De Kochi - Photographic Journal

മിഴി പൂട്ടാത്ത മയിൽപീലികൾ

 

പ്രയാഗ…

എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിൽ ജനശദാബ്ദി എക്സ്പ്രെസ്സിൽ വച്ചാണ്‌ ഞാൻ പ്രയാഗയെ വർഷങ്ങൾക്കു ശേഷം വീണ്ടും കാണുന്നത്‌. തിരക്കില്ലാത്ത ആ കമ്പാർട്മെന്റിലെ സീറ്റിൽ ജനാലയിലൂടെ പുറത്തേക്ക്‌ നോക്കിയിരിക്കുന്ന പെൺ കുട്ടി പ്രയാഗ തന്നെയല്ലേ എന്ന തെല്ലൊരു സംശയത്തോടെയാണ്‌ ഞാൻ പേരു വിളിച്ചത്‌.

എനിക്കു തെറ്റിയില്ല… പ്രയാഗ തന്നെ…

വളരേക്കാലത്തിനു ശേഷം സഹപാഠിയായിരുന്ന സുഹൃത്തിനെ കണ്ടതിന്റെ വിസ്മയം പ്രയാഗയുടെ കണ്ണിൽ കണ്ടതു കൊണ്ട്‌ ഒരനുവാദം പോലും ചോദിക്കാതെ അടുത്ത സീറ്റിൽ ഞാനിരുന്നു.

“ഇങ്ങനൊരാൾ ജീവിച്ചിരിക്കുന്നുണ്ടല്ലേ…? ഒരഡ്രസ്സുമില്ലായിരുന്നല്ലോ…? എവിടേക്കാ…?”

ഒരു നിമിഷം, ഒരുപാടു ചോദ്യങ്ങൾ… പ്രയാഗയുടെ സ്വഭാവത്തിന്‌ ഒരു മാറ്റവുമില്ലാത്തതു പോലെ തോന്നി.

അനന്തപുരിയിലേക്കെന്നു മറുപടി പറയാൻ സാവകാശം കിട്ടി… പിന്നെയും എന്നെക്കുറിച്ച്‌ ചോദ്യങ്ങൾ വരുന്നു. ഒരുപാടു നാളുകൾ കൂടി സുഹൃത്തുക്കളെ കാണുമ്പോൾ കുശലം ചോദിക്കാനും വിശേഷങ്ങൾ അറിയാനും എനിക്കുള്ള അതേ ഉദ്വേഗം ആദ്യമായി ഞാൻ മറ്റൊരാളിൽ കാണുകയായിരുന്നു.

ഒരു തരത്തിൽ പഴയകാല സുഹൃത്തുക്കൾ, അവർ ഭൂതകാലത്തിന്റെ താക്കോൽ സൂക്ഷിപ്പുകാരാണ്‌… ചില നേരം അവർ സ്മൃതികളുടെ വാതിലുകൾ മലർക്കെ തുറന്നിടും… യാത്രകളിൽ… തിരക്കുകളിൽ… വഴി വക്കുകളിൽ ഒക്കെ വച്ച്‌… അവരെ കണ്ടു മുട്ടുന്ന നിമിഷം ഓർമകളിലേക്ക്‌ നമ്മൾ തിരികെ സഞ്ചരിക്കും…

ഇത് യഥാർത്ഥ സൗഹൃദത്തിൽ മാത്രമേ സംഭവിക്കുകയുള്ളൂ. ചില നേരം ഞാനത്‌ അനുഭവിച്ചിട്ടുണ്ട്‌. ഇന്നിവിടെ ഈ യാത്രക്കിടയിൽ പ്രായാഗയെ കണ്ട നിമിഷം ഞാൻ എങ്ങൊട്ടോ തിരികെ പോയിരിക്കുന്നു.

പഴയ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയിലേക്ക്‌… അല്ലെങ്കിൽ ഒരു പ്രീഡിഗ്രി ക്ലാസ്സിലേക്ക്‌… മനസിലൂടെ ദൃശ്യങ്ങൾ വന്നുകൊണ്ടിരിക്കുന്നു… ഒപ്പം പ്രയാഗയുടെ ചോദ്യങ്ങളും.

