De Kochi - Photographic Journal
Malayalam Short Story, Short Story, Short Stories, Cherukatha, Cherukathakal, Malayalam Novel, Malayalam Book Online, Short Story Online, Online Short Story, Malayalam Cherukathakal, Kathakal, Malayalam Kathakal, മലയാളം ചെറുകഥകൾ, ചെറുകഥകൾ

മൃതിക, ഒരു മരണ ദൂതിക

Malayalam Short Story, Short Story, Short Stories, Cherukatha, Cherukathakal, Malayalam Novel, Malayalam Book Online, Short Story Online, Online Short Story, Malayalam Cherukathakal, Kathakal, Malayalam Kathakal, മലയാളം ചെറുകഥകൾ, ചെറുകഥകൾ

 

“മൃതിക…”

“പാതിരാത്രിയിൽ ഉറക്കത്തിൽ നിന്ന്‌ വിളിച്ചുണർത്തിയിട്ട്‌ ഒരിക്കലും കേട്ടിട്ടില്ലാത്ത ഒരു ഒരു പേര്‌ പറഞ്ഞ്‌ പരിചയപ്പെടുത്താൻ ഇവളാര്‌…?” ഞാൻ അവളുടെ പിന്നിലേക്ക്‌ നോക്കി…

“ഇല്ല… വേറാരുമില്ല, ഞാൻ മാത്രമേയുള്ളൂ.”

“എനിക്ക്‌… എനിക്ക്‌ മനസിലായില്ല…”

അവൾ വാതിൽ കടന്ന്‌ അകത്തേക്ക്‌ വന്നു…

“ദു: സ്വാതന്ത്ര്യക്കാരി… അഹങ്കാരി…”

അവൾ എന്റെ സോഫയിൽ വല്ലാത്തൊരധികാര ഭാവത്തിൽ ഇരുന്നു…

“എല്ലാവരും ഇങ്ങിനെയാ… എന്നെ അറിയും, പക്ഷേ കാണുമ്പോൾ പരിചയമില്ല… പിന്നെ അറിയുമ്പോൾ ഞെട്ടൽ … നീയും അങ്ങിനെ തന്നെ…”

“ഞാൻ അറിയില്ല… നിങ്ങൾക്ക്‌ ആളു തെറ്റിയതാവും അല്ലെങ്കിലും എവിടെയെങ്കിലും വച്ച്‌ നമ്മൾ മുൻപ്‌ കണ്ടതായി ഓർക്കുന്നില്ല…”

അവൾ പൊട്ടിച്ചിരിക്കുന്നു…

“പരിചയമുണ്ടാകണമെങ്കിൽ നേരിൽ കാണണമെന്നു നിർബന്ധമുണ്ടോ…? ഊം…?”

അവളുടെ ചോദ്യത്തിലെ കൊഞ്ചൽ ഒരു പന്തികേടായിത്തന്നെ ഞാൻ കണ്ടു.

“നോക്കൂ എനിക്കു നിങ്ങളെ പരിചയമുള്ളതായി തോന്നുന്നില്ല…”

“അപ്പോഴും ഒരു സംശയം ബാക്കിയുണ്ടല്ലേ…?, പരിചയമുണ്ടാകിനിടയുണ്ടോ എന്ന്‌… ?”

ഞാനൊന്നും മിണ്ടിയില്ല… ശരിയാണ്‌ അവൾ പറഞ്ഞത്‌… പക്ഷേ അത്‌ ഇവിടെ സമ്മതിക്കുന്നതിൽ അർത്ഥമില്ല…

“ശരി എന്നാൽ ഞാൻ പോകട്ടേ…” അവൾ മനസില്ലാ മനസോടെ പുറത്തേക്ക്‌ നടന്നു…

“അല്ല… ആരാണെന്ന്‌ പറഞ്ഞില്ല…”

അവൾ പൊട്ടിച്ചിരിച്ചു… അപ്പോഴാണ്‌ ഞാനവളെ ശരിക്കും ശ്രദ്ധിച്ചത്‌… കറുത്ത നിറം… തിളങ്ങുന്ന കണ്ണുകൾ… കറുത്ത വസ്ര്തത്തിൽ സ്വർണ നിറത്തിലുള്ള തൊങ്ങലുകൾ… സ്വർണ വർണത്തിലുള്ള ഒരു പൊട്ടല്ലാതെ അവളുടെ ദേഹത്ത്‌ മറ്റൊരാഭരണവും കണ്ടില്ല… മൊത്തത്തിൽ ഒരു വശ്യ സുന്ദരി എന്നു തന്നെ പറയാം…

എന്റെ നോട്ടം കണ്ട്‌ അവൾ അടുത്തേക്ക്‌ വന്നു.

