De Kochi - Photographic Journal
Malayalam Short Story, Short Story, Short Stories, Cherukatha, Cherukathakal, Malayalam Novel, Malayalam Book Online, Short Story Online, Online Short Story, Malayalam Cherukathakal, Kathakal, Malayalam Kathakal, മലയാളം ചെറുകഥകൾ, ചെറുകഥകൾ

എ ഫ്രൻഡ് ഇൻ നീഡ്

Malayalam Short Story, Short Story, Short Stories, Cherukatha, Cherukathakal, Malayalam Novel, Malayalam Book Online, Short Story Online, Online Short Story, Malayalam Cherukathakal, Kathakal, Malayalam Kathakal, മലയാളം ചെറുകഥകൾ, ചെറുകഥകൾ

 

മൊബൈലിൽ അലാം അടിച്ചപ്പോൾ, അത് കഴിഞ്ഞ രാത്രിയിൽ അവസാനം കണ്ട സ്വപ്നത്തിലെ പള്ളി മണിയുടെ തുടർച്ചയായി തോന്നി.

സ്വപ്നത്തിൽ സലോനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പള്ളിയിലേക്കെത്തുമ്പോൾ ആകാശത്തെ ചുമ്പിക്കാൻ വെമ്പി നിൽക്കുന്ന മണി ഗോപുരത്തിൽ നിന്ന് തുടരെ തുടരെ മണി മുഴങ്ങിക്കൊണ്ടിരുന്നു.

ആ മണിനാദം അടുത്തു വരുന്നുവെന്നും എന്റെ ഹൃദയതാളത്തെ അതു നിശ്ചലമാക്കിയേക്കുമെന്നും ഭയന്ന് ഉറക്കം വിട്ടെഴുന്നേൽക്കുമ്പോൾ മുറിയിൽ ആതേ ശബ്ദം മുഴങ്ങുന്നതു പോലെ…

ഉറക്കത്തിനും ഉണർവിനുമിടയിലെ ആ ഒരു നിമിഷം മനസു മരവിച്ചു പോയി. സ്വപ്നം അവസാനിച്ചിരിക്കുന്നു… ഇതിപ്പോൾ എന്നെ പതിവായി വിളിച്ചുണർത്തുന്ന അലാറം ആണെന്നു മനസിലായപ്പോൾ ഒരു വിധത്തിൽ കൈയെത്തിപ്പിടിച്ച് മേശയിലിരുന്ന മൊബൈലിന്റെ ബട്ടനിൽ വിരലമർത്തി ആ നശിച്ച ശബ്ദം അവസാനിപ്പിച്ചു.

കിടക്ക വിട്ടെഴുന്നേൽക്കാൻ തോന്നിയില്ല. ഇന്ന് എന്നെ കാത്തിരിക്കുന്നത് സ്വപ്നത്തിലെ അതേ വാർത്തയായിരിക്കുമെന്ന് എനിക്കറിയാം. എന്നിട്ടും ഇന്നലെ രാത്രിയിൽ നടന്നതൊക്കെ ദു:സ്വപ്നമായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി. അല്ല ഒന്നും സ്വപ്നമായിരുന്നില്ല…  കാലിലെ ചോര കട്ട പിടിച്ച മുറിവിന്റെ വിങ്ങൽ എല്ലാം സത്യമായിരുന്നു എന്ന് ബോധ്യപ്പെടുത്തുകയാണ്‌.

എന്നിട്ടും കാലിൽ ഒരു മുറിവുണ്ടെന്ന് ഉറപ്പു വരുത്തുവാനായി ചാടിയെഴുന്നേറ്റു. പേശികൾ വലിഞ്ഞപ്പോൾ കാൽ പാദത്തിലെ മുറിവിൽ നിന്ന് ചോര കിനിഞ്ഞു. മനസിലും ഒരു നീറ്റൽ. മുറിയിലെ തറയിൽ വീണു ചിതറിയ പച്ച നിറമുള്ള സീസറിന്റെ കുപ്പി മുറിയാകെ മരതകം വിതറിയിരിക്കുന്നു.