ഓർമിക്കാൻ ഹൈസ്കൂൾ തലം മുതലുള്ള കാര്യങ്ങളുണ്ട്‌.

ആദ്യം കാണുമ്പോൾ പ്രയാഗ ദൂരെ ഏതോ സ്കൂളിൽ നിന്ന്‌ ടി സി വാങ്ങി എന്റെ സ്കൂളിൽ ചേർന്ന ഒരു എട്ടാം ക്ലാസ്സ്‌ വിദ്യർത്ഥിനി. കണ്ണട ധരിച്ചിരുന്ന അപൂർവം വിദ്യാർത്ഥികളിൽ ഒരാൾ. പ്രയാഗ ശ്രദ്ധിക്കപ്പെട്ടത്‌ ആ പേരു കോണ്ട്‌ തന്നെയാണ്‌. വിളിക്കാൻ സുഖമില്ലാത്ത, ഒരു കടുപ്പമുള്ള പേരായി അദ്ധ്യാപകർ വരെ ആ കുട്ടിയുടെ പേരിനെ വിലയിരുത്തി.

ഒരു പേരിലെന്തിരിക്കുന്നു കാര്യം…?

പക്ഷേ പ്രയാഗയുടെ പേരിൽ കാര്യമുണ്ടായിരുന്നു. ഹൈസ്കൂൾ മുതൽ പ്രീ ഡിഗ്രി വരെ എന്റൊപ്പം പഠിച്ചതിനിടയിൽ പത്താം ക്ലാസിൽ വച്ചാണ്‌ പേരിനെക്കുറിച്ച്‌ ഞാൻ ആ കുട്ടിയോട്‌ ചോദിച്ചത്‌.

അച്ഛന്റെ പേരും അമ്മയുടെ പേരും ചെർത്താണത്രേ ആ പേരിട്ടത്‌. അച്ഛൻ പ്രസന്നൻ അമ്മ യമുനാ ദേവി. വിവാഹ ശേഷം കുട്ടികളില്ലാതിരുന്ന അവർ ഒരു യാഗത്തിൽ പങ്കെടുത്തതിന്റെ അനുഗ്രഹം കൊണ്ടാണ്‌ പ്രയാഗ ജനിച്ചതത്രേ…

അങ്ങിനെയാണ്‌ പ്രയാഗയെന്ന പേരും ജനിക്കുന്നത്‌.

അത്രയും വലിയൊരു കഥ ആ പേരിനു പിന്നിലുണ്ടെന്ന്‌ ഞാനെന്നല്ല ആരും പ്രതീക്ഷിച്ചിരിക്കില്ല.

മാതാപിതാക്കളുടെ ഭക്തി പ്രയാഗക്കും കിട്ടിയതിൽ അത്ഭുതപ്പെടേണ്ടതില്ലല്ലോ. പ്രയാഗ ഒരു കൃഷ്ണ ഭക്തയായിരുന്നു. വാക്കിലും പ്രവൃത്തിയിലും ചില നേരം ഭക്തി പ്രകടമാകും. എല്ലാവരും ദൈവമേ എന്നു വിളിക്കുന്ന നിമിഷങ്ങളിൽ പ്രയാഗ ‘കൃഷ്ണാ…’ എന്നു നീട്ടി വിളിക്കും.

പലപ്പോഴും പ്രയാഗ അങ്ങിനെ വിളിച്ചു പോകുമ്പോൾ സഹപാഠി കൃഷ്ണരാജ്‌ ‘എന്തോ…?’ എന്ന്‌ നീട്ടി വിളി കേട്ടിരുന്നത്‌ ഒരു തമാശയായിരുന്നു.

