
നാഗലിംഗ പുഷ്പം
അതി മനോഹരമായ വലിയ പൂവാണ് നാഗലിഗ മരത്തിലുണ്ടാകുന്ന നാഗലിംഗ പുഷ്പം. നാഗലിംഗ പുഷ്പം പൂത്തു നിൽക്കുന്ന ഈ അപൂർവ്വ മരം കണ്ടതത്രയും ക്ഷേത്രങ്ങളിലാണ്. അതു കൊണ്ട് മരത്തിനും പൂവിനും എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടെന്ന് തോന്നിയിരുന്നു.
പിന്നീട് കലൂർ ചേരാതൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നാണ് ഈ മരത്തിന്റെ പേര് മനസിലാക്കാനായത്. അവിടേയും നിറയെ പൂക്കളുള്ള ഈ മരം ഭക്തരെ ആകർഷിച്ചിരുന്നു. ഒരു തരത്തിൽ വലിയൊരു ചെമ്പരത്തി പൂവിന്റെ അത്ര വലിപ്പം മാത്രമേ പൂവിനുള്ളൂ. എന്നാൽ ദളങ്ങൾ കട്ടിയുള്ളതാണ്.
പൂവിന്റെ മനോഹാരിത
ചുവപ്പ്, പിങ്ക്, മഞ്ഞ, വെള്ള നിറങ്ങൾ ചേർന്നതാണ് നാഗലിംഗ പുഷ്പം. 6 ദളങ്ങളാണ് പൂവിന്. പൂമൊട്ടുകൾക്ക് മഞ്ഞ കലർന്ന പച്ച നിറമാണെന്ന് പറയാം. തെങ്ങിലെ മച്ചിങ്ങ പോലെ കുലകുലയായിട്ടാണ് പൂമൊട്ടുകൾ കാണപ്പെടുന്നത്.
മൊട്ടുകൾ ഉരുണ്ട് സാമാന്യം വലുപ്പം ആയതിനു ശേഷമാണ് ഇതളുകളായി വിരിയുന്നത്. പൂവിന്റെ മദ്ധ്യഭാഗത്തായി പിങ്കും, വെള്ളയും, മഞ്ഞയും കലർന്ന ആകർഷകമായ നാരുകൾ തിങ്ങിയ ഭാഗം ഉണ്ട്.

നാഗങ്ങളെ ആകർഷിക്കുമോ?
അതാണ് എന്നെ കുഴക്കിയത്. ഇത്ര മനോഹരമായ പുഷ്പം നാഗങ്ങളെ ആകർഷിക്കുമോ? അല്ലെങ്കിൽ നാഗങ്ങളുമായി എന്ത് ബന്ധമാണ് ഈ ആകർഷകമായ പൂവിനുള്ളത്. മറ്റൊന്നും അല്ല, മരത്തിന്റെ തടിയിൽ നിന്നുള്ള തണ്ടുകളിൽ ആണ് പൂക്കൾ വിരിയുക.
ഈ തണ്ടുകൾ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാകും. ഒരു നാഗത്തെ പോലെ ചുറ്റിവളവുള്ളതാണ് ശാഖകൾ. അതു പോലെ പലയിടത്തും മരത്തെ ചുറ്റിയാണ് തണ്ടുകൾ കാണപ്പെടുക. ഈ തണ്ടുകൾ തന്നെയാണ് മരത്തിന്റെ ശാഖകളും. ശാഖകളുടെ രൂപത്തിൽ നിന്നാണ് നാഗലിംഗം എന്ന പേര് വന്നത്.


വിചിത്രമായ പേര് ഇംഗ്ളീഷിലും
ഇംഗ്ളീഷിൽ ‘കാനൻ ബോൾ ട്രീ’ (Cannonball Tree) എന്നാണ് ഈ മരം അറിയപ്പെടുന്നത്. മരത്തിന്റെ ഫലത്തിൽ നിന്നാണ് ഈ വിചിത്രമായ പേരുണ്ടായത്. ഒരു തേങ്ങയുടെ അത്ര വലിപ്പം വരുന്ന ഫലത്തിന് ഉരുണ്ട ഗോളാകൃതിയാണ്.
ഒരു തരത്തിൽ പഴയകാലത്ത് ഉപയോഗിച്ചിരുന്ന പീരങ്കിയുണ്ടയുടെ ആകൃതി. അതു കൊണ്ടാണത്രേ കാനൻ ബോൾ ട്രീ എന്ന പേരുണ്ടായത്. ശാസ്ത്ര നാമം Couroupita Guianensis എന്നാണ്. മരത്തിന്റെ ഫലം അപൂർവമായി ആഹരിക്കാറുണ്ടെന്നും, ബുദ്ധവിഹാരങ്ങളിൽ പല ഔഷധക്കൂട്ടുകൾക്കും ഉപയോഗിക്കാറുണ്ടെന്നും കേട്ടിട്ടുണ്ട്.

ഇലകൾ
ഇളം പച്ച നിറത്തിലുള്ള ഇലകൾ മൂപ്പെത്തുന്നതിനനുസരിച്ച് കടും പച്ച നിറമാകുന്നു. ഇല വാറ്റിയെടുക്കുന്ന നീര് ചർമ്മരോഗങ്ങൾക്കുള്ള ഔഷധങ്ങൾ തയ്യാറാക്കാൻ ഉപയോഗിച്ചു വരുന്നു.

ചിത്രങ്ങൾ
**കോതമംഗലം എം. എ കോളേജ് കാമ്പസിൽ നിന്ന് പകർത്തിയ നാഗലിംഗ മരത്തിന്റെ ചിത്രങ്ങൾ ആണ് ഇവിടെ ചേർത്തിരിക്കുന്നത്.
Add comment