De Kochi - Photographic Journal

ബേട്ടാ മൻ മേം എക് ലഡ്ഡു ഫുട്ടാ – ഒരു മലയാളം റീമേക്ക്

Malayalam Short Story, Short Story, Short Stories, Cherukatha, Cherukathakal, Malayalam Novel, Malayalam Book Online, Short Story Online, Online Short Story, Malayalam Cherukathakal, Kathakal, Malayalam Kathakal, Malayalam Fun, Malayalam Comedy, Malayalam Comedy Story, Malayalam Funny story, Thamasa, മലയാളം ചെറുകഥകൾ, ചെറുകഥകൾ

 

‘മോനേ മനസിൽ ഒരു ലഡ്ഡു പൊട്ടി…!’

മറക്കാൻ കഴിയാത്ത പരസ്യ വാചകം…!!

ഒരു പരസ്യ വാചകത്തിനപ്പുറം ഒരു ‘പുതുചൊല്ലായി’ എല്ലാവരും അതു സ്വീകരിച്ചു എന്നങ്ങ് കരുതിയാലും തെറ്റില്ല. ആ ഹിറ്റ് പരസ്യം ദാ ഇതാണ്

അതിന്റെ ഒരു മലയാളം വിവരണം കൂടി ആകാം…

നല്ല മഴയുള്ള ഒരു നട്ടപാതിര നേരത്ത് ഒരു ചെക്കൻ ഉറങ്ങാൻ കിടന്നതാണ്‌. അപ്പോൾ വാതിലിൽ ആരോ തട്ടുന്നു.

വാതിൽ തുറന്ന ചെക്കൻ വാ പൊളിച്ചു പോയി… ‘എനക്കു ഇരുപത്, ഉനക്കു പതിനെട്ട്’ എന്ന സിറ്റ്വേഷനിൽ ദാ മുന്നിൽ ഒരു സുന്ദരിക്കുട്ടി…

മിഴിച്ചു നിൽക്കുന്ന ചെക്കന്റടുത്ത്  ചുമ്മാ ഒരു ഹായ് വച്ചു കാച്ചിയിട്ട് അവളു ചോദിക്ക്വാ… “എന്റെ ശകടം കേടായി… പോരാത്തതിന്‌ ‘ഭയങ്കര’ മഴേം… ഞാനീ രാത്രി ഇവിടെ കൂടിക്കോട്ടെ… ?”

വിശ്വാസം വരാത്തതു പൊലെ ചെക്കൻ പുറത്തേക്ക് നോക്കി… ദേ കിടക്കണു പഞ്ചറടിച്ച് വഴിയിൽ ഒരു ചൊമലക്കളറ്‌ കാറ്‌…!!

ആ അപ്രതീക്ഷിത അവിസ്മരണീയ മുഹൂർത്തത്തിന്റെ രോമാഞ്ചത്തിൽ ചെക്കൻ ഒരു നിമിഷം കതകടച്ച് നെഞ്ചത്തടിച്ച് നിന്ന് പോയി…

അപ്പോഴാണ്‌ ഒരു കാർന്നോരുടെ ശബ്ദം… ഒരശരീരി…  “ മോനേ മനസിൽ ഒരു ലഡ്ഡു പൊട്ടി… അതും വെറും ലഡ്ഡുവല്ല ചോക്ളേറ്റും പാലും ഒക്കെ ചേർത്ത ബ്രാൻഡഡ് ലഡ്ഡു…”

അഞ്ച്  സെക്കന്റ് കൊണ്ട് ബ്രാന്റഡ് ലഡ്ഡുവിന്റെ മാധുര്യവും ഒരു മധുര സ്വപ്നവും ഒരുമിച്ച് നുണഞ്ഞ് ചെക്കൻ വാതിൽ തുറന്നു… ആ അഞ്ച് സെക്കന്റ് പുറത്ത് നിന്നവൾ എന്തു ചെയ്യുകയായിരുന്നു എന്നാരും ചിന്തിക്കണ്ട… അവൾ കാലു കൊണ്ട് ഒരു നഖചിത്രം വരച്ചു കാണും… ഹല്ല പിന്നെ…

