De Kochi - Photographic Journal
Malayalam Short Story, Short Story, Short Stories, Cherukatha, Cherukathakal, Malayalam Novel, Malayalam Book Online, Short Story Online, Online Short Story, Malayalam Cherukathakal, Kathakal, Malayalam Kathakal, മലയാളം ചെറുകഥകൾ, ചെറുകഥകൾ

തവള

Malayalam Short Story, Short Story, Short Stories, Cherukatha, Cherukathakal, Malayalam Novel, Malayalam Book Online, Short Story Online, Online Short Story, Malayalam Cherukathakal, Kathakal, Malayalam Kathakal, മലയാളം ചെറുകഥകൾ, ചെറുകഥകൾ

 

മണ്ഡൂകം…

അഥവാ നമ്മുടെ പാവം തവള .

ഏതു തവള എന്നു ചോദിച്ചാൽ ഉത്തരം മുട്ടും. കാരണം പച്ച തവള, മഞ്ഞ തവള, മര തവള…എന്നിങ്ങനെ ഒട്ടനവധി തവളകൾ നമ്മുടെ നാട്ടിലുണ്ട്‌. ഇതു കൂടാതെ ഡിസ്കവറി ചാനലിലും അനിമൽ പ്ളാനറ്റിലും കാണുന്നവ വേറെ .

എന്തായാലും മണ്ഡൂകം എന്നാൽ ‘തവള”… അത്ര തന്നെ

മണ്ഡൂകം സംസ്കൃത വാക്കായതു കൊണ്ട്‌ അതിനെക്കുറിച്ച്‌ കൂടുതലൊന്നും എനിക്കറിയില്ല. ഏതു തവളയുമാകാം. സൗകര്യത്തിന്‌ മഴക്കാലത്തു നമ്മുടെ നാട്ടിൽ കണ്ടു വരുന്ന മഴതവള തന്നെ ആയിക്കോട്ടെ .

തവള ഒരു സർവ്വ സാധാരണ ജീവിയാണെങ്കിലും മഴക്കാലത്താണല്ലോ ഇവറ്റകൾ കൂടുതലായി കണ്ണിൽ പെടുക. ഇടവപ്പാതിക്കാലത്ത്‌ രാത്രി കാലങ്ങളിൽ തവളക്കരച്ചിൽ ഒരു ശല്യമാണെങ്കിലും, തവളക്കാലിന്റെ രുചി അറിയുന്നവർക്ക്‌ ആ കരച്ചിൽ ഒരു സംഗീതം തന്നെയാണ്‌.

സാധാരണ നെൽപാടങ്ങൾക്കോ, കുളങ്ങൾക്കോ അരികിൽ താമസിക്കുന്നവർക്കേ തവളക്കരച്ചിൽ പരിചയമുണ്ടാകൂ എന്നതു കൊണ്ട്‌ മറ്റുള്ള വായനക്കാർ സദയം പൊറുക്കുക. അവർ ഇത്ര മാത്രം അറിയുക തവളകളുടെ കൂട്ടക്കരച്ചിൽ ഒരു സംഗീതമാണ്‌, ചീവീടിന്റെ സംഗീതം പോലെ… !!

ഇതു തവളയെക്കുറിച്ചുള്ള ഒരു ആമുഖം .

ഇനി എൽ കെ ജി പുസ്തകത്തിലും മുൻപ്‌ പറഞ്ഞ ഡിസ്കവറി ചാനലിലും അനിമൽ പ്ലാനെറ്റിലും മാത്രം തവളയെ കണ്ടിട്ടുള്ള കുട്ടികൾക്കു പോലും അറിയാവുന്ന ഒരു തവളയുണ്ട്‌. ഒരു പഴം ചൊല്ലിലെ തവള …

കൂപമണ്ഡൂകം.

