De Kochi - Photographic Journal
Malayalam Short Story, Short Story, Short Stories, Cherukatha, Cherukathakal, Malayalam Novel, Malayalam Book Online, Short Story Online, Online Short Story, Malayalam Cherukathakal, Kathakal, Malayalam Kathakal, മലയാളം ചെറുകഥകൾ, ചെറുകഥകൾ

പഥികർ

Malayalam Short Story, Short Story, Short Stories, Cherukatha, Cherukathakal, Malayalam Novel, Malayalam Book Online, Short Story Online, Online Short Story, Malayalam Cherukathakal, Kathakal, Malayalam Kathakal, മലയാളം ചെറുകഥകൾ, ചെറുകഥകൾ

 

മഹ്നാസ്‌…

ആ ഇറാനി പെൺകുട്ടിയെ ഞാൻ പരിചയപ്പെടുന്നത്‌ ദുബയ്‌ എയർപോർട്ടിൽ വച്ചാണ്‌. ട്രാൻസിറ്റ്‌ പാസ്സഞ്ചേഴ്സിനുള്ള ലോഞ്ചിൽ ഫ്ലൈറ്റിനായി ഏറെ നേരം കാത്തിരിക്കേണ്ടി വന്ന യാത്രയിലാണ്‌ അൻവർ എന്ന പാകിസ്താനി യുവാവിനേയും ഞാൻ പരിചയപ്പെടുന്നത്‌.

യാത്രക്കാർക്കിരിക്കാൻ രണ്ടു ബഞ്ചുകൾ മാത്രമുള്ള ആ ലോഞ്ചിലെ ഒരു ബഞ്ചിന്റെ രണ്ടറ്റത്തായി ഞാനും അൻവറും ഏറെ നേരമായി ഇരിക്കുന്നു. ആരെയെങ്കിലും അങ്ങോട്ടു കയറി പരിചയപ്പെടുന്ന കാര്യത്തിൽ ഞാനത്ര സ്മാർട്ടല്ല എന്നതാണ്‌ സത്യം. ഇനി ആരെങ്കിലും ഇങ്ങോട്ടു പരിചയപ്പെട്ടാൽ പിന്നെ വിടാറുമില്ല.

അവൻ ഇടക്കിടെ എന്തോ ചോദിക്കാനെന്ന പോലെ എന്റെ നേർക്കു നോക്കുന്നുണ്ട്‌.

വാച്ചിൽ ഇഴഞ്ഞു നീങ്ങുന്ന സമയം ഒന്നു വേഗത്തിലാക്കാനായി ഞാൻ അതിലെ കടന്നു പോകുന്നവരെ ശ്രദ്ധിക്കുവാൻ തുടങ്ങി. വിവിധ ദേശക്കാർ, വിവിധ ഭാഷ സംസാരിക്കുന്നവർ, അവരുടെ വേഷ വിധാനം ഓരോരുത്തരുടേയും നടത്തത്തിന്റെ ശൈലി വരെ ഞാൻ ശ്രദ്ധിച്ചു.

ഒരു തരത്തിൽ നമ്മുടെ നാട്ടിൽ ‘ഒബ്സർവേഷൻ’ എന്നു പറയുന്ന സംഗതി.

ഇടക്ക്‌ ഞാൻ അൻവറിനെ നോക്കിയപ്പോൾ അവൻ ചുണ്ടനക്കി.

“ഇന്ത്യാക്കാരനോ, പാക്കിസ്താനിയോ …?”

“ഇന്ത്യൻ… നിങ്ങളോ …?”

“പാക്കിസ്താൻ …” ഒരു സങ്കോചത്തോടെയാണ്‌ അവൻ മറുപടി പറഞ്ഞത്‌.

അവനെന്തോ സഹായം വേണമെന്ന്‌ എനിക്കു തോന്നി. എന്താണാവോ…?

