനുള്ളത് ഉള്ളിൽ കൊണ്ടു നടക്കുന്നുണ്ടെന്ന് മനസിലായില്ലേ…?” അയാൾ ചോദിച്ചു…

” ശരിയാണ്‌…” ഞാൻ തലയാട്ടി…

സുഹൃത്തിനെ ചൂണ്ടി അയാൾ പറഞ്ഞു “കൂട്ടുകാരന്‌ സന്തോഷായിട്ടില്ല… ഞാൻ ചിലത് ഉപദേശിച്ചിട്ടുണ്ട്… കാര്യങ്ങളല്ലേ പറയാൻ പറ്റൂ… വെറുംവാക്കും സ്തുതിയും പറയാറില്ല…”

എന്നിട്ട് എന്റെ മുഖത്ത് നോക്കി പറഞ്ഞു “ഈ മുഖത്ത് ഒരു സന്തോഷം കാണുന്നുണ്ട്…”

“ഒന്നും പ്രതീക്ഷിക്കാതെ എവിടെ പോയാലും കാണുന്ന ഒരു ചിരിപോലും നമുക്കു സന്തോഷം തരും… അതു പോലെ നമ്മളേക്കാൾ ദുഖിക്കുന്നവരുടെ ചില പ്രതീക്ഷകളും നമ്മളെ അത്ഭുതപ്പെടുത്തും… സന്തോഷിപ്പിയ്ക്കും…” ഞാൻ പറഞ്ഞു

അയാൾ എന്നെ ഒരു നിമിഷം നോക്കി… എന്നിട്ട് രണ്ടു കൈകളും ഉയർത്തി തലയ്ക്കു മുകളിൽ കൊണ്ടു വന്നിട്ട് പറഞ്ഞു “എന്നും നന്മയുണ്ടാകും… ഈ സന്തോഷം ഒരിക്കലും മായാതെ കൂടെയുണ്ടാകും…”

കുന്നിറങ്ങി കറങ്ങി നടന്നിരുന്ന കാറ്റ് ഒരു നിമിഷം എന്നെ വലം വച്ചു നിന്നതായി തോന്നി.

അനൂപ് ശാന്തകുമാർ
-2020 ഒക്ടോബർ 4-

 

കൂടുതൽ ചെറുകഥകൾ വായിക്കാം

YOUTUBE  |  INSTAGRAM  FACEBOOK

Facebook Comments

comments

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Add comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

About Blogger

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Email Newsletter

We Won't SPAM , Only Serious Emails.

Advertisement