De Kochi - Photographic Journal
cheru katha, cherukatha, short story, malayalam short story, malayalam katha, malayalam kadha, malayalam story, malayalam cheru kathakal, malayalam short stories, cherukathakal, katha, kathakal, Malayalam blog, Malayalam blog kathakal, malayalam blog stories

നീല ഗേറ്റുള്ള വീട്

cheru katha, cherukatha, short story, malayalam short story, malayalam katha, malayalam kadha, malayalam story, malayalam cheru kathakal, malayalam short stories, cherukathakal, katha, kathakal, Malayalam blog, Malayalam blog kathakal, malayalam blog stories

 

അന്നൊരു മോശം ദിവസമായിരുന്നു… പ്രതീക്ഷയ്ക്കു വകയുള്ള ഒരു മുഖവും കാണാത്ത, ഒരു വാക്കും കേൾക്കാത്ത സെയിൽസ് മനേജരുടെ ഒരു ദിവസത്തിന്റെ ഒടുവിൽ അയാൾ അങ്ങനെ ചിന്തിച്ചില്ലെങ്കിലേ അത്ഭുതം തോന്നേണ്ടതുള്ളൂ…

പ്രതീക്ഷയോടെ വന്നു ചേർന്ന ചെന്നൈ നഗരത്തിൽ നിന്ന്, നിരാശയോടെ ഈ വൈകുന്നേരം ഞാൻ മടങ്ങുന്നു…

റെയിൽവേ സ്റ്റേഷനിൽ നല്ല തിരക്കുണ്ടായിരുന്നു… തലയിലും നൂറു ചിന്തകൾ തിരക്കു കൂട്ടുന്നു… വല്ലാത്ത ബഹളം…
ഏതൊരു തിരക്കിൽ നിൽക്കുമ്പോഴും, ഏതർത്ഥത്തിലും ശുദ്ധവായു കിട്ടുന്ന ഒരിടം തേടുന്ന ഒരാളെ പോലെ ഞാനും ഇടം വലം നോക്കിക്കൊണ്ടിരുന്നു… അങ്ങനെ കണ്ണുകൾ ചുറ്റും പരതുമ്പോഴാണ്‌ അവൾ കൺമുന്നിലേക്ക് വരുന്നത്…

മാന്യമായി വസ്ത്രം ധരിച്ച വെളുത്ത് സുന്ദരിയായ ഒരു പെൺകുട്ടി… ദുഖമോ, ആകുലതയോ കടിച്ചമർത്തുന്ന മുഖം… അവളും എന്നെ പോലെ ചുറ്റും നോക്കുന്നുണ്ട്…

ഒരു നിമിഷം… എന്നെ കണ്ടതും, ഷോൾഡർ ബാഗിന്റെ ബെൽറ്റിൽ മുറുകെപ്പിടിച്ച് കൊണ്ട് അവൾ എന്നെ തന്നെ സൂക്ഷിച്ചു നോക്കി… പ്രതീക്ഷിച്ച ആരോ ആണ്‌ ഞാൻ എന്ന് തീർച്ചപ്പെടുത്താനെടുത്ത നിമിഷങ്ങൾക്കൊടുവിൽ, അവളുടെ മുഖത്ത് ഒരു ചെറു ചിരി വിടർന്നു…

അതെന്നെ നോക്കി തന്നെയോ…? ഞാൻ എന്റെ ചുറ്റിനും നോക്കി… അല്ല… മറ്റാരെയും അല്ല… എന്നെ തന്നെയാണ്‌ അവൾ നോക്കുന്നത്… അവളിപ്പോൾ കുറച്ചു കൂടി നന്നായി പരിചിതഭാവത്തിൽ ചിരിക്കുന്നു… എന്നാൽ എന്റെ മുഖത്ത് ചിരി വന്നില്ലെന്ന് മാത്രമല്ല, ഒരു നിഷേധഭാവം കൂടി വന്നെന്നു തോന്നി…

ഒന്നു രണ്ട് നിമിഷം കൂടി അവൾ അതേ ചിരിയുമായി നിന്നു… ഞാൻ മുഖം തിരിച്ചു…

മനുഷ്യനു ഭ്രാന്തു പിടിച്ചു നിൽക്കുന്ന നേരത്താണ്‌ ഒട്ടും പരിചയമില്ലാത്ത ഒരുത്തി ചിരിച്ചു കാണിക്കുന്നത്… എന്നെ അറിയുന്ന ഒരുവളാണെങ്കിൽ അടുത്തു വന്നു മിണ്ടുമല്ലോ… ഇതതല്ല… അപ്പോൾ…?