അങ്ങനെ ഒരു നഖചിത്രം അവിടെ കാണുന്നുണ്ടോ എന്നു തല കുനിച്ച് താഴേക്കു നോക്കി തിരഞ്ഞ് കൊണ്ട് ലവൻ ഒരു നമ്പർ കൂടി വച്ചു കാച്ചി… “ അതേയ്, ഇവിടെ ഒരു മുറിയേ ഉള്ളൂ…”

“ അതെ… ദങ്ങിനെ തന്നെ…” എന്ന്  കാർന്നോരുടെ അശരീരിയും…

പെങ്കൊച്ച് ഒറ്റമുറിയിലെ കട്ടിലിലേക്ക് നോക്കിയിട്ട് ഒന്നു സംശയിച്ച് നിൽക്കുമ്പോൾ ചെക്കൻ ആകാശത്തേക്ക് നോക്കി… “ഇല്ല മോളേ മഴ കുറയാൻ പോണില്ല…” എന്ന അർത്ഥത്തിൽ…

പിന്നെ ഒന്നും സംശയിക്കാതെ ലവൾ പറഞ്ഞു “ മതീന്നേ…” എന്തിനാ ഇപ്പോ അധികം എന്നൊരു ധ്വനിയിൽ…!!

ചെക്കന്റെ മനസിൽ കാർന്നോര്‌ ഒരു ലഡ്ഡു കൂടി പൊട്ടിച്ചു… “ ലവളേ അകത്തേക്ക് വിളിച്ചു കയറ്റെന്റെ അപ്പീ…” എന്ന സ്വരത്തിൽ… എന്നിട്ട് ചോക്ളേറ്റും പാലും ചേർത്ത ബ്രാന്റഡ് ലഡ്ഡുവും കാണിച്ച് പരസ്യം എൻഡ് ചെയ്തു.

“ ഇവിടം വരെ സംഗതി കൊണ്ടന്നട്ട് ഒന്നുമല്ലാത്ത തരത്തിൽ അതങ്ങ് തീർത്തല്ലോ…” എന്ന ആത്മഗതത്തോടെ പലരും ടെലിവിഷന്‌ മുന്നിൽ ഇരുന്നിട്ടുണ്ടാകും…! ശേഷം, അവർ പല കഥയും മനസിൽ മെനഞ്ഞ് രസിച്ചിട്ടുമുണ്ടാകും…! ആ കഥകളുടെ ബലത്തിലാണ്‌ ലഡ്ഡു പൊട്ടിയത് ഹിറ്റായത്.

പരസ്യം കണ്ടതിൽ പിന്നെ പോക്കറും… പത്രോസും… പാക്കരനും ഒക്കെ കോളേജിലേക്ക് പോകുമ്പോഴോ കലുങ്കിന്റെ സൈഡിലിരുന്ന് വായ് നോക്കുമ്പോഴോ ഒരു പെങ്കൊച്ചിന്റെ മുഖം കണ്ടാൽ… അതൊക്കെ പോട്ടെ ഫേസ്ബുക്കിൽ നല്ലൊരു പെങ്കൊച്ചിന്റെ പ്രൊഫൈൽ ഫോട്ടോ കണ്ടാൽ, കൂട്ടുകാരനെ നോക്കി പറയാൻ തുടങ്ങി, “ മോനേ മനസിൽ ഒരു ലഡ്ഡു പൊട്ടി… ”

അതിൽ പക്ഷേ ഓരോ പ്രദേശത്തിന്റെയും ശൈലി കൂടി ആയപ്പോൾ സംഗതി സൂപ്പർ ഡ്യൂപ്പർ ഹിറ്റ്…

“ മച്ചാ, മനസില്‌ ലഡ്ഡു പൊട്ടീട്ടാ…”

“ അളിയാ, മനസിലൊരു ലഡ്ഡു പൊട്ടീടാ… ”

“ ഓന്റെ ഖൽബില്‌ ഒരു ലഡ്ഡു പൊട്ടി …”

 എന്നിങ്ങനെയൊക്കെ ലഡ്ഡു അങ്ങ് പൊട്ടാൻ തുടങ്ങി… സത്യത്തിൽ പരസ്യവാചകം ചെലവായ അത്ര ചോക്ളേറ്റ് ലഡ്ഡു ചിലവായോ എന്ന് അന്വേഷിച്ചാലറിയാം…!!

