De Kochi - Photographic Journal

നേഹയുടെ അർത്ഥം

Malayalam Short Story, Short Story, Short Stories, Cherukatha, Cherukathakal, Malayalam Novel, Malayalam Book Online, Short Story Online, Online Short Story, Malayalam Cherukathakal, Kathakal, Malayalam Kathakal, മലയാളം ചെറുകഥകൾ, ചെറുകഥകൾ

“നേഹ പറയട്ടെ ഉത്തരം…”

പുസ്തകത്തിൽ തല കുമ്പിട്ടിരിക്കുന്ന നേഹയെ നോക്കി ട്യൂഷൻ ടീച്ചർ പറഞ്ഞു.

“ഇത്രയും നേരം വായിട്ടലച്ചത്‌ വെറുതെയായോന്നു നോക്കട്ടെ മോളെ…”

നേഹ സാവകാശം എഴുന്നേറ്റു… പിന്നെ തല കുനിച്ചു നിന്ന്‌ പതിഞ്ഞ സ്വരത്തിൽ ചോദ്യത്തിന്‌ ഉത്തരം പറയാൻ തുടങ്ങി.

“ഉറക്കെ…” ടീച്ചർ… ശബ്ദമുയർത്തി….

എന്നിട്ടും നേഹയുടെ ശബ്ദത്തിൽ മാറ്റമൊന്നുമുണ്ടായില്ല.

ഉത്തരം ശരിയായതു കൊണ്ടായിരിക്കാം ടീച്ചർ നേഹക്ക്‌ ഇരിക്കാൻ അനുവാദം കൊടുത്ത്‌ വീണ്ടും പാഠഭാഗത്തിലേക്ക്‌ കടന്നത്‌.

നേഹ അങ്ങിനെയായിരുന്നു… ഒരിക്കലും നേഹ ഉച്ചത്തിൽ സംസാരിക്കുന്നത്‌ ആരും കേട്ടിട്ടില്ല… എന്തിന്‌ കൂട്ടുകാരികളുമായി പരിസരം മറന്നുള്ള ഉല്ലാസവേദികളിലൊന്നിലും നേഹ ഉണ്ടാവാറില്ലായിരുന്നു.

വെയിലത്തും മഴയത്തും കുട ചൂടി നടന്നിരുന്ന ആ വെളുത്തു മെലിഞ്ഞ പെൺകുട്ടിയെ ആൺ പെൺ വ്യത്യാസമില്ലാതെ സഹപാഠികൾ കളിയാക്കുന്നതു ഞാൻ ശ്രദ്ധിച്ചിരുന്നു.

കുട ചൂടുന്നതു മഴയും വെയിലും കൊള്ളതെയാണോ, അതോ മാറ്റാരും മുഖം കാണാതിരിക്കാനാണോ…? എന്ന അവരുടെ കളിയാക്കിയുള്ള ചോദ്യത്തോട്‌ അവൾ ഒരിക്കലും പ്രതികരിച്ചു കണ്ടില്ല.

നേഹ ക്ലാസ്സിൽ അറ്റൻഡൻസ്‌ പറയാനും, അദ്ധ്യാപകരുടെ ചോദ്യത്തിന്‌ ഉത്തരം പറയാനും മാത്രം എഴുന്നേറ്റു നിൽക്കുകയും, ക്ലാസിനു പുറത്ത്‌ ചുറ്റും നടക്കുന്നതൊക്കെ ഒതുങ്ങി മാറി നിന്ന്‌ കാണുന്ന ഒരു കാഴ്ച്ചക്കാരി മാത്രമായിരുന്നു എന്നു തീർത്തു പറയാൻ വയ്യ.

