De Kochi - Photographic Journal
Malayalam Short Story, Short Story, Short Stories, Cherukatha, Cherukathakal, Malayalam Novel, Malayalam Book Online, Short Story Online, Online Short Story, Malayalam Cherukathakal, Kathakal, Malayalam Kathakal, മലയാളം ചെറുകഥകൾ, ചെറുകഥകൾ

അവൾ മാത്രം

Malayalam Short Story, Short Story, Short Stories, Cherukatha, Cherukathakal, Malayalam Novel, Malayalam Book Online, Short Story Online, Online Short Story, Malayalam Cherukathakal, Kathakal, Malayalam Kathakal, മലയാളം ചെറുകഥകൾ, ചെറുകഥകൾ

 

ഇതൊരു കഥയല്ല…

എന്നാൽ ഇതിൽ വലിയ കാര്യവുമില്ല. ഞാൻ ഒരാളെ കുറിച്ചു സംസാരിക്കുന്നു. അത്ര തന്നെ. ഒരു പെണ്ണിനെക്കുറിച്ച്… മനേഘ എന്ന ഒരു തെരുവു പെണ്ണിനെ പറ്റിയാണു ഞാൻ പറയാൻ പോകുന്നത്.

അവളെക്കുറിച്ച് പറയാനാണെങ്കിൽ മോശം കാര്യങ്ങളായിരിക്കും… പൂർണമായും അങ്ങിനെ കരുതേണ്ട. കാരണം ഞാൻ മറ്റൊരാളെക്കുറിച്ച് കൂടി പറയാം. അപ്പോഴേ പറയുന്നതു പൂർത്തിയാകൂ.

ഒരു പെണ്ണിനെക്കുറിച്ചു പറയുമ്പോൾ കൂട്ടത്തിൽ ഒരാണിനേക്കുറിച്ചും പറയണം. അങ്ങിനൊരു നിയമം ഇല്ലെങ്കിലും ഒരു കഥയിൽ അതുണ്ടാകുന്നതു നന്നായിരിക്കും. ആദ്യം ഞാൻ അയാളെകുറിച്ച് പറയാം.

മുംബൈ മഹാനഗരത്തിലെ ഈ ഫ്ളാറ്റിൽ ഒറ്റക്കിരുന്ന് കമ്പ്യൂട്ടർ ഗെയിമിൽ ശ്രദ്ധിക്കുന്ന വിക്ടർ അലോഷ്യസ് എന്ന അൻപത്തഞ്ചു വയസുകാരനിൽ നിന്നു നമുക്കു തുടങ്ങാം.

അയാൾ മിക്കവാറും വൈകുന്നേരങ്ങളിൽ ഒറ്റക്കിരുന്ന് മദ്യപിക്കുകയാണ്‌ പതിവ്. ഇന്നിപ്പോൾ മദ്യം വാങ്ങുവാൻ പറഞ്ഞു വിട്ട ഡ്രൈവറെ കാത്തിരിക്കുന്നതിനിടയിൽ ഒരു ഗെയി ആകാം എന്നു കരുതിയിരിക്കും.

“സോറി, യു ലോസ്റ്റ്… ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം…” ലാപ് ടോപ് സ്ക്രീനിൽ ഒരു മെസേജ് തെളിഞ്ഞു. കളി അവസാനിച്ചിരിക്കുന്നു. അയാളുടെ മുഖത്ത് നിസംഗത മാത്രം. ഇതിലും വലിയ തോൽവികൾക്കു നടുവിൽ നിൽക്കുന്നയാൾക്ക് വെറും ഒരു ഗെയിം വിജയകരമായി പൂർത്തിയാക്കാൻ കഴിയാത്തതിൽ നിരാശ തോന്നേണ്ട കാര്യമില്ലല്ലോ.

അയാൾക്കിപ്പോൾ തോൽവി ഒരു ശീലമായിരിക്കുന്നു. അല്ലെങ്കിൽ ഇനി പരാജയപ്പെടാൻ ഒന്നുമില്ല. ഒരിക്കൽ പരാജയപ്പെടുന്നവനെ ജീവിതത്തിൽ എന്നും പരാജയം പിൻ തുടരും എന്ന തത്വം മനസിൽ സൂക്ഷിച്ച് ജീവിതത്തിൽ മുന്നേറിയ അയാൾ ഇന്ന് എല്ലാ അർത്ഥത്തിലും പരാജയത്തിനു നടുവിലാണ്‌. ജീവിതത്തിൽ പല പരാജയങ്ങളും അയാൾ കണ്ടില്ലെന്നു നടിച്ചിരുന്നു. അല്ലെങ്കിൽ ചിലതൊന്നും ഒരു പരാജയമായി അയാൾ കണക്കു കൂട്ടിയില്ല.

വലിയ കണക്കു കൂട്ടലുകളിൽ വിജയിച്ച് ഓഹരി വിപണിയിൽ തലയുയർത്തി നിന്നിരുന്ന വിക്ടർ അലോഷ്യസിന്‌ ഒരിക്കലും ഒന്നും നഷ്ടമായി തോന്നിയിരുന്നില്ല.

വിപണിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ആ ഷെയർ ബ്രോക്കറെ സംബന്ധിച്ച് എല്ലാ ജയ പരാജയങ്ങളും വിപണിയിലെ ഒരു ചാഞ്ചാട്ടം പോലെയായാണെന്നു കരുതാൻ ബുദ്ധിമുട്ടുണ്ടായില്ല. വിലയെ വില കൊണ്ടു താരതമ്യം ചെയ്യുമ്പോഴുള്ള ഏറ്റക്കുറച്ചിലുകൾ മാത്രം.