അതൊക്കെ അന്വേഷിച്ച് സമയം കളയാതെ നമുക്കു കഥയുടെ രണ്ടാം പകുതിയിലേക്ക് കടക്കാം…

പുറത്തു നിൽക്കണ സാധനം ഇനി ഫേസ്ബുക്കിലെ ‘നടത്തറ ശാന്ത’യുടെ കൊച്ചു മകളാണോ അതോ ശാന്ത തന്നെയാണോ എന്നൊന്നും നെഗറ്റീവായി ചിന്തിയ്ക്കാതെ ചെക്കൻ അവളെ വിളിച്ച് അകത്തു കയറ്റി കതകടച്ചു.

ചെക്കന്റെ ചങ്ക് ശിവമണിയുടെ ഡ്രം പോലെ മുഴങ്ങുന്നുണ്ട്. ഒരു കാർന്നോരുടെ അശരീരിയുടെ ബലത്തിലാണ്‌ ലവളെ വിളിച്ച് കയറ്റിയിരിക്കുന്നത്. സ്വന്തം വല്യപ്പാപ്പൻ മോനേ എന്നൊന്ന് സ്നേഹത്തോടെ വിളിച്ചാൽ തിരിഞ്ഞു നോക്കാതെ പോണവനാ…!

പക്ഷേ, ദേ ഇവിടെ കാർന്നോർ പറഞ്ഞത് ചെക്കൻ അതേ പടി അനുസരിച്ചിരിക്കണു…!! ദതാണ്‌ കലികാലം എന്ന് പറയണത്…

അവളാണെങ്കിൽ അന്നനടയിൽ അകത്തു കയറിയിട്ട് അനുവാദം പോലും ചോദിക്കാതെ കട്ടിലിൽ തന്നെ അങ്ങിരുന്നു.

എന്നിട്ട് ‘ബ്രാന്റഡ്’ നാണത്തിൽ പൊതിഞ്ഞ ഒരു ചോക്ളേറ്റ് പുഞ്ചിരി അവന്‌ സമ്മാനിച്ചു. അവനും ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു. പക്ഷേ അത് പാച്ചാളം ഭാസി പറഞ്ഞത് പോലെ പശു ചാണകമിടുന്ന ഭാവം പോലെ എന്തോ ഒന്ന് ആയിപ്പോയതല്ലാതെ ചിരി പുറത്തു വന്നില്ല.

എങ്കിലും ഒരു സ്റ്റാർട്ടിംഗ് വേണമല്ലോ എന്നു കരുതി പതുക്കെ വിറക്കുന്ന സ്വരത്തിൽ ലവളോട് ചോദിച്ചു “ എന്താ പേര്‌… ”

അവളുടെ മുഖമൊന്നു മങ്ങി… എന്നിട്ട് മടിച്ച്… മടിച്ച്… പറഞ്ഞു നീലിമ.

“ഒരു ചുള്ളത്തി പെണ്ണിന്‌ ഇങ്ങിനേം ഒരു പേരോ…?” എന്ന് സംശയിച്ച് ചെക്കൻ നിൽക്കുമ്പോൾ അവൾ പറഞ്ഞു “പാരന്റ്സ് അങ്ങിനെയാ പേര്‌ ഇട്ടേങ്കിലും എന്നെ ഫ്രണ്ട്സ് ഒക്കെ ‘ബ്ളൂമ’ എന്നാ വിളിക്കണേ… ഇംഗ്ളീഷിൽ അങ്ങിനാന്നാ എല്ലാരും പറയണേ… നീലത്തിന്റെ ‘ബ്ളൂ’വും പിന്നെ ‘മ’യും… ബ്ളൂമ…”

“ഓഹ് ഗോഡ്… വാട്ട് എ ലവ് ലി നെയിം…! നൈസ്…!! സോ സ്വീറ്റ്…!! ” അത്രയും നേരം അശരീരിയായി നിന്ന കാർന്നോരുടേ പ്രേതം ദേഹത്തു കയറിയതു പോലെയായി ചെക്കന്റെ പെരുമാറ്റം.

