De Kochi - Photographic Journal
cheru katha, cherukatha, short story, malayalam short story, malayalam katha, malayalam kadha, malayalam story, malayalam cheru kathakal, malayalam short stories, cherukathakal, katha, kathakal, Malayalam blog, Malayalam blog kathakal, malayalam blog stories

സന്ദർശനം

cheru katha, cherukatha, short story, malayalam short story, malayalam katha, malayalam kadha, malayalam story, malayalam cheru kathakal, malayalam short stories, cherukathakal, katha, kathakal, Malayalam blog, Malayalam blog kathakal, malayalam blog stories

 

മനോന്മണി…
എത്ര മനോഹരമായ ഒരു പേരാണത്. പാണ്ഡ്യദേശത്തിന്റെ ഐതീഹ്യങ്ങളിൽ, വിശ്വാസസങ്കൽപ്പങ്ങളിൽ, ശക്തിയായി വെളിച്ചമായി നിലകൊള്ളുന്ന മനോന്മണി. അതു കൊണ്ട് തന്നെ അതൊരു ദേശത്തിന്റെ, സംസ്കാരത്തിന്റെ ഗന്ധം പേറുന്ന പേരായി തോന്നിയിട്ടുണ്ട്.

ഐതീഹ്യ കഥകൾക്കിപുറത്ത് ജന്മം കൊണ്ടോ ജീവിതം കൊണ്ടോ പാണ്ഡ്യ ദേശവുമായി ഒരു ബന്ധവുമില്ലാത്ത മനോന്മണിയെക്കുറിച്ചാണ്‌ ഞാൻ പറയാൻ പോകുന്നത്.

മുഖപുസ്തകത്തിലെ ഫ്രണ്ട് റിക്വസ്റ്റ് നോട്ടിഫിക്കേഷൻ ബെല്ലടിച്ച് കടന്നു വന്ന മനോന്മണി ബാല. പേരിനോടുള്ള കൗതുകം കൊണ്ട് മാത്രം വന്ന അത്ര വേഗത്തിൽ സ്വീകരിക്കപ്പെട്ട ഒരു സൗഹൃദം.

പിന്നീടൊരിക്കൽ മെസ്സെഞ്ചറിൽ വന്ന മനോന്മണിയുടെ ഒരു ഹൈ മെസേജിൽ നിന്നാണ്‌ ആ സൗഹൃദം വളർന്നത്. മനു എന്നു പരിചയപ്പെടുത്തിയിട്ടും ബാല എന്നു വിളിക്കാനാണ്‌ ഞാൻ ഇഷ്ടപ്പെട്ടത്.

അത് തന്റെ അച്ഛന്റെ പേരാണെന്ന ഓർമപ്പെടുത്തലിനെ അവഗണിച്ച്, ‘ബാല എന്ന പേരിന്‌ ഒരു കരുത്തുണ്ട്’ എന്ന അഭിപ്രായത്തിൽ ഉറച്ച് നിന്നു കൊണ്ട് ആ വിളി ഞാൻ തുടർന്നു. എന്റെ പോസ്റ്റുകൾക്ക് കീഴിൽ പ്രകടിപ്പിക്കാവുന്ന പ്രതികരണങ്ങൾ, ബാല നേരെ മെസ്സെഞ്ചറിൽ വന്നു പറയും.

ബാലയുടേതായ ഒരു പ്രതികരണവും എന്റെ പോസ്റ്റുകളിൽ ഞാൻ കണ്ടിട്ടില്ലായിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോൾ, ‘എന്തായാലും ആരോടായാലും നേരിൽ പറയാനാണ്‌ ഇഷ്ടം‘ എന്നു മാത്രം അവൾ പറഞ്ഞു.

എന്റെ പോസ്റ്റുകൾ കൂടുതലും സ്വന്തമായെടുത്ത ചിത്രങ്ങളായിരുന്നത് കൊണ്ട് അതേക്കുറിച്ച് കൂടൂതൽ സംസാരിക്കാനാകണം അങ്ങനെയൊരു വഴി തിരഞ്ഞെടുത്തതെന്ന് ഞാനും കരുതി. എന്റെ പൂക്കളും ശലഭങ്ങളും ബാലയെ ഓരോ ദിവസവും കൂടുതൽ കൂടൂതൽ വിസ്മയിപ്പിക്കുന്നത് ഞാൻ അവളുടെ വാക്കുകളിൽ നിന്നും ഇമോജികളിൽ നിന്നും മനസിലാക്കി.

