De Kochi - Photographic Journal

വില്ലേജ് ഡ്രീംസ്

Malayalam Short Story, Short Story, Short Stories, Cherukatha, Cherukathakal, Malayalam Novel, Malayalam Book Online, Short Story Online, Online Short Story, Malayalam Cherukathakal, Kathakal, Malayalam Kathakal, മലയാളം ചെറുകഥകൾ, ചെറുകഥകൾ

 

പാർവതിയേയും അനിതയേയും ഞാൻ പരിചയപ്പെടുന്നത്‌ ഓർക്കുട്ടിലൂടെയാണ്‌.

ഓർക്കുട്ട് തുടങ്ങി ഒരുപാടു വർഷങ്ങൾ കഴിയുന്നതിനു മുൻപേ ഞാനും അതിൽ ഒരു ഐ ഡി ഉണ്ടാക്കിയിരുന്നു. എന്നാൽ നാളുകൾ കഴിഞ്ഞിട്ടും എന്റെ ചില ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായി അതിൽ ഒരു ഡസനിലധികം പേർ ഉണ്ടായിരുന്നില്ല. ഇക്കാലയളവിൽ എന്റെ ചില സുഹൃത്തുക്കളുടെ സൗഹൃദ പട്ടികയിൽ സുഹൃത്തുക്കളുടെ എണ്ണം നൂറും അഞ്ഞൂറും വരെയൊക്കെയായത്‌ എന്നെ അസ്സൂയപ്പെടുത്തിയിരുന്നു.

അതിൽ അവർ എത്ര പേരെ നേരിലറിയും, അവരിൽ എത്ര പേർക്ക്‌ തന്റെ സുഹൃത്തുക്കളെ അറിയാം എന്നൊന്നും ചോദിക്കുന്നതിൽ അർത്ഥമില്ലെന്ന്‌ അവർ പറഞ്ഞു. അഞ്ഞൂറു പേരിൽ അൻപതു പേരെ പോലും പരിചയമില്ലെന്ന്‌ അവർ തന്നെ പറയാറുണ്ടായിരുന്നു. ഫ്രണ്ട്സ്‌ റിക്വസ്റ്റ്‌ വരുമ്പോൾ പ്രൊഫൈൽ പോലും നോക്കാതെയാണു അക്സെപ്റ്റ്‌ ചെയ്യുന്നത്‌. അതിൽ ആരൊക്കെ കാണുമോ എന്തോ..?

ഇതെന്റെ അസൂയയായി കാണുന്നതിൽ കാര്യമുണ്ടോ…?

ഒരിക്കലും സ്വയം കുറ്റപ്പെടുത്താൻ ആരും തയ്യാറാകില്ലല്ലോ. എന്തായാലും എനിക്കു മനസിലായ കാര്യം എല്ലാവരും സൗഹൃദവും സമൂഹവും ഇഷ്ടപ്പെടുന്നുണ്ട്‌. എന്നാൽ അതിന്‌ എത്ര മാത്രം ദൃഢതയുണ്ട്‌, അല്ലെങ്കിൽ അതിന്റെ ദൃഢതയിൽ എത്ര പേർക്ക്‌ വിശ്വാസമുണ്ട്‌ എന്നത്‌ എല്ലാവരേയും ഉത്തരം മുട്ടിക്കുന്ന ഒരു ചോദ്യമായി അവശേഷിക്കുന്നുമുണ്ട്‌.

എന്നാൽ തന്റെ പ്രതിഭ കൊണ്ടും, കർമ്മമണ്ഡലത്തിനപ്പുറം സമൂഹിക രംഗത്തെ ഇടപെടലുകൾ കൊണ്ടും സുഹൃത്തുക്കളെ സൃഷ്ടിക്കുകയും അതു പ്രയോചനപ്പെടുത്തുകയും ചെയ്യുന്നവരുമുണ്ട്‌.

സമൂഹത്തിലെ എന്തിനേയും തള്ളി പറയുന്ന ചിലർ സോഷ്യൽ മീഡിയയെ അടച്ചാക്ഷേപിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്‌.