പ്രയാഗ ഒരു മയിൽ പീലി തലപ്പ്‌ എപ്പോഴും ബുക്കിൽ സൂക്ഷിച്ചിരുന്നു. ചില നേരം ആ ബുക്ക്‌ തുറന്ന്‌ മയിൽപീലി നോക്കി പ്രാർത്ഥിക്കുന്നത്‌ കാണാം. പരീക്ഷാ ഹാളിൽ കയറും മുൻപ്‌, അദ്ധ്യാപകർ ക്ലാസ്സിൽ ചോദ്യം ചോദിക്കുമ്പോൾ… അങ്ങിനെ ഒരു വിദ്ദ്യാർത്ഥിനിക്ക്‌ നേരിടേണ്ടി വരുന്ന പ്രതിസന്ധികളിൽ പ്രയാഗ മയിൽപീലിയെ ശരണം പ്രാപിക്കുന്നത്‌ ഞാൻ കണ്ടിരുന്നു.

പ്രയാഗയേപ്പോലെ പഠനത്തിൽ മുടുക്കിയായ കുട്ടി ഇത്രക്ക്‌ പ്രാർത്ഥിക്കണോ എന്ന സംശയം ആരും പ്രകടിപ്പിച്ചില്ല.

പ്രീഡിഗ്രിക്ക്‌ പഠിക്കുന്ന സമയത്താണ്‌ പ്രയാഗ ആ മയിൽ പീലിയേക്കുറിച്ചുള്ള രഹസ്യം എന്നോടു പറഞ്ഞത്‌.

മധുരയിൽ യു പി സ്കൂളിൽ പഠിക്കുമ്പോൾ അവളുടെ സഹപാഠി വൈദേഹിയാണത്രേ ആദ്യം അത്തരത്തിൽ ഒരു മയിൽപീലി പ്രയാഗക്ക്‌ സമ്മാനിച്ചത്‌.

പ്രയാഗ പറഞ്ഞു, “കൃഷ്ണ ഭഗവാന്റെ കിരീടത്തിലല്ലേ മയിൽ പീലി ഇരിക്കുന്നത്‌… ഭഗവാൻ കണ്ണടച്ചാലും മയിൽപീലി ഒരിക്കലും കണ്ണടക്കില്ല… ഭഗവാൻ ഉറങ്ങുമ്പോൾ കാവലായി, മുന്നിൽ വരുന്ന ഭക്തർക്ക്‌ അനുഗ്രഹമായി എപ്പോഴും പീലി കണ്ണു തുറന്നിരിക്കും.”

അവൾ ബുക്ക്‌ തുറന്ന്‌ മയിൽപീലി തലപ്പ്‌ എന്നെ കാണിച്ചു…

“കണ്ടില്ലേ കണ്ണു തുറന്നു നോക്കിയിരിക്കുന്നത്‌…?”

അത്‌ ശരിയാണെന്ന്‌ തോന്നി. ഭംഗിയുള്ള കണ്ണുള്ള ഒരു വലിയ മയിൽപീലി തലപ്പ്‌. അത്രയും നിഷ്കളങ്കമായ ഭക്തിചിന്ത ഞാൻ ആദ്യം അറിയുകയായിരുന്നു.

പ്രീഡിഗ്രിപഠനം പൂർത്തിയാക്കി മറ്റേതോ കോളേജിൽ ചേർന്ന പ്രയാഗയെ പിന്നീടെനിക്ക്‌ കാണാൻ കഴിഞ്ഞില്ല. ആരും പറഞ്ഞ്‌ അവളുടെ വിശേഷങ്ങൾ അറിഞ്ഞതുമില്ല.

ഒരു തരത്തിൽ, കാലത്തിന്റെ നീണ്ട പ്രയാണത്തിനൊടുവിലാണ്‌ ഈ യാത്രയിൽ അപ്രതീക്ഷിതമായി ഞാൻ പ്രയാഗയെ കണ്ടു മുട്ടിയിരിക്കുന്നത്‌.