ഒരിയ്ക്കൽ ചെറിയൊരു സംശയത്തോടെ ബാല ചോദിച്ചു, “ഇതൊക്കെ സ്വന്തം വീട്ടുമുറ്റത്ത് നിന്ന് തന്നെ…?” അതെ എന്ന ഉത്തരം അന്നും പിന്നീട് പലയാവർത്തിയും പറയേണ്ടി വന്നിട്ടുണ്ട്…

അടുത്തടുത്ത ദിവസങ്ങളിലായി കൃഷ്ണശലഭവും, നീലക്കുടുക്കയും, തകരമുത്തിയും, ചെങ്കോമാളിയും, ഗരുഡ ശലഭവും വാളിൽ പോസ്റ്റ് ചെയ്തപ്പോൾ ബാല പറഞ്ഞു “നിങ്ങളുടെ വീട് ഞാനൊരു ബട്ടർഫ്ളൈ പാർക്കായി പ്രഖ്യാപിച്ചിരിക്കുന്നു…”

പിന്നീടൊരു ദിവസം ബാല ചോദിച്ചു, “ഞാൻ വരട്ടെ ഇതിന്റെയൊക്കെ പടമെടുക്കാൻ…?”

എനിക്കെതിർപ്പൊന്നുമുണ്ടായിരുന്നില്ല… പിന്നെയും എത്ര വട്ടം, പലപ്പോഴായി ബാല ആ ചോദ്യം ചോദിച്ചു എന്നെനിക്കോർമയില്ല… പലയാവർത്തി അതു ചോദിച്ചപ്പോൾ എനിക്കതൊരു തമാശയായി മാറി.

അങ്ങനെയിരിക്കേ, ഒരിക്കൽ ബാല പെട്ടെന്നു ചോദിച്ചു, “ നാളെ ഞാൻ അവിടേയ്ക്ക് വരട്ടേ…?”

അത്ര ഗൗരവം കൊടുക്കാതെയാണ്‌ ഞാൻ അതിനനുവാദം കൊടുത്തത്. ലൊക്കേഷൻ മാപ് ഷെയർ ചെയ്യുമ്പോൾ പോലും ഗൂഗിൾ മാപ്പ് പ്രകാരമുള്ള 132 കിലോമീറ്റർ യാത്ര ചെയ്യാനുള്ള തീരുമാനം ബാല പെട്ടെന്നങ്ങനെ എടുത്തേക്കുമെന്ന് എനിക്കു തോന്നിയില്ല.

പക്ഷേ എത്തുന്ന സമയം കൂടി പറഞ്ഞപ്പോൾ, എന്റെ മുന്നിലുണ്ടായിരുന്ന പ്രശ്നം ഞാൻ അവതരിപ്പിച്ചു. “ പേരന്റ്സ് നാളെ ഒരു വിവാഹത്തിന്‌ പോകുന്നു… വീട്ടിൽ ഞാൻ തനിച്ചായിരിക്കും…”

“ നന്നായി… കൂടുതൽ സംസാരിച്ച് വഷളാകേണ്ടി വരില്ലല്ലോ…” അതായിരുന്നു ബാലയുടെ പ്രതികരണം.

പറഞ്ഞ സമയത്ത് തന്നെ പിറ്റേന്ന് ബാല വന്നു. കാറിന്റെ ഡോറടച്ച് എന്നെ നോക്കി ചിരിക്കുമ്പോൾ ആ മുഖത്ത് ഒരു സങ്കോചം ഉള്ളത് പോലെ തോന്നി. ചാറ്റിൽ സംസാരിക്കുന്ന അതേ ബാലയിലേക്ക് എത്താൻ പിന്നെയും കുറച്ച് സമയമെടുത്തു.

“ അപ്പുറത്തും ഇപ്പുറത്തും ഒക്കെ വീടുകൾ കാണുമെന്നാ കരുതിയത്… ഇതിപ്പോൾ ശലഭത്തിന്റെ പിന്നാലെ നടക്കുന്നത് കണ്ടാൽ ആരും ശ്രദ്ധിക്കുമെന്ന് പേടിക്കേണ്ടല്ലോ…?” ക്യാമറ കൈയിലെടുത്തു കൊണ്ട് ബാല പറഞ്ഞു.

‘അതെ… ഇത്തരമൊരു വിശാലമായ ഇടത്താണ്‌ വീടെന്നതിൽ ഞാനും എപ്പോഴും സന്തോഷിച്ചിരുന്നു’ എന്ന് ഞാൻ പറഞ്ഞു.

കുറച്ചു സമയം കൊണ്ട് തന്നെ ബാല പരിസരവുമായി ഇണങ്ങി. അവൾ വിറവാലന്റെയും, തീച്ചിറകന്റെയും, വരയൻ കടുവയുടേയും പിന്നാലെ കൂടി. ക്യാമറയുടെ ഷട്ടറുകൾ തുറന്നടഞ്ഞു. പകർത്തുന്ന ഒരോ ചിത്രവും അവൾ അപ്പോഴപ്പോൾ എന്നെ കാണിച്ചു കൊണ്ടിരുന്നു.