അവന്‌ ഒരു പ്രീപെയ്ഡ്‌ കോളിംഗ്‌ കാർഡ്‌ വേണം. അതു മേടിച്ചു കൊടുക്കണം. അവനു ഹിന്ദിയല്ലാതെ ഒരു ഭാഷ അറിയില്ല. ഞാൻ നേരത്തേ അത്തരത്തിൽ ഒരു കാർഡ്‌ ഉപയോഗിച്ച്‌ ഫോൺ ചെയ്യുന്നത്‌ അവൻ കണ്ടിരിക്കുന്നു.

എനിക്കതൊരു ബുദ്ധിമുട്ടായി തോന്നിയില്ല. ഞാൻ അവനൊപ്പം കടയിലേക്ക്‌ നടന്നു.

പരസ്പരം വിശേഷങ്ങൾ ചോദിച്ച്‌ ഞങ്ങൾ പരിചയപ്പെട്ടു. കെനിയയിൽ ഉള്ള അവന്റെ അമ്മാവൻ ഒരു ജോലി ശരിയാക്കിയിട്ടുണ്ടെന്നും അവൻ അങ്ങോട്ടു പോകുകയാണെന്നും പറഞ്ഞു.

കാർഡു മേടിച്ച്‌ തിരികെ പോരുമ്പോൾ അവൻ മൊബൈൽ കോളിംഗ്‌ ചാർജിലെ വ്യത്യാസം കണക്കു കൂട്ടി ഇന്ത്യയേയും പാകിസ്താനേയും താരതമ്യം ചെയ്തു.

അക്കാര്യത്തിൽ ഇന്ത്യയായിരിക്കും മെച്ചമെന്ന്‌ ഞാൻ അഭിപ്രായപ്പെട്ടില്ല.

പക്ഷേ അവനത്‌ കണ്ടെത്തി പറഞ്ഞു. അക്കാര്യത്തിൽ മാത്രമല്ല പല കാര്യത്തിലും ഇന്ത്യയുടെ നന്മയേക്കുറിച്ച്​‍്‌ അവൻ പറഞ്ഞു കൊണ്ടിരുന്നു.

ഞാനതിൽ ഗർവ്വ് കാണിച്ചില്ല.

ലോഞ്ചിലെത്തിയപ്പോൾ ഞങ്ങളിരുന്ന ബഞ്ചിൽ നിറയെ യാത്രക്കാർ. തൊട്ടടുത്ത ബഞ്ചിൽ അടുത്തടുത്തായി ഞങ്ങളിരുന്നു. പിന്നെ ഞങ്ങളുടെ സംസാരത്തിൽ ഒരു വിടവുണ്ടായി. പ്രത്യേകിച്ച്‌ സംസാരിക്കൻ വിഷയമില്ലാഞ്ഞിട്ടോ എന്തോ…

വീണ്ടും ഞാനെന്റെ ശ്രദ്ധ യാത്രക്കാരിലേക്ക്‌ തിരിച്ചു.

അങ്ങിനെ സമയം തള്ളിനീക്കിയിരിക്കുമ്പോൾ രണ്ടു പെൺ കുട്ടികൾ വന്ന്‌ ഞങ്ങളിരുന്ന ബഞ്ചിന്റെ അങ്ങേ തലക്കൽ ഇരുന്നു.

ഉല്ലാസവതിയായ ഒരു യുവതി. മറ്റെയാൾ വല്ലാത്ത ടെൻഷനിലാണന്നു തോന്നി. ആരെയോ അവൾ ഫോൺ ചെയ്ത്‌ ഉച്ചത്തിൽ സംസാരിക്കുന്നു. ഞാൻ വളരേ ഫ്രീയായി ഇരിക്കുന്ന മറ്റേ പെൺകുട്ടിയെ ശ്രദ്ധിച്ചു.

അവൾ ഹാൻഡ്‌ ബാഗിൽ നിന്ന്‌ ഒരു കൊച്ചു കണ്ണാടിയെടുത്ത് മുഖം നോക്കുന്നു. അവൾ സൗന്ദര്യം നോക്കുകയല്ല. മൂക്കിൽ ഒട്ടിച്ചിരിക്കുന്ന ഒരു ബാൻഡ് എയ്ഡിൽ തൊട്ടു നോക്കുന്നു.

