De Kochi - Photographic Journal
Malayalam Short Story, Short Story, Short Stories, Cherukatha, Cherukathakal, Malayalam Novel, Malayalam Book Online, Short Story Online, Online Short Story, Malayalam Cherukathakal, Kathakal, Malayalam Kathakal, മലയാളം ചെറുകഥകൾ, ചെറുകഥകൾ

ക്രിസ്മസ് രാത്രി

Malayalam Short Story, Short Story, Short Stories, Cherukatha, Cherukathakal, Malayalam Novel, Malayalam Book Online, Short Story Online, Online Short Story, Malayalam Cherukathakal, Kathakal, Malayalam Kathakal, മലയാളം ചെറുകഥകൾ, ചെറുകഥകൾ

കഥകൾ ഭാവനയിൽ നിന്നായിരിക്കണമെന്നു നിർബന്ധമില്ലെങ്കിലും അതു വളരുന്നതിനും ഭാഷയിലേക്ക്‌ സന്നിവേശിപ്പിക്കുന്നതിനും ഭാവന അത്യാവശ്യമാണ്‌.

ബോധമണ്ഡലത്തിലെ യാഥാർത്ഥ്യങ്ങൾ തന്നെയാണ്‌ ഭാവനക്കും അടിസ്ഥാനം. എങ്കിലും എല്ലാം വിസ്മരിക്കുന്ന സാങ്കൽപികതയിലാണ്‌ മികച്ച ഭാവനകൾ ഉണ്ടാകുന്നത്‌.

ഭാവന എങ്ങിനെ വളർത്താം എന്നതിനേക്കാൾ അത്‌ എങ്ങിനെ സൃഷ്ടിക്കാം എന്ന്‌ ഞാൻ പലപ്പോഴും അക്ഷമയോടെ ചിന്തിച്ചു പോയിട്ടുണ്ട്‌. എന്റെ സുഹൃത്ത്‌ കൈലാസാണ്‌ അതിനൊരു വഴി പറഞ്ഞു തന്നത്‌.

മുറിയിലെ തറയിൽ ചിതറി കിടക്കുന്ന പുസ്തകങ്ങൾക്കു നടുവിൽ കിടന്ന്‌ വായിക്കുന്നതിനിടയിൽ, ആഴ്ചപതിപ്പിലേക്കൊരു കഥയെഴുതാൻ പേപ്പറും പേനയുമായി ചിന്തിച്ചിരിക്കുന്ന എന്നെ നോക്കി അവൻ പറഞ്ഞു, “നീ ഒരു ഗഞ്ചാവ്‌ തിരിയെടുത്ത്‌ അങ്ങ്‌ പിടിക്ക്‌… ഇനി അതിന്‌ പറ്റില്ലെങ്കിൽ ഒരു നാല്‌ പെഗ്‌ വീശ്‌… ഭാവന അങ്ങിനെ മുന്നിൽ തെളിഞ്ഞ്‌ വരും…”

“ അല്ലാതെ നന്ദഗോപൻ മഠത്തിൽ എന്നൊരു പേരുമിട്ട്‌ എനിക്ക്‌ സൗകര്യമുള്ളപ്പോഴേ എഴുതൂ എന്നു പറഞ്ഞിരുന്നാൽ ഒന്നും നടക്കില്ല. ഒരു പ്രൊഫഷണൽ എഴുത്തുകാരനാകണമെങ്കിൽ, ആശയത്തിനായി കാത്തിരുന്ന്‌ സമയം കളയരുത്‌…” അന്ന്‌ ഒരു വലിയ ഉപദേശം തന്ന മട്ടിൽ വായനയിലേക്ക്‌ ശ്രദ്ധ തിരിച്ച അവൻ തന്നെയാണ്‌ പിന്നൊരിക്കൽ എനിക്ക്‌ ആദ്യ പെഗ്‌ ഒഴിച്ച്‌ നീട്ടിയത്‌.

അന്ന്‌ രാത്രിയിൽ മുറിയിലെ മച്ചിൽ നോക്കി കിടക്കുമ്പോൾ കൺമുന്നിൽ എന്തൊക്കെയോ കാഴ്ചകൾ തെളിഞ്ഞു. ഉറക്കമുണർന്നപ്പോൾ സ്വപ്നക്കാഴ്ചകളൊന്നും മനസിൽ തങ്ങി നില്ക്കുന്നുണ്ടായിരുന്നില്ല.

എങ്കിലും എന്തോ ഒരു അനുഭൂതി എന്റെ ഭാവനയെ ഉണർത്തി എന്നു ഞാൻ വിശ്വസിച്ചു. ഒരു തരത്തിൽ വീണ്ടും വീണ്ടും ആ അനുഭൂതി ഞാൻ ആഗ്രഹിച്ചു. അതു കൊണ്ടാണ്‌ പിന്നീട്‌ ഞാൻ എഴുതാൻ ഇരുന്നപ്പോഴൊക്കെ മദ്യം എനിക്കു കൂട്ടിനുണ്ടായത്‌.

പക്ഷേ മദ്യം ഒരു ലഹരി മാത്രമേ തരുന്നുള്ളൂ എന്ന്‌ പലപ്പോഴും ഞാൻ തിരിച്ചറിഞ്ഞിരുന്നു. അനുഭൂതിയുടെ ആലസ്യത്തിൽ എഴുതാൻ കഴിയാതെ കിടന്നുറങ്ങിപ്പോയിട്ടുള്ള ദിവസങ്ങളിൽ പോലും മദ്യത്തെ പഴിക്കാൻ മനസു വന്നില്ല. മദ്യം ഒരു പ്രചോദനമാണെന്നു മനസിൽ ഉറപ്പിച്ചു പോയതു പോലെ.

രണ്ടു വർഷങ്ങൾക്കു ശേഷം ഇന്നും എഴുതാനിരിക്കുമ്പോൾ എനിക്കൊപ്പം മദ്യമുണ്ട്‌. ഒരു കഥക്കു വേണ്ടി മദ്യത്തെ കൂട്ടുപിടിച്ചുള്ള ഇരിപ്പ്‌ തുടങ്ങിയിട്ട്‌ നേരം കുറേയായി.

സന്ദീപിനെ വിളിച്ച്‌ പറ്റില്ലെന്ന്‌ പറഞ്ഞാലോ എന്നു വരെ തോന്നി. കഴിഞ്ഞയാഴ്ചയാണ്‌ അവന്റെ വെബ്‌ മാഗസിന്റെ ക്രിസ്മസ്‌ എഡിഷനു വേണ്ടി ഒരു കഥയെഴുതി കൊടുക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌.

അവൻ ഇന്നലെ കൂടി വിളിച്ച്‌ അതോർമിപ്പിച്ചതാണ്‌. എന്തെങ്കിലുമൊന്ന്‌ എഴുതാമെന്ന്‌ കരുതി ഇരുന്നാൽ തന്നെ നൂറു കൂട്ടം കാര്യങ്ങൾ വന്നു പെടും. ആദ്യം മൊബൈൽ ഫോൺ ഓഫ്‌ ചെയ്തു വക്കുകയാണ്‌ വേണ്ടത്‌. ആവശ്യത്തിനും അനാവശ്യത്തിനും വിളിക്കുന്നവരെ ഒഴിവാക്കിയാൽ തന്നെ ഒരു സമാധാനമുണ്ട്‌.

ഇന്ന്‌ അതിനും പറ്റിയില്ല. എഴുതാനിരുന്നപ്പോഴാണ്‌ വിന്നി വിളിച്ചത്‌. അവൻ ഇവിടെ അടുത്തെവിടെയോ വീടെടുത്തിരിക്കുന്നു. ഒരു മാസമായത്രേ സ്ഥലം മാറ്റം കിട്ടി ഇങ്ങോട്ട്‌ വന്നിട്ട്‌. പ്രീഡിഗ്രീ മുതൽ പീജി വരെ ഒരുമിച്ച്‌ പഠിച്ച സുഹൃത്താണ്‌. “വൈകിട്ട്‌ നിന്റടുത്തേക്ക്‌ വരുന്നു… ഒന്നു കാണണം…” എന്നു പറഞ്ഞപ്പോൾ അവനോട്‌ തിരക്കു കാണിച്ചില്ല.