ഇടയ്ക്ക് അവൾ ചോദിച്ചു, “എഫ് ബിയിൽ എന്താ ലൈക്കുകൾ കുറവാണല്ലോ…കൂട്ടുകാരൊന്നും ശ്രദ്ധിക്കുന്നില്ലേ… അതോ എല്ലാരും എന്നെപ്പോലാണോ…?”

“അത്രയങ്ങ് സോഷ്യലൈസിങ്ങിന്‌ ശ്രമിച്ചിട്ടില്ല… പിന്നെ ഫ്രണ്ട്സ് ഒക്കെ തിരക്കുള്ളവരാണ്‌… അതു കൊണ്ടാവും…” മറുപടി കേട്ട് അവൾ ചിരിച്ചു.

“സുഹൃത്തിന്‌ ഒരു ലൈക്ക് കൊടുക്കാൻ വയ്യാത്ത തിരക്കുള്ളവരോ…? അങ്ങനുള്ളവരെ കൂടെ നിർത്തുന്നതിൽ എന്താ അർത്ഥം…?”

“അങ്ങനെ ഞാൻ ആരെയും പിടിച്ചു നിർത്താറോ പറഞ്ഞയക്കാറോ ഇല്ല… ചിലർ വരും പോകും…”

ഞാൻ പറഞ്ഞത് വിശ്വാസം വരാത്തതു പോലെയോ എന്തോ എന്നെ നോക്കിയിട്ട് ബാല ചോദിച്ചു, “ ബന്ധങ്ങൾ അത്രയ്ക്കേ ഉള്ളൂ… ? അകന്നു പോകുമ്പോൾ അല്ലെങ്കിൽ അടുപ്പം ഇല്ലാതാകുമ്പോൾ നമുക്കൊരു വിഷമം തോന്നില്ലേ…?”

ബാലയുടെ ചോദ്യത്തിന്‌ മറുപടി പറയാൻ ബുദ്ധിമുട്ടുണ്ടായില്ല. “ പണ്ടൊക്കെ അങ്ങനെ തോന്നുമായിരുന്നു… പിന്നെ അതൊക്കെ ശീലമാകാൻ തുടങ്ങിയപ്പോൾ അങ്ങനെ ഒരു വികാരത്തിന്‌ ജീവിതത്തിൽ സ്ഥാനമില്ലെന്ന് മനസിലായി…”

“വിചിത്രജീവി…” ബാല ഞാൻ കേൾക്കാൻ പകത്തിനാണ്‌ അങ്ങനെ മന്ത്രിച്ചത്… ഞാൻ വെറുതേ ചിരിച്ചു.

ചുവന്ന സീനിയക്കു മുകളിൽ പറന്നിറങ്ങിയ നാട്ടുകുടുക്കയെ ഞാൻ അവളുടെ ശ്രദ്ധയിൽപ്പെടുത്തി. ചിത്രം പകർത്തി അതെന്നെ കാണിച്ചു കൊണ്ട് ബാല ചോദിച്ചു, “ ഫോട്ടോകൾക്ക് ഒക്കെ സ്വന്തം ക്യാപ്ഷൻ അല്ലേ ഇടുന്നത്… ഇപ്പോൾ ലൈവായി അങ്ങനെ രസായിട്ട് എന്തേലും പറയാമോ…?”

ആ ചോദ്യത്തിനു മുന്നിൽ സാധാരണ നിലയിൽ ഞാൻ ശരിയ്ക്കും കുഴയേണ്ടതാണ്‌… പക്ഷേ, ഞാൻ പെട്ടെന്നു പറഞ്ഞു, “ മരിച്ചിട്ട്, കുറച്ചു ദിവസങ്ങൾ മാത്രം ആയുസുള്ള ഒരു ശലഭമായി ജനിയ്ക്കണം… എന്നിട്ട് ഒരിക്കലെങ്കിലും, സൗഹൃദം ഇഷ്ടം ഒക്കെ ഉണ്ടായിരുന്നവരുടെ മുന്നിലൂടങ്ങനെ പറന്നു നടക്കണം… എനിക്കവരെയൊക്കെയും തിരിച്ചറിയാനും, അവർ പറയുന്നതൊക്കെയും കേൾക്കാനും മനസിലാക്കാനും കഴിയണം… പിന്നെ മരിയ്ക്കണം… പിന്നെയും മറ്റൊരു ശലഭമായി മറ്റൊരാളുടെയടുത്ത്… അയാളറിയാതെ പറന്ന്… പറന്ന്…”

പറഞ്ഞു നിർത്തിയപ്പോൾ ബാലയുടെ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസിലായില്ല… ഒന്നു ചിരിച്ചിട്ട് അവൾ പറഞ്ഞു, “ എല്ലാം ഒളിച്ച് കേൾക്കണത് നല്ലതല്ല…”

ഞാനതിന്‌ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.