ആ ചില്ലു കഷണങ്ങൾ വന്യമായി തിളങ്ങുന്നുണ്ട്. അതെന്റെ വെറും തോന്നലായിരിക്കാം. കുപ്പിച്ചില്ലിന്റെ സാധാരണ തിളക്കം മാത്രമേ അവയ്ക്കുള്ളൂ. പക്ഷേ സത്യം സത്യമാണെന്ന് ആ കുപ്പിച്ചില്ലുകളും വിളിച്ചു പറയുന്നുണ്ട്.

കഴിഞ്ഞ രാത്രിയിൽ സംഭവിച്ചത് ഒരിക്കൽ കൂടി ഓർമിക്കുവാൻ ശ്രമിച്ചു നോക്കി.

വീക്കെന്റിൽ കാലിയാക്കാതെ വച്ചിരുന്ന സീസറിന്റെ കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന രണ്ടു പെഗ്ഗ് അകത്താക്കിയിട്ടാണ്‌ ഉറങ്ങാൻ കിടന്നത്. ആ രണ്ട് പെഗ്ഗിന്റെ അസംതൃപ്തിയിൽ അസ്വസ്ഥനായി ഏറെ നേരം കിടന്നതിനു ശേഷമാണ്‌ ഉറക്കം കണ്ണിൽ തലോടിയത്.

പാതിരാത്രിയോടടുത്താവണം മുറിയിൽ ഫ്ലാഷ് ലൈറ്റ് പോലെ കണ്ണഞ്ചിക്കുന്ന പ്രകാശം വീണതായി തോന്നിയിട്ടാണ്‌ ഞെട്ടി ഉണർന്നത്. അരുതാത്തതെന്തോ സംഭവിക്കുയാണെന്ന് മാത്രം മനസിലായി. ഒരു നിമിഷം കൊണ്ട് മനസിലൂടെ കടന്നു പോയതത്രയും ദുർചിന്തകൾ.

അവിടെയും സ്വപ്നത്തെ പഴിക്കാൻ വ്യഥാ ഒരു ശ്രമം നടത്തി. പക്ഷേ മുന്നിലെ കാഴ്ച മനസിനെ തിരുത്തി. മുറിയുടെ നടുവിൽ ഹോളിവുഡ് ചിത്രത്തിൽ നിന്നിറങ്ങി വന്നതു പോലെ വിചിത്ര വേഷധാരിയായ ഒരു മനുഷ്യൻ. അയാളുടെ കൈയിൽ അഗ്നി ചിതറുന്ന ഒരു വാൾ. വെളിച്ചത്തിന്റെ തീവ്രതയിൽ ചുറ്റുപാടും തിരിച്ചറിയാൻ കഴിഞ്ഞത് കൊണ്ട് ഒന്നും തോന്നലല്ലെന്നു ബോധ്യമായി.

രാത്രിയിൽ ഏതു വിധേനയായാലും മുറിയിൽ അതിക്രമിച്ചു കടന്നവനോടുള്ള അമർഷത്തോടെ, അതിലേറെ ഭയത്തോടെയാണ്‌ “നിങ്ങളാരാണ്‌? ” എന്നചോദ്യം അയാൾക്കു നേരെയെറിഞ്ഞത്.

ഭയം കൊണ്ട് വിറച്ച എന്റെ നാവിൽ നിന്ന് വാക്കുകളേക്കാൾ അവ്യക്തമായ ശബ്ദങ്ങളാണ്‌ പുറത്തേക്കു വന്നത്. കൈയിലെ വാളിൽ ജ്വലിക്കുന്ന അഗ്നി പ്രകാശം പരത്തുമ്പോഴും ശിരോവസ്ത്രത്തിനുള്ളിലെ അയാളുടെ മുഖത്ത് ഇരുട്ടായിരുന്നു. അല്ലെങ്കിൽ അയാൾക്ക് മുഖം ഇല്ലെന്ന് തോന്നി.