ഇതും സംസ്കൃതം തന്നെ. കിണറ്റിലെ തവള എന്നു പറയും. ഈ കഥയുടെ ചുവടു പിടിച്ചാവണം കുഞ്ചൻ നമ്പ്യാർ കുണ്ടു കിണറ്റിൽ കിടക്കും തവളക്കുഞ്ഞിനു കുന്നിനെ മീതേ പറക്കാൻ മോഹം എന്നു ചൊല്ലിയത്‌ .

എന്തായാലും കൂപ മണ്ഡൂകം എന്ന ചൊല്ല്‌ ‘ഫ്രോഗ്‌ ഇൻ എ വെൽ” എന്ന് ഇംഗ്ളീഷ്‌ പരിഭാഷകർ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌ .

ഒരു ഇന്ത്യൻ തവളക്ക്‌ ഇംഗ്ളീഷുകാരന്റെ അംഗീകാരം. അതു മറ്റൊന്നും കൊണ്ടാവില്ല. ചൊല്ലിൽ തവള മണ്ടനായതു കൊണ്ടാവണം .

ഇനി ആ കഥയൊന്നു നോക്കാം .

പണ്ടൊരു തവള ഒരു കിണറ്റിൽ പെട്ടു. നന്നേ കുഞ്ഞായിരിക്കുമ്പോഴാകണം. അങ്ങിനെ ഈ തവള കിണറ്റിൽ കിടന്ന്‌ കിണറാണ്‌ പ്രപഞ്ചം എന്നു ചിന്തിച്ചു പോയി. അങ്ങിനെയിരിക്കേ ഒരിക്കൽ ഒരു കടൽ പാറ്റ എങ്ങിനെയോ അവിടെയെത്തി .

കഥയിൽ ചോദ്യമില്ല എന്ന്‌ ഒരു ചൊല്ലുള്ളതിനാൽ കടൽപ്പാറ്റയെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾക്ക് പ്രസക്തിയില്ല.

കടൽ പാറ്റ തവളയോട്‌ കടലിനെക്കുറിച്ച്‌ പറഞ്ഞു…

കിണറിനേക്കാൾ വലിയൊരു സംഭവമോ…? അങ്ങിനെ വരാൻ വഴിയില്ല .

കിണറാണ്‌ പ്രപഞ്ചമെന്നു കരുതിയിരുന്ന തവള അത്‌ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. തർക്കം മൂത്ത്‌ അത്‌ തന്റെ ജീവനെടുക്കുമെന്ന്‌ വന്നപ്പോൾ പാറ്റ ഒരു വിധം പറന്നു രക്ഷപെട്ടു. അങ്ങിനെ നമ്മുടെ നിരക്ഷര കുക്ഷിയായ തവള ഒരു അഹങ്കാരിയും, മൂഠനുമായി .

ഓരോ സ്ഥലത്തും ഈ കഥയിൽ ചില മാറ്റങ്ങളുണ്ട്‌. എല്ലായിടത്തും തവള മണ്ടനും അൽപനുമൊക്കെ തന്നെ. അങ്ങിനെ ഈ കഥ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച്‌ തവളയെ വീണ്ടും വീണ്ടും അപമാനിച്ചു കൊണ്ടിരിക്കുന്നു .

ഇനി തവള മണ്ടനായതു കൊണ്ടാണ്‌ തവളച്ചൊല്ലിനെ ഇംഗ്ളീഷുകാരൻ അംഗീകരിച്ചതെന്ന സങ്കുചിത ചിന്താഗതി ഒന്നു മാറ്റി വക്കാം. അമേരിക്കൻ പ്രസിഡന്റും ബ്രിട്ടീഷ്‌ പ്രധാന മന്ത്രിയും ആവർത്തിച്ച്‌ ഇന്ത്യയെയും ഇന്ത്യാക്കാരേയും പുകഴ്ത്തുന്നു എന്നതും ഇന്ത്യ ലോകത്തിന്റെ വെളിച്ചമാണെന്ന അമേരിക്കയുടെ പ്രസ്‌താവനയും അതിനൊരു ന്യായീകരണവുമാക്കാം .