അതിൽ ലാഭ നഷ്ടങ്ങൾ മാത്രമേ ഉള്ളൂ. അല്ലാതെ ജയ പരാജയങ്ങൾ ഇല്ല. വില കൊടുത്തു വാങ്ങുന്നതിനെ വില വാങ്ങി ഉപേക്ഷിക്കുമ്പോഴുള്ള പണപരമായ ഏറ്റക്കുറച്ചിലുകൾ അയാളെ സംബന്ധിച്ച് എന്നും ലാഭം മാത്രമായിരുന്നു. ആകർഷണീയമായ മൂല്യമുള്ളപ്പോൾ എല്ലാം സൂക്ഷിക്കുക, അല്ലാത്തപ്പോൾ ഉപേക്ഷിച്ചു കളയുക.

ജീവിതത്തിലും അയാൾ അതേ തത്വം തന്നെയാണ്‌ പിന്തുടർന്നത്. വിപണിയിലെ ബന്ധങ്ങളെ നോക്കി കണ്ടിരുന്ന രീതിയിൽ തന്നെ ജീവിതത്തിലും അയാൾ ബന്ധങ്ങളെ സമീപിച്ചു. സൗഹൃദങ്ങളിലും ബന്ധങ്ങളിലും അർഹിക്കുന്ന മൂല്യം കണ്ടെത്താൻ കഴിയാത്തപ്പോൾ ഉപേക്ഷിച്ചു കളയാൻ അയാൾ മറന്നില്ല.

പക്ഷേ മർലിന്റെ കാര്യത്തിൽ ഒരു തരത്തിൽ അയാൾ പൊരുത്തപെടാൻ ശ്രമിച്ചു നോക്കിയതാണ്‌. ഭാര്യയുടേ വേഷത്തിൽ അവൾ ജീവിതത്തിലേക്ക് കടന്നു വന്നു എന്ന കാരണം കൊണ്ടു മാത്രമായിരുന്നു അത്.

ഭാര്യ ജീവിതത്തിൽ ഒരു പങ്കാളി ആണെന്ന വസ്തുത അയാൾക്ക് പലപ്പോഴും ശല്യമായി തോന്നി. ബിസിനസിലും ജീവിതത്തിലും അന്നു വരെ ഒന്നും പങ്കു വച്ചു ശീലമില്ലാതിരുന്ന അയാൾ എല്ലാം പങ്കു വച്ചു മുന്നോട്ടു പോകണമെന്ന ആ ദീർഘ കാല ഉടമ്പടിയിൽ പരാജയപ്പെടാൻ തുടങ്ങി.

ബന്ധങ്ങൾക്ക് മറ്റെന്തിനേക്കാൾ മൂല്യമുണ്ടാകണമെന്ന് അയാളെ മനസിലാക്കിക്കാൻ അവൾ ശ്രമിച്ചിരുന്നു. എന്നിട്ടും അയാൾ ഒന്നും പഠിച്ചില്ല… മനസിലാക്കാൻ ശ്രമിച്ചില്ല. മൂല്യവർദ്ധനയില്ലാത്ത ഒരു ഓഹരിയാണ്‌ തന്റെ ജീവിതത്തിൽ മർലിൻ എന്ന് അയാൾ മനസിൽ കരുതി.

എന്തിനോ വേണ്ടി വാങ്ങിയിട്ട് ഒരു ഇടപാടിന്‌ തക്ക മൂല്യമില്ലാത്തതു കൊണ്ട് വെറുതേ സൂക്ഷിക്കുന്ന ഒരു ഓഹരി പോലെയായി അയാൾക്ക് തന്റെ ഭാര്യ. ഒരു ശരീരത്തിന്റെ വില പോലും അയാൾക്കു മുന്നിൽ തനിക്കില്ലെന്നു മനസിലാക്കാൻ മർലിൻ ഒരുപാടു കാലമെടുത്തു.

ജീവിതത്തിൽ മൂല്യങ്ങളെ ശരിയായി അളക്കാൻ അയാൾ പഠിക്കുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതുണ്ടായില്ല. പ്രതീക്ഷകൾക്കൊടുവിൽ നിരാശ മാത്രം ബാക്കിയായപ്പോൾ ഇനിയൊരിക്കലും തിരികെ വരില്ല എന്ന് ഒരു വാക്കു മാത്രം പറഞ്ഞ് മകന്റെ കൈ പിടിച്ച് ഒരു ദിവസം അവൾ കടലിനക്കരേക്ക് പറന്നു.

അന്ന് അതൊരു പരാജയമായി വിക്ടറിനു തോന്നിയില്ല. തനിച്ചായ ലോകത്ത് തനിക്കിക്കിഷ്ട്ടപെട്ട രീതിയിൽ അയാൾ ജീവിതം മുന്നോട്ട് കൊണ്ടു പോയി. അതിനയാൾക്കു അധികം ബുദ്ധിമുട്ടുണ്ടായില്ല. ഏറെക്കാലം ഒറ്റക്ക് തന്നിഷ്ടത്തിനു ജീവിതം ആസ്വദിച്ചിരുന്ന അതേ ശൈലിയിലേക്ക് അയാൾ തിരികെ പോയി.

പക്ഷേ ഇപ്പോൾ അയാൾക്ക് മനസിൽ എന്തോക്കെയോ അസ്വസ്തത തൊന്നുകയാണ്‌. ഇന്ന് മുംബൈയിലെ അയാളുടെ അവസാന രാത്രിയാണ്‌. ഈ രാത്രി വെളുക്കുമ്പോൾ തന്റെ ജീവിതത്തിലെ ഒരു വലിയ അധ്യായം അടച്ചു വച്ചിട്ട് അയാൾ മുംബയിൽ നിന്ന് യാത്ര തിരിക്കും. അതൊരു പലായനമാണ്‌. എല്ലാം നേടിയവൻ ഉണ്ടായിരുന്നതെല്ലാം നഷ്ടപെടുമ്പോൾ പിടിച്ചു നില്ക്കാനാകാതെ പിൻവാങ്ങുന്ന അവസ്ഥ.