ഭയത്തിന്റെ ഏറ്റവും മോശമായ അവസ്ഥയിൽ നിന്നു കൊണ്ട് ഞാൻ ചോദ്യം ആവർത്തിച്ചപ്പോഴാണ്‌ അയാൾ പ്രതികരിച്ചത്. അയാൾ പറഞ്ഞ മറുപടി കേൾക്കാനായി അങ്ങിനെയൊരു ചോദ്യം ചോദിക്കെണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയി.

എന്റെ ജീവനെടുക്കാനായി പരലോകത്തു നിന്നു വന്നിരിക്കുന്ന മരണ ദൂതനാണ്‌ മുന്നിലെന്ന് അയാളുടെ മിതമായ വാക്കുകളിൽ നിന്നറിഞ്ഞ് ഞാൻ നടുങ്ങി. എന്റെ ഭയം ഇരട്ടിച്ചു. ഒന്നും ശരിക്കും നടക്കുന്നതല്ല എല്ലാം സ്വപ്നമാണെന്ന് വെറുതേ മനസിൽ പറഞ്ഞു നോക്കി.

“മരണം ഒരിക്കലും ഒരു സ്വപ്നമല്ല… അത് അനിവാര്യമായ സത്യമാണ്‌…” എന്റെ മനസു വായിച്ചിട്ടെന്ന പോലെ അയാൾ അതു പറയുമ്പോൾ അയാളുടെ മുഴക്കമുള്ള ശബ്ദത്തിൽ എല്ലാം അവസാനിക്കുകയാണെന്ന് ഞാൻ മനസിലുറപ്പിച്ചു.

അപ്രതീക്ഷിതമായി എന്റെ ജീവിതത്തിനു മുന്നിൽ കയറി നിൽക്കുന്ന അയാളെ ഞാൻ വായിൽ തോന്നിയ ചീത്ത വിളിച്ചു. പിന്നെ എന്റെ വിധിയെ സ്വയം ശപിച്ചു. അപ്പോഴത്തെ മാനസികാവസ്ഥയിൽ അയാളെ ആക്രമിച്ചു കീഴ്പ്പെടുത്താൻ ശ്രമിക്കാമെന്ന ചിന്ത പോലും മനസിലുണ്ടായി. പക്ഷേ അയാളുടെ കൈയിലെ വാൾ എന്നെ അതിൽ നിന്നു പിന്തിരിപ്പിച്ചു.

മരണം മുന്നിൽ നിൽക്കുമ്പോഴും അതിനെ ഭയപ്പെടുന്ന എന്നെ നോക്കി അയാൾ ഒന്നു പൊട്ടിച്ചിരിച്ചു. ഒരു വല്ലാത്ത ചിരി… കൊലച്ചിരി എന്താണെന്ന് ആദ്യമായി ഞാൻ മനസിലാക്കുമ്പോഴും അയാളുടെ ചിരിയിൽ ഒരു ആത്മവിശ്വാസക്കുറവുള്ളതു പോലെ തോന്നി.  ഭയത്തിൽ നിന്ന് മുക്തനാകാനായി ഞാൻ ഒരോന്ന് ചിന്തിച്ചതായിരുന്നിരിക്കണം. എന്നിട്ടും, ജീവിതം ഇതാ ഇവിടെ തീരാൻ പോകുന്നു എന്നു തന്നെ ഞാൻ ഉറപ്പിച്ചു.

അയാളുടെ ചിരിയുടെ അവസാനം ഞാൻ മരിച്ചു വീണേക്കാം എന്നു തന്നെ ഭയന്നു. പിൻ തിരിഞ്ഞോടാൻ മാത്രം പ്രേരിപ്പിക്കുന്ന ഭയമെന്ന വികാരത്തിന്‌ ഞാൻ അത്രമാത്രം അടിമയായി കഴിഞ്ഞിരുന്നു.

