
കൊടുങ്ങല്ലൂർ ഭരണി
ദേവി ആദി പരാശക്തിയെ മഹാകാളി രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവത്തെ ക്കുറിച്ചുള്ള കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതും മാത്രമായ വിവരങ്ങളായിരുന്നു എനിക്കുണ്ടായിരുന്നത്. പലവട്ടം പോകണം എന്ന് ആഗ്രഹിച്ചെങ്കിലും 2017ലാണ് ഭരണി ഉത്സവം കാണാൻ പോയത്. പിന്നീട് 2018 ലും പോയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് ഇവിടെ ചേർത്തിരിക്കുന്നത്.

കൊടുങ്ങല്ലൂർ ഭരണി – ചിത്രങ്ങൾ
ചരിത്രവും ഐതീഹ്യവും ക്ഷേത്രത്തിന്റെ ഓരോ കോണിലും, അവകാശത്തറകളിലും ഇഴപിരിഞ്ഞ് കിടക്കുകയാണ്. ആദ്യവർഷം ചിത്രങ്ങൾ പകർത്തിയതിനു ശേഷമാണ് ക്ഷേത്രത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും എല്ലാം തിരഞ്ഞതും അറിയാൻ ശ്രമിച്ചതും. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തെക്കുറിച്ചുള്ള മലയാളം വിക്കിപീഡിയ പേജ്, ആധികാരികമായ വിവരങ്ങൾ ഒരു പരിധി വരെ നൽകുന്നുണ്ട്.
75 ൽ അധികം ആൽമരങ്ങൾ ക്ഷേത്രപരിസരത്തുണ്ടെന്നാണ് കണക്ക്. ഓരോ ആൽത്തറയും അവകാശത്തറകളാണ്. ഓരോ ദേശത്ത് നിന്നും വന്നെത്തുന്ന കോമരങ്ങൾക്ക് അവകാശമുള്ള നിലപാട് തറകൾ.
ഭക്തരെക്കാൾ അധികം ഫോട്ടോഗ്രാഫേഴ്സ് അവിടെ ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നി. കൂട്ടം കൂട്ടമായി പാഞ്ഞെത്തുന്ന കോമരങ്ങളെ ക്യാമറയുടെ ഫ്രെയിമിലേക്ക് ആവാഹിക്കാൻ ശ്രമിക്കുന്ന സ്വദേശികളും വിദേശികളും.



കൊടുങ്ങല്ലൂർ ഭരണി – കോമരങ്ങൾ
ഭക്തിയുടെ കടും നിറങ്ങളാണ് കൊടുങ്ങല്ലൂരിൽ എവിടെയും കാണാനാകുക. മനസിലും ശരീരത്തിലും കടും വർണ്ണങ്ങൾ. ചോരച്ചുവപ്പ് കോടികളും, ഉടുത്തുകെട്ടും, ചോരവാർന്ന ശിരസുമായി കോമരങ്ങൾ. കോമരങ്ങളുടെ കണ്ണുകളിൽ മഹാകാളിയുടെ രൗദ്രഭാവവും, ഭക്തിയുടെ പാരവശ്യവും മാറി മാറി കണ്ടു.
മുടിയഴിച്ചുലച്ചെത്തുന്ന സ്ത്രീകോമരങ്ങൾ, ചെണ്ടയുടേയും തകിലിന്റെയും അകമ്പടിയോടെ നിലപാട് തറകളിൽ നിന്ന് പുറപ്പെടുന്ന കോമരങ്ങളുടെ കൂട്ടങ്ങൾ. മണ്ണിന്റെയും മഞ്ഞളിന്റെയും പൊടി മൂടിയ അന്തരീക്ഷത്തിലൂടെ ഭദ്രവാൾ ചുഴറ്റി ചുവടു വച്ച് എത്തുന്നവർ. ക്ഷേത്രത്തിന്റെ തിരുമുറ്റം കോമരങ്ങൾക്ക് മാത്രമെന്നു തോന്നുന്ന മണിക്കൂറുകളാണ് ഭരണി, രോഹിണി നാളുകൾ.








Add comment