ഒരു മുറിവ്‌ നൊമ്പരപ്പെടുത്തുന്നതു പൊലെ.

ഞാൻ ശ്രദ്ദിക്കുന്നതു കണ്ടപ്പോൾ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.

എന്റെ മുഖത്ത്‌ ചിരി വന്നോ എന്തോ…?

പേരു ചോദിക്കണം പരിചയപ്പെടണം എന്നൊക്കെ തോന്നി. പക്ഷേ, ഇടിച്ചു കയറി മിണ്ടാനുള്ള മടി.

മഹ്നാസ്‌ ഇപ്പോൾ അതു വഴി പോകുന്ന യാത്രക്കാരെ ശ്രദ്ധിക്കുകയാണ്‌. യാത്രക്കാരുടെ കൈയിൽ തൂങ്ങി പോകുന്ന കൊച്ചു കുട്ടികൾക്കു നേരെ അവൾ കൈ ആട്ടിക്കൊണ്ട് ആംഗ്യത്തിൽ ഹായ്‌ പറയുന്നു.

ഫോണിൽ സംസാരിക്കുകയായിരുന്ന അവളുടെ സുഹൃത്ത്‌ ഇടക്ക്‌ ഇടക്ക്‌ ഏതോ ഭാഷയിൽ എന്തോ വിളിച്ചു ചോദിച്ചു…

മഹ്നാസ്‌ എന്തോ മറുപടി കൊടുത്തു.

അതേതു ഭാഷയാണാവോ…? അറബി…?

ഭാഷയുടെ കാര്യത്തിൽ ഞാനും അത്ര മിടുക്കനൊന്നുമല്ലെങ്കിലും ചിലതു കേട്ടാൽ തിരിച്ചറിയാം.

അതങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ ഉച്ചത്തിലുള്ള ഒരു സംസാരം കേട്ടു. പ്രായം ചെന്നയാൾ ഒരു ഓഫീസറുമായി തർക്കിക്കുകയാണ്‌. അവിടേയും ഭാഷയാണ്‌ പ്രശ്നമെന്നു തോന്നുന്നു. ഇരുവർക്കും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മനസിലാകുന്നില്ല. മെഹനാസ്‌ എഴുന്നേറ്റു ചെന്നു. അവളുടെ ഭാഷയാണ്‌ അയാൾ സംസാരിക്കുന്നതെന്നു തോന്നി. അതങ്ങിനെ തന്നെ. അവരെ സഹായിച്ചതിന്‌ ആ ഓഫീസർ അവളോടു നന്ദി പറഞ്ഞത്‌ ഞാൻ ശ്രദ്ധിച്ചു.

ഒരാൾ സ്മാർട്ടാകുന്നെങ്കിൽ ഇങ്ങിനെ വേണം. എനിക്കതിൽ മതിപ്പു തോന്നി.

അവൾ വീണ്ടും തന്റെ കൊച്ചു കണ്ണാടിയോട്‌ മുഖക്കുരുവിനെക്കുറിച്ച്‌ പരിഭവിക്കാൻ തുടങ്ങി. കൂട്ടുകാരി ഇപ്പോഴും ഫോണിൽ തന്നെ.

പെട്ടെന്ന്‌ ഒരു കുഞ്ഞുകരച്ചിൽ കേട്ടു. തൊട്ടടുത്ത ബഞ്ചിലിരിക്കുന്ന സ്ര്തീയുടെ കൈയിലെ കുഞ്ഞാണ്‌. രണ്ട്‌ വയസ്‌ പ്രായം കാണും. വാശി പിടിച്ചാണ്‌ കരയുന്നത്‌. അമ്മയും അച്ഛനും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്‌. കുഞ്ഞ്‌ കരച്ചിൽ നിർത്താൻ കൂട്ടാക്കുന്നില്ല. അവർ ആ കുഞ്ഞിനെ നിലത്തിരുത്തി.