കണ്ടിട്ട്‌ ഒരുപാട്‌ ആയെങ്കിലും മനസിൽ പഴയ അടുപ്പം സൂക്ഷിക്കുന്ന അപൂർവം ചില സുഹൃത്തുക്കളിൽ ഒരാൾ അവനാണ്‌. സംസാരിച്ച്‌ വക്കുമ്പോൾ അവൻ പറഞ്ഞു, “നീ താമസിക്കുന്ന സ്ഥലം അത്ര പരിചയം പോരാ… ഞാൻ ജംഗ്ഷനിൽ വരുമ്പോൾ വിളിക്കാം…” അവൻ അതു പറഞ്ഞത്‌ കൊണ്ട്‌ പിന്നെ ഫോൺ ഓഫ്‌ ചെയ്യാൻ തോന്നിയില്ല.

ഇന്നിനി ഒന്നും എഴുതാൻ പറ്റുമെന്ന്‌ തോന്നുന്നില്ല. കാലിയായ ഗ്ലാസ്സിലേക്ക്‌ ബോട്ടിൽ കമഴ്ത്തുമ്പോൾ മുറ്റത്ത്‌ ഒരു വാഹനം വന്നു നിന്നു. വിന്നി കാറിന്റെ ഡോർ തുറന്നിറങ്ങി. ദീർഘ കാലത്തിനു ശേഷം സുഹൃത്തിനെ കണ്ടതിന്റെ സന്തോഷം എന്നെ അലിംഗനം ചെയ്തു കൊണ്ട്‌ പ്രകടിപ്പിക്കുമ്പോൾ മദ്യത്തിന്റെ മണം അവനെ വിമ്മിഷ്ടപ്പെടുത്തിയെന്നു തോന്നി.

അകത്തു കയറിയിരിക്കുമ്പോൾ അവൻ പറഞ്ഞു, “വഴിയന്വേഷിച്ചു ബുദ്ധിമുട്ടേണ്ടി വന്നില്ല. ഓഫീസിലെ ഒരു സ്റ്റാഫ്‌ ഇവിടെ അടുത്തു താമസിക്കുന്നുണ്ട്‌. അവൻ കൂടെയുണ്ടായിരുന്നതു കൊണ്ട്‌ നേരെ ഇങ്ങെത്താൻ പറ്റി…”

പിന്നെ മുറിയിലാകെ ഒന്നു കണ്ണോടിച്ചിട്ട്‌ ചോദിച്ചു “ഒറ്റക്കാണ്‌ അല്ലെ…?”. “അതെ… ഇതാണ്‌ സുഖം… നമ്മുടെ സൗകര്യത്തിന്‌ എല്ലാക്കാര്യങ്ങളും നടക്കുമല്ലോ…” അതേ തുടർന്ന്‌ വന്നേക്കാവുന്ന ചോദ്യങ്ങൾ ഒഴിവാക്കാനായിട്ടെന്ന രീതിയിൽ അങ്ങിനൊരു മറുപടി പറഞ്ഞപ്പോൾ അവൻ ചിരിച്ചു.

നിറച്ചു വച്ച ഗ്ലാസ്സ്‌ കൈയിലെടുത്തപ്പോൾ ചോദിക്കാൻ മറന്നില്ല “നീ കഴിക്കില്ലല്ലോ അല്ലേ…?” ഇല്ലെന്ന്‌ അവൻ തലയാട്ടി. “അറിയാവുന്ന കാര്യമാണെങ്കിലും ഇനി അതിൽ മാറ്റമുണ്ടെങ്കിൽ ഒരു കമ്പനി കിട്ടുമല്ലോയെന്നു പ്രതീക്ഷിച്ചു ചോദിച്ചതാണ്‌…”

അവൻ അതിനു മറുപടിയൊന്നും പറഞ്ഞില്ല. പിന്നെ കുറേ നേരം സംസാരിച്ചിരുന്നു. ഒരു ബാങ്ക്‌ സ്റ്റാഫിന്റെ ഉത്തരവാദിത്വങ്ങളിൽ മുങ്ങി പോകുന്ന ജീവിതത്തെക്കുറിച്ചും കുടുംബത്തേക്കുറിച്ചുമൊക്കെ അവൻ പറഞ്ഞു കൊണ്ടിരുന്നു. എനിക്കു പറയാൻ അധികം വിശേഷങ്ങളുണ്ടായിരുന്നില്ല. അവൻ എന്റെ വിശേഷങ്ങൾ തിരക്കിയപ്പോൾ മറുപടി പറഞ്ഞതും അങ്ങിനെ തന്നെ.

“ഒരു പത്രത്തിലെ കൂലിയെഴുത്തുകാരനായി കഴിയുന്ന എനിക്ക്‌ എന്തു വിശേഷം… ”

എന്റെ അലസമായ മറുപടിയിൽ ശ്രദ്ധിക്കാതെ മേശയിൽ വച്ചിരുന്ന റൈറ്റിംഗ്‌ പാഡ്‌ എടുത്തു നോക്കുമ്പോൾ അവൻ പറഞ്ഞു, “നീ എഴുതുന്നതു വല്ലപ്പോഴും വായിക്കാ​‍ാറുണ്ട്‌. സുഹൃത്താണെന്ന്‌ അറിയാവുന്നതു കൊണ്ട്‌ വീട്ടിൽ വരുത്തുന്ന ഏതു മാഗസിനിൽ നീ എഴുതിയിട്ടുണ്ടെങ്കിലും വൈഫ്‌ എന്നോടു പറയും… ”

റൈറ്റിങ്ങ്‌ പാഡിലെ പേപ്പറിൽ ഒരു വരി പോലും എഴുതി കാണാത്തതിന്റെ നിരാശയിൽ അവൻ അതു തിരികെ വച്ചിട്ട്‌ എന്നെ നോക്കി,”

വല്ലതും എഴുതിയിട്ടുണ്ടെങ്കിൽ രണ്ടു വരി വായിക്കാമെന്നു കരുതി നോക്കിയതാണ്‌… “. എഴുതാൻ കഴിയാതാതിരുന്നതിലെ നിരാശ ഞാനും മറച്ചു വച്ചില്ല” എഴുതാനിരുന്നിട്ട്‌ കുറച്ചായി… ഇതു വരെ മനസിൽ ഒന്നും വന്നില്ല… ഇന്നിനി വയ്യ…

ഞാനതു പറഞ്ഞതും അവൻ വല്ലാത്തൊരു നീരസത്തോടെ സംസാരിക്കാൻ തുടങ്ങി, “അതിനെങ്ങിനാ, ഇങ്ങിനെ എഴുതാൻ ഇരുന്നാൽ മനസു നേരെ നിന്നിട്ട്‌ എഴുതാൻ പറ്റുമോ…? ”

അവൻ മദ്യക്കുപ്പിയിലേക്ക്‌ നോക്കിയിട്ട്‌ ചോദിച്ചു, “നീ എന്നു തുടങ്ങി ഈ ശീലം…? ഞാൻ അവസാനമായി കാണുമ്പോൾ ഈ സ്വഭാവം ഇല്ലായിരുന്നല്ലോ… എഴുതുന്നവർ ജാടക്കു വേണ്ടി കൊണ്ടു നടക്കുന്ന ഒരു ശീലമായിട്ട്‌ തുടങ്ങിയതാവും അല്ലേ…? ”

ഒരു നിമിഷത്തെ മൗനത്തിനു ശേഷമാണ്‌ ഞാൻ അതിനു മറുപടി പറഞ്ഞത്‌, “കുറച്ചായി… അങ്ങിനെ ശീലമൊന്നുമല്ല… എഴുതാനിരിക്കുമ്പോൾ ചിലപ്പോൾ മനസിലേക്കൊന്നും വരില്ല… അതു കൊണ്ട്‌ ഇങ്ങിനെ രണ്ട്‌ പെഗ്ഗ്‌…”

പറഞ്ഞു നിർത്തുമ്പോൾ അവൻ ചോദിച്ചു, “പഠിച്ചിരുന്ന സമയത്ത്‌ എഴുതിയിരുന്നതൊന്നും ഇങ്ങനൊരു ശീലമുണ്ടായിട്ടായിരുന്നില്ലല്ലോ…അല്ലേ…? അക്കാര്യം നന്നായി അറിയാവുന്നത്‌ മറ്റാരേക്കാൾ എനിക്കാണെന്നു ഞാൻ വിശ്വസിക്കുന്നു”.