ഓഹ്…! മനസിലായി…!!

ഒന്നു കൂടി അവജ്ഞയോടെ അവളെ നോക്കി… ഇത്തവണ അവളുടെ ചിരി മാഞ്ഞു… മാത്രമല്ല, അവളുടെ മുഖം നിരാശയാൽ ഇരുണ്ടിരിക്കുന്നു…

എല്ലാ ശ്രദ്ധയിൽ നിന്നും എന്നെ തിരിച്ചു വിളിക്കുവാൻ വേണ്ടിയെന്ന പോലെ ഹോൺ മുഴക്കിക്കൊണ്ട് ട്രെയിൻ വന്നു… കമ്പാർട്ട്മെന്റിൽ കയറിയതിനു ശേഷവും ഞാൻ അവളെ ഒരു നിമിഷം അറിയാതെ ശ്രദ്ധിച്ചു… ചിരപരിചിതനായ ഒരാൾ എന്നേക്കുമായി യാത്രപറഞ്ഞു പോകുമ്പോൾ അയാളെ യാത്രയയക്കാനെത്തിയ ഒരാളുടെ അവസാന നോട്ടമാണ്‌ അവളുടെ മുഖത്തെന്ന് തോന്നി…

ഞാനെന്തിനാണ്‌ അത്ര അനുതാപത്തോടെ അങ്ങനൊക്കെ ചിന്തിക്കുന്നതെന്ന് എനിക്കു മനസിലായില്ല… ഒരിക്കൽ കൂടി ഞാൻ മന:പൂർവ്വം നോട്ടം തിരിച്ചു…

ആരാണവൾ…? ട്രെയിൻ സ്റ്റേഷൻ വിട്ടിട്ടും എന്റെ മനസ് അവിടേയ്ക്ക് തിരികെ പോകുന്നതു പോലെ തോന്നി… എന്തിനാണ്‌ ഞാൻ വെറുതേ അവളെക്കുറിച്ച്, അല്ലെങ്കിൽ ഏതോ ഒരു പെണ്ണിന്റെ ചിരിയെക്കുറിച്ച് ഓർത്ത് സമയം കളയുന്നത്…

ചുറ്റുമുള്ള അപരിചിതരിൽ നിന്നും, ചിന്തകളിൽ നിന്നും ഞാൻ എന്റെ ശ്രദ്ധയെ വാട്സാപ്പിലേക്ക് തിരിച്ചു വിട്ടു… പരിചിതരുടെ സ്റ്റാറ്റസുകളിലൂടെ, ഷെയറുകളിലൂടെ കണ്ണും മനസും മറ്റൊരു ലോകത്തേയ്ക്ക്…

പക്ഷേ, ഇടയ്ക്കിടെ റോസ് നിറമുള്ള വസ്ത്രം ധരിച്ച, സ്റ്റേഷനിൽ കണ്ട ആ പെൺകുട്ടിയുടെ നോട്ടം എന്റെ മനസിൽ വന്നു തറച്ചുകൊണ്ടിരുന്നു…

സുഹൃത്തുക്കളിലൊരാൾ അയച്ച ഒരു വീഡിയോ ക്ളിപ്പ് വാട്സ് ആപ്പിൽ വന്നു വീണു…

റയിൽവേ സ്റ്റേഷനിൽ സുഹൃത്തുക്കളെ യാത്രയാക്കാൻ വന്ന ആരോ എടുത്ത ഒരു മൊബൈൽ വീഡിയോ… കൗമാരപ്രായത്തിലുള്ള നാലോ അഞ്ചോ കുട്ടികൾ… വീഡിയോ എടുക്കുന്നയാളെ നോക്കി കൈവീശി ആർപ്പു വിളിക്കുന്നു… രണ്ട് വിരലുകൾ ഉയർത്തി വിക്ടറി സിംബൽ കാണിക്കുന്നു… പെട്ടെന്ന് അവരുടെ പശ്ഛാത്തലത്തിൽ നിന്ന ഒരു പെൺകുട്ടി പ്ളാറ്റ്ഫോമിൽ നിന്ന് ഓടിച്ചെന്ന് റേയിൽവേ ട്രാക്കിലേക്ക്… ഒരു നിമിഷം, പാഞ്ഞു വന്ന ട്രെയിൻ അവളേയും കൊണ്ട്… വീഡിയോ എടുത്തിരുന്ന ആൾ ആ ദൃശ്യത്തെ പിന്തുടരുന്നു…