ഇത്തരമൊരു ആക്ഷേപത്തിന്‌ ഒരിക്കൽ ഒരദ്ധ്യാപകൻ നൽകിയ മറുപടി ഇതാണ്‌, “ സോഷ്യൽ നെറ്റ്‌ വർക്ക്‌ എന്നാൽ ഒരു വിർച്വൽ സമൂഹമാണ്‌. അതിൽ യഥാർത്ഥ സമൂഹത്തിലെ തന്നെ തിന്മകളും കണ്ടേക്കാം… നന്മയെ കൊള്ളുകയും തിന്മയെ തള്ളുകയും ചെയ്താൽ പ്രശ്നം തീരുമല്ലോ. അതല്ലേ വിവേക ശാലിയായ മനുഷ്യന്റെ ധർമവും… ”

ഇരുട്ടു തിന്മയെ പ്രോത്സാഹിപ്പിക്കുന്നു എന്ന തത്വം പോലെ അടച്ചു പൂട്ടിയിട്ട മുറിക്കുള്ളിലെന്ന പോലെയുള്ള സോഷ്യൽ മീഡിയയിൽ ചിലർ ചിലതിലേക്കു വീണു പോയേക്കാം, അല്ലെങ്കിൽ ദുരുപയോഗവും നടക്കുന്നുണ്ട്‌ എന്ന സത്യവും വിസ്മരിച്ചു കൂടാ.

പഴയകാല സുഹൃത്തുക്കളെ കണ്ടെത്താനും സുഹൃത്തുക്കളുമായി സൗഹൃദം നിലനിർത്താനും സോഷ്യൽ നെറ്റ്‌ വർക്ക്‌ സർവീസ്‌ ആശ്രയിക്കുന്നവരുടെ കൂട്ടത്തിലാണ്‌ ഞാനിന്ന്‌. പലപ്പോഴും ഓൺലൈനിൽ വരുന്ന സുഹൃത്തുക്കളോട്‌ ഞാൻ ചില കുശലാന്വേഷണങ്ങൾ നടത്താറുണ്ട്‌. സത്യം പറയാമല്ലോ ഒരു ഹലോ പറഞ്ഞാൽ തിരിച്ചൊരു ഹായ്‌ പറയാൻ പോലും പലരും തയാറാകാറില്ല.

സാധാരണയായി ഓർക്കുട്ടിൽ അത്ര അടുത്തു പരിചയമില്ലാത്തവർ സൗഹൃദ സല്ലാപത്തിനു മുതിരുമ്പോൾ അതിനോട്‌ ബുദ്ധിപൂർവം പ്രതികരിക്കുന്ന പെൺകുട്ടികളെ ഞാൻ അഭിനന്ദിക്കുന്നു.

എന്നാൽ ഈ ആൺകുട്ടികൾക്കെന്തു പറ്റുന്നു…?

എന്റെ സുഹൃത്തുക്കളിലെ എൺപതു ശതമാനത്തോളം വരുന്ന ആൺകുട്ടികളിൽ ഏറിയ പങ്കും ഒരു സുഖാന്വേഷണത്തിനോ, ആശംസക്കോ പ്രതികരിക്കാതെ പോകുന്നത്‌ എന്നെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്‌.

അവരുടെ തിരക്കു കൊണ്ടാകാം…!!

ഒരു സുഹൃത്തു പറഞ്ഞതു പോലെ ‘ സ്വാർത്ഥതയിൽ പൊതിഞ്ഞ പിടിവാശി കളിൽ ഉപേക്ഷിക്കാനുള്ളതല്ലല്ലോ സൗഹൃദം…!! ‘ സൗഹൃദം എന്ന വിശ്വാസം എന്നു തിരുത്തുന്നതാവും ശരി… !!

ഇത്രയും പറഞ്ഞത്‌  സോഷ്യൽ നെറ്റ്‌ വർക്ക്‌ സൗഹൃദങ്ങളിൽ ഞാൻ കണ്ട സ്വഭാവം പങ്കു വക്കാൻ വേണ്ടി മാത്രമാണ്‌.

ഇനി പാർവതിയേയും അനിതയേയും പരിചയപ്പെടാം….

ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ മനസിലാക്കി ഒരു തരത്തിൽ ശാന്തനായി ഞാനങ്ങിനെ എന്റെ സോഷ്യൽ നെറ്റ്‌ വർക്കിൽ വലിയ സൗഹൃദങ്ങളൊന്നുമില്ലാതെ തുടരുകയായിരുന്നു. അങ്ങിനെ ഒരിക്കൽ ഒരാൾ ആദ്യമായി എനിക്ക്‌ ഫ്രണ്ട്സ്‌ റിക്വസ്റ്റ്‌ അയച്ചു.