എന്റെ മേൽ അധികാരമുള്ള ഒരു രക്ഷകർത്താവിന്റെ സ്വരത്തിലാ​‍ാണ്‌ അവൻ സംസാരിക്കുന്നതെന്ന്‌ എനിക്ക്‌ തോന്നി.

ഞാൻ ഒന്നും മിണ്ടിയില്ല…

കുറച്ചു നേരം മിണ്ടാതിരുന്നിട്ട്‌ അവൻ പറഞ്ഞു, “ഒരു ഉപദേശമായി നീ കരുതരുത്‌… അല്ലെങ്കിൽ ഞാൻ നിർബന്ധിക്കുന്നു എന്നും തോന്നണ്ട… പറ്റുമെങ്കിൽ നീ ഈ ശീലം ഉപേക്ഷിക്കുക. ഒരു സുഹൃത്തിന്റെ അപേക്ഷയായി കരുതിയാൽ മതി…”

വളരെ നല്ല രീതിയിൽ ആണ്‌ അവൻ അതു പറഞ്ഞതെങ്കിലും, മദ്യപിച്ചിരിക്കുന്ന അവസ്ഥയിൽ അങ്ങിനൊരു കാര്യം കേൾക്കുമ്പോൾ തോന്നുന്ന അനിഷ്ടം എന്റെ മനസിലും ഉടലെടുത്തു.

എന്റെ മൗനം അവനെ ഒന്ന്‌ അസ്വസ്ഥനാക്കി എന്നു തോന്നി. “ഞാൻ നമ്മുടെ പഴയ അബ്രഹാം സാറിനെ ഓർത്തു പോയി… ഒരിക്കൾ കോളേജിലെ ക്രിസ്മസ്‌ ആഘോഷത്തിന്‌ അദ്ദേഹം പറഞ്ഞത്‌ നീ ഓർമിക്കുന്നില്ലേ …?”

“ക്രിസ്തുമസ്‌ നല്ല ചില കാര്യങ്ങൾ തുടങ്ങാനും, തെറ്റെന്നും ദോഷമെന്നും തോന്നുന്ന ചിലതൊക്കെ ഉപേക്ഷിക്കാനും ഉള്ള ഒരു അവസരമായി കരുതണമെന്ന്‌… അങ്ങിനെ ഒരു കാര്യം ഞാനും പറഞ്ഞതായി കരുതിയാൽ മതി… ”

ഞാൻ അസ്വസ്ഥനായതു കണ്ടിട്ടാണ്‌ അവൻ അങ്ങിനെ പറഞ്ഞത്‌ എന്ന്‌ എനിക്കു മനസിലായി.

എന്നിട്ടും ഞാൻ മിണ്ടാതിരിന്നതു കൊണ്ട്‌, എന്റെ മൗനം ഭഞ്ജിക്കാനെന്ന തരത്തിൽ അവൻ ചോദിച്ചു “എന്തായിരുന്നു നീ എഴുതാൻ തുടങ്ങിയത്‌…?”

ക്രിസ്മസിനു പ്രസിദ്ധീകരിക്കാൻ വേണ്ടി ഒരു ആർട്ടിക്കിൾ… ഒരു ചെറു കഥയാണുദ്ദേശിച്ചത്‌…

“കുറച്ചൊന്നു ചിന്തിച്ചിരുന്നിട്ട്‌ വിന്നി ചോദിച്ചു” ഞാൻ ഒരു കഥ പറഞ്ഞാലോ…?

“അവൻ എന്താണു പറഞ്ഞു വരുന്നതെന്ന്‌ മനസിലാകാതെ ഞാൻ അവനെ നോക്കി”

“നീ ഒരു കഥയായി കേൾക്കണ്ട… ഞാൻ ഒരു ആശയം തരുന്നു എന്നു കൂട്ടിയാൽ മതി… കേൾക്കുമ്പോൾ മികച്ചതെന്തെങ്കിലും മനസിൽ വന്നാലോ…?”

അവൻ ഒരു അനുവാദത്തിനെന്ന പോലെ എന്നെനോക്കി. “ശരി നീ പറയൂ… നമുക്കു നോക്കാം…” ഞാൻ അവൻ പറയുന്നത്‌ ശ്രദ്ധിക്കാൻ തയ്യാറായി.

“ അപ്പോൾ തുടങ്ങാം അല്ലേ…?”

അങ്ങിനെ ചോദിച്ചു കൊണ്ട്‌ അവൻ ഗൗരവത്തിൽ തുടങ്ങി. “ഈ കഥ നടക്കുന്നത്‌ നഗരപ്രാന്തത്തിലെ ഒരു കൊച്ചു വീട്ടിലാണ്‌. ഒരു ക്രിസ്തുമസ്‌ രാത്രിയിൽ നക്ഷത്ര വിളക്ക്‌ തെളിക്കുകയോ പുപുൽക്കൂടൊരുക്കുകയോ ചെയ്യാത്ത ആ കൊച്ചു വീടിന്റെ ഒരു ജാലകപ്പാളി തുറന്ന്‌ ആരെയോ പ്രതീക്ഷിച്ച്‌ പുറത്തേക്ക്‌ നോക്കുന്ന ജോക്കുട്ടൻ എന്ന എട്ടു വയസുകാരനിലാണ്‌ കഥ തുടങ്ങുന്നത്‌ … ”

ഞാൻ അവൻ പറഞ്ഞു തുടങ്ങിയ കഥയിൽ മുഴുകി.

ജോക്കുട്ടൻ ഇടവഴിയിലെ ഇരുട്ടിലേക്കും അതിനപ്പുറത്തെ റോഡിലേക്കും നോക്കി. തെരുവു വിളക്കുകൾ തെളിഞ്ഞു നിൽക്കുന്ന റോഡിലൂടെ വല്ലപ്പോഴും മാത്രം വാഹനങ്ങൾ കടന്നു പോകുന്നുണ്ട്‌.

ദൂരെയുള്ള ചില വീടുകളിലും കെട്ടിടങ്ങളിലും നക്ഷത്ര വിളക്കുകൾ തെളിഞ്ഞു കിടക്കുന്നതു കാണാം. റോഡിലൂടെ ഇടക്കിടെ കടന്നു പോകുന്ന വാഹനങ്ങളെ അവൻ പ്രതീക്ഷയോടെ നോക്കി.

പപ്പ ഇനിയും എത്തിയിട്ടില്ല… ഇന്നലേയും വന്നില്ല. അതോർത്ത്‌ കൊണ്ട്‌ അവൻ ജനലിന്റെ അഴികളിൽ മുഖമമർത്തി. ജനലഴികളുടെ തണുപ്പ്‌ അവന്റെ ശരീരത്തിലേക്കെന്ന പോലെ ഇളം മനസിലേക്കും ഒരു ഭയമോ സങ്കടമോ ആയി തുളച്ചിറങ്ങുന്നുണ്ടായിരുന്നു.

അങ്ങിനെ നിൽക്കൂമ്പോൾ അവന്റെ പിന്നിൽ നിന്ന്‌ ഒരു കുഞ്ഞു കൈ അവനെ സ്പർശിച്ചു. അവൻ തിരിഞ്ഞു നോക്കി.