മഹ്നാസ്‌ ആ കുഞ്ഞിനു നേരെ കൈ കാണിച്ചു. ഒരു നിമിഷം കുഞ്ഞ്‌ കരച്ചിൽ നിർത്തി. മഹ്നാസിനെ നോക്കി. പിന്നെ ഒരു നിമിഷത്തേക്കെങ്കിലും കരച്ചിൽ നിർത്തിയതിന്റെ വാശിക്കെന്ന പോലെ പിന്നെയും ഉച്ചത്തിൽ കരയാൻ തുടങ്ങി. മഹ്നാസ്‌ കുഞ്ഞിനെ ചെന്നെടുത്തു. എന്തോ പറഞ്ഞ്‌ ലാളിച്ചു. പിടിച്ചു നിർത്തിയ പോലെ കുഞ്ഞ്‌ കരച്ചിൽ നിർത്തി.

കൊള്ളാം…

എല്ലാവരുടെയും മുഖത്ത് ആശ്വാസം.

ലോകത്ത്‌ ഒരാളുടെ ക്ഷമയെ പരീക്ഷിക്കുന്ന ഒരു ശബ്ദമുണ്ടെങ്കിൽ അതൊരു കുഞ്ഞിന്റെ കരച്ചിലാണെന്ന്‌ വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമായ സുഹൃത്ത്‌ എന്നോടു പറഞ്ഞത്‌ ഞാനോർത്തു.

കുഞ്ഞിനെ തിരികെ ഏൽപിച്ച്‌ മഹ്നാസ്‌ തിരികെ വന്നു. ഇത്തവണയും അവൾ കണ്ണാടിയോട്‌ കുശലം പറയാൻ മറന്നില്ല.

ആരോ അപ്പോൾ എന്റെ പേരു വിളിച്ചു. കൗണ്ടറിൽ ഇരുന്ന ഒരു സ്റ്റാഫാണ്‌. എന്റെ ബാഗേജിനെ കുറിച്ച്‌ ഒരു പ്രശ്നം ഞാനയാളോടു പറഞ്ഞിരുന്നു. രണ്ടു മിനിട്ട്‌ സംസാരിച്ചു തിരികെയെത്തിയപ്പോൾ എന്റെ സീറ്റിൽ ഒരാളിരിക്കുന്നു.

എന്റെ മുഖത്ത്‌ അറിയാതെ ഒരു നിരാശ പ്രകടമായിപോയി.

അത്‌ മഹ്നാസ്‌ ശ്രദ്ദിച്ചു.

“നിങ്ങൾക്ക്‌ ഇവിടെ ഇരിക്കാം…” കൂട്ടുകാരിക്കായി സീറ്റ്‌ റിസർവ്‌ ചെയ്യാനെന്ന പോലെ അടുത്തു വച്ചിരുന്ന ബാഗ് എടുത്തു മാറ്റി കൊണ്ട്‌ അവൾ പറഞ്ഞു.

എന്തായിരുന്നു എന്റെ മനസിൽ അപ്പോൾ തോന്നിയത്‌…?

എനിക്ക്‌ പ്രത്യേകിച്ച്‌ ഒന്നും തോന്നിയില്ല… ഇരിക്കാൻ ഒരു സീറ്റ്‌ കിട്ടിയിരിക്കുന്നു. അല്ലാതെന്താ… അതൊരു ബോറൻ കമന്റ്…

എങ്കിൽ ഇനി പറയാം, ഒരു ചോക്ലേറ്റിന്റെ ടിവി പരസ്യ ചിത്രമുണ്ട്‌. ഇത്തരത്തിൽ ചില സിറ്റ്വേഷൻസാണ്‌ ആ പരസ്യ ചിത്രങ്ങളുടെ സ്റ്റോറി ബോർഡ്‌. ഒരു പക്ഷേ ഈ പരസ്യങ്ങൾ കാണുന്നവർ തീർച്ചയായും സംശയിക്കും, ചോക്ലേറ്റുമായി ഈ വിഷയത്തിനു എന്തു ബന്ധമെന്ന്‌. ചോക്ലേറ്റുമായി നേരിട്ടു ബന്ധമില്ലെങ്കിലും അതിന്റെ മധുരാനുഭൂതിയാണ്‌ അവർ വിഷ്വലൈസ്‌ ചെയ്തിരിക്കുന്നത്‌.