ലവൻ വല്ലാത്തൊരു സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് ചാടി ബ്ലൂമയുടെ അരികിലിരുന്നു. എന്നിട്ട് ഇംഗ്ളീഷിൽ തനിക്കറിയാവുന്ന സകല പ്രശംസാ പദങ്ങളും കുടഞ്ഞിട്ട് അവളുടെ പേരിനെയങ്ങ് പുകഴ്ത്താൻ തുടങ്ങി…

അവസാനം ഒറ്റ ശ്വാസത്തിൽ എല്ലാം വിളിച്ചു പറഞ്ഞതിന്റെ ക്ഷീണത്തിൽ കിതച്ച് കൊണ്ട് ബ്ളൂമയെ നോക്കി. മഴയിൽ കുതിർന്ന അവളുടെ മുടിയിഴകളിലൂടെ… വെള്ളത്തുള്ളി ഇറ്റിറ്റു വീഴുന്ന കവിളിലൂടെ അങ്ങിനെ… അങ്ങിനെ അവളെ അവൻ സാകൂതം നോക്കിക്കൊണ്ടിരുന്നു…

അവന്റെ നോട്ടം കണ്ടിട്ട് ഒരു പുഞ്ചിരിയോടെ നമ്രശിരസ്കയായിട്ട് ബ്ളൂമ ചോദിച്ചു “ പേരു പറഞ്ഞില്ല…? ”

ചെക്കനും ആദ്യം നമ്മുടെ ‘സരോജ് കുമാർ’ എന്ന ‘രാജപ്പനെ’ പോലെ ഒന്നു പരുങ്ങി. ‘നശിച്ച കാർന്നോന്മാർ’ എന്ന് മനസിൽ പരിതപിച്ച് കൊണ്ട് അവൻ പേര്‌ പറഞ്ഞു, “പപ്പൻ… പത്മനാഭൻ ചുവരിൽ… അങ്ങനാ മുഴുവൻ പേര്‌…”

അത് കേട്ട് ഒരു പൊട്ടിച്ചിരി വന്നത് അവൾ അടക്കിയപ്പോൾ പപ്പൻ ഒന്നു ചമ്മി.

ബ്ലൂമ പപ്പന്റെ പേർ ഒന്ന് പറഞ്ഞു നോക്കി… “പത്മനാഭൻ ചുവരിൽ… അതിലെ ‘പാ’യും… ‘ചു’വും… കൂട്ടി ഞാൻ പാച്ചു എന്നു വിളിച്ചോട്ടെ…? അശരണയായ തനിക്ക് കിടക്കാനൊരു പായ തന്ന പപ്പനോട് ഇങ്ങിനെയൊക്കെയല്ലേ സ്നേഹം കാണിക്കാൻ പറ്റൂ എന്ന തരത്തിൽ അവൾ മൊഴിഞ്ഞു…

പപ്പന്റെ നെഞ്ചിൽ വീണ്ടും ശിവമണിയുടെ ബീറ്റ് തകർത്തു… ആ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയിൽ കാർന്നോരുടെ ശബ്ദം വീണ്ടും… “ മോനേ പാച്ചൂ‍ൂ‍ൂ‍ൂ‍ൂ… മനസിൽ വീണ്ടും ഒരു ലഡ്ഡു പൊട്ടി…” അതെ മൂന്നാമത്തെ ലഡ്ഡു…!! ഇവിടെ വേണമെങ്കിൽ തിലകൻ ചേട്ടന്റെ ശബ്ദവും ശൈലിയും വായനക്കാർക്ക് മനസിൽ കാണാവുന്നതാണ്‌.

“ പാച്ചു…” അവൻ അതൊന്ന് സ്വയം പറഞ്ഞു നോക്കി… എന്നിട്ട് ബ്ളൂമയെ നോക്കി കോരിത്തരിക്കുന്ന മനസോടെ പറഞ്ഞു “ ആയിക്കോട്ടെ… ബ്ലൂമ അങ്ങിനെ വിളിച്ചോളൂ… ” ബ്ളൂമ സന്തോഷത്തോടെ പുഞ്ചിരിച്ചു.

ആ പുഞ്ചിരിയിൽ മുങ്ങി പാച്ചു ബ്ളൂമയുടെ നനഞ്ഞൊട്ടിയ ബ്ളൂ ഡ്രസിലേക്ക് നോക്കിയപ്പോൾ അവൾ ഭവ്യതയോടെ ചോദിച്ചു… “ തക്ലീഫ് നഹി ഹെ തോ, ചേഞ്ച് കർനെ കേലിയേ എക് ഷർട്ട് ദേദോ… ”

 ശ്ശോ, അറിയാതെ ഹിന്ദി പറഞ്ഞതാ പെണ്ണ്‌… അകത്തു കയറിയതിൽ പിന്നെ മലയാളമല്ലായിരുന്നല്ലോ… അതായത്, “ബുദ്ധിമുട്ടില്ലെങ്കിൽ എനിക്ക് ഒരു ഷർട്ട് തരുമോ… ഞാൻ ഈ നനഞ്ഞതൊക്കെ ഒന്ന് മാറിക്കോട്ടെ…” എന്ന്.