കുഞ്ഞു പെങ്ങൾ ചിന്നുമോൾ. “പപ്പ വര്വോ ഞാഞ്ഞേ…” ആ നാലു വയസുകാരിയുടെ പതിഞ്ഞ സ്വരത്തിലുള്ള ചോദ്യത്തിൽ വല്ലാത്ത ദൈന്യതുണ്ടായിരുന്നു.

“ഉവ്വ്‌ ചിന്നു… പപ്പ വേഗം വരുട്ടോ… ” ജോക്കുട്ടൻ ചിന്നുവിനെ ആശ്വസിപ്പിച്ചു. അവൻ വീണ്ടും പുറത്തേക്ക്‌ തല തിരിച്ചപ്പോൾ ചിന്നു വീണ്ടും അവനെ തോണ്ടി.

“ഞാഞ്ഞേ മമ്മിയുടെ അടുത്ത്‌ പോണം…” അടക്കിപിടിച്ച ശബ്ദത്തിൽ അവൾ ചിണുങ്ങി.

“മമ്മിക്ക്‌ പനിയല്ലേ… അതു കൊണ്ടല്ലേ… ചിന്നൂനു പനി വരാതിരിക്കാനല്ലേ മമ്മി അടുത്തേക്ക്‌ ചെല്ലണ്ടാന്ന്‌ പറഞ്ഞേ…” ജോക്കുട്ടൻ പറഞ്ഞപ്പോൾ ചിന്നു അപ്പുറത്തെ മുറിയിലേക്ക്‌ വിഷമത്തോടെ നോക്കി.

“ദേ ചിന്നൂനു പനി വന്നാൽ ആശൂത്രീൽ കൊണ്ടോയി കുത്തി വക്കുല്ലേ…?” ചിന്നു വീണ്ടും ശാഠ്യം പിടിക്കാതിരിക്കാൻ ജോക്കുട്ടൻ ആവുന്നത്ര ശ്രമിക്കുകയായിരുന്നു…

എന്നിട്ടും ചിന്നുവിന്റെ മുഖത്തെ വിഷമം മാറിയില്ല. അതു കണ്ടിട്ട്‌ അവൻ പറഞ്ഞു “ശരി ഒന്നു പോയി നോക്കീട്ട്‌ വരാം… ”

ചിന്നു സന്തോഷത്തോടേ തലയാട്ടി. ജോക്കുട്ടൻ ചിന്നുവിനേയും കൊണ്ട്‌ അടുത്ത മുറിയിലെ വാതിൽ പടിയിൽ ചെന്ന്‌ അകത്തേക്ക്‌ നോക്കി. അരണ്ട വെളിച്ചത്തിൽ ആകെ മൂടി പുതച്ച്‌ കിടന്ന്‌ മമ്മി മയങ്ങുന്നു.

ചിന്നു എന്തോ പറയാൻ തുടങ്ങിയതും മിണ്ടല്ലേ എന്ന അർത്ഥത്തിൽ അവൻ ചൂണ്ടു വിരൽ ചുണ്ടിൽ വച്ച്‌ കാണിച്ചു. “മമ്മി പാവം ഉറങ്ങുവാ… നമുക്കു പിന്നെ വരാം…” അവൻ അടക്കിപിടിച്ച സ്വരത്തിൽ പറഞ്ഞിട്ട്‌ ചിന്നുവിനേയും കൊണ്ട്‌ തിരികെ മുറിയിലേക്ക്‌ നടന്നു.

“ചിന്നുക്കുട്ടിക്ക്‌ പള്ളീലെ നക്ഷത്രം കാണണോ…?” ചിന്നുവിന്റെ സങ്കടം മാറ്റാനായി ജോക്കുട്ടൻ ചോദിച്ചു. അവൾ തലയാട്ടി.

അവൻ ചിന്നുവിനെ എടുത്ത്‌ ജനാലക്കരുകിൽ കിടന്ന കട്ടിലിൽ കയറ്റി നിർത്തി. അകലെ പള്ളി മുറ്റത്തെ തെങ്ങിൽ തൂക്കിയിരിക്കുന്ന വലിയ ചുവന്ന നക്ഷത്രം അവൻ ചിന്നുവിനു ചൂണ്ടി കാണിച്ചു കൊടുത്തു. അവൾ അതു നോക്കി പുഞ്ചിരിച്ചു.

ഇത്തിരി നേരം അങ്ങിനെ നിന്നിട്ട്‌ അവൾ വീണ്ടും ജോക്കുട്ടനെ നോക്കി ക്ഷീണീച്ച സ്വരത്തിൽ പറഞ്ഞു “വിശക്കണു ഞാഞ്ഞേ…”

അവൻ പുറത്തെക്ക്‌ നോക്കിയിട്ട്‌ പറഞ്ഞു “പപ്പ വരും ചിന്നു… അപ്പോ എല്ലാം കൊണ്ടരൂട്ടോ…”

ചിന്നു വിശ്വാസം വരാത്തതു പോലെ അവനെ നോക്കി ചോദിച്ചു “ശരിക്കും പപ്പ വരുവോ… ”

“ ഉം… വരും ചിന്നു… പെട്ടെന്നു വരും …” ജോക്കുട്ടൻ ഉറപ്പിച്ചു പറഞ്ഞപ്പോൾ അവൾ ഒരു നിമിഷം കൂടി പുറത്തേക്ക്‌ നോക്കി നിന്നിട്ട്‌ കട്ടിലിൽ നിന്നും ഊർന്നിറങ്ങി.

പിന്നെ അത്രയും നേരം ചെയ്തു കൊണ്ടിരുന്നതു പോലെ എവിടെ നിന്നോ അവൾക്കു കിട്ടിയ ചോക്കു കൊണ്ട്‌ സ്ലേറ്റിൽ എന്തോ വരക്കാൻ തുടങ്ങി.

ജോക്കുട്ടൻ വീണ്ടും പുറത്തേക്കു നോക്കി. അവനും വല്ലാതെ വിശക്കുന്നുണ്ടായിരുന്നു. പനിച്ചു കിടക്കുന്നതിനിടയിലും ഇടക്കെപ്പോഴോ എഴുന്നേറ്റ്‌ വന്ന്‌ മമ്മി മുറിച്ചു കൊടുത്ത ഒരു പപ്പായപ്പഴം മാത്രമാണ്‌ ഇന്ന്‌ അവനും അനിയത്തിയും കഴിച്ചിരിക്കുന്നത്‌.

ആഹാരം ഉണ്ടാക്കാതിരുന്നത്‌ മമ്മിക്ക്‌ വയ്യാത്തതു കൊണ്ടല്ല, മറിച്ച്‌ ആ വീട്ടിൽ ഒന്നും ഇല്ലാതിരുന്നതു കൊണ്ടാണെന്ന്‌ അവനറിയാം. അവൻ വീണ്ടും പ്രതീക്ഷയോടെ പുറത്തേക്ക്‌ നോക്കി.

പപ്പ വരുമായിരിക്കും. അപ്പോൾ ചിന്നു മോളോട്‌ പറഞ്ഞതു പോലെ എല്ലാം കൊണ്ടു വരും. അങ്ങിനെ പ്രതീക്ഷിക്കുമ്പോഴും അവന്റെ പിഞ്ചു മനസിൽ എന്തോ ഭീതിയും നിഴലിക്കുന്നുണ്ടായിരുന്നു.

പപ്പ കള്ളു കുടിച്ചിട്ടാവുമോ വരിക…? എങ്കിൽ വരണ്ട… അവനു മനസിൽ വല്ലാതെ സങ്കടം തോന്നി. പപ്പ അങ്ങിനെ വന്നാൽ മമ്മിക്കു കരയാനേ സമയം കാണൂ. മമ്മി കരഞ്ഞാൽ ചിന്നു മോളും കരയും. അപ്പോ പപ്പ മമ്മിയെ തല്ലും.

വേണ്ട… അങ്ങിനെയാണെങ്കിൽ പപ്പ വരണ്ട ഈശോയേ… അവൻ മനസിൽ അങ്ങിനെ പ്രാർത്ഥിച്ചുപോയി.