“എന്താ പരിചയപ്പെടണമെന്നുണ്ടോ…?”

“അല്ല പേര്‌…?”

“അതു പറഞ്ഞില്ലേ… മൃതിക…”

“ഞാനങ്ങിനെയാരെയും പരിചയപ്പെട്ടതായി ഓർക്കുന്നില്ല…”

“എങ്കിൽ ഞാൻ ഒന്നുകൂടി പറയാം… ഞാനൊരു ദൂതികയാണ്‌… മരണ ദൂദിക… മൃതിക…”

“ഈ പെണ്ണെന്താ വട്ടു പറയുകയാണോ…?”

എന്റെ മനസു വായിച്ചതു പോലെ അവൾ മറുപടി പറഞ്ഞു…

“അല്ല… ശരിക്കും… മരണത്തെ പ്രണയിക്കുന്നവരുടെ പ്രേയസിയാണ്‌ ഞാൻ… ഇപ്പോൾ ദാ നിന്റേയും…”

ഞാൻ ഒന്നു ഞെട്ടി… അവൾ ആ ഞെട്ടൽ ആസ്വദിക്കുകയാണെന്നു തോന്നി.

“മരണ ദൂതികയോ…? നിങ്ങൾ വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കരുത്‌. നിങ്ങൾ ഒരു നടിയോ മറ്റോ ആയിരിക്കും…”

“ ഒരു തരത്തിൽ ശരിയാണ്‌… ഞാൻ ചിലപ്പോൾ അഭിനയിക്കാറുണ്ട്‌… നീയും അഭിനയിക്കാറില്ലേ…?”

“ ഞാനോ… ഞാനെന്തിന്‌ അഭിനയിക്കണം…?”

“ അല്ലെങ്കിൽ പിന്നെ നീ പ്രണയിക്കുന്ന മരണം മുന്നിൽ വന്നു നിന്നിട്ട്‌ അറിയില്ലെന്ന്‌ പറയുന്ന ഈ ഭാവം അഭിനയമല്ലാതെ മറ്റെന്താണ്‌…?”

ഞെട്ടൽ ഒരു ഭയമായി മാറുന്നത്‌ ഞാനറിഞ്ഞു, “ നീ… ”

അവൾ എന്റെടുത്തേക്ക്‌ ചേർന്നു “ അതെ… ശരിക്കും… നീ പ്രണയിക്കുന്ന മരണത്തിന്റെ ഒരു കാവൽക്കാരി… ”

അവൾ എനിക്കു വലം വച്ചു… “ നിനക്കായി മരണത്തിന്റെ വാതിൽ തുറക്കാൻ വന്നവൾ… നിന്നെ പ്രണയിക്കാൻ… ”

അവൾ എന്റെ തോളിലൂടെ കൈയെത്തിച്ച് എന്നെ ചുറ്റിപ്പിടിച്ചു…

ഭീതിയോടെ കുതറിക്കൊണ്ട് ഞാൻ അവളെ തള്ളി മാറ്റി… അവൾ എന്നിൽ നിന്ന്‌ ഒഴുകി നീങ്ങി…

ഞാനവളുടെ കാൽച്ചുവട്ടിലേക്ക്‌ നോക്കി… ഒഴുകിക്കിടക്കുന്ന വസ്ര്തങ്ങൾക്കുള്ളിൽ അവൾക്ക്‌ കാലുകളുണ്ടെന്ന തോന്നൽ ഒരു ഭാവന മാത്രമാണെന്ന്‌ എനിക്കു മനസിലായി… അന്തരീക്ഷത്തിലെ മഞ്ഞിന്റ തണുപ്പ്‌ എന്റെ ദേഹം തുളച്ച് അകത്തേക്ക്‌ കടക്കുന്നുണ്ടോ…?  ഇതൊരു സ്വപ്നമല്ലേ…?

“ അല്ല… ഇതൊരു സ്വപ്നമല്ല… ”  അവളാണ്‌ മറുപടി പറഞ്ഞത്‌…

എന്റെ ചിന്തകൾ പോലും അവൾ മനസിലാക്കുന്നല്ലോ… അപ്പോൾ …?