 “കൊടെടാ മോനേ പാച്ചൂ ഒരു ഷർട്ട്…” വീണ്ടും കാർന്നോര്‌… പാച്ചു ടക്കനേന്ന് അലമാരി തുറന്ന് ടക്കനേന്ന് ഒരു ബ്ളൂ ഷർട്ടുമായി വന്നു…

 എല്ലാം നല്ല കോംബിനേഷനിൽ ഇരുന്നോട്ടെ എന്നു കരുതി നീല ഷർട്ട് തന്നെ എടുത്തതാണ്‌…

അവൾ അത് നാണത്തോടെ വാങ്ങിയിട്ട് എഴുന്നേറ്റു… ഒപ്പം പാച്ചുവും…

ബ്ളൂമയ്ക്ക് പിന്നേം നാണം… ആക്രാന്തം മൂത്ത് അവളുടെ പിന്നാലെ ചെല്ലാനാണെന്ന മട്ടിൽ എഴുന്നേറ്റതിൽ പാച്ചുവും ചമ്മി… ചമ്മൽ മറച്ച് കൊണ്ട് പാച്ചു ബാത്റൂമിനു നേരെ വിരൽ ചൂണ്ടിയിട്ട് പറഞ്ഞു, “ ബ്ലൂമ ചേഞ്ച് ചെയ്ത് വന്നോളൂ… ഞാൻ അപ്പോഴേക്കും ഒരു കോഫി ഇടാം…”

ബ്ളൂമ തലയാട്ടിയിട്ട് നടന്നു…

അവൾ ഡ്രസ്സ് ചേഞ്ച് ചെയ്യുന്നതിനിടയിൽ, പാച്ചു തിളക്കുന്ന കോഫിയിൽ നോക്കി തിളക്കുന്ന മനസുമായി നിന്ന് ഒരഞ്ചു മിനിറ്റ് കൊണ്ട് അയ്യായിരം സ്വപ്നം കണ്ടു…

സ്വപ്നത്തിന്റെ മാധുര്യത്തിൽ കാപ്പിയിലേക്ക് ഇത്തിരി അധികം പഞ്ചാരയും കമഴ്ത്തി… “ഇനിയും എന്തോരം പഞ്ചാര കമിഴ്ത്താൻ പോണൂ…” എന്ന ആതമഗതത്തോടെ…

ആവി പറക്കുന്ന പഞ്ചാരക്കാപ്പി കപ്പിലേക്ക് പകരുമ്പോൾ ബാത്റൂമിന്റെ കതക് തുറന്നു… ബ്ളൂമ ഇറങ്ങി വരുന്നത് പ്രതീക്ഷിച്ച പാച്ചുവിന്‌ മുന്നിലേക്ക് ഒരു പുകപടലം പറന്നു വരാൻ തുടങ്ങി…

സോറി വായനക്കാരേ…! ഇത് കട്ടപ്പുകയല്ല…! സ്മോക്ക്…!! സിനിമേലൊക്കെ പാട്ട് സീനിൽ ഉപയോഗിക്കണ സാധനം… രംഗമൊന്നു കൊഴുപ്പിക്കാൻ നമ്മളിവിടെ ഒരു ഗാനം ചേർക്കുകയാണ്…

മുട്ടറ്റം കഷ്ടിയെത്തുന്ന ഷർട്ടുമണിഞ്ഞ്, അങ്ങു മോളിൽ ബട്ടനില്ലാതെ തുറന്നു കിടക്കുന്ന ഷർട്ടിന്റെ വിടവ് കൈ കൊണ്ട് ചേർത്ത് പിടിച്ച് നമ്ര ശിരസ്കയായി ബ്ളൂമയെന്ന നായിക മുറിയിലേക്ക് കടന്നു വരുമ്പോൾ പാച്ചുവിന്റെ കൈയിലെ കാപ്പിക്കപ്പ് ‘ക്ളിക്കോ​‍ാം… ട്രിംഗ്…’ എന്ന താളത്തിലുള്ള ശബ്ദത്തിൽ താഴെ വീണുടയും.

