
ചൊവ്വയിലേക്ക് യാത്ര പോകാം…!
തലക്കെട്ട് വായിച്ച് സംശയിക്കേണ്ട. ചൊവ്വയിലേക്ക് യാത്ര പോകാനുള്ള അവസരം ഒരുങ്ങിക്കഴിഞ്ഞു, എന്നാൽ പേരിന് മാത്രം! നാസയുടെ അടുത്ത ചൊവ്വാ ദൗത്യമായ ‘മാഴ്സ് 2020’ (Mars Mission 2020) യിൽ ആണ് ഇത്തരം ഒരവസരം ലോകജനതയ്ക്കായ് ഒരുക്കിയിരിക്കുന്നത്.
ചൊവ്വായാത്ര എങ്ങനെ ?
2020 ജൂലൈ 17 നും ആഗസ്റ്റ് 5 നും ഇടയിൽ നാസ ചൊവ്വയിലേക്ക് ‘മാഴ്സ് 2020 റോവർ’ എന്ന ബഹിരാകാശപേടകം അയക്കുന്നുണ്ട്. ഒരു കാറിന്റെ വലിപ്പമുള്ള ഈ പേടകത്തിൽ ഒരു ചെറിയ ചിപ്പ് കൂടി ഉൾപ്പെടുത്താൻ നാസ തീരുമാനിച്ചിട്ടുണ്ട്.
‘മാഴ്സ് 2020’ പദ്ധതിയിൽ ലോകരാജ്യങ്ങളിലെ ഏതൊരു പൗരനും സൗജന്യമായി അവരുടെ പേരു വിവരങ്ങൾ രജിസ്റ്റർ ചെയ്യാം. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്ന വ്യക്തികളുടെ പേരും വിലാസവും ഈ ചിപ്പിൽ ഉൾപ്പെടുത്തും. അങ്ങനെ നമ്മുടെ പേരും വിലാസവും ചൊവ്വയിലും എത്തും.
എങ്ങനെ രജിസറ്റർ ചെയ്യാം?
ഇവിടെ ക്ളിക്ക് ചെയ്ത് നാസയുടെ ‘മാഴ്സ് 2020’ പദ്ധതിയുടെ വെബ്സൈറ്റിലെ രജിസ്ട്രേഷൻ നടത്തുന്ന പേജിൽ എത്താം. ഇവിടെ നിങ്ങളുടെ പേര്, രാജ്യം, പിൻ കോഡ്, ഇ മെയിൽ വിലാസം എന്നിവ ചേർക്കുക.
അടുത്തതായി പേരുവിവരങ്ങൾ ചേർത്തതിനു താഴെ ‘SEND MY NAME TO MARS’ എന്ന ബട്ടനിൽ അമർത്തുക. ഉടൻ തന്നെ നിങ്ങളുടെ പേരും, ’മാഴ്സ് 2020‘ യാത്രയുടെ വിവരങ്ങളും ഉൾപ്പെടുത്തിയ ഒരു ബോർഡിംഗ് പാസ്സ് ലഭിക്കും. ഇത് ഡൗൺലോഡ് ചെയ്തു സൂക്ഷിക്കാം.
‘മാഴ്സ് 2020’ യുടെ മറ്റ് വിവരങ്ങൾ
അമേരിക്കയിലെ ഫ്ലോറിഡയിലുള്ള കേപ് കാനവെൽ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് ATLAS V-541 എന്ന റോക്കറ്റിലാണ് 1050 കിലോഗ്രാം ഭാരമുള്ള ‘മാഴ്സ് 2020 റോവർ’ പേടകം ചൊവ്വയിലേക്ക് അയക്കുക.
ചൊവ്വയുടെ അന്തരീക്ഷം, ചുറ്റുപാടുകൾ, ചൊവ്വയിലെ ജീവന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള പഠനം എന്നിവയാണ് ചൊവ്വയുടെ പ്രതലത്തിൽ ചക്രങ്ങളിൽ സഞ്ചരിക്കാൻ കഴിയുന്ന മാഴ്സ് റോവറിന്റെ പ്രധാന ദൗത്യങ്ങൾ. നിലവിൽ ഭൂമിയിലെ 687 ദിവസങ്ങളാണ് മാഴ്സ് റോവറിന്റെ പ്രവർത്തന കാലാവധി.
രജിസ്ട്രേഷൻ കൊണ്ടുള്ള ഗുണം എന്താണ് ?
അനുദിനം ശാസ്ത്രം മുന്നോട്ട് കുതിക്കുന്ന കാലത്ത് ചൊവ്വാദൗത്യം (Mars Mission 2020) പോലുള്ള ഒരു പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനും, അറിയാനും മനസിലാക്കാനും ഉള്ള അവസരം ഉണ്ടാകുന്നു.
ഇനി ഭാവിയിൽ ഏതെങ്കിലും വകുപ്പിൽ ഒരു ബിരിയാണി കിട്ടിയാലോ എന്ന് പ്രതീക്ഷിച്ചാലും തെറ്റില്ല. സ്വപ്നങ്ങളും പ്രതീക്ഷകളുമാണല്ലോ അവസരങ്ങളിലേക്ക് നയിക്കുന്നത്.
Add comment