മുറിയിൽ നിന്ന് എവിടേക്കെങ്കിലും ഓടി പോകാം എന്ന ചിന്ത പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നതിനിടയിലാണ്‌ മേശയിലിരുന്ന ഒഴിഞ്ഞ മദ്യക്കുപ്പി നിലത്തു വീണുടഞ്ഞത്. ചിതറിത്തെറിച്ച ഒരു ചില്ലു കഷണം കാലിൽ വന്നു തറച്ചു. അതിന്റെ വേദനയിൽ ഞാൻ ഞരങ്ങിയപ്പോഴാണ്‌ അയാളുടെ സന്മനസ് എനിക്ക് മനസിലായത്.

“ആ നുറുങ്ങ് ചില്ല് ദേഹത്തു തുളച്ച വേദന പൊലും തരാതെയാണ്‌ നിന്റെ ആത്മാവിനെ ഞാൻ നിന്നിൽ വേർപെടുത്താൻ പോകുന്നത്… ഒരു കാർഡിയാക് അറസ്റ്റ്… തളർന്ന് വീഴുന്ന നിന്നിൽ നിന്ന് ഞാൻ നിന്റെ ജീവനെടുക്കും… വേദനയില്ലാത്ത ഒരു മരണം… എനിക്കിപ്പോൾ നിനക്കായ് അത്ര മാത്രമേ ചെയ്യാൻ കഴിയൂ…”

മരണ ദൂതൻ എനിക്കു നീട്ടിയ ഔദാര്യത്തിനു മുന്നിൽ ഞാൻ ഒരു നിമിഷം നിസഹായനായി നിന്നു. എനിക്കു വേണ്ടത് എന്റെ ജീവനായിരുന്നു… ജീവിതമായിരുന്നു… ഞാൻ അതിനു വേണ്ടി കെഞ്ചി. മുന്നറിയിപ്പില്ലാതെ മാത്രം കടന്നു വരുന്ന മരണത്തെക്കുറിച്ച് ഞാൻ അയാളോട് പരാതിപ്പെട്ടു. അയാൾ നീതിയില്ലാത്തവനാണെന്നും അവിവേകിയാണെന്നും വിളിച്ചു പറായാൻ ഞാൻ മടിച്ചില്ല.

അയാൾ എല്ലാം കേട്ടു നിന്നതല്ലാതെ ഒന്നും സംസാരിച്ചില്ല. ആത്മാവ് എടുക്കും മുൻപ് അവസാനത്തെ ആഗ്രഹം നിറവേറ്റാൻ അവസരം തരുന്നതു പോലെ എന്റെ വികാരങ്ങൾ പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം അയാൾ എനിക്ക് നൽകിയതായി തോന്നി.

എല്ലാ ചിന്തകളും ഭയം മാത്രം തരികയും, ഭയം എന്റെ കണ്ഠനാളത്തെ മരവിപ്പിച്ചു നിർത്തുകയും ചെയ്തതു കൊണ്ട് ഞാൻ നിശബ്ദനായപ്പോഴാണ്‌ അയാൾ വീണ്ടും സംസാരിച്ചത്. അതും അയാളുടെ നീതിയെക്കുറിച്ചും… അയാളുടെ ദൗത്യത്തിന്റെ നീതിയെക്കുറിച്ചും മാത്രം.

“മരണം ഒരിക്കലും ഒരു വാതിലിലും മുട്ടി വിളിച്ച് കാത്തു നിൽക്കാറില്ല… ജരാനരകളോ രോഗാവസ്ഥകളോ നല്കി, മരണത്തിലേക്ക് നടക്കുന്നു എന്ന് ഒരു മനുഷ്യന്‌ അറിയിപ്പു നൽകുമ്പോൾ പോലും അവന്റെ മരണ സമയത്തെക്കുറിച്ച് അവന്‌ സൂചന നൽകാറില്ല… അതാണ്‌ മരണത്തിന്റെ നീതി…” മരണദൂതൻ പറഞ്ഞു നിർത്തി.