“ ഇതൊക്കെ ഓരോ ചെറിയ വിദ്യകളാണ്‌… യാഥാർഥ്യം മുന്നിൽ വരുമ്പോൾ വിശ്വസിക്കാൻ കഴിയാത്തവർക്കുള്ള അടയാളം… “

അവൾ എന്നെ കീഴ്പ്പെടുത്തുകയാണോ…?

“ നിനക്കെന്താ ഇവിടെ കാര്യം…? “

“ കൊള്ളാം നല്ല ചോദ്യം…ഇത്രയും നാൾ എന്നെ മോഹിപ്പിച്ചിട്ട്‌ ഞാൻ വന്നപ്പോൾ, എന്താ കാര്യമെന്നോ…? ”

“ ഞാൻ മോഹിപ്പിച്ചെന്നോ…? ”

“ പിന്നെ…? ഞാൻ കളവു പറയുന്നോ? നീയൊരിക്കലും എന്നെ ആഗ്രഹിച്ചിട്ടില്ലെന്ന് ഒന്നു മുഖത്തു നോക്കി പറയുമോ…? ”

അവളുടെ കണ്ണിൽ വല്ലാത്തൊരു തിളക്കം… ഞാൻ തല കുനിച്ചു…

“ എത്രയോ രാത്രികളിൽ നീ നിന്റെ മുറിയിൽ ഉറക്കമില്ലാതെ എന്നെ ഓർത്ത്‌ ഉലാത്തുന്നത്‌ ഞാൻ കണ്ടിരുന്നു… മരം കോച്ചുന്ന തണുപ്പുള്ള രാത്രികളിൽ ജാലകം തുറന്നിട്ട്‌ അകലെ ഇരുട്ടിൽ നീയെന്നെ പ്രതീക്ഷിച്ചിരുന്നില്ലേ…? ”

“ ഇല്ല… ഇല്ല… അത്‌ ഞാൻ നിശാ ശലഭങ്ങൾക്കായി കാത്തിരുന്നതോ, അകാശത്ത്‌ നിന്ന്‌ നക്ഷത്രങ്ങൾ പൊഴിയുന്നത്‌ പ്രതീക്ഷിച്ചിരുന്നതോ ആയിരിക്കും… ”

“ ഇനിയും എന്തിനാണ്‌ നീ എന്നോട്‌ നുണ പറയുന്നത്‌…? കാമുകി സ്വന്തമായി കഴിയുമ്പോൾ പ്രണയം അകലുന്ന കാമുകന്മാരുടെ രോഗം നിനക്കും പിടി പെട്ടോ…? ”

ഇല്ല… അതിന്‌ ഞാനാരേയും പ്രണയിച്ചിരുന്നില്ലല്ലോ… ”

“ വീണ്ടും നുണ… നിന്റെ നുണകൾ എന്നെ നിന്നിലേക്ക്‌ കൂടുതൽ അടുപ്പിക്കുകയാണ്‌… കാരണം നിന്റെ നുണകൾ പിടിക്കപ്പെടുമ്പോൾ നീ പരാജയപ്പെടുമ്പോൾ എനിക്ക്‌ നിന്നോട്‌ ആസക്തി തോന്നുന്നു… എല്ലാ കാമുകിമാരേയും പോലെ, എന്റെ പ്രണയത്തിനു മുന്നിൽ കീഴടങ്ങുന്നവരെയാണ് ഞാനും ഇഷ്ടപ്പെടുന്നത്‌… ”

അവൾ എന്റെ കഴുത്തിന്‌ ചുറ്റിപ്പിടിച്ച് ആർത്തീയോടെന്ന പോലെ എന്നെ നോക്കി… നിലാവിന്റെ നേർത്ത പാടകളും വഹിച്ച്‌ മഞ്ഞുപാളികൾ ഞങ്ങളെ തഴുകി കടന്നു പോകുന്നു.

അവൾ ഒരു ദീർഘനിശ്വാസത്തോടെ എന്നെ വിട്ട്‌ ജാലകത്തിനരികത്തേക്ക്‌ പോയി…

അവിടെ എന്തു കാഴ്ച കാണാൻ…?

“ നീ ഈ ജാലകത്തിലൂടെ കണ്ടിരുന്നത്‌ കാണാൻ കഴിയുമോ എന്ന്‌ ഞാനൊന്നു നോക്കട്ടെ… ”  വീണ്ടും അവളുടെ വശീകരിക്കുന്ന പുഞ്ചിരി…

“ നിന്നെ പ്രണയിച്ചിരുന്നെങ്കിൽ… അന്ന്‌ നീയെന്തേ പിന്നെ എന്റടുത്തു വന്നില്ല…? ”  ഞാനവളെ ചോദ്യഭാവത്തിൽ നോക്കി.