പ്രയാഗ എന്നൊടൊന്നും സംസാരിക്കുന്നില്ല. മറിച്ച്‌ എന്നെക്കൊണ്ട്‌ സംസാരിപ്പിക്കുകയാണ്‌. സ്കൂളിലും കോളേജിലും ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന സഹപാഠികളേയും അദ്ധ്യാപകരേയും കുറിച്ച്‌ മാത്രമാണ്‌ സംസാരം. എനിക്കറിയാവുന്നവരുടെ വിശേഷങ്ങൾ പ്രയാഗ ചോദിച്ചു കൊണ്ടേയിരിക്കുന്നു.

എനിക്കു സംസാരം ഇഷ്ടമായിരുന്നതു കൊണ്ടും എന്റെ സംസാരം ഞാൻ തന്നെ ആസ്വദിച്ചിരുന്ന ഒരു ദു: സ്വഭാവം എനിക്കുണ്ടായിരുന്നതു കൊണ്ടും ഞാൻ അതിനൊക്കെ മറുപടി പറഞ്ഞു കൊണ്ടിരുന്നു.

സമയവും ദൂരവും കടന്നു പോകുന്നത്‌ അറിയുന്നുണ്ടായിരുന്നില്ല.

സംസാരത്തിലെ ഏതോ ഒരു നിർത്തലിൽ നിന്ന്‌ ഞാൻ ചോദ്യങ്ങൾ തുടങ്ങി.

“ഹസ്ബൻഡ്‌ എന്തു ചെയ്യുന്നു…?” പ്രയാഗയുടെ കഴുത്തിലെ ആലിലത്താലിയാണ്‌ എന്റെ ആ ചോദ്യത്തിന്‌ കരുത്തു പകർന്നത്‌.

പ്രയാഗ പെട്ടെന്നൊരു മറുപടി പറഞ്ഞില്ല… മുഖത്ത്‌ ഒരു ഗൗരവം വന്നോ…?

പെട്ടെന്നുണ്ടായ പ്രയാഗയുടെ ഭാവമാറ്റത്തിൽ എനിക്കെന്തോ ഒരസ്വസ്ഥത തോന്നി.

പ്രയാഗ കണ്ണട മുഖത്തു നിന്നെടുത്തു. എന്തോ പറയാൻ അവൾ ബുദ്ധിമുട്ടുകയാണ്‌. അത്തരം സന്ദർഭങ്ങളിൽ ഒരു ധൈര്യം കിട്ടാനെന്ന പോലെ എന്തെങ്കിലുമൊന്ന്‌ കൈയിൽ പിടിക്കുന്ന സ്വഭാവം ചിലർക്കു ഞാൻ കണ്ടിട്ടുണ്ട്‌.

പ്രയാഗയ്ക്ക്‌ എന്താണിവിടെ അതിന്റെ ആവശ്യം…?

അങ്ങിനെ സംശയിക്കുമ്പോൾ എന്റെ മുഖത്തു നോക്കാതെ കൈയിലെ കണ്ണടയിലേക്ക്‌ നോക്കി കൊണ്ട്‌ പ്രയാഗ പറഞ്ഞു, “ഇത്തരം ചോദ്യങ്ങൾക്കാകും ആദ്യം തന്നെ ഉത്തരം പറയേണ്ടി വരികയെന്നറിയാവുന്നതു കോണ്ടാണ്‌ ഞാനിത്ര നേരം തന്നെക്കൊണ്ട്‌ സംസാരിപ്പിച്ചതും അതിലൊന്നും തീർത്തും വ്യക്തിപരമായ ഒന്നും കടന്നു വരാതെ നൊക്കിയതും…”

അവൾ കുറച്ചു നേരം ജാലകത്തിലൂടെ പുറത്തേക്കു നോക്കിയിരുന്നു.

“ഡിസ്റ്റർബ്ഡ്‌ ആയ എന്തെങ്കിലുമാണെങ്കിൽ മറന്നേക്കൂ പ്രയാഗ… ആം സോറി…” ഒന്നാലോചിച്ചിട്ട്‌ തന്നെയാണ്‌ ഞാനത്‌ പറഞ്ഞത്‌.