നടി പ്രിയാമണിയുടെ ചിത്രത്തിനു പിന്നിൽ മറഞ്ഞിരുന്ന പാർവതിയെ ഞാൻ ഫ്രണ്ട്‌ ആയി അക്സപ്റ്റ്‌ ചെയ്തു. ഉടനെ അടുത്ത റിക്വസ്റ്റ്‌, അനിതയുടെ വക. രണ്ടു സുഹൃത്തുക്കളും ഒരേ സമയം ഒരേ കമ്പ്യൂട്ടറിൽ  ബ്രൗസ്സ് ചെയ്യുകയുമായിരുന്നു അപ്പോൾ.

പാർവതിയുടെ പ്രൊഫൈൽ ഞാൻ നോക്കി.

“ എന്റെ ഗ്രാമത്തിലും ഗ്രാമീണ സ്വപ്നങ്ങളിലും ഞാൻ ഏകയാണ്‌. ” (I am alone in my village and village dreams) എന്നു കുറിച്ചിരിക്കുന്നു.

ഓൺ ലൈൻ ആയിരുന്നതു കൊണ്ട്‌ ഞാൻ വിശേഷങ്ങൾ തിരക്കി. രണ്ടു പേരും പാലക്കാട്‌ സ്വദേശികൾ, ബാംഗ്ലൂരിൽ എഞ്ചിനീയറിങ്ങിനു പഠിക്കുന്നു, റൂം മേറ്റ്സ്‌…

കൊള്ളാം നല്ല സുഹൃത്തുക്കൾ…

ചാറ്റിംഗ്‌ തുടർന്നപ്പോൾ അനിത ഒരു ഭീഷണി മുഴക്കി… “ ഫ്രണ്ട്ഷിപ്പൊക്കെ കൊള്ളാം, ചില ചെക്കന്മാരുടെ വഷളൻ സ്വഭാവം കാണിച്ചേക്കരുത്‌. അവിടം കൊണ്ടും നിർത്തും…. ” സത്യത്തിൽ ഞാൻ ചിരിച്ചു പൊയി… ആ ചിരി അവരെ കേൾപ്പിക്കാൻ ഒരു സ്മൈലി ചാറ്റ് ബോക്സിൽ പങ്കു വയ്ക്കുകയേ അപ്പോൾ മാർഗമുണ്ടായിരുന്നുള്ളൂ.

കുറച്ചു നേരം കൂടി ചാറ്റ്‌ ചെയ്ത ശേഷം ഞങ്ങൾ പിരിഞ്ഞു…

പാർവതിയുടേയും അനിതയുടേയും പ്രൊഫൈൽ ഞാൻ നോക്കി. പാർവതിയുടെ ഫോട്ടോ കളക്ഷനിൽ ഒരു ഗ്രാമത്തിന്റെ ചിത്രങ്ങൾ. പാലക്കാട്‌ നെന്മാറ എന്ന ഗ്രാമത്തിന്റെ ഭംഗി പകർത്തിയ ചിത്രങ്ങൾ. എന്റെ ഗ്രാമം എന്ന്‌ പാർവതി അതിൽ കുറിച്ചിരിക്കുന്നു.

ഒരു ചിത്രത്തിൽ വിളവെടുക്കാറായ പാടത്തെ കണ്ണേറു കോലത്തിനു നേർക്ക്‌ പുറം തിരിഞ്ഞു നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം. പാർവതി എന്ന്‌ ഫോട്ടോ ടാഗ്‌ കൊടുത്തിരുന്നു.

അനിതയുടെ പ്രൊഫൈലിൽ അച്ഛനും അമ്മക്കും ചേട്ടനുമൊപ്പമുള്ള ആ കുട്ടിയുടെ ഫോട്ടോ ഉണ്ടായിരുന്നു.

പിന്നെ ഞങ്ങൾ മുടങ്ങാതെ മെസ്സേജുകൾ അയക്കുമായിരുന്നു.

അങ്ങിനെ ആരോഗ്യപരമായി ആ സൗഹൃദം മുന്നോട്ടു പോയി.