അതിന്റെ നീറ്റൽ അയാളുടെ മനസിലുണ്ട്, ഒന്നും പുറത്തു കാണിക്കുന്നില്ലെങ്കിലും.  ഇരുപത്തേഴ് വർഷം മുൻപ് ഒരു ചെറിയ കമ്പനിയിലെ അക്കൗണ്ടന്റായി മുംബൈയിൽ ജീവിതം തുടങ്ങിയ അയാൾ തന്റെ കരിയറിൽ എല്ലാം നേടി. പല മേഖലകളിലൂടെ സഞ്ചരിച്ച് അവസാനം ഒരു ഷെയർ ബ്രൊക്കിംഗ് കമ്പനിയുടെ തലപ്പത്ത് എത്തിയത് സ്വപ്രയത്നം കൊണ്ട് മാത്രമാണെന്ന് അയാൾ അഹങ്കരിച്ചിരുന്നു.

ഒരിക്കലും അയാൾക്കൊപ്പം ഒന്നും ഷെയർ ചെയ്യാൻ ആരുമുണ്ടായിരുന്നില്ല. അതിന്റെ നഷ്ടം ഇപ്പോൾ അയാൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ ചുഴിയിൽ വിപണി ഉലഞ്ഞപ്പോൾ കണക്കു കൂട്ടലുകളിൽ അയാൾക്കു പിഴച്ചു. പലരും വീണ പടുകുഴിയിലേക്ക് അയാളും വീണു.

ഇനി ഒരിക്കലും തിരിച്ചു കയറാനാകില്ലെന്ന പരാജയഭാരം അയാളുടെ മനസിൽ ഒരു ആഘാതമായി. തല ഉയർത്തി നിന്നിടത്ത് ഇനിയയാൾക്കു തല കുനിച്ചു നില്ക്കാൻ വയ്യ. അതു കൊണ്ടാണ്‌ ഈ മടക്കം. ആർക്കും വേണ്ടി ഒന്നും കരുതി വക്കാനില്ലാത്തത് കൊണ്ട് എല്ലാം കെട്ടിപ്പെറുക്കി വക്കാൻ അയാൾ ഡ്രൈവർ കിഷോറിനോട് പറഞ്ഞിരുന്നു.

അവൻ അതു ഭംഗിയായി ചെയ്തു വച്ചിട്ടുണ്ട്. ഒരുക്കി വച്ചിരുന്ന പെട്ടികളിലേക്ക് നോക്കിയപ്പോൾ കിഷോർ വരാത്തതിനെ ഓർത്ത് അയാൾ അസ്വസ്തനാകാൻ തുടങ്ങി. പതിവു ബ്രാൻഡ് വിസ്കിയോടൊപ്പം നാളെ യാത്രക്കുള്ള ടിക്കറ്റ് ട്രാവൽ ഏജൻസിയിൽ നിന്നു മേടിക്കാനുള്ള അധിക ജോലി മാത്രമാണ്‌ വികടർ അവനെ ഏൽപിച്ചത്.

എത്രയധികം കാര്യങ്ങൾ ഏല്പിച്ചാലും വേഗത്തിൽ എല്ലാം ചെയ്യുന്നതാണ്‌ അവന്റെ രീതി. അങ്ങിനെ ചെയ്യണമെന്നത് വികടറിന്റെ ആജ്ഞയായിരുന്നു. പത്തു പന്ത്രണ്ടു വർഷമായി വികടറിന്റെ കൂടെ ഒരു ഡ്രൈവറുടെ വേഷത്തിൽ കിഷോറുണ്ട്. ഡ്രൈവർ എന്നു പറയുന്നതേ ഉള്ളൂ. പറയുന്നതെന്തും ചെയ്യണം. അതാണു രീതി. കിഷോർ ഒരിക്കലും അയാളെ നിരാശപ്പെടുത്തിയിട്ടില്ല.

എന്നിട്ടും ചെറിയ കാര്യങ്ങൾക്കു വരെ അയാൾ അവനെ വല്ലാതെ ശകാരിച്ചിരുന്നു. ഇപ്പോഴും അയാൾക്ക് അങ്ങിനെ ചെയ്യാനാണ്‌ തോന്നിയത്. പക്ഷേ ഈ അവസാന ദിവസം ഒരിക്കലും തോന്നാത്ത ദയവു വിചാരിച്ചിട്ടാണ്‌ അവനെ വിളിച്ച് വൈകുന്നതിന്റെ കാര്യം തിരക്കാതിരുന്നത്. വിളിച്ചാൽ ചിലപ്പോൾ അയാളുടെ സ്വഭാവത്തിന്‌ അറിയാതെ അവനെ ചീത്ത വിളിക്കും.

വിക്ടർമേശയിലിരുന്ന കവർ തുറന്ന് അതിലുണ്ടായിരുന്ന ചെക്കിൽ എഴുതിയിരിക്കുന്ന സംഖ്യയിലേക്കു നൊക്കി.  അതു കിഷോറിനുള്ളതാണ്‌. ഒരു പക്ഷേ ജീവിതത്തിൽ മറ്റൊരാളേക്കുറിച്ച് അയാൾ ആത്മാർത്ഥമായി ചിന്തിച്ച ദിവസമായിരിക്കും ഇന്ന്.

പെട്ടെന്ന് ജോലിയില്ലാതാകുന്ന അവന്റെ അവസ്ത മോശമാകരുത് എന്നയാൾ ചിന്തിച്ചു. തൽക്കാലം ഒരു വരുമാനമില്ലെങ്കിലും അവനു ജീവിക്കാൻ കഴിയണം. വെറുമൊരു ജോലിക്കാരൻ പിരിഞ്ഞു പോകുമ്പോൾ കൊടുക്കേണ്ടതിലധികം തുക താൻ അതിൽ എഴുതിയിട്ടുണ്ട് എന്നയാൾക്കു തോന്നുന്നുണ്ട്.