പ്രയാഗ എന്റെ നേരെ മുഖം തിരിച്ചു. “ആരും ചോദിക്കാവുന്ന ഒരു ചോദ്യമല്ലേ താനും ചോദിച്ചുള്ളൂ… പെട്ടെന്ന്‌ എങ്ങിനെ ഒരു മറുപടി പറയും എന്നൊരു ആശയക്കുഴപ്പം വന്നു പോയി….”

അവൾ കണ്ണട മുഖത്തു വച്ച്‌ മടിയിലെ വാനിറ്റി ബാഗ്‌ ചേർത്തു പിടിച്ച് കൊണ്ട്‌ തുടർന്നു…

“പി ജി കംബ്ളീറ്റ്‌ ചെയ്യുന്നതിനിടയിലാണ്‌ എനിക്ക്‌ പ്രൊപോസൽ വന്നത്‌…”

“ഹരി… അച്ഛനും അമ്മയും അദ്ധ്യാപകർ. അതു കൊണ്ടാവണം മകനും അതേ ജോലി തിരഞ്ഞെടുത്തത്‌. പിന്നെ വിവാഹം കഴിഞ്ഞ ഒരു സഹോദരിയും അതായിരുന്നു. വർഷങ്ങളായി അവർ മംഗലാപുരത്തായിരുന്നു താമസം.”

“ദൂരെ നിന്നുള്ള പ്രൊപോസൽ പലരും എതിർത്തിരുന്നു. അച്ഛന്റെ ഒരു സുഹൃത്തു വഴി വന്ന ആലോചനയായതിനാലും കുടുംബ പശ്ചാത്തലം നല്ലതായിരുന്നതു കൊണ്ടും കൂടുതലൊന്നും നോക്കാതെ വിവാഹം നടത്തി… ”

 വിവാഹം കഴിഞ്ഞ്‌ മംഗലാപുരത്തേക്ക്‌… പുതിയ സ്ഥലം പുതിയ അന്തരീക്ഷം… എനിക്കവിടെ ഒരു പ്രശ്നവുമില്ലായിരുന്നു, യഥാർത്ഥ പ്രശ്നം തുടങ്ങുന്നതു വരെ… ”

ഒന്നു നിർത്തിയിട്ട്‌ പ്രയാഗ തുടർന്നു

അഞ്ചോ ആറോ മാസം കഴിഞ്ഞു… ഒരിക്കൽ ജോലി കഴിഞ്ഞു വന്ന ഹരി എന്നോട്‌ ഒന്നും സംസാരിച്ചില്ല…

“ ഇടക്കിടെ അവൻ അങ്ങിനെയാ… ഒരു സൗന്ദര്യപ്പിണക്കം… ” അമ്മ അങ്ങിനെ പറ ഞ്ഞാശ്വസിപ്പിക്കുമ്പോഴും എന്തോ ഒരസ്വസ്ഥത ആ മുഖത്തു ഞാൻ കണ്ടു.

“ സ്വയം ആശ്വസിച്ചും അവരുടെ ആശ്വാസ വാക്കുകളിലും ദിവസങ്ങൾ കടന്നു പോയി… ”

“ പിന്നെ പെട്ടെന്നൊരു ദിവസം ഹരി വല്ലാതെ വയലന്റായി. മുറിയിലെ സാധനങ്ങളൊക്കെ വലിച്ചെറിഞ്ഞു… എന്നെ ആക്രമിച്ചു… ”

അവിശ്വസനീയമായ ഒരു കഥ കേൾക്കുന്നതായിട്ടാണ എനിക്ക്‌ തോന്നിയത്‌.