ഒരിക്കൽ ഞാൻ പാർവതിയോടു ചോദിച്ചു,  “ എന്തിനാ ഇങ്ങിനെ മറ്റുള്ളവരുടെ മുഖത്തിനു പിന്നിൽ മറഞ്ഞിരിക്കുന്നത്‌ ? പ്രൊഫൈലിൽ സ്വന്തം ഫോട്ടോ വച്ചാൽ പോരേ…? ”

“ എന്നിട്ടു വേണം പുറത്തിറങ്ങാൻ പറ്റാതാവാൻ… ഇപ്പോ ആളെ തിരിച്ചറിയാൻ പറ്റാഞ്ഞിട്ടു തന്നെ ചെക്കന്മാരുടെ മെസ്സേജിന്റെ കൂടാണ്‌ ചാറ്റിൽ… ”

പാർവതി അതു പറയും മുൻപേ ഞാൻ ആ കുട്ടിയുടെ പോസ്റ്റുകൾക്കു കീഴിലെ ചിലരുടെ കമന്റുകൾ ശ്രദ്ധിച്ചിരുന്നു.

“ ആം എലോൺ ഇൻ മൈ വില്ലേജ് ആൻഡ്‌ വില്ലേജ് ഡ്രീംസ്‌- എന്ന് എബൗട്ട് മി യിലെ വിവരണം കണ്ട്‌ ഒരു കമ്പനി തരാനുള്ള പുറപ്പാടായിരിക്കും….? ” ഞാൻ സംശയം പ്രകടിപ്പിച്ചു.

“ മനസിൽ വച്ചാൽ മതി… ”  എന്റെ കമന്റിനു പാർവതിയുടെ മറുപടി.

“ എനിക്ക്‌ എന്റെ ഗ്രാമത്തോടു മാത്രമേ പ്രണയമുള്ളൂ… അവന്മാർക്ക്‌ എന്നോടും… അപ്പോൾ പിന്നെ എങ്ങനെ ശരിയാകും…? ” പാർവതിയുടെ കുസൃതി ചോദ്യം.

ശരിയായിരുന്നു… പാർവതിയുടെ വിശേഷങ്ങളിൽ എപ്പോഴും ആ കുട്ടിയുടെ ഗ്രാമമുണ്ടായിരുന്നു. ഒന്നുകിൽ വയലിന്റെ വിശേഷം അല്ലെങ്കിൽ വേലയുടെ സ്മരണ, പിന്നെ ഗ്രാമത്തിലെ ആനയും ആളും ഒക്കെ പാർവതിയുടെ വർത്തമാനങ്ങളിൽ വരുന്നു.

പാലക്കാടാണ്‌ ലോകത്തിലെ ഏറ്റവും നല്ല സ്ഥലമെന്നു പാർവതി എന്നും പറഞ്ഞു കൊണ്ടിരുന്നു.

നന്നായിരിക്കുന്നു. നാടിനേയും നാട്ടുകാരേയും സ്നേഹിക്കുന്നെങ്കിൽ ഇങ്ങിനെ തന്നെ വേണം.

കൃത്യമായ ഇടവേളകളിൽ പാർവതിയുടെ ഫോട്ടോ കളക്ഷനിൽ പാലക്കാടിന്റെ ദൃശ്യഭംഗി നിറയുന്ന ചിത്രങ്ങൾ കാണാമായിരുന്നു. അതിലൊന്നും തന്റെ യഥാർത്ഥ മുഖം കടന്നു വരാതെ  പാർവതി ശ്രദ്ദിച്ചിരുന്നു.

പാർവതി വീട്ടിലേക്ക്‌  തിരിക്കുന്ന ചില അവധി ദിവസങ്ങളിൽ എനിക്ക്‌ മെസേജ്‌ ചെയ്തിട്ടുണ്ട്‌, “ പോരുന്നോ … പാലക്കാടിന്‌… ? ”

ഒരിക്കൽ ഞാൻ ചോദിച്ചു:

“ഞാനങ്ങിനെ ഇടിച്ചു കയറി വരില്ല എന്നറിയാവുന്നതു കൊണ്ടുള്ള ഒരു ക്ഷണമല്ല് ഇത്‌…? ”

“ അല്ല, കാര്യമായി തന്നെ… പക്ഷേ അച്ഛനൊരു സ്വഭാവമുണ്ട്‌, എന്റെ കൂടെ ആൺപിള്ളേരെ കണ്ടാൽ അവനെ ചോദ്യം ചെയ്തു വിരട്ടിയേ വിടൂ. അത്‌ ഇഷ്ട ക്കേടുണ്ടായിട്ടല്ലാട്ടോ… ജോലി പോലീസിലല്ലേ, അതു കൊണ്ടാ. അതു പ്രശ്നമല്ലെങ്കിൽ പോരേ…? ”

“ വെറുതെയല്ല ഇത്ര ധൈര്യത്തിൽ എന്നെ വിളിച്ചത്‌… എന്നിട്ട്‌ അച്ഛൻ പോലീസിലാണെന്ന്‌ ഇതു വരെ പറഞ്ഞില്ലല്ലോ…? ”

എന്റെ ചോദ്യത്തിനു ഞൊടിയിൽ ഉത്തരം വന്നു.