ഒരു വലിയ കാര്യം ചെയ്യാൻ പോകുന്നുവെന്ന ഭാവമായിരുന്നു അയാൾക്ക്. ഒരിക്കൽ കൂടി അയാൾ വാച്ചിലേക്ക് നൊക്കുമ്പോഴേക്കും കിഷോർ വന്നിരുന്നു.

അയാളുടെ പ്രതികരണം എന്താകുമെന്ന ഭയത്തോടെയാണ്‌ അവൻ വൈകിയതിനുള്ള കാരണം പറഞ്ഞത്. ‘ടിക്കറ്റ് കിട്ടാൻ വൈകി…’ അതാണ്‌ അവൻ ലേറ്റായത്.

വികടർ ഒന്നും പ്രതികരിച്ചില്ല. ടിക്കറ്റ് വിക്ടറിനെ ഏൽപിച്ച് വിസ്കിയും ഭക്ഷണത്തിന്റെ കവറും അവൻ ഡൈനിംഗ് ടേബിളിൽ നിരത്തി.

ഇനിയെന്തെങ്കിലും ചെയ്യാനുണ്ടോ എന്ന അർത്ഥത്തിൽ അവൻ ഭവ്യതയോടെ അയാളെ നോക്കി. വിക്ടർ അവനു വേണ്ടി വച്ചിരുന്ന കവർ എടുത്തു നീട്ടി. ഒപ്പം ഒരു വിസിറ്റിംഗ് കാർഡു കൂടി അയാൾ കൊടുത്തു.

“ഈ അഡ്രസിൽ ഉള്ളയാളെ ഒന്നു ചെന്നു കാണുക… നിനക്ക് അയാൾ എന്തെങ്കിലും ഒരു ജോലിയാക്കി തരും”. അയാൾ അതു പറഞ്ഞപ്പോൾ അവൻ അവിശ്വസനീയതയോടെ ആ കാർഡിലെ അഡ്രസിലേക്ക് നൊക്കി. “ശരി എന്നാൽ പൊയ്ക്കോളൂ…” തന്റെ സ്വരത്തിൽ പതിവില്ലാത്ത സൗമ്യത വരുത്താൻ അയാൾ ശ്രദ്ധിച്ചു.

കിഷോർ എന്തോ ചോദിക്കാനെന്ന പൊലെ അയാളെ നോക്കി. ജോലി കഴിഞ്ഞു പോയ്ക്കൊള്ളാൻ പറഞ്ഞതിനു ശേഷം പിന്നെയും അവിടെ നിന്നാൽ സാധാരണ വിക്ടർ അവനു നേരേ ഒച്ചയുയർത്തും. അവൻ അങ്ങിനെ മുന്നിൽ നിന്നപ്പോൾ അയാൾ അതോർത്തു. രാവിലെ അയാളെ എയർ പോർട്ടിൽ കൊണ്ടു വിടാൻ വരേണ്ടതുണ്ടോ എന്നായിരുന്നു അവനറിയേണ്ടിയിരുന്നത്.

വേണ്ട എന്ന മറുപടി പറയാൻ അയാൾ ഒന്നു വൈകി. അവൻ ഇത്ര നാൾ തനിക്കു വേണ്ടി ഓടിച്ചിരുന്ന വാഹനം വിറ്റു, നാളെ മുതൽ അതിനവകാശി മറ്റൊരാളാണ്‌ എന്നയാൾ അവനോടു പറഞ്ഞിരുന്നില്ല.

ഒരുപാടു വർഷങ്ങൾ ഉറങ്ങിയ ഈ ഫ്ലാറ്റും ആസ്തിയായി ഉണ്ടായിരുന്നതൊക്കെയും ബാധ്യതകൾ തീർക്കാൻ വില്പന നടത്തിയത് ആരുമറിയാതെയാണ്‌. വാങ്ങലിലും വിൽപനയിലും എന്നും ഹരം കണ്ടെത്തിയിരുന്ന അയാൾ വേദനയോടെ ആദ്യമായി ചെയ്ത ഒരു കച്ചവടം.

അയാളൂടെ മനസു വിറച്ചു. ‘ഒരു സുഹൃത്ത് ഡ്രോപ് ചെയ്യും’ അങ്ങിനെ മാത്രം അയാൾ അവനോട് പറഞ്ഞു. ഇനി തനിക്കവിടെ ജോലികളൊന്നും ബാക്കിയില്ലെന്ന് കിഷോറിന്‌ മനസിലായി. വിക്ടറിനെ നോക്കി കൈ കൂപ്പിയിട്ട് അവൻ പുറത്തേക്കു നടന്നു.

എന്നത്തേയും പോലെ പുറത്തിറങ്ങിയ ശേഷം അനുസരണയോടെ പുറത്തേക്കുള്ള വാതിൽ അടക്കാൻ അവൻ മറന്നില്ല. കൂടുതൽ ദുസ്വാഭാങ്ങൾ പുറത്തെടുക്കാത്ത ദിവസങ്ങളിൽ കിഷോർ പോയിക്കഴിഞ്ഞാൽ പിന്നെ അയാൾ അവിടെ തനിച്ചായിരിക്കും. ഈ ദിവസവും അങ്ങിനെ തന്നെ. എന്നത്തേതിനേക്കാൾ ഇന്നയാൾ തനിച്ചിരിക്കുവാൻ ആഗ്രഹിച്ചിരുന്നു.

വിക്ടർ വിസ്കി ഗ്ളാസിൽ നിറച്ചു. ഇനി അയാൾ തളർന്നു വീഴുവോളം മദ്യപിക്കും. ഈയിടെ അയാൾ അങ്ങിനെയാണ്‌. നേരത്തെയാണെങ്കിൽ മദ്യപിച്ചു കൊണ്ടിരിക്കുമ്പോഴും അയാൾ ബിസിനസിലെ കണക്കു കൂട്ടലുകൾ നടത്തിയിരുന്നു. അപ്പോൾ ഒരു പരിധിയിൽ കൂടുതൽ മദ്യത്തിന്‌ ജീവിതത്തിൽ സ്ഥാനമുണ്ടായിരുന്നില്ല.