ദിവസത്തിന്റെ പകുതി ശലഭങ്ങൾക്ക് പിന്നാലെ നടന്നിട്ട്, ഉച്ചഭക്ഷണം കഴിഞ്ഞ് ബാല യാത്ര പറഞ്ഞു. ഇറങ്ങാൻ നേരം വീണ്ടും കാണാം എന്നോ, വരാം എന്നോ ബാല പറഞ്ഞില്ല.

മനോഹരമായ ഒരു ചിരിയോട് ചേർത്ത് “ശരി…” എന്നൊരു വാക്ക് മാത്രം പറഞ്ഞ് ബാല മടങ്ങി.

പിന്നെയും ഇടയ്ക്ക് പതിവു പോലെ ബാല മെസ്സെഞ്ചറിൽ വന്നു കൊണ്ടിരുന്നു. ഒരിക്കൽ പെട്ടെന്ന് അവൾ പറഞ്ഞു, “ ഞാൻ ഇന്ന് തന്റെ പഴയൊരു സ്റ്റാറ്റസ് വായിച്ചു… വർഷങ്ങൾക്ക് മുന്നേ ഉള്ള ഒന്ന്…”

ഏതാണെന്ന് ഞാൻ ചോദിയ്ക്കും മുൻപേ അവൾ അത് കോപ്പി പേസ്റ്റ് ചെയ്തു… ‘ എന്നെങ്കിലുമൊരിയ്ക്കൽ ഞാൻ നിങ്ങളെ പിരിയുകയാണെങ്കിൽ, നിങ്ങൾക്ക് നൽകുവാൻ ഞാൻ ഒരു സമ്മാനം കരുതി വച്ചിട്ടുണ്ട്… നഷ്ടപ്പെടുത്തുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യത്തോടെ നിങ്ങൾക്ക് നൽകുന്ന എന്നെക്കുറിച്ചുള്ള ഓർമകൾ മാത്രമായിരിക്കും ആ സമ്മാനം…!’

ശരിയാണ്‌ പണ്ടെങ്ങോ മുഖപുസ്തകത്തിൽ പോസ്റ്റ് ചെയ്തത്… “ഇങ്ങനെ കുറച്ചുണ്ട്…” ഞാൻ പറഞ്ഞു…

“ അതെ… ഞാൻ ചിലതൊക്കെ വായിച്ചു…” ബാല പറഞ്ഞു…

പിന്നീടെപ്പോഴോ ബാല മെസ്സെഞ്ചറിൽ വരുന്നത് കുറഞ്ഞു… പിന്നെ പതുക്കെ ആ സന്ദർശനം ഇല്ലാതായി…

ഇന്നിപ്പോൾ ബാല ഒരു മെസേജ് അയച്ചിട്ട് ഒരു വർഷത്തിലേറെയായിരിക്കുന്നു. ഇതൊരു പരിഭവമല്ല. ബാല ഇതു വായിക്കും എന്നുറപ്പുള്ളതു കൊണ്ടാണ്‌ അത് എടുത്തു പറഞ്ഞത്.

പിന്നെന്തിനാണ്‌ ഇത്രയും എഴുതിയതെന്ന് ചോദിച്ചാൽ, ‘എന്തിനാണ്‌ അർത്ഥമില്ലാത്ത സൗഹൃദങ്ങൾ കൊണ്ടു നടക്കുന്നതെന്ന്’ ബാല ഒരിക്കൽ ചോദിച്ചില്ലേ…?

പഴയ ചിലതൊക്കെ ഓർമിയ്ക്കാൻ… എല്ലാ ബന്ധങ്ങളിലും ഓർമിയ്ക്കാൻ നല്ലതെന്തെങ്കിലും തീർച്ചയായും ഉണ്ടാകുമല്ലോ… അങ്ങനെ ഓർമിയ്ക്കുമ്പോൾ, ദാ ഇങ്ങനെ ചില കുറിപ്പുകൾ എഴുതാൻ…!

ഇതൊക്കെയല്ലേ ഒരു സന്തോഷം…? ഇതിൽ കൂടുതലായി എന്താണ്‌ ജീവിതത്തിൽ നിന്ന് പ്രതീക്ഷിക്കുക…?

————

അനൂപ് ശാന്തകുമാർ
-2020 ജൂലൈ 23-

 

കൂടുതൽ ചെറുകഥകൾ വായിക്കാം

YOUTUBE  |  INSTAGRAM  |  FACEBOOK

Facebook Comments

comments

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Add comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

About Blogger

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Email Newsletter

We Won't SPAM , Only Serious Emails.

Advertisement