അതിൽ ഇത്തരമൊരു രംഗത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒരു പരസ്യവാചകമുണ്ട്‌.

‘ബേട്ടാ മൻ മേം ലഡു ഫൂട്ടാ’ (മോനേ മനസിൽ ഒരു ലഡു പൊട്ടി). ലഡു ആണല്ലോ ഒരു ഇന്ത്യാക്കാരന്റെ മനസിലെ മധുരത്തിന്റെ സിംബൽ. അതെ… ഇവിടെ അതാണുചിതം.

എന്തുമാകട്ടെ ഞാൻ അവിടെ ചെന്നിരുന്നു. വേണ്ടിടത്തും വേണ്ടാത്തിടത്തും നന്ദിവാക്ക് വാരി വിതറുന്ന ശീലമില്ലാതിരുന്ന ഞാൻ ഇവിടെ ആ വാക്കുപയോഗിക്കാൻ മറന്നില്ല.

“എന്താ പേര്‌…?” മഹ്നാസ്‌ ചോദിച്ചു.

അടുത്ത പരസ്യ വാചകം ഉപയോഗിക്കേണ്ട അവസരം…

‘ബേട്ടാ മൻ മേം ദൂസരാ ലഡു ഫൂട്ടാ’ (മോനേ മനസിൽ മറ്റൊരു ലഡു പൊട്ടി).

“അനൂപ്‌…” ഞാൻ പേരു പറഞ്ഞപ്പോൾ അവൾ സ്വയം പരിചയപ്പെടുത്താൻ തുടങ്ങി…

“ഞാൻ…”

“മഹ്നാസ്‌… മഹ്നാസ്‌ ഫർസാൻ…” ഞാനാണത്‌ പറഞ്ഞത്‌. മെഹനാസ്‌ പരിചയപ്പെടുത്തും മുൻപേ… അവൾ അത്ഭുതപ്പെട്ടു.

“ശരിക്കും ഞാൻ ഞെട്ടിയിരിക്കുന്നു….” അവൾ പറഞ്ഞു.

“ആട്ടെ ഇതെങ്ങിനെ…?”

അവളുടെ ഹാൻഡ്‌ ബാഗിൽ കോർത്തിരുന്ന സിൽക്‌ എയർ ഫ്ലൈറ്റിന്റെ ടാഗിലേക്ക്‌ ഞാൻ വിരൽ ചൂണ്ടി. അതിൽ വ്യക്‌തമായി സ്കെച്ച്‌ പെൻ കോണ്ട്‌ പേരെഴുതിയിരിക്കുന്നു.

അവൾ ഉറക്കെ ചിരിച്ചു.

നാം പലപ്പോഴും ഇങ്ങിനെയാണ്‌, നമ്മളെ തിരിച്ചറിയാൻ നാം കൊണ്ടു നടക്കുന്ന അടയാളങ്ങൾ പലപ്പോഴും മറന്നു പോകും. അതുള്ളതറിയാതെ മറ്റു പലതിലും ശ്രദ്ധിക്കുകയും ചെയ്യും.

മെഹ്നാസ്‌ സുഹൃത്ത്‌ മോണയുമൊത്ത്‌ സ്വദേശമായ ടെഹറാനിലേക്ക്‌ പോകുകയാണ്‌.

മോണ ഇപ്പോഴും ഫോണിൽ തന്നെ…

ഞാൻ ഇന്ത്യയിൽ നിന്നാണെന്ന്‌ അറിഞ്ഞപ്പോൾ… ഇന്ത്യയേക്കുറിച്ച്‌ കേട്ടറിഞ്ഞതിനെക്കുറിച്ചൊക്കെ അവൾ സംസാരിക്കുകയും അതേക്കുറിച്ച്‌ എന്നോടു ചോദിക്കുകയും ചെയ്തു.

എന്തു ചെയ്യുന്നുവെന്ന്‌ മഹ്നാസിനോട്‌ ചോദിക്കാൻ ഞാൻ മറന്നില്ല.