മമ്മി ഇന്നലെ മുതൽ കരയാൻ തുടങ്ങിയതാണെന്ന്‌ ജോക്കുട്ടൻ ഓർത്തു. മമ്മി കരയുന്നതു കാണുമ്പോൾ അവനും സങ്കടം വരും. ഇന്ന്‌ പനിച്ച്‌ കിടക്കുമ്പോഴും മമ്മി ഒത്തിരി കരഞ്ഞു. ഇടക്ക്‌ മാതാവിനെ വിളിച്ച്‌ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു… “എന്റെ മാതാവേ, എന്റെ കുഞ്ഞുങ്ങൾക്കുള്ളത്‌ എന്തെങ്കിലും കൊണ്ട്‌ അതിയാൻ ഇന്നെങ്കിലും വരാൻ കനിവു കാണിക്കണേ.”

അതു കേട്ടപ്പോൾ അവന്‌ ഒത്തിരി സങ്കടം വന്നു. “പപ്പ വരും മമ്മി…” അവൻ മമ്മിയെ ആശ്വസിപ്പിച്ചു. “വരും മോനേ… വരും…”

അങ്ങിനെ പറഞ്ഞ്‌ തളർന്ന്‌ കട്ടിലിൽ കിടക്കുമ്പോൾ അടുത്തു വന്ന ചിന്നുവിനെ തഴുകിയിട്ട്‌ പറഞ്ഞു, “ഇവിടെ നിക്കണ്ടണ്ട കുട്ടാ, കൊച്ചിനേയും കൊണ്ട്‌ അപ്പുറത്തു പോയ്ക്കോ… കൊച്ചിനു പകർന്നാൽ ആശുപത്രിയിൽ കൊണ്ട്‌ പോകാൻ ആരുമില്ല… ”

അപ്പോൾ മുതൽ ആ കൊച്ചു മുറിയിൽ വന്ന്‌ അവർ രണ്ടു പേരും പപ്പയെ പ്രതീക്ഷിച്ച്‌ ഇരിക്കാൻ തുടങ്ങിയതാണ്‌.

ജോക്കുട്ടൻ വീണ്ടും വഴിയിലേക്ക്‌ നോക്കി. പപ്പ വരും എന്ന അവന്റെ പ്രതീക്ഷ പതുക്കെ ഇല്ലാതാകാൻ തുടങ്ങി. അവൻ മമ്മിയേക്കുറിച്ച്‌ വീണ്ടും ഓർത്തു. മമ്മിക്ക്‌ എപ്പോഴും സങ്കടമാണ്‌. ഒരിക്കലും മമ്മി ചിരിച്ച്‌ കണ്ടിട്ടില്ല. എപ്പോഴും പപ്പയുടെ കാര്യം പറഞ്ഞ്‌ കരയും.

കരയുമ്പോൾ ചിലപ്പോൾ പറയുന്നതു കേൾക്കാം, “വേറൊന്നുമില്ലാത്തവനാ യിരുന്നെങ്കിലും ഒരു നല്ല ഹൃദയമുള്ളയാളെ എനിക്കു തരാമായിരുന്നല്ലോ മാതാവേ… ഓട്ടോ ഓടിക്കിട്ടുന്നതൊക്കെ കുടിച്ചു തീർക്കാനേ ഉള്ളല്ലോ… എന്റെ കെട്ടു താലി വരെ ഊരി വിറ്റ്‌ മേടിച്ച ഓട്ടോയാല്ലേ … അതിൽ നിന്ന്‌ കിട്ടുന്നതു കൊണ്ട്‌ എന്റെ പിള്ളേർക്കു നല്ലതെന്തെങ്കിലും വാങ്ങി കൊടുക്കാൻ അങ്ങേർക്കു തൊന്നിക്കണേ മാതാവേ…” മമ്മിയുടെ പ്രാർത്ഥനയിൽ എന്നും സങ്കടം മാത്രമാണ്‌.

ഒത്തിരി സങ്കടം വരുമ്പോൾ തന്നെയും ചിന്നുവിനേയും ചേർത്ത്‌ പിടിച്ച്‌ മമ്മി കരയും, “എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും ഈ ഗതി വരുത്താൻ ഞാൻ എന്തു തെറ്റു ചെയ്തു ദൈവമേ…?” ഒരിക്കലും മമ്മിയെ ആശ്വസിപ്പിക്കാൻ ആരും ഇല്ലായിരുന്നു.

വല്യമ്മച്ചി മരിച്ചതിൽ പിന്നെ എപ്പോഴും പപ്പ ഇങ്ങിനെയാണ്‌. എന്നും രാത്രി ഒത്തിരിയാകും വരുമ്പോൾ. പപ്പ വരുമ്പോഴേ ഒരു മണമാണ്. അപ്പോൾ തന്നെ മമ്മി കരഞ്ഞ്‌ സങ്കടപ്പെടാൻ തുടങ്ങും.

ചില ദിവസങ്ങളിൽ ചിന്നുവിനേയോ തന്നെയോ ചേർത്തു പിടിച്ച്‌ മമ്മി പപ്പയോട്‌ അപേക്ഷിക്കും, “നിങ്ങള്‌ ഈ പിള്ളേരെ ഓർത്തിട്ടെങ്കിലും ഇങ്ങിനെ കുടിക്കല്ലേ… എനിക്കൊന്നും വേണ്ട ഈ കുഞ്ഞുങ്ങളെ ഓർത്തു കൂടേ…” മമ്മി ഓരോന്ന്‌ പറഞ്ഞു കരയുമ്പോൾ പപ്പ ഒച്ചയിടും.

“മിണ്ടാതിരിക്കെടീ… ” എന്നു പറഞ്ഞ്‌ മമ്മിയെ പേടിപ്പിക്കും.

എന്നിട്ടും മമ്മി എന്തെങ്കിലും പറഞ്ഞു കരഞ്ഞാൽ പപ്പ മമ്മിയെ തല്ലും. ചില ദിവസങ്ങളിൽ പപ്പ വരില്ല. മമ്മി അന്ന്‌ അതു പറഞ്ഞ്‌ കരയും. കുറച്ചു നാൾ മുൻപ്‌ പപ്പ രണ്ട്‌ ദിവസം വീട്ടിലേക്ക്‌ വന്നില്ല.

പിന്നെ വന്നപ്പോൾ മമ്മി ചിന്നുവിനെ ചേർത്തു പിടിച്ച്‌ കരഞ്ഞു പറഞ്ഞത്‌ അവനോർത്തു, “നോക്കിക്കോ ഞാൻ ഈ പിള്ളേർക്ക്‌ വിഷം കൊടുത്ത്‌ കൊന്നിട്ട്‌ ഞാനും ചാവും… ഇങ്ങിനെ ഞങ്ങളെ ഉപേക്ഷിച്ച്‌ നടന്നിട്ട്‌ ഒരു ദിവസം വരുമ്പോൾ മൂന്നു ശവം ഉണ്ടാകും ഇവിടെ…”

അന്ന്‌ മമ്മി ഒത്തിരി കരഞ്ഞു. മമ്മി ഇപ്പോൾ എപ്പോഴും തന്നെ പപ്പയോട്‌ അങ്ങിനെ പറയാറുണ്ടെന്ന്‌ ഓർത്തപ്പോൾ അവനു കൂടുതൽ സങ്കടം വന്നു. രണ്ടു ദിവസം മുൻപ്‌ പപ്പ ഒത്തിരി കുടിച്ചിട്ട്‌ വന്ന ദിവസവും മമ്മി അങ്ങിനെ പറഞ്ഞു കരഞ്ഞു.