മൊബൈൽ എന്റെ കൈയിൽ നിന്ന് അറിയാതെ വഴുതി… ആരോ തലയിൽ ശക്തിയായി അടിച്ചതു പോലെ തോന്നി… ഏകദേശം അര മണിക്കൂർ മുൻപ് ഞാൻ കണ്ട അതേ പെൺകുട്ടി… റോസ് നിറമുള്ള വസ്ത്രം ധരിച്ച അതേ പെൺകുട്ടി… എന്നെ നോക്കി ചിരിച്ച ആ മുഖം…
ഒരിക്കൽ കൂടി ആ വീഡിയോ കണ്ട് അത് തീർച്ചപ്പെടുത്താനുള്ള ധൈര്യം വന്നില്ല…

യാദൃശ്ചികമായി മുന്നിൽ വന്നു നിന്ന ഒരാൾ… അവൾ… ഇതാ ഇപ്പോൾ മറ്റൊരു വിധത്തിൽ എന്നെ അസ്വസ്ഥനാക്കിയിരിക്കുന്നു…

ആരായിരുന്നാലും അവൾ എന്തിനങ്ങനെ ചെയ്തു…? അവളെന്നെ അറിയുന്ന ഒരാളാണോ…? ഞാൻ ഓർമയിൽ തിരയാൻ തുടങ്ങി…

32 വർഷത്തെ ജീവിതത്തിൽ കണ്ട മുഖങ്ങളെയൊക്കെ ഓർത്തെടുക്കാനായെങ്കിലെന്ന് ആഗ്രഹിച്ചു പോയി… അവളുടെ മുഖം മനസിൽ തെളിയുന്നുണ്ട്… പക്ഷേ, ആ മുഖത്തിനോട് സാമ്യമുള്ള, അല്ലെങ്കിൽ അവളാകാൻ സാധ്യതയുള്ള ഒരാളെ ജീവിതത്തിൽ എവിടെ… എന്നാണ്‌ കണ്ടിട്ടുണ്ടാകുക…? പരിചയപ്പെട്ടിട്ടുണ്ടാകുക…?

കണ്ണടച്ച് ഭൂതകാലത്തിലേക്ക് പറന്നു… എവിടെ…? ഏതു കാലത്ത്…?

ഒരു നിമിഷം…!!

ആ കണ്ണുകൾ… അത് അവളായിരുന്നില്ലേ… ?

അന്ന്, നീല ഗേറ്റുള്ള ആ വീട്ടിൽ കണ്ടിരുന്ന അതേ പെൺകുട്ടി…? അവളോ…? ദൈവമേ…!!

ഓർമയിൽ ആ വീട് തെളിഞ്ഞു വന്നു… നീല ഗേറ്റുള്ള മനോഹരമായ ഒരു വീട്…

ആ ഗേറ്റിനപ്പുറത്ത് നിറയെ പൂച്ചെടികളുണ്ടായിരുന്നു… പൂക്കളുണ്ടായിരുന്നു… പിന്നെ, അവളുണ്ടായിരുന്നു…
അവളുണ്ടായിരുന്നത് കൊണ്ട് മാത്രം ഭംഗിയുണ്ടെന്ന് തോന്നിച്ച വീട്… എന്റെ ശ്രദ്ധ പിടിച്ചു പറ്റിയ നീല ഗേറ്റുള്ള വീട്…
വീട്ടിൽ നിന്ന് 5 കിലോ മീറ്റർ മാത്രം അകലെയുള്ള കോളേജിലേക്ക് ബസിൽ യാത്ര ചെയ്തിരുന്ന എന്റെ പഠനകാലത്താണ്‌ ആ വീട് ഞാൻ ശ്രദ്ധിച്ചത്…

അവൾ എന്തിനാണ്‌ എന്നും അതേ സമയത്ത് ആ ഗേറ്റിൽ കാത്തു നിന്നിരുന്നത് എന്നറിയില്ല… എന്നെ കാണാനായിരിക്കണം… അങ്ങിനെ ഒരു കാൽപനികത വെറുതേ ഒരു തമാശയ്ക്ക് ഞാൻ മനസിൽ കൊണ്ടു വന്നു…

പക്ഷേ, അതു വെറുതെയല്ലായിരുന്നു… അങ്ങനെയായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച എന്റെ മനസിന്റെ ഭാവനയായിരുന്നു അത്… കാരണം ഒരിക്കൽ കണ്ടപ്പോൾ തന്നെ ആരെന്നറിയാത്ത, എന്തെന്നറിയാത്ത ആ കുട്ടിയോട് എനിക്ക് അത്രമേൽ ഒരിഷ്ടം തോന്നിയിരുന്നു…
എന്നാൽ ഒരിക്കൽ പോലും അവൾ എന്റെ നേർക്കൊന്ന് നോക്കിയില്ല…