ഒരു കിണറ്റിലെ തവളയാകരുത്‌ എന്ന മനോഹരമായ ഗുണപാഠം കഥയിൽ ഉണ്ടായിരുന്നതു കൊണ്ടാവണം കഥ എല്ലാ ഭാഷകളിലും തന്നെ പ്രചരിച്ചത്‌.

അങ്ങിനെ തവള ഒരു ലോകമണ്ടനായി…!!

പക്ഷേ, തവളക്കും കാണില്ലേ  ഒരു ന്യായീകരണം…? കഥ നമുക്കൊന്നു വിലയിരുത്താം…

ഒരിക്കൽ ഒരു മഴക്കാലത്ത്‌ കിണറ്റിൽ മുട്ടയിട്ടു. കിണറിന്റെ മുകളറ്റം വരെ വെള്ളമുള്ള സമയമായിരുന്നിരിക്കും. കിണറിനു ചുറ്റുമതിലും ഉണ്ടായിരുന്നില്ല. അങ്ങിനെ എങ്ങിനെയോ എവിടെ നിന്നോ വന്നു പെട്ട ഒരു തവള കിണർ വെള്ളത്തിൽ മുട്ടയിട്ടു .

പൃകൃതി നിയമമനുസരിച്ച്‌ മുട്ടയിട്ട ശേഷം അതു വിരിയിക്കാനുള്ള ദൗത്യം പൃകൃതിയെ ഏൽപ്പിച്ച്‌ തവള സ്ഥലം വിട്ടു .

കടം കഥയിൽ പറഞ്ഞ പോലെ ‘ മുട്ട വിരിഞ്ഞ കാലം മീൻ പെറ്റ പോലെ ” എന്ന പരുവത്തിൽ തവളക്കുഞ്ഞിന്റെ ആദ്യരൂപം പുറത്തു വന്നു. പിന്നെ അത്‌ വളർന്നു തവളയായി.

ദൗർഭാഗ്യയമെന്നു പറയട്ടെ ഒരു തവള മാത്രമേ ശേഷിച്ചുള്ളൂ. ചിലതു മുട്ടയിൽ വച്ചും മറ്റു ചിലതു ലാർവയായിരിക്കുമ്പോഴും ചത്തു പോയി. ഈ തവളയാണു നമ്മുടെ കഥയിലെ പാവം തവള .

            കാലം കഴിഞ്ഞു. കിണറ്റിൽ കിട്ടുന്ന തീറ്റയും കഴിച്ചു കഴിഞ്ഞിരുന്ന തവള ഒരു ദിവസം മുകളിലേക്ക്‌ നോക്കി .

അങ്ങ്‌ അകലെ ആകാശം… അല്ല എന്തോ ഒരു മേലാപ്പ്‌… ആ എന്തോ ആകട്ടെ .

അങ്ങിനെ വെറുതേയിരുന്നു മുഷിയുമ്പോൾ തവള മുകളിലേക്ക്‌ നോക്കും. അവിടെ എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്ന്‌ തവളക്ക്‌ മനസിലായി. ഇടക്ക്‌ ചില ശബ്ദ കോലാഹലങ്ങൾ കേൾക്കാം. മേലാപ്പിനാണെങ്കിൽ എല്ലായ്പ്പോഴും ഒരേ നിറമല്ല. ചിലപ്പോൾ അവിടെ ഒരു വെള്ളി ഗോളം പ്രത്യക്ഷപ്പെടുന്നു. ചിലപ്പോൾ ചില ചെറിയ വെള്ളക്കുമിളകൾ മിന്നുന്നു .

തവളയ്ക്ക് അങ്ങ്‌ മുകളിലെത്താൻ ആഗ്രഹം തോന്നി .

ചാടി നോക്കി…നടക്കുന്നില്ല….

പല പ്രാവശ്യം ശ്രമിച്ച് തവള നിരാശനായി… തവള മനസിൽ പറഞ്ഞു… നടക്കില്ല…!!