“ അപ്പോൾ നീ ആഗ്രഹിച്ചപ്പോൾ വരാത്തതിന്റെ പരിഭവമായിരുന്നോ ഇത്ര നേരം കാണിച്ചത്‌…? ”

“ അത്‌… ” എനിക്ക്‌ മറുപടിയൊന്നും പറയാൻ തോന്നിയില്ല…

“ അന്ന്‌ നീ ആ നീല നക്ഷത്രക്കണ്ണുള്ള പെണ്ണിനെയല്ലേ പ്രണയിച്ചിരുന്നത്‌… ഞാൻ കൂടെയുണ്ടായിട്ടും നീ ഒരിക്കലും എന്നെ ഓർത്തില്ല… എനിക്കുമുണ്ട്‌ പിണക്കവും പരിഭവവുമൊക്കെ… “

“ ശരിയാണ്‌… നീ പറഞ്ഞത്‌ ശരിയാണ്‌… ഞാനന്ന്‌ ജീവിതം വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു… ആ നീല നക്ഷത്രക്കണ്ണുള്ള പെണ്ണിന്റെ കണ്ണുകളിലെ തിളക്കത്തിൽ ഒരു പ്രതീക്ഷ ഞാൻ കണ്ടിരുന്നു… അവളുടെ വാക്കുകളിൽ പ്രണയമുണ്ടായിരുന്നു… എന്റെ സ്വപ്നങ്ങളിൽ അവളുണ്ടായിരുന്നു… ”

“ വെറുതേ… അവസാനം പറഞ്ഞതൊഴികെ എല്ലാം നിന്റെ തോന്നലുകളായിരുന്നു… അവൾ ഒരിക്കലും നിന്നെ പ്രണയിച്ചില്ല… പ്രണയിച്ചിരുന്നെങ്കിൽ പിന്നെ ഒരിക്കലും കാണാത്ത അറിയാത്ത ഒരുത്തനൊപ്പം ജീവിക്കാൻ അവൾ പോകുമായിരുന്നോ…? ”

“ ശരിയാണ്‌… ശരിയാണ്‌… ”

“ നീയിപ്പോൾ എന്റെ വാക്കുകൾ ശരി വക്കുന്നത്‌ എന്നെ അത്ഭുതപ്പെടുത്തുന്നു… അതിലേറെ എന്നെ കൊതിപ്പിക്കുന്നു… അവളുടെ കണ്ണിലെ ഭാവം എനിക്ക്‌ പരിചയമില്ലാത്തതായിരുന്നു… ”

“ നീ വേറുതേ എന്തിന്‌ ആ പെണ്ണിനെ പ്രണയിച്ചെന്ന്‌ എനിക്കറിഞ്ഞു കൂടാ… ”

ഒരു പരിഹാസമായിരുന്നു അവളുടെ വാക്കുകളിൽ.

“ അത്‌… എല്ലാവരും ജീവിതത്തെക്കുറിച്ചാണ്‌ എന്നോട്‌ സംസാരിച്ചിരുന്നത്‌… ജീവിക്കാൻ … ”

“ ആര്‌… ആർക്ക്‌… നീ ജീവിച്ചു കാണാൻ ആഗ്രഹിച്ചിരുന്ന ആരെയാണ്‌ നീ കണ്ടത്‌…? ” ഞാൻ മുഴുമിക്കും മുൻപേ ഒരു തരം ധാർഷ്ട്യത്തോടെയാണ്‌ അവൾ ചോദിച്ചത്…

ഒരു നിമിഷം ആ ചോദ്യത്തിനു മുന്നിലും ഞാൻ പകച്ചു നിന്നു…

“ അമ്മ… അമ്മ… എപ്പോഴും എന്റെ ജീവിതം അമ്മയുടെ ആഗ്രഹമായിരുന്നു… ”

“ എന്നിട്ട്‌ അമ്മയെവിടെ…? ”

“ പോയി… ” എന്റെ തൊണ്ടയിടറി…

“ സാരമില്ല… ആരുമില്ലാതായിട്ടും എപ്പോഴോ ഒരിക്കലല്ലേ നീ എന്നെ ഓർത്തത്‌… എന്നിട്ടും ഞാൻ വന്നില്ലേ…? “മൃതികയുടെ വാക്കുകൾ പ്രതിധ്വനിക്കുന്നത്‌ എന്റെ ഹൃദയത്തിൽ തട്ടിയിട്ടാണല്ലോ…