എന്തെങ്കിലുമൊക്കെ ചെയ്യാനുള്ളപ്പോൾ, അതിനെക്കുറിച്ച് ചിന്തിക്കാമായിരുന്നു. ഇപ്പോൾ അതിന്റെയൊന്നും ആവശ്യമില്ലല്ലോ. നാളെ രാവിലെ വണ്ടി കയറി നാട്ടിലെത്തുക. അവിടെയും ആരും പ്രതീക്ഷിച്ചിരിക്കാനില്ലാത്ത വയനാട്ടിലുള്ള വീട്ടിലേക്ക്. ഒരു അപരിചിതനായി അവിടെ കഴിയുക. അതിനപ്പുറമൊന്നും ചിന്തിക്കാനില്ല. അതങ്ങിനെ ചെയ്യണം എന്ന് കുറച്ചു ദിവസമായി അയാൾ മനസിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു.

എങ്കിലും എല്ലാം നഷ്ടപെടുത്തി തിരിച്ചു പോകുമ്പോൾ ഉണ്ടാകുന്ന അസ്വസ്തത അയാളേയും ഗ്രസിച്ചിരിക്കുന്നു. ഇവിടെ ഇനി ഓർക്കാൻ ആരുമില്ല, ആരോടും യാത്ര പറയാനുമില്ല. അറിയേണ്ടവരൊക്കെ അറിഞ്ഞിട്ടുണ്ട്. ഇനി അത് വീണ്ടും അവരെ ഓർമിപ്പിക്കേണ്ടതില്ലെന്ന് അയാൾ കരുതിയത് തന്റെ തന്നെ മനോവിഷമം കൊണ്ടായിരുന്നു.

പക്ഷേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട് ഒരാളെ അയാൾ വല്ലാതെ ഓർമിക്കുന്നുണ്ട്. അത് അവളെക്കുറിച്ചാണ്‌. മനേഘയെക്കുറിച്ച്. അവളെക്കുറിച്ചു മാത്രമുള്ള ഓർമകൾ മനസിൽ അവശേഷിക്കുന്നതായി, അല്ലെങ്കിൽ മനസിൽ ഓർക്കാനൊരാൾ ഉള്ളത് അവൾ മാത്രമാണ്‌ എന്നയാൾക്കു തോന്നി.

അയാളുടെ ജീവിതത്തിൽ മനേഘക്ക് എന്താണു സ്ഥാനം എന്നറിയണമെങ്കിൽ അയാൾ മുംബൈയിൽ വന്ന കാലത്തേക്ക് തിരിച്ചു പോകണം. ഓർമകളിളേക്ക് ഒന്നു തിരികെ പോയാൽ ഒരു തെരുവിലെ ഒറ്റ മുറിയിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികളിൽ പറഞ്ഞിരിക്കുന്നതു പോലെ, ‘ഗോളത്തിൽ ച്ചിരിപ്പിടിയൊളം ഭാഗത്തിന്റെ ആജീവനാന്ത അവകാശി ‘എന്ന രീതിയിൽ അയാൾ അവിടെ കഴിഞ്ഞിരുന്ന കാലത്തെ കാര്യങ്ങൾ ഓർക്കണം.

ചിലന്തിയും പാറ്റയും അധിവസിച്ചിരുന്ന ആ മുറിയുടെ നടുക്കുണ്ടായിരുന്ന കട്ടിലിനു മാത്രം പ്രാധാന്യം കൊടുത്ത് ജീവിച്ചിരുന്ന ഒരു കാലത്തെ കഥയാണ്‌ അത്. ജോലി കഴിഞ്ഞു വരുമ്പോൽ ഒന്നുറങ്ങണം. അല്ലാത്ത ഒരു ജീവിതവും അയാൾക്ക് ആ മുറിയിൽ ഉണ്ടായിരുന്നില്ല. അങ്ങിനെ കഴിയുമ്പോഴാണ്‌ ഗജ്പാൽ എന്നൊരാൾ മനേഘയെ അയാൾക്കു മുന്നിൽ കൊണ്ടു വരുന്നത്.

ആ തെരുവിൽ ഒറ്റക്കു താമസിക്കുന്ന പുരുഷന്മാരുടെ വീട്ടിൽ ഗജ്പാൽ ക്ഷണിക്കാതെ കയറി ചെല്ലുന്ന ഒരഥിതിയായിരുന്നു. ആവശ്യക്കാരെ തേടിയുള്ള ഒരു ഇടനിലക്കാരന്റെ സന്ദർശനം. അങ്ങിനെ ഒരിക്കൽ അയാൾ വിക്ടറിനേയും സന്ദർശിച്ചു. പിന്നെ പറഞ്ഞുറപ്പിച്ച പണത്തിന്‌ ഗജപാൽ ഒരു വൈകുന്നേരം അവളെ അവന്റെ മുറിയിൽ കൊണ്ടു വന്നു.

ഇരു നിറത്തിലും താഴെ നിറമുള്ള ഒരു ഇരുപത് ഇരുപത്തിരണ്ടു വയസു പ്രായമുള്ള പെണ്ണ് . അവളെ അവിടേക്കു നിർബന്ധിച്ചു കൊണ്ടു വന്നതു പോലെ മടിച്ചു മടിച്ചാണ്‌ അവൾ ഗജ്പാലിനു പിന്നാലെ മുറിയിലേക്കു കയറിയത്. മുഖത്ത് വലിയൊരു ചിരി വരുത്തി വികടറിനെ നോക്കിയ ശേഷം അവൾക്കു നേരേ തിരിഞ്ഞ് ഗജപാൽ എന്തോ പിറുപിറുത്തു. ഒന്നു കൂടി ചിരിച്ചിട്ട് അയാൾ പുറത്തിറങ്ങി.