എല്ലാ വർഷവും സ്കൂൾ മാഗസിനിൽ നേഹയുടെ ഒരു കവിതയുണ്ടാകും. ആഴ്ചയിൽ ഒരു ദിവസം സ്കൂളിൽ പ്രാർത്ഥനാ ഗീതം ആലപിച്ചിരുന്നത്‌ നേഹയായിരുന്നു. പള്ളിയിൽ ക്വയർ പാടുന്ന കുട്ടികളുടെ കൂട്ടത്തിൽ നേഹയുമുണ്ടെന്ന്‌ ഒരിക്കൽ ആരോ പറഞ്ഞു.

ചുരുക്കത്തിൽ നേഹ ഒരു മണ്ടിപ്പെണ്ണൊന്നുമായിരുന്നില്ല. ക്ലാസിലെ രണ്ടാമത്തെ ബഞ്ചിലിരുന്ന്‌ പഠിച്ച് ഒരു ശരാശരി വിദ്ദ്യർത്ഥിനിയായി നേഹ സ്കൂൾ പഠനം പൂർത്തിയാക്കി.

പിന്നെ നേഹ കോളേജിലെത്തി…

ഒപ്പം ഞാനും…

അത്രയും നാളും ട്യൂഷൻ ക്ലാസ്സിൽ മാത്രം കണ്ടിരുന്ന നേഹയെ ഞാൻ സ്ഥിരമായി കാണാൻ തുടങ്ങിയതും അവിടം മുതലാണ്‌.

പക്ഷേ നേഹയുടെ സ്വഭാവത്തിൽ ഒരു മാറ്റവുമില്ലായിരുന്നു.

പ്രീ ഡിഗ്രി ക്ലാസിലെ പാഠഭാഗങ്ങൾക്കൊപ്പം കാലം കടന്നു പോയി.

അച്ചടക്കക്കാരനായിട്ടും ക്ലാസ്സ്‌ കട്ട്‌ ചെയ്യൗം, അല്ലറ ചില്ലറ ഉഴപ്പുമൊക്കെയായി ഒരു ചെറിയ മാറ്റം എനിക്കുമുണ്ടായി.

അങ്ങിനെ ഒരു തിയറി ക്ലാസ്സ്‌ കട്ട്‌ ചെയ്ത്‌ ബൊട്ടാണിക്കൽ പാർക്കിന്റെ ഒഴിഞ്ഞ മൂലയിൽ ഇരുന്ന്‌ പുതിയ ഹിറ്റ്‌ ചലച്ചിത്രത്തിന്റെ വിശേഷം പറയുന്നതിനിടക്കാണ്‌ ദപ്പു എന്നു വിളിക്കുന്ന ദാസ്‌ അതേക്കുറിച്ച്‌ പറഞ്ഞത്‌…

“നമ്മുടെ ജിമ്മ്‌ ടൊണിച്ചായൻ നേഹേ വളച്ചെടാ…”

എല്ലാവരും ആകാക്ഷയോടെ അവന്റെ നേർക്കു തിരിഞ്ഞു…

“കഴിഞ്ഞ ദിവസം ലൈബ്രറീടെ ബുജി കോർണറിലെ ടേബിളിൽ തല ചായ്ച്‌ അവള്‌ ഒടിഞ്ഞു മടങ്ങിക്കിടക്കുന്നു… ജിമ്മ്‌ ടോണി അപ്പുറത്തിരുന്ന്‌ എന്തോ കുണുകുണുക്കുന്നു…”

ആർക്കും അത്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല.

“സത്യമാടാ…കുറേക്കാലമായി തുടങ്ങീട്ട്‌… ഞാൻ പലവട്ടം നോട്ട്‌ ചെയ്തതാ…” അവൻ തന്റെ വാക്കുകൾ ഉറപ്പിച്ച്‌ പറഞ്ഞ്‌ എന്തോ മഹത്തായ കണ്ടുപിടിത്തം നടത്തിയ പോലെ എല്ലാവരുടേയും മുന്നിൽ ഗമയിലിരുന്നു.