ഇടക്കിടെ കടന്നു വരുന്ന മൗനത്തിനിടയിലൂടെ അവൾ പറഞ്ഞു കൊണ്ടിരുന്നു…

“ ഹോസ്പിറ്റലൈസ്‌ ചെയ്ത ശേഷം എന്റെ വീട്ടിൽ നിന്ന്‌ അച്ഛൻ വന്നപ്പോഴാണ്‌ അറിയുന്നത്‌… മുൻപൊരിക്കൽ ഇങ്ങിനെന്തോ ഉണ്ടായിട്ടുണ്ടെന്ന്‌. പഠിക്കുന്ന കാലത്തോ മറ്റോ ഡ്രഗ്സ്‌ എന്തോ ഉപയോഗിച്ചതിനെ തുടർന്നുണ്ടായ ഒരു അബ്നൊർമൽ മെന്റാലിറ്റി … ”

എല്ലാവരും പിന്നെ എന്നെ അവിടെ നിന്ന്‌ തിരികെ കൊണ്ടു പോരാനായി ശ്രമം. പക്ഷേ എനിക്ക്‌ എല്ലാം ഉപേക്ഷിക്കാൻ കഴിയില്ലായിരുന്നു… മീൻ ടൈം ഐ വാസ്‌ പ്രഗ്നന്റ‍്‌…

“കുറേ നാൾ അവിടെ ഹോസ്പിറ്റലിൽ… പിന്നെ ഇവിടെ തിരുവനന്തപുരത്ത്‌ ഒരിടത്തേക്കു മാറ്റി. മോള്‌ ജനിച്ചതിനു ശേഷവും ഒരു ഡിവോഴ്സിന്‌ എല്ലാവരും നിർബന്ധിച്ചു. സ്നേഹിച്ചവരൊക്കെ ഒരുപാട്‌ ശാസിച്ചു… ഉപദേശിച്ചു…”

“പക്ഷേ എനിക്ക്‌ കഴിഞ്ഞില്ലെടോ… ഒരാൾ ജീവിച്ചിരിക്കുമ്പോൾ…”

“ഇപ്പോൾ എന്നിട്ട്‌…?” എന്റെ ചൊദ്യം മുഴുവനാക്കും മുൻപ്‌ പ്രയാഗ പറഞ്ഞു,

“ഹോസ്പിറ്റലിൽ തന്നെ… ഇടക്ക്‌ കുഴപ്പമില്ല. പക്ഷേ സ്ഥിരമായ ഒരവസ്ഥയിലേക്ക്‌ തിരികെ വരാറായിട്ടില്ല…” അവൾ ഒന്നു വിതുമ്പിയതു പോലെ തോന്നി.

ഞാൻ മോളെക്കുറിച്ച്‌ ചോദിച്ചപ്പോൾ വാനിറ്റി ബാഗ്‌ തുറന്ന്‌ ഒരു ചെറിയ ഫോട്ടോ എനിക്കു നീട്ടി…

ആറോ ഏഴോ വയസു കാണും… മിടുക്കി എന്നു പറഞ്ഞു പൊകും… ശരിക്കും പ്രയാഗയെപ്പൊലെ തന്നെ. അങ്ങിനെ ചിന്തിക്കുമ്പോൾ അവൾ ചോദിച്ചു,

“എന്റെ റിപ്ളികയെന്നാ എല്ലാവരും പറയുന്നത്‌ നിനക്കു തോന്നിയോ…? ”

“ശരിക്കും… അങ്ങിനെ തന്നെ.”

“അച്ഛനും അമ്മയും …?” ഞാൻ തിരക്കി.

“എന്നെക്കുറിച്ചുള്ള ആകുലതകളല്ലാതെ വേറെ പ്രശ്നങ്ങളൊന്നുമില്ലാതെ പോകുന്നു. ഹരിയുടെ ട്രീറ്റ്മെന്റിന്റെ സൗകര്യത്തിന്‌ ഞങ്ങൾ ഇവിടെ കൊല്ലത്തേക്ക്‌ താമസം മാറ്റി. ഹരിയുടെ പേരെന്റ്സും അവിടെയുണ്ട്‌… ”