ഞാൻ ഓർത്തു, എല്ലാവരും എനിക്കു പ്രിയപ്പെട്ടവരായിരുന്നു… സഹോദരി, സുഹൃത്തുക്കൾ… എല്ലാവരും… പക്ഷേ എനിക്കാരേയും സ്വാർത്ഥതയോടെ സ്നേഹിക്കാൻ കഴിഞ്ഞില്ല… അളന്നു തിരിച്ച അതിർവരമ്പുകൾക്കുള്ളിൽ പ്രിയപ്പെട്ടവരെ മാത്രം സ്വാർത്ഥമായി സ്നേഹിക്കുവാനാണ്‌ എന്നെ എല്ലാവരും പഠിപ്പിച്ചത്‌… ”

“ സത്യത്തിൽ നിന്നെ ആരും സ്നേഹിക്കുന്നുണ്ടായിരുന്നില്ല… അവർക്കൊക്കെ നീയില്ലെങ്കിൽ മറ്റൊരാൾ ഉണ്ടായിരുന്നു. അല്ലേ…?” മൃതിക എന്റടുത്തു വന്നിരുന്നു…

“ മൃതിക നീയെന്തിനാണീ രാത്രിയിൽ കഴിഞ്ഞ സത്യങ്ങൾ പറഞ്ഞെന്നെ വേദനിപ്പിക്കുന്നത്‌…? ”

“ നിന്നെ ഞാൻ നൊമ്പരപ്പെടുത്തിയോ… ” മൃതിക എന്നെ അവളിലേക്ക്‌ ചേർത്തു…

“ വെറുതേ… ഒക്കെ നിന്റെ തോന്നലാണ്‌… നിന്നെ ഞാനെന്റെ പ്രണയത്തിലേക്ക്‌ വിളിക്കുകയാണ്‌… നിനക്ക്‌ ഞാനൊരു പുതിയ ലോകം തരാം… എന്നും നീ പുതുമ തേടിയിരുന്നില്ലേ… പുതിയ ചിന്തകൾ… പുതിയ രീതികൾ… അതൊക്കെ നിന്റെ ജീവിതത്തിൽ നീയെന്നും പകർത്തിയിരുന്നില്ലേ…? ഇവിടേയും നീയതു തന്നെയാണ്‌ ചെയ്യുന്നത്‌… നിന്നെ മറന്നവരേയും ഉപേക്ഷിച്ചവരേയും വിട്ട്‌ നീ സ്നേഹിക്കുന്ന, നിന്നെ സ്നേഹിക്കുന്ന ഒരു ലോകത്തേക്ക്‌ ഒരു യാത്ര… ”

ഞാൻ മൃതികയുടെ മുഖത്തേക്ക് നോക്കി…

“ ഒരാൾ ജനിക്കുമ്പോൾ തന്നെ അയാളുടെ ഇണയും സൃഷ്ടിക്കപ്പെടുന്നു എന്ന്‌ നീ കേട്ടിട്ടില്ലേ…? നിന്റെ ഇണ ഞാനാണ്‌… നിന്റെ ജനനം മുതൽ ഞാൻ നിന്നോട്‌ കൂടെയുണ്ടായിരുന്നു… എന്നിട്ടും നീ എന്നെ കണ്ടില്ല… നീ ഏറെ കരഞ്ഞുറങ്ങിയ ഇന്ന്‌ ഈ രാത്രി എനിക്ക് നിന്റെ മുന്നിൽ വരാതിരിക്കുവാൻ തോന്നിയില്ല… ഇനി നിനക്ക്‌ സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനും ഞാനുണ്ട്‌… ” അവൾ എന്റെ കാതിൽ മന്ത്രിച്ചു…

“ വയ്യ മൃതിക… എനിക്കു വയ്യ… എനിക്കെന്റെയീ ലോകം വിട്ടു വരാൻ തോന്നുന്നില്ല… ” എനിക്കു കരച്ചിൽ വന്നു.