വിളിക്കാൻ ഒരു പേരു വേണം എന്നുള്ളതു കൊണ്ട് അവളോട് പേരു മാത്രം ചോദിച്ചു. തല കുനിച്ചു നിന്നാണ്‌ അവൾ പേര്‌ പറഞ്ഞത്. എന്തിന്‌ അവൾ അങ്ങിനെ തല കുനിച്ചു നിൽക്കുന്നു എന്നവന്‌ മനസിലായില്ല. ഭിത്തിയിൽ ചാരി നിന്നിരുന്ന മനേഘയെ അവൻ അടിമുടി ഒന്നു നോക്കി. എണ്ണ പുരളാത്ത തലമുടി അവിടെവിടെയായി ചെമ്പിച്ചിരിക്കുന്നു. മുഖത്ത് വലിയൊരു മൂക്കുത്തി. കൈകളിൽ ചുവപ്പും മഞ്ഞയും ചില്ലു വളകൾ.

മെലിഞ്ഞിട്ടാണെങ്കിലും അങ്ങിനെയൊരു പെണ്ണിന്‌ ഉണ്ടായിരിക്കണം എന്ന് ആവശ്യക്കാരൻ ആഗ്രഹിക്കുന്ന ശരീര ഘടന അവൾക്കുണ്ടായിരുന്നു. കണ്ടാസ്വദിച്ച് മതിയായപ്പോൽ അവൻ അവളുടെ അടുത്തേക്ക് ചെന്നു. അടുത്തു ചെന്നപ്പോൽ തലയുയർത്താതെ കണ്ണുകൾ മാത്രം ഉയർത്തി അവൾ അവനെ നോക്കി.

പണം കൊടുത്തു വാങ്ങിയതിനോടുള്ള ഒരു ഭ്രമത്തോടെ അയാൾ യാതൊരു മയവുമില്ലാതെ അവളെ ചുംബിച്ചു. അതായിരുന്നു മനേഘയോടൊപ്പമുള്ള വികടറിന്റെ ആദ്യ ദിനം. അന്നവൾ മടങ്ങി പോകുമ്പോൾ മുറിയുടെ തറയിൽ അവളുടെ പൊട്ടിയ ഒരു ചില്ലു വള കിടന്നിരുന്നു. വള പൊട്ടുകൾ കാലുകൾ കൊണ്ട് ഒരു മൂലയിലേക്കു തട്ടി മാറ്റിയെങ്കിലും മനസിൽ അവളോട് വീണ്ടും തോന്നിയ ആസക്തി അയാൾക്ക് തട്ടി മാറ്റുവാൻ കഴിഞ്ഞില്ല.

പിന്നെയും ഒരുപാടു തവണ അവൻ അവളെ തന്റെ മുറിയിലേക്കു വിളിപ്പിച്ചു. ഒരിക്കൽ പോലും അവർ തമ്മിൽ ഒന്നും സംസാരിച്ചിരുന്നില്ല. അല്ലെങ്കിൽ എന്ത് സംസാരിക്കാൻ…?

അവളെക്കുറിച്ച് കൂടതലായി എന്തെങ്കിലും അറിയേണ്ടതിന്റെ ആവശ്യമുണ്ടെന്ന് അവന്‌ ഒരിക്കലും തോന്നിയില്ല.  അറിയേണ്ടത് അവളുടെ ശരീരത്തെ ആയിരുന്നത് കൊണ്ട് ‘ആഹാരം കഴിച്ചോ’ എന്ന്‌ മാത്രം അവൻ തിരക്കിയിരുന്നു.

അവൾ ആഹാരം കഴിച്ചിരിക്കേണ്ടത് തന്റെ ആവശ്യമായിരുന്നു എന്ന ധ്വനിയിൽ തന്നെയാണ്‌ അവൻ അത് ചോദിച്ചിരുന്നതും. അവന്റെ ചോദ്യത്തിന്‌ മറുപടിയായി അവൾ തലയാട്ടും… അത്ര മാത്രം.

ആദ്യമൊക്കെ ഒരു സാഡിസ്റ്റിന്റെ മനോഭാവത്തോടെ അവളെ ചീത്ത വിളിക്കുമായിരുന്നു. അവളെ ചുംബിച്ചപ്പോൾ മൂക്കുത്തി മുഖത്തുരഞ്ഞ് അയാൾക്ക് ഒന്നു ചെറുതായി വേദനിച്ചപ്പോൾ… ഒഴിച്ചു കൊടുത്ത മദ്യത്തിനു നേരെ അവൾ മുഖം തിരിച്ചപ്പോൾ, അതിനൊക്കെ അവൻ അവളെ വല്ലാതെ അസഭ്യം വിളിച്ചിട്ടുണ്ട്. പക്ഷേ അവൾ ഒരിക്കലും പ്രതികരിച്ചിരുന്നില്ല.

അവന്റടുത്തു വരുമ്പോൾ മൂക്കുത്തി ഊരി മാറ്റി വച്ചും അൽപം മദ്യം നുണഞ്ഞിരുന്നും അവൾ അവനുമായി പൊരുത്തപ്പെട്ടു തുടങ്ങി. നാവില്ലാത്ത ഒരു പെണ്ണാണ്‌ അവൾ എന്ന് വിക്ടറിനു തോന്നിയിരുന്നു.

ചിലപ്പോൾ വികാരങ്ങളില്ലാത്ത ഒരുവളെന്നും…  അവന്റെ കര വലയത്തിനുള്ളിൽ ഞെരിഞ്ഞ് ചില്ലുവളകളുടഞ്ഞ് കൈ മുറിയുമ്പോഴോ അവന്റെ പല്ലുകൾ ചില നേരം അവളുടെ മാംസം കടിച്ചു മുറിക്കുമ്പോഴോ അവൾ ഒരിക്കലും ഒന്നു ഞരങ്ങുക പോലുമില്ലായിരുന്നു. അയാളുടെ മനസിൽ പലപ്പോഴും ഉയർന്നിരുന്ന ഒരു ചൊദ്യമുണ്ട്.