അപ്പോൾ “പിള്ളേരെ സങ്കടപ്പെടുത്തുന്നോടീ… ” എന്നു ചോദിച്ച്‌ പപ്പ മമ്മിയെ ഉപദ്രവിച്ചു. പപ്പ മമ്മിയെ ഉപദ്രവിക്കുമ്പോൾ ജോക്കുട്ടനും ചിന്നു മോളും ഓടി ചെന്ന്‌ മമ്മിയെ കെട്ടിപിടിക്കും. അപ്പൊഴാണ്‌ പപ്പ മമ്മിയെ വിടുക.

ഓരോന്ന്‌ ഓർക്കുമ്പോൾ അവന്‌ കൂടുതൽ സങ്കടം വന്നു കൊണ്ടിരുന്നു. പുറത്തെ ഇരുട്ടിൽ നിന്ന്‌ മുഖം തിരിച്ച്‌ ജോക്കുട്ടൻ ചിന്നു മോളേ നോക്കി. അവൾ സ്ലേറ്റിൽ വരച്ച നക്ഷത്രത്തിൽ തല വച്ച്‌ കിടന്നുറങ്ങിയിരിക്കുന്നു. അവൻ ചെന്ന്‌ പതുക്കെ ചിന്നു മൊളെ എടുത്ത്‌ കട്ടിലിൽ കിടത്തി.

ഒരിക്കൽ കൂടി പുറത്തേക്ക്‌ നോക്കിയിട്ട്‌ അവൻ ജനാല അടച്ചു. എന്നിട്ട്‌ മമ്മിയുടെ അടുത്തേക്ക്‌ നടന്നു. ചുമരിലെ സ്വിച്ചിൽ കൈയെത്തിച്ച്‌ ലൈറ്റിട്ടിട്ട്‌ അവൻ മമ്മിയെ നോക്കി. മമ്മിയുടേ നെറ്റിയാകെ വിയർത്തിരിക്കുന്നു. അവൻ നെറ്റിയിൽ കൈ വച്ചു നോക്കി.

ജോക്കുട്ടന്റെ കരസ്പർശനമേറ്റപ്പോൾ ഒരു ഞരങ്ങലോടെ അവർ ഉണർന്നു. അടുത്ത്‌ മകനെ കണ്ടപ്പോൾ അവർ എന്തോ ഓർത്തിട്ടെന്ന പോലെ അവനേ ചേർത്ത്‌ പിടിച്ച്‌ വിതുമ്പാൻ തുടങ്ങി. പിന്നെ പുതപ്പു മാറ്റി എഴുന്നേറ്റു. “പനി മാറിയോ മമ്മി…?”

അവൻ അതു ചോദിച്ചപ്പോൾ ഒന്നും പറയാതെ അവർ അവന്റെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു.

“മോനു വിശക്കുന്നോ…?”

ഉവ്വെന്ന്‌ അവൻ തലയാട്ടി. അവർ ചിന്നു മോളേ തിരക്കി.

“ഉറങ്ങിയമ്മേ…” ജോക്കുട്ടൻ അതു പറഞ്ഞപ്പോൾ അവർ എഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ നടന്നു. ജോക്കുട്ടനും പിന്നാലെ ചെന്നു.

കുഞ്ഞിന്റെ വിശപ്പിനെ ഓർത്തിട്ടാവാം അവർ എഴുന്നെറ്റ്‌ വന്നതു തന്നെ. ഒരുപാടൊന്നും ചിന്തിക്കാതെ അടുക്കളയുടെ മൂലയിലിരുന്ന അരി പാട്ടയിൽ ശേഷിച്ചിരുന്ന അരി അവർ മുറത്തിൽ കുടഞ്ഞിട്ടു.

ജോക്കുട്ടൻ വാതിൽ പടിയിലിരുന്ന്‌ മമ്മിയെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അവർ മുറത്തിലെ അരിയിലേക്ക്‌ നോക്കിയിരുന്ന്‌ വിതുമ്പുകയാണ്‌.

“ക്രിസ്മസായിട്ട്‌ ഞങ്ങൾക്ക്‌ ഈ ഗതിയാണല്ലോ മാതാവേ… എന്റെ കുഞ്ഞുങ്ങൾക്ക്‌ ആരുമില്ലാത്തതു പോലായല്ലോ… ഞങ്ങളെകൂടി അങ്ങോട്ടു വിളിച്ചു കൂടെ മാതാവേ…” ജോക്കുട്ടൻ ശ്രദ്ധിക്കുന്നതു കണ്ടിട്ട്‌ പെട്ടെന്നവർ കണ്ണ്‌ തുടച്ച്‌ എഴുന്നേറ്റു.

മമ്മിയുടെ പരിവേദനം ജോക്കുട്ടനെ സങ്കടത്തിലാഴ്ത്തി. അവനെന്തോ മനസിൽ വല്ലാത്ത ഭയം തോന്നി. മാതാവ്‌ സ്വർഗത്തിലാണ്‌ ഇരിക്കുന്നതെന്നും, മരിച്ചു പോകുന്നവരെ മാതാവ്‌ അവിടേക്കു കൊണ്ടു പോകുമെന്നും, മരിച്ചു പോയ വല്യമ്മ അവിടെ ആണെന്നും മമ്മി പറയുന്നത്‌ അവൻ ഓർത്തു.

അപ്പോൾ മമ്മി മരിക്കുന്നതിനെക്കുറിച്ചല്ലേ പറഞ്ഞത്‌…? അവൻ ഭീതിയോടെ ചിന്തിച്ചു. പപ്പയോട്‌ പറയുന്ന വാക്കുകൾ തന്നെയാണോ മമ്മി ഓർത്തിട്ടുണ്ടാകുക…?

ജോക്കുട്ടൻ അവർക്കു നേരെ നൊക്കി. വേറൊന്നും ശ്രദ്ധിക്കാതെ അവർ അരി പാറ്റി കഴുകുന്ന തിരക്കിലായിരുന്നു. അരി കലത്തിലാക്കി അടുപ്പത്തു വച്ച ശേഷം അവർ കുറച്ചു നേരം അത്‌ നോക്കിയിരുന്നു.

മമ്മി തനിക്കു പുറം തിരിഞ്ഞിരുന്ന്‌ വീണ്ടും കരയുകയാണെന്ന്‌ ജോക്കുട്ടനു മനസിലായി. പപ്പ എങ്ങിനേയും വന്നിരുന്നെങ്കിൽ എന്നവൻ മനസിൽ പ്രാർത്ഥിച്ചു. അവന്റെ ഉള്ളിൽ വിശപ്പിനേക്കാൾ ഭയം നിറഞ്ഞു തുടങ്ങി.

“വാ മോനെ നമുക്കു പ്രാർത്ഥിക്കാം…” മമ്മി കണ്ണു തുടച്ചു വന്ന്‌ അവനോട്‌ പറഞ്ഞു. ഇത്ര വൈകി ഒരിക്കലും പ്രാർത്ഥിച്ചിട്ടില്ല. അവൻ സംശയത്തോടെ അവരെ നോക്കി.

“വാ കുട്ടാ… പ്രാർത്ഥിച്ചു വരുമ്പോഴേക്കും അരി കാലാവും…” അവന്റെ കൈ പിടിച്ച്‌ അവർ മാതാവിന്റെ ചിത്രത്തിനു മുന്നിലേക്ക്‌ നടന്നു.

ഉണ്ണീശോയെ ചേർത്തു പിടിച്ചിരിക്കുന്ന മാതാവിന്റെ മുഖം തന്റെ നേരെയാണ്‌ നൊക്കുന്നതെന്ന്‌ അവനു തോന്നി. ചിത്രത്തിനു മുന്നിലെ മെഴുകു തിരി തെളിയിച്ചിട്ട്‌ അവർ മുട്ടിൽ നിന്നു. അവനും അവർക്കൊപ്പം നിന്ന്‌ കണ്ണടച്ച്‌ പ്രാർത്ഥിക്കാൻ തുടങ്ങി.

എന്നാൽ അവന്റെ മമ്മിക്ക്‌ ഒന്നും പ്രാർത്ഥിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. ഏറെ നേരം അവർ അങ്ങിനെ നിന്നു.