മൃതിക എന്നിൽ നിന്ന്‌ വേർപെട്ടു… അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

“ വേണ്ട… നിനക്കു കഴിയുന്നി​‍െല്ലെങ്കിൽ വേണ്ട… നിന്നെ തേടി വന്നിട്ടും, എന്റെ പ്രണയം മുഴുവൻ തന്നിട്ടും നീ എന്നെ ഉപേക്ഷിക്കുകയാണല്ലേ… “അവളുടെ കണ്ണിൽ നിന്നും നീർമണികൾ അടർന്നു വീണു…

“ നിന്റെ ജീവിതം ആവർത്തിക്കുന്നതു കണ്ടോ…? നീ തേടിപ്പോയതൊന്നും നിനക്കു കിട്ടിയില്ല… നിന്നെ തേടി വന്നതിനൊയൊക്കെ നീ കണ്ടില്ലെന്നു നടിച്ചു… ഇനിയും നിന്റെ ജീവിതം ഇങ്ങിനെയൊക്കെ ആവർത്തിക്കും… നിരാശ നിന്റെ കൂടെയുണ്ടാകും… ഇതൊരു ശാപമാണ്‌… ”

മൃതികയുടെ വാക്കുകൾ മുറിഞ്ഞതു പോലെ തോന്നി… എനിക്കവളുടെ മുഖത്തേക്ക്‌ നോക്കാൻ കഴിഞ്ഞില്ല…

“ സാരമില്ല… ഇനിയും നിനക്കെന്നോട്‌ പ്രണയം തോന്നിയാൽ ഞാൻ വരും… പിരിഞ്ഞിരിക്കുന്ന ഓരോ നിമിഷവും ഇനി നീയെന്നെ ഓർത്തുകൊണ്ടിരിക്കുമെന്ന്‌ എനിക്കറിയാം…”

“  മൃതിക…. ” എനിക്കെന്തോ പറയണമെന്നു തോന്നി… വാക്കുകൾ തൊണ്ടയിൽ കുരുങ്ങുന്നു.

മൂടൽ മഞ്ഞിന്റെ ഒരു കീറ്‌ തുറന്നു കിടന്ന ജാലകം വഴി എനിക്കും അവൾക്കുമിടയിലേക്ക് വന്നു… അവളുടെ കണ്ണുകൾ വറ്റിയിരുന്നു… കൺപീലികളിൽ നേർത്ത മഞ്ഞു കണങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു… ഒരു കാറ്റ്‌ അവളുടെ മുടിയിഴകളെ തഴുകിപ്പോയി… മുറിയിലാകെ ഒരു സുഗന്ധം…

“ ഞാൻ പോകട്ടെ… ” മൃതിക യാത്ര പറഞ്ഞു…

എന്റെ ഹൃദയം പറിഞ്ഞു പൊകുന്നതു പോലെ തോന്നി…

മൃതിക പറഞ്ഞ സത്യങ്ങളും, ശാപങ്ങളും അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ടോ…? ആരെങ്കിലും അടുത്തുണ്ടായെങ്കിൽ…

“ മൃതികാ… ” ഞാനുറക്കെ വിളിച്ചു… ലോകം മുഴുവനും എന്റെ ശബ്ദത്തിൽ വിറച്ചോ…?

ഇരുളിലവസാനിക്കുന്ന പടികളിറങ്ങിപ്പോയ മൃതിക എന്റെ പിൻ വിളി കേട്ട്‌ തിരിഞ്ഞു നിന്നു….

ഞാനോടി ചെന്ന്‌ അവളെ എന്നോടു ചേർത്തു…

അവൾ എന്നെ നോക്കി മന്ദഹസിച്ചു…

“ മൃതിക ഞാനും വരുന്നു… ”

ഞാനവളുടെ ചുണ്ടിൽ ചുംബിച്ചു… മൃതിക എന്നെ അവളുടെ നെഞ്ചോട്‌ ചേർത്തു…

കാൽച്ചുവട്ടിൽ നിന്ന്‌ ഭൂമി, മേഘം ഖനീഭവിച്ച് മഴയാകുന്നതു പോലെ പെയ്തു പോയെന്നു തോന്നി… മൂടൽ മഞ്ഞ്‌ കറുത്ത ധൂളികളായി ചുറ്റും പറന്നു…

മൃതികയുടെ കണ്ണിൽ ആകാശം… നക്ഷത്രങ്ങൾ… അവിടെ ഒരു പുതിയ നക്ഷത്രം കണ്ണു ചിമ്മുന്നു.

 

അനൂപ്‌ ശാന്തകുമാർ
-2010 ആഗസ്ത് 21-

 

കൂടുതൽ ചെറുകഥകൾ വായിക്കാം

YOUTUBE  |  INSTAGRAM  |  FACEBOOK

Facebook Comments

comments

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Add comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

About Blogger

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Email Newsletter

We Won't SPAM , Only Serious Emails.

Advertisement