“ മെഡിക്കൽ പ്രാക്ടീഷണർ, സ്പെഷ്യലൈസ്ഡ്‌ ഇൻ പീഡിയാട്രിക്സ്‌… ”

“ ഡോക്ടർ…?  അതാണ്‌ കുഞ്ഞുങ്ങളോടിത്ര പ്രിയം. ”

ഞാൻ അങ്ങിനെ പറഞ്ഞപ്പോൾ, കുഞ്ഞുങ്ങളോടുള്ള പ്രിയം അവൾ ഒരു ഇംഗ്ലീഷ്‌ പദത്തിൽ ഒതുക്കി…

ഫോൺ മടുത്ത്‌ സുഹൃത്ത്‌ തിരികെ വന്നിട്ടും മഹനാസ്‌ കൂടുതലും എന്തൊക്കെയോ എന്നോടു സംസാരിച്ചു.

                അൻവർ വന്ന്‌ യാത്ര പറഞ്ഞു. പോകാൻ നേരം എന്റെ ഒരു ഫോട്ടോ എടുത്തു അവൻ. ഒരിന്ത്യാക്കാരനെ പരിചയപ്പെട്ട വിവരം കുടുമ്പാംഗങ്ങളോടു പറയുമ്പോൾ പരിചയപ്പെടുത്താനാണെന്ന്‌ അവൻ പറഞ്ഞു.

                     അവൻ പാകിസ്താൻ സ്വദേശിയാണെന്ന്‌ അറിഞ്ഞപ്പോൾ മഹ്നാസ്‌ ഇങ്ങിനെ പറഞ്ഞു, “രാജ്യങ്ങൾ തമ്മിൽ അത്ര സൗഹൃദത്തിലല്ലെങ്കിലും നിങ്ങൾ പൗരന്മാർ തമ്മിൽ കണ്ടു മുട്ടിയാൽ നല്ല സുഹൃത്തുക്കളായിരിക്കും. എന്റെ കൂടെയും നല്ല സുഹൃത്തുക്കളായ ഇന്ത്യാക്കാരും പാക്കിസ്താനികളും ജോലി ചെയ്യുന്നുണ്ട്‌.”

അതൊരു വലിയ വിഷയമായിരുന്നതിനാൽ ഞാൻ പ്രതികരിച്ചില്ല…

മഹ്നാസിന്റെ സുഹൃത്ത്‌ ഫോൺ മറന്ന്‌ ഇപ്പോൾ ഒരു പുസ്തകം വായിക്കുന്നു.

മഹ്നാസ്‌ എന്റെ പേര്‌ പറഞ്ഞിട്ട്‌ അതിന്റെ അർത്ഥമെന്നു തിരക്കി…

സത്യത്തിൽ ഞാനും അപ്പോഴാണ്‌ അതേക്കുറിച്ച്‌ ചിന്തിച്ചത്‌.

പക്ഷേ ഞാനാ സംശയം പുറത്തു കാണിക്കാതെ പറഞ്ഞു “ഹാൻഡ്സം യംഗ്‌ മാൻ…”

“ശരിക്കും…?” അവൾ അതിൽ സംശയിച്ചപ്പോൾ ഒരു നുണ പറഞ്ഞത്‌ ഫലിച്ചല്ലോ എന്നോർത്ത് ഞാൻ ചിരിച്ചു.

പക്ഷേ മെഹനാസിന്റെ ചിരി അതിലും ഉച്ചത്തിലായിരുന്നു… അത്ര മനോഹരമായ ഒരു തമാശയാകും അതെന്ന്‌ ഞാൻ കരുതിയില്ല…

‘ചന്ദ്രന്റെ ശോഭ (മൂൺസ്‌ ഗ്ളോറി)’ എന്നാണ്‌ മഹ്നാസിന്റെ അർത്ഥം എന്നവൾ പറഞ്ഞു…

അങ്ങിനെയൊരു പേര്‌ ഇന്ത്യയിലുമുണ്ട്‌, അത്‌ ചന്ദ്രകാന്ത എന്നാണെന്നും ആ പേരിലുള്ള ഒരു രാജകുമാരിയെക്കുറിച്ച് ഒരു പ്രാചീന നോവലുണ്ടെന്നും ഞാൻ പറഞ്ഞു.