ഇത്രേം നേരം ശിവമണി ആ നെഞ്ചിൽ കൊട്ടിയതല്ലേ… സംഗതിയുടെ പഞ്ച് പുറത്തു വന്നതാണെന്ന് കരുതിയാൽ മതി. അപ്പോൾ ആ പാട്ടിന്റെ ശീലുകൾ (ശീൽക്കാരം എന്നു പറയാം) അങ്ങിനെ കേട്ടു തുടങ്ങും.

“ഓ സോനേ ദോ… സോനേ ദോ… സോനേ ദോ…സോ‍ാ‍ാ‍ാനേ ദോ‍ാ‍ാ‍ാ…
മുഛ്കോ നീന്ദ് ആ രഹീ ഹെ സോനേ ദോ…
ദിൽ കഹ് രെഹാ ഹേ കുച് ഹോനെ ദോ…”

പാട്ടു കേട്ട് അക്ഷയ് കുമാറും കരീനയും ആടിയതൊക്കെ പാച്ചുവും ബ്ളൂമയും ആടിയോ എന്നൊന്നും ചോദിച്ച് എന്നെ കുഴപ്പിക്കരുത്… എങ്കിലും പകുതി സംഭവിച്ചു എന്നു ഞാൻ പറയും… ആ പകുതി എന്തൊക്കെ എന്നുള്ളത് വായനക്കാരുടെ മനോധർമ്മം പോലെ ചിന്തിക്കുക… അതിൽ എനിക്ക് പങ്കില്ല.

അങ്ങിനെ ഗാനം തീർന്നു…

പാച്ചുവും ബ്ളൂമയും ആടി പാടിയതിന്റെ ക്ഷീണത്തിൽ കണ്ണിൽ നോക്കി കട്ടിലിൽ കിടക്കുന്നു.

ബ്ളൂമയോടുള്ള പ്രണയവും, അതിനു വഴി വച്ച കാർന്നോരുടെ ശബ്ദത്തോടുള്ള നന്ദിയും എല്ലാം കൂടെ പാച്ചുവിന്റെ മനസിൽ കിടന്ന് തിക്കു മുട്ടുന്നുണ്ടായിരുന്നു.

ആ കാർന്നോരുടെ ആത്മശാന്തിക്കായി അവൻ പ്രാർത്ഥിച്ചു…!!

അത് സ്നേഹം കൊണ്ടായിരുന്നില്ല… പാലം കടക്കുവോളം നാരായണ നാരായണ… അതു കഴിഞ്ഞാൽ പിന്നെ ആഭാസകരം എന്ന മാനസിക നിലയായിരുന്നു പാച്ചുവിന്‌.

ചുരുക്കി പറഞ്ഞാൽ വണ്ടി ഒരു ട്രാക്കിലായ സ്ഥിതിക്ക് ഇനീം ആ കിഴവന്റെ അശരീരി അപശകുനമായി വരല്ലേ എന്നവൻ പ്രാർത്ഥിച്ചു.

അങ്ങനെ എല്ലാ കടപ്പാടുകളും മറന്ന് പാച്ചു ബ്ളൂമയെ നോക്കി… പുറത്ത് പെയ്യുന്ന കുളിർ മഴയിലൂടെ കടന്നു വരുന്ന നിലാവ് അവളുടെ കവിളിൽ തട്ടി പ്രതിഫലിക്കുന്നു…

ദയവു ചെയ്ത് മഴയത്ത് നിലാവോ എന്നൊന്നും സംശയിച്ച് വായനക്കാർ ചുമ്മാ ഈ സീൻ കുളം കലക്കല്ലേ… ‘ ജൂണിലെ നിലാ മഴയിൽ എന്ന ഗാനം ഓർത്താൽ മതി…