ജിമ്മ്‌ ടോണിച്ചൻ എന്ന്‌ ഇരട്ടപ്പേരുള്ള ടോണി എം കോമിന്‌ പഠിക്കുന്നു. ജിമ്മിലൊക്കെ പോയി മസിലൊക്കെ പെരുപ്പിച്ച്‌ നടക്കുന്ന കക്ഷി. അതു കൊണ്ടാണ്‌ അങ്ങിനെയൊരു ഇരട്ടപ്പേരു വീണത്‌. അയാൾ കോളേജിൽ ഒരു വില്ലനൊന്നുമായിരുന്നി. എന്നാൽ ആർക്കും അയാളോട്‌ ഒരു താത്പര്യമില്ലായിരുന്നു.

ദപ്പു തന്റെ നിരീക്ഷണങ്ങൾ ഭാവനയും കൂട്ടി വിളമ്പാൻ തുടങ്ങിയപ്പോൾ എനിക്കെന്തോ അസ്വസ്ഥത തോന്നി. ഞാൻ ക്ലാസിലേക്ക്‌ നടന്നു.

പിന്നീടുള്ള ദിവസങ്ങളിൽ ആ കഥ സത്യമാണെന്ന്‌ സുഹൃത്തുക്കൾക്കൊപ്പം ഞാനും മനസിലാക്കി.

“അതിൽ എനിക്കെന്തിരിക്കുന്നു കാര്യം…?”

ക്രമേണ മറ്റുള്ളവരേപ്പോലെ ഞാനും അതു മൈൻഡു ചെയ്യാതായി.

ഇനി ഞാൻ ഈ കഥയുടെ അവസാനത്തിലേക്കു പോകുകയാണ്‌. അതിലേക്ക്‌ ഒരു ലീഡ്‌. അതിതാണ്‌, നേഹ ആശുപത്രിയിലാണ്‌… എന്തോ കീടനാശിനി കുടിച്ച്‌ ആത്മഹത്യക്കു ശ്രമിച്ചതാ… കഴിഞ്ഞ ദിവസം പെങ്ങളാ പറഞ്ഞത്‌.

ദപ്പു തന്നെയാണ്‌ ആ വാർത്തയും കൊണ്ടു വന്നത്. അവന്റെ ചേച്ചി അവളെ അഡ്മിറ്റ്‌ ചെയ്തിരിക്കുന്ന ആശുപത്രിയിൽ നേഴ്സാണ്‌.

ഞങ്ങളതു പറഞ്ഞു കൊണ്ടു നിൽക്കുമ്പോൾ ജിമ്മ്‌ ടോണി മോട്ടോർസൈക്കിളിൽ ഞങ്ങളെ കടന്നു പോയി. കൂട്ടുകാർ എന്തൊക്കെയൊ അടക്കം പറഞ്ഞു.

അതൊരു രഹസ്യമായിരുന്നില്ല…

ഓരോ ദിവസവും കഥകൾ പ്രചരിക്കാൻ തുടങ്ങി.

ഒരു കഥ (അതാണ്‌ അധികം പേരും പറഞ്ഞിരുന്നത്‌) സംസാര രൂപത്തിൽ ഏതാണ്ടിങ്ങനെയൊക്കെയായിരുന്നു:

“അവനേം അവളേം അവന്റപ്പൻ വീട്ടീന്ന്‌ പിടിച്ച്…. കാർന്നോരും കാർന്നോത്തീം ഏതോ ദൂര യാത്രക്കു പൊയിരുന്ന സമയത്ത്‌ അവൻ ആ പെണ്ണിനെ വിളിച്ച്‌ വീട്ടിൽ കേറ്റി… അവളു വരുന്ന വഴിക്കാണല്ലോ അവന്റെ വീട്‌…”

അവന്റെ വീടിനു മുന്നിലൂടെയാണ്‌ ആ കുട്ടി കോളേജിലേക്ക്‌ വന്നിരുന്നത്‌ എന്ന സത്യം, ഈ കഥയിൽ എനിക്ക്‌ നേരിട്ടറിയാവുന്ന ചില കാര്യങ്ങളിൽ ഒന്നു മാത്രമാണെന്നു ഞാൻ പറയട്ടെ…