തന്റെ പേരിൽ ഒരു കഥയുണ്ടോയെന്ന്‌ അറിയില്ലെന്ന്‌ ചിരിച്ചു കൊണ്ട്‌ മെഹ്നാസ്‌ പ്രതികരിച്ചു. പക്ഷേ ഇറാനിൽ മഹ്നാസിന്റെ പേരുള്ള ഒരു മന്ത്രി ഉണ്ടായിരുന്നെന്ന്‌ അവൾ ഓർമിച്ചു.

സമയം ഏറെ മുന്നോട്ട്‌ പോയിരുന്നു.

മഹ്നാസിനു പോകേണ്ട സമയമായി. എന്റെ ഇ മെയിൽ ഐ ഡി മഹനാസ്‌ നോട്ട്‌ ചെയ്തു.

ഒരു നല്ല യാത്ര ആശംസിച്ച്‌ മഹനാസും സുഹൃത്തും പോയി.

വീണ്ടും ഞാൻ ഒറ്റക്കായി …

ഞാൻ മഹനാസിനെക്കുറിച്ചോർത്തു… ജോൺ കീറ്റ്സിന്റെ കവിതയുടെ തലക്കെട്ടാണ്‌ മനസിൽ ഓർമ്മ വന്നത്‌. ലാ ബെല്ലെ ഡേം സാൻസ്‌ മെഴ്സി (The Beautiful Lady Without Mercy) കരുണയില്ലാത്ത സുന്ദരിപ്പെൺകുട്ടി…!

മഹ്നാസിന്റെ കാര്യത്തിൽ ആ കാൽപനിക കവിയുടെ കരുണയില്ലാത്തവൾ എന്ന പ്രയോഗം മാറ്റണം…

ജോൺ കീറ്റ്സിന്റെ പ്രീ ഡിഗ്രി ക്ലാസ്സിൽ പഠിച്ച കവിതാ ശകലമൊന്നും ഞാനോർക്കുന്നില്ല… പക്ഷേ കവിതയുടെ പേരും ഉള്ളടക്കവും മറന്നിട്ടില്ല…

കവിതയിൽ ഒരു പട്ടാളക്കാരൻ തന്റെ ഏകാന്തതയിൽ അപ്സരസെന്നു തോന്നിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടു മുട്ടുന്നതാണ്‌… പിന്നെ തന്നെ ഉറക്കിക്കിടത്തിയിട്ട്‌ അവൾ പൊയ്ക്കളഞ്ഞെന്നു പറഞ്ഞ്‌ അവൻ വിലപിക്കുന്നു…

ഒരു കാൽപനിക കവിത.

തന്റെ 25-‍ാമത്തെ വയസിൽ ജോൺ കീറ്റ്സ്‌ ഒരു സാങ്കൽപികതയിലേക്ക്‌ വിട പറഞ്ഞു പോയില്ലായിരുന്നുവെങ്കിൽ…

ഒരിടത്തും ആരും ഒന്നിനും കാത്തു നിൽക്കുന്നില്ലല്ലോ… ഒരു കവിയും, കവിതയും, കാൽപനികതയും ഒന്നും…

പിന്നീട്‌ ഞാൻ മഹ്നാസിനെ ഓർത്തില്ല, ഇതെഴുതുന്നതു വരെ…

                ഇടക്ക്‌ ഓർമിക്കാൻ എന്റെ ഇൻ ബോക്സിൽ മഹ്നാസിന്റേതായി ഒരു മെയിൽ പോലും കണ്ടില്ലല്ലോ.

 

അനൂപ്‌ ശാന്തകുമാർ
-2010 സെപ്തംബർ  07-

 

കൂടുതൽ ചെറുകഥകൾ വായിക്കാം

YOUTUBE  |  INSTAGRAM  |  FACEBOOK

Facebook Comments

comments

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Add comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

About Blogger

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Email Newsletter

We Won't SPAM , Only Serious Emails.

Advertisement