അങ്ങിനെ പീഡനങ്ങൾ സഹിച്ചിട്ടും വിളിക്കുമ്പൊഴെക്കെ അവൾ എന്തിനാണ്‌ വന്നിരുന്നത്…? വെറും പണത്തിനു വേണ്ടി മാത്രമായിരുന്നോ…? അങ്ങിനെയെങ്കിൽ മാറ്റാരുടെയെങ്കിലും അടുത്തു പോയാലും മതിയായിരുന്നല്ലോ…? അതോ മറ്റുള്ളവർ പെരുമാറിയിരുന്നതിലും മാന്യമായി താൻ പെരുമാറിയിരുന്നെന്നു അവൾക്ക് തോന്നിയിരുന്നതു കൊണ്ടായിരുന്നിരിക്കുമോ വീണ്ടും വന്നിരുന്നത്…?

അങ്ങിനെ ഇടപെടാൻ തനിക്കു കഴിഞ്ഞിട്ടുണ്ടോ…? അതോ ഇത്തരത്തിലുള്ളവളുമാർക്ക് ചില ഇടപാടുകാരോടു തോന്നുന്ന ഒരു ഇഷ്ടം കൊണ്ട്…? അങ്ങിനെ ഒരു സാധ്യതയുണ്ടാകില്ലേ…? അങ്ങിനെയായിരിക്കാം.

അവൻ അങ്ങിനെയൊക്കെ മനസിൽ ചോദിക്കുകയും, സ്വയം അതിനൊക്കെയുള്ള ഉത്തരം കണ്ടെത്തുകയും ചെയ്തിരുന്നു. ആ തെരുവിലെ രണ്ടു വർഷക്കാലത്തെ ജീവിതത്തിനിടയിൽ, അവൾ വന്നു പോയ രാത്രികളിലൊക്കെ അവൾക്ക് തന്നോട് മനസിൽ വല്ലാത്ത ഭ്രമമാണെന്ന് അവൻ വിശ്വസിച്ചു.

സത്യത്തിൽ ആ പെണ്ണിന്റെ അടിമത്വം അയാൾ വല്ലാതെ ആസ്വദിച്ചിരുന്നു. ജീവിതത്തിൽ എല്ലാവരുടേയും അടിമത്വമാണ്‌ താൻ ആസ്വദിക്കുന്നതെന്നും ആഗ്രഹിക്കുന്നതെന്നും അയാൾ ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല. അതങ്ങിനെയാണല്ലോ, ആരും അത്ര പെട്ടെന്ന് സ്വയം തിരിച്ചറിയാറില്ലല്ലോ.

ജീവിതത്തിലെ ഉയർച്ചകൾക്കിടയിൽ പിന്നെയും അവളേപ്പോലെ പല പെണ്ണുങ്ങളേയും കണ്ടിട്ടുണ്ട്. ഒറ്റക്കുള്ള ജീവിതത്തിൽ അവളേക്കാൾ ശരീരവും സൗന്ദര്യവും വിലപിടിപ്പുമുള്ള പെണ്ണുങ്ങളെ ഒരുപാട് അയാൾ വിളിപ്പിച്ചിട്ടുണ്ട്.

പഞ്ച നക്ഷത്ര സൗകര്യങ്ങളിൽ അതേ ശൈലിയിൽ വന്നു പോകുന്ന അവളുടെ അതേ പണി ചെയ്യുന്നവർ. പക്ഷേ മനേഘയിൽ അയാൾ ആസ്വദിച്ചിരുന്ന ആത്മ നിർവൃതി വേറാരിലും കണ്ടെത്താൻ അയാൾക്ക് കഴിഞ്ഞില്ല.

ചിലപ്പോഴൊക്കെ അവളുടെ കൂടെ ഒരു രാത്രി വേണമെന്ന് അയാൾക്ക് തോന്നിയിട്ടുണ്ട്. ഒരിക്കൽ തെരുവിനെ ഉപേക്ഷിച്ചു പോന്നവന്‌ വൃത്തികെട്ടൊരു കാര്യത്തിനു വേണ്ടി തെരുവിലേക്കു മടങ്ങി ചെല്ലുവാൻ അന്തസ്സ് സമ്മതിക്കാത്തതു കൊണ്ട് മാത്രം അയാൾ അവളെ മറന്നു.

ഒരു തെരുവു പെണ്ണിന്റെ അടിമത്വം ആസ്വദിച്ച് രമിച്ച അയാൾക്ക് ഒരിക്കലും ഒരു പെണ്ണിന്‌ സ്വാതന്ത്ര്യമുണ്ടെന്ന് കരുതാനായില്ല. ജീവിതത്തിലേക്കു വന്ന മെർലിനെ വിക്ടറിന്‌ അംഗീകരിക്കാൻ കഴിയാതെ പോയതും അതു കൊണ്ടാവാം.

മെർലിൻ ഒപ്പമുണ്ടായിരുന്നപ്പോൾ പോലും അയാൾ മനേഘയെ ഓർത്തിട്ടുണ്ട്. ഒരിക്കൽ അവളേക്കുറിച്ച് അന്വേഷിക്കണമെന്നു വരെ തോന്നി. അവൾ എവിടെ താമസിക്കുന്നുവെന്നൊ എവിടെ നിന്നു വന്നിരുന്നുവെന്നൊ അടുത്തു വന്നിരുന്നപ്പോൾ പോലും ചോദിച്ചിട്ടില്ല.

ഇനിയെന്ത് അന്വേഷിക്കാൻ…? അതു ചിലപ്പോൾ ഒരു ബാധ്യതയായേക്കാം… അപ്പോൾ അവൾ ഒരു കഴിഞ്ഞ കഥയായിരിക്കട്ടെ … അങ്ങിനെ അയാൾ ചിന്തിക്കാൻ ശ്രമിച്ചു. എന്നിട്ടും ഇടക്കിടെ അവളെ ഓർക്കുമായിരുന്നു. മനോവ്യാപാരങ്ങൾ ആരും അറിയുന്നില്ലാത്തതിനാൽ അത് അയാളുടെ മനസിൽ മാത്രം ഒതുങ്ങി.