“ എന്നോടെപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ…? ”

ശരിയായിരുന്നു. അന്നു വരെ ഞാനതു ചോദിച്ചിരുന്നില്ല. ഇന്ന്‌ സൗഹൃദങ്ങളിൽ അത്ര പോലും ആഴത്തിൽ പോകുന്നവരില്ല. ഒന്നു ചിന്തിച്ചു നോക്കിയാൽ ഒരു സുഹൃത്ത്‌ എന്നു പറയുന്ന വ്യക്തിയുടെ വീടോ നാടോ എവിടെയാണെന്നു പോലും അറിയാത്ത സൗഹൃദങ്ങളാണിന്നധികവും.

ചിലപ്പോഴൊക്കെ ഞാനുമതിൽ പെട്ടു പോയിട്ടുണ്ട്‌ എന്നുള്ളതിന്‌ തെളിവാണ്‌ ഈ സംഭവം. ഞാൻ മറ്റൊരു സംഭവം കൂടി ഓർമിക്കുന്നു, ഒരിക്കൽ എന്റെ ഒരു സഹപ്രവർത്തനോട്‌ വീട്ടുകാരെക്കുറിച്ച്‌ തിരക്കിയപ്പോൾ എന്നോടു പറഞ്ഞ മറുപടി :

“ എന്തിനാ അങ്ങിനെ കൂടുതൽ കാര്യങ്ങൾ അറിയുന്നത്‌. അതൊക്കെ ഒരു കമ്മിറ്റ്മെന്റാകും, എന്തിനാ വെറുതേ…? നാം കണ്ടു മുട്ടി നമ്മൾ പരസ്പരം സൗഹൃദത്തിൽ പോകുക. അതിലപ്പുറത്തേക്ക്‌ എന്തിനാ…? ”

അയാൾക്ക്‌ അയാളുടെ ന്യായീകരണം ഉണ്ടാകും. അയാളോടൊപ്പം ഒരു വർഷത്തോളം ജോലി ചെയ്തു പിരിഞ്ഞിട്ടും പ്രൊഫഷണൽ ബന്ധം തുടരാൻ വീണ്ടും എനിക്കു കഴിഞ്ഞു. അതിൽ എത്ര മാത്രം ആത്മാർത്ഥത ഉണ്ടായിരുന്നു എന്ന്‌ ഞാൻ ചിന്തിക്കാറുണ്ടായിരുന്നു.

എന്തായാലും അയാൾ തന്റെ നിലപാടു തുറന്നു പറഞ്ഞു. എന്നാൽ ഈ ആശയം മനസിൽ വച്ച്‌ പെരുമാറുന്ന പലരേയും ഞാൻ കണ്ടിട്ടുണ്ട്‌. സൗഹൃദത്തിൽ ഇത്തരം പരിധികളുണ്ടോ…? എന്ന്‌ ചിന്തിപ്പിക്കുന്ന പല സാഹചര്യങ്ങളും ഞാൻ നേരിട്ടിട്ടുണ്ട്‌.

അതു കൊണ്ട്‌ തന്നെയാവാം അത്ര അടുത്തു പരിചയമില്ലാത്ത സുഹൃത്തുക്കളോട്‌ ഞാനും ഒരകലം ശീലിക്കാൻ തുടങ്ങിയത്‌.

ആ അകലം പാലിക്കലാവണം ഇവിടേയും സംഭവിച്ചത്‌.

അങ്ങിനെ പാർവതിയുടെ നാട്ടുവിശേഷങ്ങളും, പ്രത്യേകിച്ച്‌ കഥകൾ പറയാനില്ലാതിരുന്ന അനിതയുടെ മെസ്സേജുകളുമായി ഏതാണ്ടൊരു വർഷം കഴിഞ്ഞു.

ഇരുവരുടേയും ഫൈനൽ സെമസ്റ്റർ പരീക്ഷകളായി.

അവരുടെ തിരക്കിനിടയിൽ ആശയവിനിമയം നീണ്ട ഇടവേളകൾക്കുള്ളിലായി.