കഥ തുടരുന്നതിങ്ങിനെയാണ്‌, “പക്ഷേ തന്തേ തള്ളേം വന്നു കേറി എല്ലാം കുളമാക്കി… അയാളാ പെണ്ണിനെ പിടിച്ച്‌ വീട്ടിൽക്കൊണ്ടാക്കിയിട്ട്‌ പെമ്പിള്ളേരെ മര്യാദക്ക്‌ വളത്താൻ പറഞ്ഞ്‌ അവൾടെ തന്തേ ചീത്തേം വിളിച്ചത്രേ… “

കഥ പ്രചരിപ്പിച്ചവർ അത്‌ പറഞ്ഞ്‌ മടുക്കും മുൻപേ, ആബ്സന്റായിരുന്ന നേഹ കോളേജിൽ വരാൻ തുടങ്ങി …

അതു വരെ അവളെ ശ്രദ്ധിക്കാതിരുന്നവർ അവളെ നോക്കാൻ തുടങ്ങി…

പിന്നൊരു ദിവസം നേഹ അവളുടെ അച്ഛന്റെ പിന്നാലെ കോളേജിന്റെ പടിയിറങ്ങി പോകുന്നതു കണ്ടു. അപ്പോഴും അവൾ കുട ചൂടിയിരുന്നു… ആർക്കും മുഖം കാണാൻ പറ്റാത്ത വിധം…

ആ വർഷത്തെ കോളേജ്‌ മാഗസിനിൽ നേഹയുടെ ഒരു കവിതയുണ്ടായിരുന്നു. അതിലെ വരികളുടെ അർത്ഥം ഇങ്ങിനെയൊക്കെയായിരുന്നു…

‘ദൈവങ്ങളെ സ്നേഹിക്കാൻ അമ്മയാണ്‌ എന്നെ പഠിപ്പിച്ചത്‌… ഒരിടത്തും ദൈവത്തെ തിരയരുത്‌, പ്രാർത്ഥിക്കുക. ദൈവം നമ്മെ രക്ഷിക്കാനെത്തും… അമ്മ അങ്ങിനെയും പറഞ്ഞിരുന്നു…

ഒരിക്കൽ ചില്ലു മേടയിലെ ദൈവത്തിന്റെ രൂപമുള്ള ഒരാൾ എന്റടുത്തു വന്നു… ദൈവം എനിക്കു തരും എന്നു അമ്മ പറഞ്ഞിരുന്നതൊക്കെ തരാമെന്നു പറഞ്ഞ്‌ അയാൾ എന്നെ മോഹിപ്പിച്ചു… കൂടെ ഇതു കൂടി ചേർത്തു, നീ ദൈവത്തിന്റെ മാലാഖയാണെന്ന്‌…’

‘നേഹയുടെ അർത്ഥം തിരഞ്ഞു വന്നവനെ നിരാശനാക്കരുതെന്ന്‌ അവൻ യാചിച്ചു…  വിണ്ണിൽ നിന്ന്‌ മണ്ണിൽ വന്ന ദൈവങ്ങൾക്കും ദുഖങ്ങളുണ്ടായിരുന്നെന്ന്‌ വേദാന്തികൾ പരിതപിച്ചത്‌ ഞാനോർത്തു… ’

‘നേഹയെന്നാൽ സ്നേഹമാണെന്ന്‌ വാച്യാർത്ഥം പറഞ്ഞു തന്ന അമ്മയെ ഞാനോർമിച്ചപ്പോൾ, ദൈവം സ്നേഹമാണെന്ന്‌ അവൻ എന്റെ കാതിൽ മന്ത്രിച്ചു…’

