
മാർതോമാ ചെറിയ പള്ളി
എറണാകുളം ജില്ലയിലെ കോതമംഗലത്താണ് മാർതോമ ചെറിയ പള്ളി. പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവയുടെ (മഫ്രിയാനോ മോർ യൽദോ) ഭൗതിക ശരീരം കബറടക്കിയിരിക്കുന്ന വിശുദ്ധദേവാലയമാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചെറിയപള്ളി (St. Thomas Church – Kothamangalam).



മാർ ബസേലയോസ് ബാവ
ഇറാഖിലെ മൂസലിനു സമീപമുള്ള കൂദെദ് എന്ന ചെറിയ ഗ്രാമത്തിൽ മഫ്രിയാനോ മോർ യൽദോ ജനിച്ചു.വളരെ ചെറുപ്രായത്തിൽ തന്നെ മോർ ബഹനാൻ ദയറായിൽ ചേർന്ന് സന്യാസ ജീവിതം ആരംഭിച്ച അദ്ദേഹം 1678 ൽ അന്നത്തെ അന്ത്യോക്യ പാത്രിയാർക്കീസ് ആയിരുന്ന മോറാൻ മോർ ഇഗ്നാത്തിയോസ് അബ്ദുൽ മിശിഹ പ്രഥമൻ ബാവായാൽ കാതോലിക്ക (മഫ്രിയാനോ) ആയി സ്ഥാനാരോഹിതനായി. മലങ്കര (ഭാരതം) യിലെ മാർ തോമ രണ്ടാമൻറെ അപേക്ഷ പ്രകാരം അന്നത്തെ പരിശുദ്ധ പാത്രിയാർക്കീസ് ബാവ തിരുമനസ്സ് വിശുദ്ധനെ തൻറെ 92 – മത്തെ വയസ്സിൽ 1685 ൽ ഭാരതത്തിലേക്ക് അയച്ചു.
മലങ്കരയിൽ കോതമംഗലത്ത് എത്തിയ വിശുദ്ധനെയും പട്ടക്കാരെയും പശുക്കളെ മേച്ചു കൊണ്ടിരുന്ന ചക്കാലക്കൽ തറവാട്ടിലെ ഒരു ഹിന്ദു നായർ യുവാവ് ദേവാലയത്തിലേക്ക് വഴികാട്ടി. കോതമംഗലത്ത് മാർത്തോമ ചെറിയ പള്ളിയിൽ എത്തി ഏതാനും ദിവസങ്ങൾ മാത്രം ജീവിച്ചിരുന്ന ബാവ 1685 മലയാള മാസം കന്നി 19 നു കാലം ചെയ്തു.പിറ്റേ ദിവസം തന്നെ പള്ളിയിൽ കബറടക്കപ്പെടുകയും ചെയ്തു.
മലങ്കരയിൽ എത്തി ഏതാനും ദിവസങ്ങൾ മാത്രമേ ജീവിച്ചിരുന്നുള്ളൂ എങ്കിലും ദൈവത്തിൻറെ അളവറ്റ കരുണയാൽ വിശുദ്ധൻറെ നാമം എങ്ങും പരന്നു. 1987 ൽ യൽദോ മോർ ബാസേലിയോസ് മഫ്രിയാനോയെ പരിശുദ്ധൻ ആയി പ്രഖ്യാപിച്ചു.


കന്നി 20 പെരുന്നാൾ
എല്ലാ വർഷവും ഒക്ടോബർ 2 പരിശുദ്ധ ബാവയുടെ ഓർമപ്പെരുന്നാൾ ആയി ആഘോഷിക്കുന്നു. കന്നി 20 പെരുന്നാൽ എന്നാണ് ചെറിയപള്ളിയിലെ പെരുന്നാൾ അറിയപ്പെടുന്നത്. ജാതിമതഭേദമെന്യേ കോതമംഗലത്തുകാർ ഒന്നിക്കുന്ന ദിനമാണ് കന്നി 20 പെരുന്നാൾ ദിനം.
ഒക്ടോബർ 2 ന് സമീപ ജില്ലകളിൽ നിന്ന് കാൽനടയായി വിശ്വാസികൾ പള്ളിയിലേക്ക് തീർത്ഥാടനമായി എത്തുന്നു. കന്നി ഇരുപത് പെരുന്നാൾ ദിനം നടക്കുന്ന പ്രദക്ഷിണത്തിൽ വിളക്കേന്തുന്നത്, ബെസേലിയോസ് ബാവക്ക് പള്ളിയിലേക്കുള്ള വഴി കാണിച്ച ചക്കാലക്കൽ കുടുംബത്തിലെ പിന്മുറക്കാർ തന്നെയാണ്. രാത്രി നഗരപ്രദക്ഷിണവും തുടർന്ന് വെടിക്കെട്ടും നടക്കുന്നു.


ആന വണങ്ങൽ
പെരുന്നാളിന്റെ മൂന്നാം ദിനം ഒക്ടോബർ 4 ന് സമീപ പ്രദേശങ്ങളിലെ ആനകൾ കബർ വണങ്ങാൻ എത്തുന്നു. രാവിലെ ദേവാലയത്തിന്റെ പ്രവേശന വാതിൽക്കൽ ആനകൾ തുമ്പിയുയർത്തി കബർ വണങ്ങുന്നത് കൗതുകമുണർത്തുന്ന കാഴ്ചയാണ്.
മാർ ബസേലിയോസ് ട്രസ്റ്റ്
ചെറിയപള്ളി ട്രസ്റ്റിന്റെ നേതൃത്വത്തിൽ അനേകം വിദ്യഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും കോതമംഗലത്ത് പ്രവർത്തിക്കുന്നു. പ്രൈമറി വിദ്യാഭ്യാസം മുതൽ, എഞ്ചിനീയറിംഗ്, ഡെന്റൽ, നഴ്സിംഗ്, കോളേജുകൾ നാടിന്റെ വിദ്യാഭ്യാസ രംഗത്ത് വൻ പുരോഗതിക്ക് കാരണമായി.
കോതമംഗലം ചെറിയപള്ളിയിൽ ഒക്ടോബർ 2 ന് നടക്കുന്ന കന്നി 20 പെരുന്നാളിന്റെ വീഡിയോ
എങ്ങനെ എത്തി ച്ചേരാം?
കോതമംഗലം ചെറിയപള്ളിയിലേക്ക് എത്തിച്ചേരുന്നതിന് ഇതോടൊപ്പമുള്ള ഗൂഗിൾ മാപ്പ് ഉപയോഗിക്കുക
Add comment