ചാറ്റിങ്ങ് പാടേ നിന്നു. വല്ലപ്പോഴുമുള്ള മെസ്സേജ്‌ മാത്രമായി.

പിന്നെപ്പോഴോ പരീക്ഷ കഴിഞ്ഞ്‌ നാട്ടിലേക്ക്‌ പോകുന്നെന്നും, നാട്ടിൽ ചെന്ന്‌ ഫ്രീയായിട്ട്‌ കോണ്ടാക്റ്റ്‌ ചെയ്യാമെന്നും ഒരു മെസ്സേജ്‌ അയച്ച്‌ പാർവതിയും അനിതയും യാത്ര പറഞ്ഞു.

പിന്നീടവരെ ഓർക്കുട്ടിൽ ആക്ടീവായി കാണാറില്ലായിരുന്നു. ഞാനും അതു മറന്നു.

ഒരിക്കൽ അനിത എനിക്കൊരു മെസേജ്‌ അയച്ചു. പാർവതിയുടെ വിവാഹമാണമാണത്രേ. ഏതോ ഒരു തീയതിയും ആ കുട്ടി ചേർത്തിരുന്നു.

ആഴ്ചകൾ കഴിഞ്ഞ്‌ ഒരു ദിവസം പാർവതിയുടെ പ്രൊഫൈൽ ചിത്രം മാറിയിരിക്കുന്നത്‌ ഞാൻ കണ്ടു. സുമുഖനായ  വരനോടൊപ്പമുള്ള പാർവതിയുടെ യഥാർത്ഥ ചിത്രം.

പാർവതിയുടെ മുഖത്ത്‌ ഒരു വിഷാദം നിറഞ്ഞിരുന്നു.

പിന്നെ പ്രൊഫൈലിൽ പേരിന്റെ സ്ഥാനത്ത്‌ ഇങ്ങിനെ ചേർത്തിരുന്നു,

“ ആധിപത്യത്തിന്റെ ഇര’ (Victim of hegemony) ”

ആ തലക്കെട്ട്‌ അത്ര സുഖകരമായ ഒരു കുസൃതിയായി എനിക്കു തോന്നിയില്ല.

ഗ്രാമാന്തരീക്ഷത്തിലെ ഭംഗിയായിരുന്നില്ല വിവാഹ വേദിയിലും ചടങ്ങിലും ഒന്നും. ബാംഗ്ലൂരിലെ ഏതോ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ആഢംബരമായ ചടങ്ങും, വിവാഹ ആഘോഷവും.

ഓർക്കുട്ടിന്റെ വിൻഡോ ഞാൻ ക്ലോസ്‌ ചെയ്തു.

ആ സൗഹൃദത്തെക്കുറിച്ചുള്ള ഓർമകളും.

യാദൃശ്ചികമായി നാളുകൾക്ക്‌ ശേഷം അനിത ഓൺലൈനിൽ വന്നപ്പോൾ എനിക്ക്‌ പാർവതിയുടെ വിശേഷങ്ങൾ ചോദിക്കാതിരിക്കുവാൻ കഴിഞ്ഞില്ല.

അനിത എന്നോടു പറഞ്ഞ കഥ ഞാൻ ചുരുക്കി പറയട്ടെ.

കഥയിൽ പാർവതിയുടെ പ്രൊഫൈൽ ഇങ്ങിനെ പറയാം, പാലക്കാട്‌ പട്ടാംബി സ്വദേശികളായ ബാലകൃഷ്ണന്റേയും ജാനകിയുടേയും ഏകമകളായിരുന്നു പാർവതി ബാല. അച്ഛൻ വിദേശത്തായിരുന്നതിനാൽ പാർവതി അമ്മക്കും മുത്തശ്ശിക്കുമൊപ്പം പട്ടാമ്പിയിലെ തറവാട്ടിലാണ്‌ തന്റെ ബാല്യകാലം ചിലവഴിച്ചത്‌.

മുത്തശ്ശിയുടെ മരണ ശേഷം പാർവതി അമ്മക്കൊപ്പം കർണാടകത്തിലെ അച്ഛന്റെ പുതിയ ജോലി സ്ഥലത്തേക്ക്‌ മാറി. പിന്നീടെന്നോ ബാലകൃഷ്ണൻ തറവാട്‌ വിറ്റ്‌ ബാംഗ്ലൂരിൽ ഫ്ലാറ്റ്‌ വാങ്ങി. പത്ത്‌ വയസിൽ നാട്ടിൽ നിന്ന്‌ പോയ പാർവതിയുടെ മനസിൽ പക്ഷേ ഗ്രാമം മനോഹരമായ ഒരോർമ്മയായി അവശേഷിച്ചു.