ജോക്കുട്ടൻ ഇടക്കു കണ്ണു തുറന്ന്‌ മമ്മിയുടെ മുഖത്തേക്കും മാതാവിന്റെ ചിത്രത്തിലേക്കും നോക്കി. പപ്പ എത്രയും വേഗം വരാൻ വേണ്ടി മാത്രമാണ്‌ അവൻ പ്രാർത്ഥിച്ചത്‌.

പ്രാർത്ഥിച്ചെഴുന്നേറ്റ്‌ മമ്മി അടുക്കളയിലേക്കു പോയപ്പോൾ ജോക്കുട്ടൻ ഒരിക്കൾ കൂടെ ജനൽ തുറന്ന്‌ പുറത്തേക്ക്‌ നൊക്കി. റോഡ്‌ വിജനമായിരിക്കുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞു. മമ്മി അവിടേക്ക്‌ വരുന്നതു കണ്ടപ്പോൾ അവൻ ജനൽ അടച്ചു.

അവർ ഉറങ്ങി കിടന്നിരുന്ന ചിന്നു മോളെ ഉണർത്തി. അവൾ കണ്ണു തിരുമ്മി മമ്മിയെ നൊക്കി. “മോൾക്കു വല്ലതും കഴിക്കണ്ടേ…?”

അവർ ചോദിച്ചപ്പോൾ ചിന്നു വേണം എന്ന അർത്ഥത്തിൽ തലയാട്ടിയിട്ട്‌ ചോദിച്ചു “പപ്പ വന്നൊ മമ്മി…?”

അവർ മറുപടിയൊന്നും പറയാതെ കുഞ്ഞിനെ ചേർത്തു പിടിച്ചു കൊണ്ട്‌ അടുക്കളയിലേക്കു നടന്നു. പാത്രത്തിലെടുത്തു വച്ചിരുന്ന ചോറ്‌ അവർ കുഞ്ഞ്‌ ഉരുളകളാക്കി ചിന്നുവിനും ജോക്കുട്ടനും വായിൽ വച്ചു കൊടുത്തു.

ചോറിനു വല്ലാത്തെന്തോ ചുവയുണ്ടായിരുന്നു… ഒരു മണവും… ജോക്കുട്ടൻ വേദനയോടെ മമ്മിയെ നോക്കി കൊണ്ട്‌ മനസില്ലാമനസോടെ അതു ചവച്ചിറക്കി.

ചിന്നു മോൾ മുഖം ചുളിച്ച്‌ നോക്കുന്നതു കണ്ടപ്പോൾ അവർ പഞ്ചസാര പാത്രം തുറന്ന്‌ പഞ്ചസാരയെടുത്ത്‌ ചോറിലിട്ടു.

ചിന്നുവിനു വാരിക്കൊടുക്കുമ്പോൾ അവരെ കഴിക്കാൻ പ്രോത്സാഹിപ്പി ക്കാനെന്ന വണ്ണം അവരും വാരിക്കഴിച്ചു കൊണ്ടിരുന്നു.

ജോക്കുട്ടന്‌ എന്തോ ഒരു വിമ്മിഷ്ടം തോന്നി… ഛർദിക്കാൻ വരുന്നതു പോലെ… പക്ഷേ എന്നിട്ടും അവൻ മമ്മി കൊടുത്തതു മുഴുവൻ മേടിച്ചു കഴിച്ചു.

ആഹാരം കഴിച്ചിട്ട്‌ അവർ മക്കളെ ഒപ്പം ചേർത്ത്‌ പിടിച്ച്‌ കിടന്നു. ജോക്കുട്ടന്‌ വല്ലാതെ കരച്ചിൽ വരുന്നുണ്ടായിരുന്നു.

മുറിയിലെ ഇരുട്ടിലേക്ക്‌ നോക്കിയപ്പോൾ അവനു ഭയം കൂടുന്നതായി തോന്നി. അവൻ അമ്മയെ വിളിച്ചു, “മമ്മീ… കുട്ടികൾ മരിച്ചാൽ സ്വർഗത്തിലാ പോകുക അല്ലെ മമ്മീ…”

ആവൻ അതു ചോദിച്ചപ്പോൾ അവർ അവനെ ചേർത്തണച്ച്‌ കിടന്നു കരഞ്ഞു. അവനും അറിയാതെ വിതുമ്പി കരഞ്ഞു… കരഞ്ഞ്‌ കരഞ്ഞ്‌ അവൻ മയക്കത്തിലേക്ക്‌ വീണു.

ആ മയക്കത്തിൽ നക്ഷത്രങ്ങൾ തെളിഞ്ഞു നിൽക്കുന്ന വാനവീഥിയിലൂടെ ഒരു മാലാഖ അവനെ കൈ പിടിച്ചു നടത്തി.

മാലാഖയുടെ ഒരു കൈയിൽ ചിന്നുവും ഉണ്ടായിരുന്നു. കുറേ ചെന്നപ്പോൾ പെട്ടെന്ന്‌ മാലാഖ അറിയാതെ അവന്റെ കൈ വിട്ടു.

അവൻ ഇരുട്ടു മൂടിയ ഒരു ഗർത്തത്തിലേക്ക്‌ വീണു. ജോക്കുട്ടൻ ഉറക്കെ നില വിളിച്ചു. ഇരുട്ടു മാറി പെട്ടെന്ന്‌ എല്ലായിടത്തും വെളിച്ചം പരന്നു. മാലാഖ അവനെ കൊണ്ടെത്തിച്ചത്‌ സ്വർഗത്തിലോ നരകത്തിലോ എന്നറിയാതെ അവൻ ചുറ്റും നോക്കി.

“ജോക്കുട്ടാ…” വിഹ്വലതയൊടെ മമ്മി അവനെ ചേർത്തു പിടിച്ചു.

അവൻ ഞെട്ടി നോക്കി. മമ്മി അടുത്തിരിക്കുന്നു…

അവർ അവനെ നെഞ്ചോടു ചേർത്തു പിടിച്ച്‌ ആശ്വസിപ്പിച്ചു. “സാരോല്ല… പേടിക്കല്ലേ… കുട്ടൻ സ്വപ്നം കണ്ടോ…?”

അവന്‌ എന്തോ പറയണമെന്ന്‌ തോന്നി… പക്ഷേ കഴിഞ്ഞില്ല. “ദാ നോക്ക്‌ മോന്റെ പപ്പ വന്നല്ലോ… മോനുള്ളതൊക്കെ കൊണ്ടു വന്നിട്ടുണ്ട്‌…”

അതു പറഞ്ഞപ്പോൾ അവൻ മമ്മിയുടെ നെഞ്ചിൽ നിന്ന്‌ മുഖമുയർത്തി നൊക്കി… മമ്മി ചിരിക്കുന്നു…

അവൻ കണ്ണു തിരുമ്മി നോക്കുമ്പോൾ പപ്പ അടുത്തു വന്നു. അപ്പോൾ അവനെ അസ്വസ്ഥനാക്കുന്ന പതിവു മണം പപ്പക്കുണ്ടായിരുന്നില്ല. അയാൾ അവനെ തലോടി ചേർത്തു പിടിച്ചു.

വിന്നി കഥ പറഞ്ഞു നിർത്തിയിട്ട്‌ എന്നെ നോക്കി.

ഞാൻ ഒന്നു സംശയിച്ചിട്ട്‌ ചോദിച്ചു, “ഇത്‌ നീ എവിടെയെങ്കിലും വായിച്ചതാണോ…?”

അവൻ പൊട്ടിച്ചിരിച്ചിട്ട്‌ പറഞ്ഞു, “വേറുതേ വായിച്ചതു പറഞ്ഞ്‌ നിന്നെ പറ്റിച്ചിട്ടെന്തു കാര്യം…? ഞാൻ മനസിൽ തോന്നിയ ഒരാശയം പറഞ്ഞു. അതു നിനക്കിഷ്ടപ്പെട്ടെങ്കിൽ എഴുതാം… എഴുതാതിരിക്കാം. ഇനി നീ എഴുതിയാൽ എന്റെ സൃഷ്ടി മോഷ്ടിച്ചു എന്നൊന്നും പറഞ്ഞ്‌ ഞാൻ വരുമെന്നു പേടിക്കണ്ട.”