പക്ഷേ തവളയ്‌ക്കു മനസുറക്കുന്നില്ലായിരുന്നു… എങ്ങിനേയും മുകളിലെത്തണം. തവള തീറ്റയും വെള്ളവും വരെ മറന്നു. അതൊരു തമാശയായി തോന്നാം. കാരണംഅതൊരു ജലമീൻ ന്യായമല്ലേ…?

ജലമീൻ ന്യായം എന്നൊരു വാക്ക്‌ ഭാഷയിൽ ഉണ്ടോ എന്ന്‌ എനിക്കറിയില്ല. പക്ഷേ ഇതെനിക്കു പറഞ്ഞു തന്നയാൾ ഇതിന്റെ അർത്ഥവും പറഞ്ഞു തന്നിരുന്നു എന്നതു കൊണ്ട്‌ ഞാനതു വിവരിക്കാം .

അദ്ദേഹം ഒരു ഡോക്ടറാണ്‌. ഒരിക്കൽ ഉദരസംബന്ധമായ ചില രോഗങ്ങളുമായി ഒരു ഹോട്ടൽ ഉടമ അദ്ദേഹത്തെ കാണാൻ ചെന്നു. സമയത്തിനു ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല എന്നയാൾ പരാതിപ്പെട്ടപ്പോഴാണ്‌ ഡോക്ടർ ‘ജലമീൻ ന്യായം’ എന്ന പ്രയോഗം പരിചയപ്പെടുത്തിയത് …

അതായത്‌ വെള്ളത്തിൽ കിടക്കുന്ന മീനിന്‌ വെള്ളം കുടിക്കാൻ പറ്റുന്നില്ല എന്നതിലെ ന്യായമല്ലേ അനിയാ ഇത്…? എന്ന്‌ അദ്ദേഹം ചോദിച്ചു. അപ്പോൾ ജലമീൻ ന്യായം എന്താണെന്ന്‌ മനസിലായിരുക്കുമല്ലോ.

നമ്മുടെ തവള വെള്ളത്തിലാണ്‌ ഇപ്പോഴും… തവളയുടെ കണ്ണാണെങ്കിൽ ആകാശത്തും!!

ഒരു ദിവസം ആകാശത്തു നിന്ന്‌ ഒരു ജലവർഷം. തുലാവർഷമായിരുന്നിരിക്കും. തവള നോക്കുമ്പോൾ വെള്ളം വീണ്‌ കുറേ കഴിഞ്ഞപ്പോൾ മേലാപ്പ്‌ ഇത്തിരി അടുത്തെത്തിയോ…? പിന്നെയാണ്‌ ആശാന്‌ കാര്യം മനസിലായത്‌. മേലാപ്പല്ല അടുത്തെത്തിയത്‌. താൻ മുകളിലെത്തിയതാണ്‌.

അതു കൊള്ളാമല്ലോ… കിണറിലെ വെള്ളം അൽപം കൂടിയിരിക്കുന്നു. അപ്പോൾ ഇങ്ങിനെ കുറേ വെള്ളം വന്നാൽ തനിക്ക്‌ പുറത്തെത്താം. അങ്ങിനെ തവള ആ ദിവസത്തിനായി കാത്തിരുന്നു.

ഞാനൊരു ദുരന്ത കഥ പറയാൻ ഉദ്ദേശിക്കുന്നില്ല. വലിയൊരു മഴക്കു മുൻപ്‌ ഒരു വരൾച്ചയിൽ തവള ചത്തെന്നോ, കിണർ ഇടിഞ്ഞു വീണെന്നോ ഒന്നും പറഞ്ഞ്‌ തവളക്കഥ ഉപസംഗ്രഹിക്കുന്നില്ല .