ചിലപ്പോഴൊക്കെ നാട്ടിൽ പോകണമെന്ന്‌ അവൾ വാശി പിടിക്കുമായിരുന്നു.

“ നമുക്കു നാട്ടിൽ ഒരു വീടു പണിയാം… എന്നിട്ട്‌ നമുക്കെല്ലാവർക്കും പോകാം… ” അങ്ങിനെ പറഞ്ഞ്‌ അച്ഛൻ  പാർവതിയെ സമാധാനിപ്പിക്കുമായിരുന്നു.

പക്ഷേ പിന്നോടൊരിക്കലും നാട്ടിലേക്ക്‌ വരാൻ കഴിഞ്ഞില്ലെങ്കിലും പാർവതി നാടും ഭാഷയും മറന്നില്ല.

അച്ഛൻ പോലീസിലാണെന്ന്‌ പറഞ്ഞത്‌ പാർവതിയുടെ ഒരു  നുണക്കഥയായിരുന്നുവെന്ന്‌ ഇവിടെ ഞാനോർമിപ്പിക്കട്ടെ.

അങ്ങിനെ പാർവതി എഞ്ചിനീയറിംഗിനു ചേർന്നപ്പോഴാണ്‌ അനിതയെ പരിചയപ്പെടുന്നത്‌.

ഒരേ ഡിപ്പാർട്ട്മെന്റിൽ ഒരേ ക്ലാസ്സിൽ ആയിരുന്നു ഇരുവരും. അനിത പാലക്കാട്‌ നിന്നാണെന്ന്‌ അറിഞ്ഞതിന്റെ ത്രില്ലിലായിരുന്നു പാർവതി.

ഗ്രാമത്തോടുള്ള പാർവതിയുടെ പ്രിയം അവരുടെ സൗഹൃദത്തിന്‌ ആക്കം കൂട്ടി.

അങ്ങിനെ സെമസ്റ്റർ എക്സാമിനേഷൻ കഴിഞ്ഞുള്ള അവധിദിവസങ്ങളിൽ കുറച്ചു ദിവസം പാർവതി അനിതക്കൊപ്പം അവളുടെ ഗ്രാമമായ നെമ്മാറയിൽ എത്തുമായിരുന്നു. അപ്പോൾ പാർവതി എടുക്കുന്ന ഫോട്ടോകളായിരുന്നു അവളുടെ ഗ്രാമത്തിന്റേതെന്നു പറഞ്ഞ്‌ പ്രൊഫൈൽ ആൽബത്തിൽ ചേർത്തിരുന്നത്‌.

അനിതയുടെ ഗ്രാമം പാർവതിയെ ഏറെ ആകർഷിച്ചു.

അനിതയുടെ നാടിനെക്കുറിച്ച്‌ പാർവതി അച്ഛനോട്‌ പറഞ്ഞു.

“ നമുക്ക്‌ അവിടെ ഒരു വീടു വക്കണം. അച്ഛൻ പറഞ്ഞ വാക്കാണ്‌… ” അവൾ ഒ​‍ാർമ്മപ്പെടുത്തി.

“ അച്ഛൻ ജോലിയിൽ നിന്ന്‌ പിരിയട്ടെ. നമുക്ക്‌ നാട്ടിൽ പോയി നല്ലൊരു സ്ഥലമൊക്കെ നോക്കി വീടു വയ്ക്കാം…”

“ അച്ഛൻ ഉറപ്പു കൊടുത്തതിന്റെ പിറ്റേ ദിവസം പാർവതിയുടെ സന്തോഷം എന്നെ അത്ഭുതപ്പെടുത്തി. ഒരു കൊച്ചു കുട്ടിയെപ്പോലായിരുന്നു പാർവതി… ” അനിത പറഞ്ഞു.

അവളുടെ എഞ്ചിനീയറിംഗ്‌ പഠനം പൂർത്തിയാകുന്നതിന്റെ അടുത്ത വർഷം അച്ഛൻ ജോലിയിൽ നിന്ന്‌ പിരിയും. എന്നിട്ട്‌ നാട്ടിൽ ഒരു വീടു വയ്ക്കുന്നതുമൊക്കെ അവൾ സ്വപ്നം കണ്ടു കൊണ്ടിരുന്നു.