അയാൾ അയാളുടെ തത്വങ്ങളിൽ ഉറച്ചു വിശ്വസിക്കുന്നു എന്നെനിക്കു ബോദ്ധ്യമായി. ഇനി അതിനെ വിമർശിച്ചിട്ട് കാര്യമില്ല. ഇപ്പോൾ എനിക്കെന്റെ ജീവനാണ്‌ വലുത്. അങ്ങിനെ ചിന്തിച്ചു കൊണ്ട് അപേക്ഷയുടെയും യാചനയുടെയും സ്വരം ഞാൻ പുറത്തെടുത്തു. ജീവനെടുക്കാൻ വന്നവൻ അതെടുക്കാതെ പോകില്ല എന്നറിഞ്ഞു കൊണ്ട് തന്നെ എന്നാലാവുന്ന അവസാന പരീക്ഷണം.

തികച്ചും നീതിയുക്തവും ന്യായവുമായ ഏതെങ്കിലും ഒരു ആഗ്രഹത്തിന്റെ പൂർത്തീകരണത്തിനു വേണ്ടി ഞാൻ ജീവിച്ചിരിക്കുവാൻ ആഗ്രഹിക്കുന്നു എന്നു പറയുവാൻ തക്കതായ ഒരു കാര്യവും എനിക്കുണ്ടായിരുന്നില്ല. അപ്പോൾ മനസിൽ തോന്നിയതെന്തൊക്കെയോ പറയുവാൻ മാത്രമേ എനിക്കു കഴിഞ്ഞുള്ളൂ.

എന്റെ വാക്കുകൾ ശ്രദ്ധിക്കുന്നതിനിടയിൽ അയാളിൽ നിന്നുയർന്ന ഒരു നെടുവീപ്പ് എനിക്ക് പ്രതീക്ഷ നല്കി. അവസാനം അതു തന്നെ സംഭവിച്ചു. എനിക്കു പകരം എന്റെ ഒരു സുഹൃത്ത്… അതും ഞാൻ കാണിച്ചു കൊടുക്കുന്ന ഒരു സുഹൃത്തിന്റെ ജീവൻ… സുഹൃത്തിന്റെ ആയുസ് എനിക്ക് നൽകിക്കൊണ്ട് ആ ജീവൻ അയാളെടുക്കും… അതായിരുന്നു അയാൾ പറഞ്ഞ പരിഹാരം.

എനിക്കു സമ്മതമായിരുന്നു…. ഒരു നൂറു വട്ടം… എന്റെ ജീവനായിരുന്നല്ലോ എനിക്ക് വലുത്. പക്ഷേ ആ സന്തോഷം ഒരു നിമിഷം കൊണ്ട് അവസാനിച്ചതായി തോന്നി. പെട്ടെന്ന് മനസിൽ തിരഞ്ഞപ്പോൾ സുഹൃത്ത് ആയി ചൂണ്ടിക്കാണിക്കാൻ ഒരാളേ പോലും കിട്ടിയില്ല.

“നിനക്കു പകരം നിന്റെ സുഹൃത്ത്…” അയാൾ അങ്ങിനെ ഓർമപ്പെടുത്തിക്കൊണ്ടേയിരുന്നു. സുഹൃത്ത് എന്ന് കേൾക്കുന്ന നിമിഷം മനസിലേക്ക് കടന്നു വരാൻ തക്ക അടുപ്പമുള്ള ഒരാൾ പോലും എനിക്കില്ലെന്ന തിരച്ചറിവിൽ ഞാൻ അസ്വസ്ഥനാകുകയായിരുന്നു അപ്പോൾ.

എന്നിട്ടും പരാജയപ്പെടാൻ എനിക്കു മനസില്ലായിരുന്നു. ടാബ് ഫോൺ കൈയിലെടുക്കുമ്പോൾ കൈ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.

ഫോൺ കൈയിൽ നിന്ന് വഴുതി പോകാതിരിക്കാൻ രണ്ടു കൈ കൊണ്ടും മുറുകെ പിടിച്ച് ടച്ച് സ്ക്രീനിൽ വിറക്കുന്ന വിരലമർത്തി ഫേസ് ബുക്ക് തുറന്നു. സുഹൃത്തുക്കളുടെ ലിസ്റ്റിൽ നിന്ന് പൂച്ചക്കുഞ്ഞിന്റെതു പോലെ നിഷ്കളങ്കമായ മുഖമുള്ള പെൺകുട്ടിയുടെ ചിത്രം അയാൾക്കു നേരെ ഞാൻ തിരിച്ചു കാണിച്ചു.