കാലവർഷം വന്നു… ജലനിരപ്പുയർന്നു… തവള പുറത്തെത്തി… ഒരു രാത്രിയായിരുന്നിട്ടും മേലാപ്പ്‌ ഒരുപാട്‌ മേലെയാണെന്ന്‌ തവള അറിഞ്ഞു. പക്ഷേ അകലെ നിന്ന്‌ ഒരുപാട്‌ കൂട്ടുകാർ വിളിക്കുന്നു. തവള ചാടി… അവന്റെ ലോകത്തേക്ക്‌… സ്വാതന്ത്ര്യത്തിലേക്ക്‌…

ഇങ്ങിനെ ഒരു കഥ പറഞ്ഞത്‌, മുൻഗാമികളെ വെല്ലുവിളിക്കാനല്ല… കാലം മാറിയിരിക്കുന്നു… കഥയും മാറണമല്ലോ…

പക്ഷേ ഒന്നു സമ്മതിക്കാതെ വയ്യ… പഴയ തവളക്കഥക്ക്‌ ഇന്നാണ്‌ കൂടുതൽ പ്രസക്തി .

തവള മാറി… എത്ര തവളകൾ പാമ്പിനെ പിടിച്ചു… എന്നിട്ടും തവള മണ്ടൻ തന്നെ… !!

കാരണക്കാർ കഥ പറയുന്നവർ തന്നെ. അവരിൽ ചിലരിപ്പോഴും കിണറിൽ തന്നെയാണ്‌. അവരുടെ തെറ്റിന്‌ ഇന്നും പഴി കേൾക്കുന്നത്‌ തവള തന്നെ.

തവളക്ക്‌ അവകാശങ്ങളില്ലല്ലോ. ഉണ്ടെങ്കിൽ തന്നെ പിന്നാക്ക സംവരണമെന്നോ, സംരക്ഷിതാനുകൂല്യമെന്നോ പറഞ്ഞ്‌ അവകാശം ഉന്നയിക്കാനും ആരുമില്ല .

അനിമൽ ആക്ടിവിസ്റ്റുകൾ ആരെങ്കിലും… ?

തവള ഒരു അപൂർവ ജീവിയോ, ദേശീയ മൃഗമോ ആകുന്നതു വരെ അവരും കാത്തിരിക്കും .

ഇനി നുണ പാഠം പറയാം .

ഒന്നാമത്തെ കഥയിൽ തവള തന്റെ ലോകത്തിനപ്പുറം ഒരു ലോകമില്ലെന്നു കരുതുന്നു… അതു തെറ്റ്‌ .

രണ്ടാമത്തെ കഥയിൽ തന്റെ ലോകത്തിനപ്പുറം ഒരു ലോകമുണ്ടെന്ന്‌ കരുതുന്നത്‌ കൊണ്ട്‌ തവള അവിടം കീഴടക്കാൻ ആഗ്രഹിക്കുന്നു… അതിലുമുണ്ട്‌ തെറ്റ്‌.

കിണറിൽ നിന്നു കരകയറിയ തവള താൻ സ്വപ്നം കണ്ടിരുന്ന ആകാശം അകന്നു പോയതു കണ്ടു. യഥാർത്ഥ ലക്ഷ്യം നാം കീഴടക്കുന്നതിനും വിജയിക്കുന്നതിനും അപ്പുറത്തായിരിക്കും പലപ്പോഴും. പക്ഷേ അവൻ അതെല്ലാം മറന്ന്‌ തന്റെ വംശത്തിലേക്ക്‌, അവരുടെ സമൂഹത്തിലേക്ക് പോയി.

തവള പിന്നേയും തെറ്റുകാരനോ…?

അതെ എന്നു പറയാൻ ധൈര്യം പോരാ. കാരണം നമ്മുടെ തെറ്റുകൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനാണു നമുക്കിഷ്ടമെന്ന്‌ ആരോ വിമർശിച്ചതോർക്കുന്നു .

 

അനൂപ്‌ ശാന്തകുമാർ
-2010 സെപ്തംബർ 30-

 

കൂടുതൽ ചെറുകഥകൾ വായിക്കാം

YOUTUBE  |  INSTAGRAM  |  FACEBOOK

Facebook Comments

comments

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Add comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

About Blogger

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Email Newsletter

We Won't SPAM , Only Serious Emails.

Advertisement