പക്ഷേ പഠനം പൂർത്തിയാക്കിയ ഉടനെ അവൾക്കൊരു വിവാഹാലോചന വന്നു.

പയ്യൻ യു എസിൽ. പാർവതിക്ക്‌ ഒട്ടും സമ്മതമായിരുന്നില്ല…

എന്നാൽ കർക്കശ്ശക്കാരനും അതിലധികം വാത്സല്യനിധിയുമായ അച്ഛന്റെ നിർബന്ധത്തിനു മുന്നിൽ അവൾക്ക്‌ ആ വിവാഹത്തിനു സമ്മതിക്കേണ്ടി വന്നു.

വിവാഹം കഴിഞ്ഞ്‌ ഏതാനും ദിവസങ്ങൾക്കുള്ളിൽ അവർ അമേരിക്കക്ക്‌ പോയി.

                അനിത പറഞ്ഞു, “ വിവാഹത്തലേന്ന്‌ എന്നെ കണ്ടപ്പോൾ പാർവതി പൊട്ടിക്കരഞ്ഞു. എന്റെ നാടിനെ ഞാൻ പോലും അത്ര സ്നേഹിച്ചിരുന്നോ എന്ന്‌ സംശയമാണ്‌. എന്നാൽ പാർവതി എന്നെ ഞെട്ടിച്ചു. അങ്ങിനെ ഒരു അറ്റാച്മെന്റ്‌ ഉണ്ടാകുമോ…? ”

അനിതക്ക്‌ ഏതോ ഒരു നോർത്തിൻഡ്യൻ കമ്പനിയിൽ ജോലി കിട്ടിയിരുന്നു. തൊട്ടടുത്ത ആഴ്ച അവിടെ ജോയിൻ ചെയ്യുമെന്ന്‌ പറഞ്ഞ്‌ സംഭാഷണം അവസാനിപ്പിച്ചു.

പിന്നീട്‌ അനിതയേയോ പാർവതിയേയോ കുറിച്ച്‌ ഒരു വിവരവുമില്ലാതായി.

അവരുടെ പ്രൊഫൈലിൽ പുതിയ പോസ്റ്റുകളൊന്നും കണ്ടില്ല.

പുതിയൊരു ജോലി സ്ഥലത്ത്‌ ഓർക്കുട്ടിന്‌ വിലക്കുണ്ടായിരുന്നതു കൊണ്ട്‌ അതിന്റെ ഉപയോഗവും ഞാൻ എപ്പോഴോ ഉപേക്ഷിച്ചു.

രണ്ടു വർഷത്തിനു ശേഷം ഒരിക്കൽ അനിത എന്നെ കോണ്ടാക്റ്റ്‌ ചെയ്തു. ഫേസ്ബുക്കിലെ എന്റെ ഐ ഡി ഫോളോ ചെയ്ത്‌ അനിത എനിക്കൊരു മെസ്സേജ് അയച്ചു.

അനിതക്ക്‌ പറയുവാൻ സന്തോഷ വാർത്തകളാണുണ്ടായിരുന്നത്‌.

അനിത ഇപ്പോൾ വിവാഹം കഴിഞ്ഞ്‌ ഭർത്താവിനൊപ്പം മലേഷ്യയിലാണ്‌. പാർവതിക്ക്‌ ഒരു പെൺകുഞ്ഞ്‌ ഉണ്ടെന്നും അവളുടെ അച്ഛൻ പാർവതി നാട്ടിലെത്തുമ്പോൾ താമസിക്കാൻ അവളുടെ സ്വപ്നം പോലെ പാലക്കാട്‌ ഒരു വീടു വാങ്ങിയെന്നും പറഞ്ഞു.

പൂർത്തിയാക്കാതെ നിർത്തിയ ഒരു കഥ അനിത നന്നായി പറഞ്ഞ് അവസാനിപ്പിച്ചതായി എനിക്ക്‌ തോന്നി.

 

അനൂപ്‌ ശാന്തകുമാർ
-2010 ഒക്ടോബർ 07-

 

കൂടുതൽ ചെറുകഥകൾ വായിക്കാം

YOUTUBE  |  INSTAGRAM  |  FACEBOOK

Facebook Comments

comments

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Add comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

About Blogger

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Email Newsletter

We Won't SPAM , Only Serious Emails.

Advertisement