ഞാൻ കുപ്പിയിൽ ശേഷിച്ചത്‌ ഗ്ലാസ്സിലേക്ക്‌ കമഴ്ത്തി.

എന്നിട്ട്‌ അവനു നേരേ നീട്ടി പറഞ്ഞു “ചിയേഴ്സ്‌… നിനക്കല്ല, നിന്റെ കഥക്ക്‌… ഒരു ക്രിസ്മസ്‌ രാത്രിയിൽ നന്നാവാൻ തീരുമാനിച്ച നിന്റെ കഥാപാത്രത്തിന്‌…”

ഗ്ലാസ്സ്‌ കാലിയിക്കിയിട്ട്‌ ഞാൻ അവനെ അഭിനന്ദിച്ചു “നന്നായിരിക്കുന്നു വിന്നി… ഞാനിത്‌ എഴുതാം….” അവന്റെ മുഖത്ത്‌ സംതൃപ്തി നിറയുന്നത്‌ ഞാൻ കണ്ടു.

പെട്ടെന്ന്‌ എന്തോ ഓർത്ത്‌ വാച്ചിൽ നോക്കിയിട്ട്‌ അവൻ പറഞ്ഞു “മണി ഒൻപതാകുന്നു… ഞാൻ ഇറങ്ങട്ടെ എന്നാൽ…” അവൻ പോകാൻ തിടുക്കപ്പെട്ടു.

“നീ എന്നെയും കൂടി ആ ജംഗ്ഷനിലാക്ക്‌… ഭക്ഷണം കഴിക്കണം…” ഷർട്ട്‌ എടുത്തിട്ട്‌ ഞാനും അവനൊപ്പം ഇറങ്ങി.

കാറിലിരിക്കുമ്പോൾ അവൻ പറഞ്ഞു, “ഇനി നീ ഒരു വിവാഹം കഴിക്കണം… വേറേ ബാധ്യതയൊന്നുമില്ലല്ലോ നിനക്ക്‌… ഒരാൾ കൂടെയുണ്ടാകുമ്പോൾ ജീവിതത്തിന്‌ ഒരു അടുക്കും ചിട്ടയുമൊക്കെ വരും… ഉത്തരവാദിത്വം ഉണ്ടാകും…”

ഒന്നു നെടു വീർപ്പിട്ടിട്ട്‌ അവൻ തുടർന്നു, “എന്റെ കഥയിലെ എട്ടു വയസുകാരന്റെ പപ്പ ആ ക്രിസ്തുമസ്‌ രാത്രി മദ്യപാനം നിർത്തി… പക്ഷേ യഥാർത്ഥത്തിൽ അങ്ങിനെ സംഭവിച്ചില്ല… ”

ഞാൻ അത്‌ മനസിലാകാതെ അവനെ നോക്കിയപ്പോൾ അവൻ വ്യക്തമാക്കി, “ഞാൻ പറഞ്ഞ കഥയിലെ ജോക്കുട്ടൻ ഞാൻ തന്നെയാണെടാ… മമ്മി ഇപ്പോഴും എന്നെ അങ്ങിനെയാ വിളിക്കുന്നത്‌… ആ ക്രിസ്തുമസ്‌ രാത്രി വീട്ടിൽ ബാക്കിയുണ്ടായിരുന്ന കേടായ റേഷനരി വേവിച്ചു തരുമ്പോൾ മക്കൾക്കൊപ്പം ആ സ്ത്രീ  ജീവിതം അവസാനിപ്പിക്കാൻ പോകുന്നു എന്നു ഞാൻ ഭയന്നത്‌ ഇന്നും മനസിൽ മായാത്ത ഒരു വേദനയായി കിടക്കുന്നുണ്ട്‌… ”

അവൻ ഏതൊരു വികാരത്തോടെയാണ്‌ അതു പറയുന്നതെന്ന്‌ എനിക്കു മനസിലാകുമായിരുന്നു… “നിനക്കു പരിചയമുള്ള ഒരു കാര്യം എന്നേ ഞാൻ കരുതിയുള്ളൂ… ”

ഞാൻ പറഞ്ഞപ്പോൾ അവൻ തുടർന്നു,“ഒരു സാധാരണക്കാരനായ എനിക്ക്‌ സ്വന്തം ജീവിതത്തിലെ കാര്യങ്ങളല്ലേ ഇത്ര ഭംഗിയായി പറയാൻ കഴിയൂ… ”

അവൻ പറഞ്ഞത്‌ ശരിയാണെന്നു തോന്നി.

“അന്ന്‌ എന്റെ പപ്പ ആ ദുശീലം ഉപേക്ഷിച്ചില്ല… അങ്ങിനെ ഒത്തിരി രാത്രികൾ പിന്നെയും ഞങ്ങളുടെ ജീവിതത്തിലുണ്ടായി… അതു കൊണ്ടു തന്നെ പപ്പ അധിക കാലം ജീവിച്ചില്ല… ഓർമയില്ലേ നിനക്ക്‌, പ്രീ ഡിഗ്രീ ക്ലാസിൽ നീ എന്നോട്‌ പപ്പയെ കുറിച്ച്‌ ചോദിച്ചതും പപ്പ മരിച്ചു പോയെന്നു പറഞ്ഞപ്പോൾ വിഷമത്തോടെ സോറി പറഞ്ഞിട്ട്‌ മിണ്ടാതിരുന്നതും. ”

ഞാൻ ഒരു നിമിഷം അതോർക്കുന്നതിനിടയിൽ അവൻ പറഞ്ഞു, “നിനക്കു കഴിയുമെങ്കിൽ എന്റെ പപ്പക്കു കഴിയാത്തത്‌ നീ ഈ ക്രിസ്മസിനു ചെയ്യുക… ആവശ്യമില്ലാത്ത ആ ശീലം അങ്ങു മറക്കാൻ ശ്രമിക്കുക… അതിനു കഴിഞ്ഞാൽ നീ ഈ ക്രിസ്തുമസിനു എന്റെ വീട്ടിലേക്ക്‌ വരണം. നമുക്കൊരു സന്തോഷമുള്ള, മറക്കാൻ കഴിയാത്ത ക്രിസ്തുമസ്‌ ആക്കിക്കളയാം ഇത്‌… എന്താ? ”

പെട്ടെന്നെന്തോ എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. റെസ്റ്റോറന്റിനു മുന്നിലെത്തിയപ്പോൾ അവൻ പറഞ്ഞു, “ഞാൻ ഇറങ്ങുന്നില്ല… ഇപ്പോൾ തന്നെ വൈകി… ഞാൻ ചെന്നിട്ടേ മോളുറങ്ങൂ… അവൾ കാത്തിരിക്കും… ”

കാറിൽ നിന്നും ഇറങ്ങുമ്പോൾ ഞാൻ പറഞ്ഞു “നീ പറഞ്ഞതു പോലെ ഈക്രിസ്തുമസിന്‌ ഞാനുണ്ടാകും നിന്റെ വീട്ടിൽ…”

അവൻ സന്തോഷത്തോടെ എന്നെ ഒന്നു നോക്കി ചിരിച്ചിട്ട്‌ വഴി വിളക്കുകൾ തെളിഞ്ഞു നിൽക്കുന്ന നിരത്തിലൂടെ കാർ ഓടിച്ചു പോയി.

 

അനൂപ്‌ ശാന്തകുമാർ
-2011 ഒക്ടോബർ 09-

 

കൂടുതൽ ചെറുകഥകൾ വായിക്കാം

YOUTUBE  |  INSTAGRAM  |  FACEBOOK

Facebook Comments

comments

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Add comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

About Blogger

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Email Newsletter

We Won't SPAM , Only Serious Emails.

Advertisement