ഫോട്ടോ തിരികെ കൊടുത്തപ്പോൾ അവൾ പ്രതീക്ഷിക്കാത്ത ഒരു ചൊദ്യം ചോദിച്ചു, “ഇതൊന്നും കേൾക്കാൻ വേണ്ടി ഒരു കണ്ടുമുട്ടൽ ഉണ്ടാകേണ്ടിയിരുന്നില്ല എന്ന്‌ തൊന്നുന്നോ നിനക്ക്‌…? ”

“ഒരിക്കലുമില്ല പ്രയാഗ… നമ്മൾ കണ്ടു മുട്ടുന്നത്‌ ചങ്ങാതിമാരായി മാത്രമല്ലല്ലോ, ജീവിതത്തെ കൂടിയാണല്ലോ…? ”

അവൾ തലയാട്ടി. പിന്നെ പറഞ്ഞു, “ജീവിതം എപ്പോഴും ഒരു പ്രതീക്ഷയിലല്ലേ മുന്നോട്ട്‌ പോകുന്നത്‌. എനിക്ക്‌ പ്രതീക്ഷിക്കാൻ ഒരുപാടുണ്ട്‌. പ്രതീക്ഷകൾക്ക്‌ മേൽ ഉത്തരവാദിത്വങ്ങളും… ”

“പിന്നെ ഇടക്ക്‌ എന്തൊക്കെയോ എനിക്ക്‌ ധൈര്യം തരുന്നുണ്ടായിരുന്നു… അച്ഛന്റെ ധൈര്യപ്പെടുത്തൽ… പ്രതീക്ഷിച്ചിരിക്കാതെ പബ്ലിക്‌ സെക്ടറിൽ ലഭിച്ച ജോലി…  ശാപം പിടിച്ചവൾ എന്നെനിക്ക്‌ ഒരിക്കലും തോന്നിയിട്ടില്ല… ”

പ്രയാഗ ഒരു ബുക്കെടുത്തു, “പഴയതു പൊലെ വായനയൊന്നുമില്ല… പക്ഷേ എപ്പോഴും ഇതു പോലൊന്നെന്റെ കൈയിലുണ്ടാകും…

അവൾ എന്റെ നേരെ പിടിച്ച്‌ ആ ബുക്കു തുറന്നു… ഉൾ പേജിൽ ഒരു മയിൽപീലിതലപ്പ്‌ ഒട്ടിച്ചു വച്ചിരിക്കുന്നു.

“ഓർമയുണ്ടോ നിനക്ക്‌ …?”

ഒന്നും മിണ്ടാതിരുന്നപ്പോൾ അവൾ ബുക്കു മടക്കി ബാഗിൽ വച്ചുകൊണ്ട്‌ പറഞ്ഞു, “മയിൽപീലി കണ്ണടക്കില്ലെടാ… ഒരിക്കലും… “

പ്രയാഗയുടെ വാക്കുകളിലെ വിശ്വാസം എന്നെ അത്ഭുതപ്പെടുത്തി…

അവളുടെ സ്റ്റേഷൻ എത്തിയിരുന്നു… വാതിൽക്കൽ വരെ ഞാൻ ചെന്നു.

വീണ്ടും കാണാം എന്നു പറഞ്ഞ്‌ പ്രയാഗ പോയി. ഞാൻ തിരികെ സീറ്റിൽ വന്നിരുന്നു.

കണ്ണടച്ചപ്പോൾ മുന്നിൽ മയിൽപീലികൾ തെളിഞ്ഞു…

മിഴി പൂട്ടാത്ത മയിൽ പീലികൾ.

 

അനൂപ്‌ ശാന്തകുമാർ
-2010 ഒക്ടോബർ 25 –

 

കൂടുതൽ ചെറുകഥകൾ വായിക്കാം

YOUTUBE  |  INSTAGRAM  |  FACEBOOK

Facebook Comments

comments

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs and Videos along with a little information on it and Malayalam Short stories.

1 comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Email Newsletter

We Won't SPAM , Only Serious Emails.

About Blogger

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs and Videos along with a little information on it and Malayalam Short stories.

Advertisement