താൻ ചലചിത്രത്തിലേയോ കഥയിലേയോ ഒരു വെറും കഥാ പാത്രമായിരുന്നെങ്കിൽ അവളെ അന്വേഷിച്ചു പോകുമായിരുന്നിരിക്കാം എന്നു വിക്ടറിനു തോന്നി. ജീവിതത്തിൽ അന്തസു പണയം വക്കുവാൻ ആർക്കും കഴിയാറില്ല. അയാൾക്കതിന്‌ ഒട്ടും കഴിഞ്ഞിട്ടില്ല. ഇനി കഴിയുകയുമില്ലല്ലോ.

ഇപ്പോൾ അയാൾക്ക് മനസിൽ ഒരു നീറ്റൽ. ഉപേക്ഷിച്ചു കളഞ്ഞവരിൽ അവഗണിച്ചു കളഞ്ഞവരിൽ പണത്തിന്റെ മൂല്യം കൊണ്ട് കണക്കുകൾ തീർത്തു പറഞ്ഞു വിട്ടവരിൽ ഒരാൾ തന്റെ മനസിൽ ഉണ്ടായിരുന്നെന്ന് അയാൾ വേദനിക്കുന്നു. എല്ലാം നഷ്ടപെട്ടു പോയ നേരത്തു പൊലും അങ്ങിനെയൊരുവൾ മനസിൽ വന്നു നിറഞ്ഞു നില്ക്കുന്നു.

വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന നഗരത്തിലേക്ക് അയാൾ നോക്കി. ഈ നഗരത്തിന്റെ ഏതെങ്കിലും കോണിൽ അവൾ ജീവിച്ചിരിക്കുന്നുണ്ടാകുമോ…? അല്ലെങ്കിൽ ആവശ്യക്കാരില്ലാതായ രാത്രികളുടെയൊടുവിൽ എവിടെയെങ്കിലും കിടന്ന് ആരുമില്ലാതെ അവൾ ചത്തിട്ടുണ്ടാകുമോ…?

അയാളുടെ ചിന്തകളിൽ നിരാശ മാത്രമായിരുന്നു. ആരേയും ഓർമിക്കാനില്ലാത്ത ആരും ഓർമിക്കാനില്ലാത്ത അയാളുടെ മനസിൽ മനേഘയെന്ന പെണ്ണിന്റെ മുഖം തെളിഞ്ഞു. ഒരിക്കലും വായ് തുറക്കാത്ത ആ പെണ്ൺ അയാളെ നോക്കി പൊട്ടിച്ചിരിക്കുന്നുവെന്ന് അയാൾക്കു തോന്നി.

നഗരത്തിലെ കാഴ്ചകളിലേക്ക് നോക്കി നിന്ന അയാളുടെ കാലുകൾ കുഴഞ്ഞു… കാഴച മങ്ങി… കൈയിലെ മദ്യഗ്ളാസ്സ് നിലത്തു വീണുടഞ്ഞു. അതിനു പിന്നാലെ പരാജയത്തിന്റെ അവസാനത്തെ പതനം പോലെ അയാളും വീണു.

ഈ വീഴ്ചയിൽ നിന്ന് ഇനി അയാൾ ഉണരുമോ…? അതോ ജീവിതത്തിലെ അവസാന യാത്രയിലേക്ക് അയാൾ പോയിരിക്കുമോ…? അതെന്തുമാകട്ടെ… നമുക്കയാളെ ഇവിടെ ഉപേക്ഷിക്കാം.

അയാളുടെ മനസിൽ മാത്രം ജീവിക്കുന്ന ഒരു പെണ്ണിന്റെ കഥ പറയാനാണ്‌ ഞാൻ അയാളുടെയടുത്തേക്ക് നിങ്ങളെയും കൊണ്ടു പോയത്. എന്നിട്ടും ഞാൻ അവളേക്കുറിച്ച് അധികമൊന്നും പറഞ്ഞില്ലല്ലോ അല്ലേ…?

അയാളിൽ നിന്നല്ലാതെ എനിക്ക് മനേഘയെക്കുറിച്ച് ഒന്നുമറിയില്ല. അവളെ തേടി പോകണമെന്നോ കാണണമെന്നോ എനിക്കു തോന്നുന്നില്ല. അല്ലെങ്കിൽ തന്നെ ഞാനവളെ കണ്ടിട്ട് എന്തിനാണ്. എനിക്കോ അവൾക്കോ ഒന്നുമില്ല. ചില കാര്യങ്ങളിൽ ലാഭ നഷ്ടങ്ങളെക്കുറിച്ച് നമ്മളും ചിന്തിക്കണം.

ഒരു പക്ഷേ അവൾ ജീവിച്ചിരിക്കുന്നത് ഇയാളുടെ മനസിൽ മാത്രമായിരിക്കും. അപ്പോൾ ഒരാളുടെ മനസിലെങ്കിലും അവളേപ്പോലൊരു പെണ്ണിന്‌ സ്ഥാനമുണ്ടായല്ലോ എന്നോർത്ത് നമുക്കവളെ മറക്കാം.

വെറുതേ ഒരു പെണ്ണിന്റെ കാര്യമില്ലാത്ത വിശേഷം പറഞ്ഞു നിങ്ങളെ ബുദ്ധിമുട്ടിച്ചുവെങ്കിൽ എന്നോടു ക്ഷമിക്കുക.

 

അനൂപ്‌ ശാന്തകുമാർ
-2011 നവംബർ 07 –

 

കൂടുതൽ ചെറുകഥകൾ വായിക്കാം

YOUTUBE  |  INSTAGRAM  |  FACEBOOK

Facebook Comments

comments

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Add comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

About Blogger

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Email Newsletter

We Won't SPAM , Only Serious Emails.

Advertisement