‘പിന്നെയവൻ വിലക്കപ്പെട്ട കനിയുടെ രുചി പകർന്നു തന്നിട്ട്‌ എന്നോടു പറഞ്ഞു, പറുദീസയിലെ കഥയിൽ ഒരു നുണയുണ്ട്‌, ആദിമ സ്ത്രീ അവനെ പ്രലോഭിച്ചെന്ന്‌…’

‘ നുണ വെറും നുണ… വിപരീതമാണ്‌ സംഭവിച്ചത്‌… ’

‘ അവൻ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു ഇന്നും സ്ത്രീ പ്രലോഭിപ്പി ക്കപ്പെട്ടിരിക്കുന്നു… ’

‘ ആദി സത്യമെന്നു പറഞ്ഞ കഥ അവൻ തിരുത്തിയതിന്റെ വ്യഥയിലാവണം അവന്റെ പിതാവ് ആക്രോശത്തോടെ പറുദീസയിലേക്ക്‌ കടന്നു വന്നത്… ’

‘ അയാൾ ശരീരം വിൽക്കുന്നവൾ എന്ന പേര്‌ നൽകി എന്നെ അധിക്ഷേപിച്ചു… അവനെ കത്തിച്ച മെഴുകുതിരികൾക്കപ്പുറത്തെ ചില്ലുകൂട്ടിലടച്ച്‌ വിശുദ്ധനാക്കിക്കൊണ്ട്, എന്നെ ഇരുട്ടിന്റെ ഗർത്തത്തിലേക്ക്‌ തള്ളിയിട്ടു… എന്റെ ആർത്ത നാദത്തിനൊടുവിൽ എന്റമ്മ വിലപിക്കുന്നുണ്ടായിരുന്നു, നേഹയുടെ അർത്ഥം നഷ്ടപ്പെട്ടതോർത്ത്‌… ’

കവിത വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ നേഹയെ ഓർത്തു.

അതിൽ അവൾ പറഞ്ഞിരുന്നതിലൊന്ന് എന്തു കൊണ്ടോ എന്നെ വല്ലാതെ വേദനിപ്പിച്ചു.

‘ അയാൾ ശരീരം വിൽക്കുന്നവൾ എന്ന പേര്‌ നൽകി എന്നെ അധിക്ഷേപിച്ചു…’ എന്നർത്ഥമുള്ള വരി ഞാൻ വീണ്ടും വീണ്ടും വായിച്ചു…

തന്നെ അപമാനിക്കാനുപയോഗിച്ച വാക്ക് എത്ര വെറുക്കുന്നതു കൊണ്ടും, അത് എത്ര വേദനിപ്പിക്കുന്നതു കൊണ്ടും ആകണം അവൾ കവിതയിൽ നിന്ന് ആ ഒറ്റവാക്കിനെ മറച്ചു വച്ചത്… എന്നിട്ടും അതേക്കുറിച്ച് അവൾ എഴുതി തീർത്തത് വേദന പറഞ്ഞു തീർത്തതായി തോന്നി… അങ്ങനെ അവൾക്കു കഴിഞ്ഞതിൽ എനിക്ക് അത്ഭുതം തോന്നി…

നേഹയെ ഞാൻ പിന്നീടു കണ്ടിട്ടില്ല…

അവൾ പിന്നീട്‌ കവിത എഴുതിയോ…?

ഒന്നും അറിയില്ല…!!

ഓർമയിലും അലമാരയുടെ അടിത്തട്ടിലെ പഴയ കോളേജ്‌ മാഗസിനിലെ കവിതയിലും നേഹ എന്ന പേര്‌ മങ്ങിത്തുടങ്ങിയിരിക്കുന്നു.

 

അനൂപ്‌ ശാന്തകുമാർ
-2010 ആഗസ്ത് 17-

 

കൂടുതൽ ചെറുകഥകൾ വായിക്കാം

YOUTUBE  |  INSTAGRAM  |  FACEBOOK

Facebook Comments

comments

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Add comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Email Newsletter

We Won't SPAM , Only Serious Emails.

About Blogger

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Advertisement