ഒരിക്കലെങ്കിലും അവൾ എന്റെ നേർക്കു നോക്കിയിരുന്നെങ്കിൽ എന്ന ആഗ്രഹത്തോടെ, ബസിന്റെ സൈഡ് സീറ്റിലിരുന്നുള്ള എന്റെ യാത്ര കുറേനാൾ നീണ്ടു പോയി…

സത്യം പറയട്ടേ, അങ്ങനെയൊന്ന് സംഭവിച്ചതിന്റെ പിറ്റേന്ന് അവളെ കാണുവാൻ കൊതി തോന്നി…

വെറും യാദൃശ്ചികമായ ഒരു കണ്ണുടക്കലിൽ അവൾ എന്നെ ശ്രദ്ധിച്ചോ എന്നു പോലും എനിക്കുറപ്പുണ്ടായിരുന്നില്ല… പക്ഷേ ആ ഗേറ്റിനുള്ളിൽ നിന്ന് അവൾ എന്റെ ബസ് കടന്നുപോകുമ്പോഴൊക്കെ അതിലെ യാത്രക്കാരെയും ശ്രദ്ധിച്ചിരുന്നു… ഇടയ്ക്ക് ചില ദിവസങ്ങളിൽ ആ ഗേറ്റിനപ്പുറം അവളെ കാണാതിരുന്ന ദിവസങ്ങളിൽ, മനസ് വല്ലാതെ അസ്വസ്ഥമാകുമായിരുന്നു…

ഒരു ദിവസം ആ സ്റ്റോപ്പിൽ ഇറങ്ങി അവളോട് പേര്‌ ചോദിക്കണമെന്നും പരിചയപ്പെടണം എന്നുമൊക്കെ മനസിൽ തോന്നിയിട്ടുണ്ട്… എന്തോ ധൈര്യമുണ്ടായില്ല…

പിന്നീടൊരിക്കൽ പെട്ടെന്ന് അവളെ കാണാതാകുന്നു… വലിയൊരു താഴിട്ട് പൂട്ടിയ നീല ഗേറ്റ് അവൾ ഇനി തിരികെ വരില്ലെന്ന് പറയുന്നതായി തോന്നി…

പിന്നീടുള്ള ദിവസങ്ങളിൽ പേരറിയാത്ത, ഒന്നുമറിയാത്ത, ഒരു പെൺകുട്ടി എന്റെ ജീവിതത്തെ വല്ലാതെ അസ്വസ്ഥതപ്പെടുത്താൻ തുടങ്ങി… അവൾ എവിടെ പോയി എന്ന ചിന്ത എന്നെ വല്ലാതെ അലട്ടി…

നാളെ വരും… മറ്റന്നാൾ കാണാതിരിക്കില്ല… അങ്ങനെ ഞാൻ സമാധാനിക്കാൻ ശ്രമിച്ചു…

ഒരു ദിവസം അവിടെയിറങ്ങി ആ വീടിനു മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് വീക്ഷിച്ചു നോക്കി… ഇല്ല അവിടെ ആരുമില്ല… ആരോടാണ്‌ ഒന്ന് തിരക്കുക…? എന്തെന്ന് പറഞ്ഞാണ്‌ തിരക്കുക…?

ദിവസങ്ങൾ കഴിയുംതോറും അവൾ ഇനി വരില്ല എന്നു മനസിലാക്കാൻ ഞാൻ ശ്രമിച്ചു നോക്കി…

ഒരുവൻ ഒരു പെൺകുട്ടിയെ അഗാധമായി പ്രണയിക്കുന്നതും, ഒടുവിൽ ഏറ്റവും വേദനയുള്ള മരണം അവളെ അവനിൽ നിന്ന് വേർപിരിക്കുന്നതുമായ ഒരു കഥയെഴുതണം എന്നെനിക്ക് തോന്നി… അങ്ങനെ ഞാനനുഭവിക്കുന്ന, എന്റെ വേദന മറ്റുള്ളവരിലേക്ക് എത്തിക്കാൻ തോന്നി…

അതെ അവളെ കൊല്ലണം… എന്റെ മനസിൽ നിന്ന്…

പക്ഷേ, ഞാൻ അങ്ങനൊരു കഥയെഴുതിയില്ല… അതൊരു ആവർത്തനവിരസമായ കഥയായിരിക്കും എന്നറിയാമായിരുന്നത് കൊണ്ട് മാത്രം…

എന്നാൽ, ഒടുവിൽ അത് സംഭവിച്ചു… എന്റെ മനസിൽ അവൾ മരിച്ചു… ഓർമകളിൽ അങ്ങനൊരാളില്ലാതായി…