അപ്പോൾ പാച്ചുവും ബ്ളൂമയും… അവർ മനസു പങ്കു വക്കുകയാണ്‌…

ഇങ്ങനെ ഒരു മഴ പെയ്തില്ലായിരുന്നെങ്കിൽ…

ശകടം പണി മുടക്കിയില്ലായിരുന്നെങ്കിൽ…

ഞാൻ ഈ വീട്ടിൽ ഇല്ലായിരുന്നെങ്കിൽ… എന്റെ ജീവിതത്തിലെ അസുലഭവും അവിസ്മരണീയവുമായി മാറാൻ പോകുന്ന ഈ നിമിഷങ്ങൾ ഒരിക്കലും ലഭിക്കാതെ പോകുമായിരുന്നു എന്നു പാച്ചുവും, ഏതാണ്ട് സമാന രീതിയിലൊക്കെ തന്നെ ബ്ളൂമയും പരസ്പരം കാതിൽ മൊഴിഞ്ഞു…

പാച്ചു ബ്ളൂമയുടെ നെറ്റിയിൽ ചുമ്പിച്ചു… അവൾ നാണത്തോടെ അവന്റെ കഴുത്തിൽ മുഖമമർത്തി ചെറുതായി കടിച്ചു…

ബ്ലൂമയുടെ സ്നേഹം തന്റെ ശരീരത്തിലേക്ക് ഒരു കുഞ്ഞു വേദനയായി തുളച്ചിറങ്ങുന്നത് അവനറിഞ്ഞു… ഇതായിരിക്കുമോ കവികൾ പാടിയ പ്രണയ നൊമ്പരം… അവൻ മനസിൽ ചിന്തിച്ചു…

എന്നാലും വല്ലാത്ത വേദന തന്നെ… അവൻ അവളുടെ മുഖം തന്നിൽ നിന്ന് വേർപെടുത്തി… ’ പ്രണയനൊമ്പരത്തോടെ‘ ബ്ളൂമയെ നോക്കിയ പാച്ചു ഉറക്കെ നിലവിളിച്ചു പോയി…!

നീലിമയാർന്ന കണ്ണുകൾക്കു പകരം അവൾക്കിപ്പോൾ ചുമന്ന ഉണ്ടക്കണ്ണുകൾ… രക്തം  പുരണ്ട ദംഷ്ട്രകൾ… വയ്ക്കോൽ നാരു പോലെ ജട കെട്ടിയ മുടി…

അപ്പോൾ വീണ്ടും കാർന്നോരുടേ അശരീരി മുഴങ്ങി… “ മോനേ നിന്റെ ലഡ്ഡു പൊട്ടി…”

അതു കേട്ട് പാച്ചു അനങ്ങാനാകാതെ പൊട്ടിത്തകർന്നു കിടക്കുക്കുമ്പോൾ ബ്ളൂമ അലറി… “ ഞാൻ നീലിമ… കള്ളിയങ്കാട്ട് നീലിയുടെ കൊച്ചു മകൾ… അതെന്റെ മുത്തച്ഛൻ… കരിമ്പനക്കൽ കോരപ്പൻ… എനിക്ക് ചോര വേണം… ചോര…”

അർദ്ധപ്രാണനായി കിടന്ന  പാച്ചു അവൾ പറഞ്ഞത്‌ മുഴുവൻ കേട്ടോ എന്നറിയില്ല… നീലിമ ആർത്തിയോടെ ചോരക്കായി വീണ്ടും അവന്റെ കഴുത്തിലേക്ക് ദംഷ്ട്രകൾ ആഴ്ത്തി…!!

(രണ്ട് ഗുണപാഠങ്ങൾ : 01. അസമയത്ത് ’ഫ്രണ്ട് റിക്വസ്റ്റുമായി‘ വരുന്ന പിള്ളാരെ വിശ്വസിക്കരുത്… അത് ഫേസ്ബുക്കിലാണെങ്കിൽ പോലും 02. പകൽ സമയം കാർന്നോന്മാര്‌ പറയുന്നത് അനുസരിച്ചാലും രാത്രിയിൽ അനുസരിക്കുകയേ അരുത്… എന്തു ലഡ്ഡു തരാമെന്നു പറഞ്ഞാലും)

 

അനൂപ്‌ ശാന്തകുമാർ
-2012 ജനുവരി 10-

 

മലയാളം ചെറുകഥകൾ വായിക്കാം

YOUTUBE  |  INSTAGRAM  |  FACEBOOK

Facebook Comments

comments

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Add comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

About Blogger

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Email Newsletter

We Won't SPAM , Only Serious Emails.

Advertisement