“സലോനി… സലോനി… എന്റെ സുഹൃത്താണ്‌… വി കീപ് എ ഗുഡ് ഫ്രണ്ട്ഷിപ്… അവൾ ഇടക്കു വിളിക്കാറുണ്ട്… എന്റെ ഫ്രണ്ട്… എന്റെ ക്ലോസ് ഫ്രണ്ട് ലിസ്റ്റിൽ ഉള്ളതാണ്‌…” വിറക്കുന്ന സ്വരത്തിൽ അവൾ എന്റെ അടുത്ത സുഹൃത്താണെന്നു ബോധ്യപ്പെടുത്താനായി ഞാൻ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

അയാൾ എന്തോ ഒരസ്വസ്ഥതയോടെ തല തിരിച്ചു… “വേണ്ട, ആത്മാവിന്റെ ഉടമയുടെ മുഖം അധികം വീക്ഷിക്കുവാൻ എനിക്ക് താത്പര്യമില്ല… അവർ പോലും അർഹിക്കാത്ത സഹതാപവും നീതിയും എനിക്കു തോന്നിപ്പോയേക്കാം… ആദ്യത്തെ ഉദ്യമത്തിൽ നിന്റെ മുന്നിൽ ഞാൻ ഒന്നു പതറിയതും അതു കൊണ്ടാണ്‌… ഇനിയൊരാളുടെ കാര്യത്തിൽ അതു സംഭവിക്കാൻ പാടില്ല…”

അയാളുടെ വിഷമം ഞാൻ കണ്ടില്ലെന്നു നടിച്ചു. എനിക്കെന്റെ ജീവൻ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു അപ്പോൾ. അയാൾ അന്തരീക്ഷത്തിൽ കൈ കൊണ്ട് വൃത്തം വരച്ചപ്പോൾ ഒരു ഗ്രാഫിക്സ് വിസ്മയം അയാൾക്ക് മുന്നിൽ വിരിഞ്ഞു. അതിൽ എന്തൊക്കെയോ ദൃശ്യങ്ങൾ തെളിയുന്നതു ഞാൻ കണ്ടു.

വിസ്മയിപ്പിക്കുന്ന പ്രകാശരൂപങ്ങൾ അയാളെ അനുസരിക്കുന്നതു കണ്ടപ്പോൾ, ചലച്ചിത്രങ്ങളിൽ മനോഹരമായ ഗ്രാഫിക്സുകൾ സൃഷ്ടിക്കുന്നവർ മരണ ദൂതനെ പരിചയപ്പെട്ടവരായിരിക്കാം എന്നെനിക്കു തോന്നി.

അയാൾ വീണ്ടും ആംഗ്യം കാണിച്ചപ്പോൾ മുന്നിലെ ദൃശ്യങ്ങൾ മറഞ്ഞു. പിന്നെ എനിക്കു നേരെ നോക്കി പറഞ്ഞു,“ അറുപത്തിയേഴ് വയസ്, അതാണ്‌ നിന്റെ സുഹൃത്തിന്റെ ആയുസ്… നിനക്കിനിയും നാൽപ്പത്തൊന്നു വർഷം കിട്ടുന്നു… നിന്റെ സുഹൃത്തിന്‌ ഈ രാത്രി മാത്രവും… ”

അത് കേട്ടപ്പോൾ മനസ്‌ അറിയാതെ ഒന്ന് പതറി. അയാളപ്പോൾ ഇരുളിലേക്ക് ലയിച്ചു പോയതു പോലെ എന്റെ മുന്നിൽ നിന്ന് മറഞ്ഞു. എങ്ങിനെയോ ഞാൻ കിടക്കയിലേക്ക് വീണു. പിന്നെ ഈ സ്വപ്നത്തിനൊടുവിലാണ്‌ കണ്ണു തുറന്നത്.