പിന്നീടെപ്പോഴോ നീല ഗേറ്റും, ആ വീടും എല്ലാം ഇല്ലാതായി… അവിടെ പുതിയൊരു വീടു വന്നു… മനുഷ്യരും…

എന്നിട്ടിപ്പോൾ ഇന്നൊരു ദിവസം പെട്ടെന്ന് മുന്നിൽ വന്നപ്പോൾ, അവൾ എന്നെ നോക്കി ചിരിച്ചിരിക്കുന്നു… എന്നിൽ നിന്ന് തിരിച്ചൊരു ചിരി, പരിചയം പുതുക്കൽ… അതെല്ലാം, അവൾ പ്രതീക്ഷിക്കുന്നു…

എന്നാൽ അങ്ങനെ എന്തു ബന്ധമാണ്‌ അവളുമായിട്ടുണ്ടായിരുന്നത്…? ഒന്നുമില്ല…!

എല്ലാം വെറുതെ തോന്നുകയാണ്‌… ജീവിതത്തിൽ ഒരിക്കലും സംസാരിച്ചിട്ടില്ലാത്ത, അറിയാത്ത ഒരാൾ അത്തരത്തിലൊക്കെ ചിന്തിച്ചിരിക്കാം എന്ന് തോന്നുന്നത് എന്റെ വെറും ഭാവന മാത്രമാണ്‌…

എങ്കിലും അങ്ങനെ സംഭവിക്കാൻ പാടില്ലായ്കയില്ലല്ലോ…? അവൾ എപ്പോഴെങ്കിലും എന്നെ ശ്രദ്ധിച്ചിരുന്നെങ്കിലോ…?

ഏതെങ്കിലുമൊക്കെ കാരണത്താൽ, മനസ് കൈവിട്ടു പോയി നിന്ന ഒരു നിമിഷമാണ്‌ ഇന്ന് അവൾ എന്നെ കണ്ടിട്ടുണ്ടാകുകയെങ്കിലോ…?

ആരെങ്കിലും, എന്തെങ്കിലും ഒന്ന് തന്നെ തിരികെ വിളിച്ചെങ്കിൽ എന്നാഗ്രഹിച്ച നിമിഷം അവൾ എന്നിൽ നിന്ന് ഒരു പുഞ്ചിരി മാത്രമാണ്‌ പ്രതീക്ഷിച്ചതെങ്കിലോ… ?

ആ നിമിഷം ഞാനൊന്നു ചിരിച്ചിരുന്നെങ്കിൽ അവളുടെ ജീവിതം ആ ട്രാക്കിൽ തീരില്ലായിരുന്നു…?

ഒരാൾക്ക് ഒരു ചിരി തിരികെക്കൊടുക്കാൻ കഴിയാത്ത ഞാനെത്ര ക്രൂരനാണ്‌…

ഇല്ല… ഞാൻ വെറുതെ ഓരോന്ന് ചിന്തിക്കുകയാണ്‌… അവളെ എനിക്ക് ഒരു പരിചയവും ഇല്ല… അവൾ ഞാനറിയുന്ന ആളല്ല…

മൊബൈൽ എടുത്ത് ആ വാട്സ് ആപ്പ് വീഡിയോ ഡിലീറ്റ് ചെയ്തു… അത് മൊബൈലിൽ ഡൗൺലോഡ് ആയിട്ടില്ല എന്ന് ഉറപ്പുവരുത്തി…

നീല ഗേറ്റിനപ്പുറം നിന്നിരുന്ന, പരിചയമില്ലാതിരുന്നിട്ടും അടുപ്പം തോന്നിയ പെൺകുട്ടിയേപ്പോലെ തന്നെ വേറൊരുവൾ മാത്രമാണ്‌ മണിക്കൂറുകൾക്ക് മുൻപ് റെയിൽവേ സ്റ്റേഷനിൽ കണ്ട ആ പെൺകുട്ടിയും…

പരിചയമില്ലാത്തവർക്ക് മനസിൽ എന്തിനാണ്‌ വെറുതേ ഒരിടം കൊടുക്കുന്നത്… അവരൊക്കെ മനസിന്റെ ഗേറ്റിനു പുറത്തു നിൽക്കട്ടെ.

——–

അനൂപ് ശാന്തകുമാർ
-2020 ജൂൺ 5-

 

കൂടുതൽ ചെറുകഥകൾ വായിക്കാം

YOUTUBE  |  INSTAGRAM  |  FACEBOOK

Facebook Comments

comments

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Add comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

About Blogger

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Email Newsletter

We Won't SPAM , Only Serious Emails.

Advertisement