ഇപ്പോൾ സലോനിയെക്കുറിച്ചോർത്തിട്ട് മനസിൽ വല്ലാത്ത അസ്വസ്തത തോന്നുന്നു. ഫേസ് ബുക്ക് തുറന്ന് പരതിനോക്കി.

അന്വേഷിച്ചത് കണ്ടെത്താൻ അധിക സമയം വേണ്ടി വന്നില്ല. ‘കുടുമ്പാംഗങ്ങൾക്കൊപ്പം ഒരു വിവാഹത്തിൽ പങ്കെടുത്തു മടങ്ങവേ, നമ്മുടെ പ്രിയ സുഹൃത്ത് സലോനി കഴിഞ്ഞ രാത്രിയിൽ ഒരു വാഹനപകടത്തിൽ മരണമടഞ്ഞിരിക്കുന്നു…’  എന്ന് ഒരു സുഹൃത്ത് പോസ്റ്റ് ചെയ്തിരിക്കുന്നു.

അടച്ചിട്ട മുറിയിൽ എനിക്കു ശ്വാസം മുട്ടുന്നതായി തോന്നി. മുറിയിൽ നിന്നിറങ്ങി വരാന്തയിലേക്ക് നടന്നു.

നിലത്തു ചിതറിക്കിടന്നിരുന്നു പത്രം വാരിയെടുത്ത് അതിലേക്ക് കണ്ണോടിച്ചു. വേറെന്തിലേക്കെങ്കിലും ശ്രദ്ധ തിരിക്കുവാൻ വേണ്ടി ഒരു ശ്രമം. എന്നാൽ പത്രത്തിൽ മുഴുവൻ ചോരക്കറയായിരുന്നു. തലക്കെട്ടുകളിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

അധികാര മോഹത്തിന്റെ ഇരയായി പൊതു നിരത്തിൽ വെട്ടേറ്റ് വീണു മരിച്ചവന്റെയും, സുഹൃത്തിന്റെ കഴുത്തിൽ പേപ്പർ കട്ടർ കൊണ്ട് വരഞ്ഞ്, അവസാനിപ്പിച്ചു കളഞ്ഞ കൗമാരക്കാരന്റെയും, കാമുകനു വേണ്ടി ജീവിത പങ്കാളിയെ കൊലപ്പെടുത്തിയ യുവതിയുടേയും വാർത്തകളിൽ നിന്ന് ചോര വാർന്നു കൊണ്ടിരുന്നു.

പത്രം മടക്കി വച്ച് ഞാനെന്റെ കൈകളിലേക്ക് നോക്കി…

ഇല്ല… എന്റെ കൈകളിൽ ചോരയോ അതിന്റെ ഗന്ധമോ ഇല്ല…!

രക്തക്കളത്തിൽ മുങ്ങി നിൽക്കുന്ന ഈ ലോകത്തിൽ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല… എന്റെ കുറ്റബോധം വെറും മൗഢ്യമാണ്‌.

വരാന്തയിലെ കസേരയിൽ ഞാൻ കുറച്ചു നേരം കണ്ണടച്ചിരുന്നു. ഇനി ഒന്നു ഫ്രഷായി പതിവു പോലെ ഓഫീസിൽ പോകാം എന്നു തോന്നി.

അകത്തേക്കു നടക്കും മുൻപ് ഫേസ്ബുക്കിൽ സലോനിയുടെ മരണവാർത്തയ്ക്കു കീഴിൽ അനുശോചനം രേഖപ്പെടുത്താൻ മറന്നില്ല.

സമയക്കുറവു കൊണ്ട് രണ്ട് കുത്തുകളും ബ്രായ്ക്കറ്റും ചേർത്ത് ഒരു സങ്കടചിഹ്നം മാത്രം പോസ്റ്റ് ചെയ്തു.

 

അനൂപ്‌ ശാന്തകുമാർ
-2012 മെയ് 11-

 

കൂടുതൽ ചെറുകഥകൾ വായിക്കാം

YOUTUBE  |  INSTAGRAM  |  FACEBOOK

Facebook Comments

comments

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Add comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

About Blogger

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Email Newsletter

We Won't SPAM , Only Serious Emails.

Advertisement