De Kochi - Photographic Journal
Malayalam Short Story, Short Story, Short Stories, Cherukatha, Cherukathakal, Malayalam Novel, Malayalam Book Online, Short Story Online, Online Short Story, Malayalam Cherukathakal, Kathakal, Malayalam Kathakal, മലയാളം ചെറുകഥകൾ, ചെറുകഥകൾ

ജീവിതഗന്ധി

Malayalam Short Story, Short Story, Short Stories, Cherukatha, Cherukathakal, Malayalam Novel, Malayalam Book Online, Short Story Online, Online Short Story, Malayalam Cherukathakal, Kathakal, Malayalam Kathakal, മലയാളം ചെറുകഥകൾ, ചെറുകഥകൾ

വിവാഹത്തിന്‌ കാറിൽ പതിച്ചിരുന്ന മോൾഡിംഗ്‌ ലെറ്റേഴ്സ്‌ കുട്ടികളിലാരോ ആണ്‌ ബെഡ്‌ റൂമിന്റെ ഭിത്തിയിൽ ഒട്ടിച്ചത്‌. അതു കണ്ടപ്പോൾ ആദിയും പറഞ്ഞു, “നന്നായിരിക്കുന്നു… ഇനി ഈ മുറി ഒരാളുടേതല്ലല്ലോ… എന്നും, എല്ലാം നമ്മുടേതെന്നു ഓർമിപ്പിക്കാനുള്ള ഒരു നല്ല സിംബൽ…”

അതു പറയുമ്പോൾ അവളുടെ കണ്ണിലെ കുസൃതി ഞാൻ ആസ്വദിക്കുകയായിരുന്നു.

ഒരു മാസം കഴിഞ്ഞിട്ടും അതവിടെ നിന്ന്‌ മാറ്റിയിട്ടില്ല. ‘അത്ര വേഗം അതവിടെ നിന്ന്‌ ഇളക്കി മാറ്റിക്കളഞ്ഞാൽ അതൊരു പരിഭവത്തിനു കാരണമായാലോ…?’ ഞാൻ അങ്ങിനെ കരുതി. വിവാഹം കഴിഞ്ഞുള്ള ആദ്യ ദിനങ്ങളിൽ മനസിൽ പങ്കാളിയോടു സൂക്ഷിക്കുന്ന അതിരു കവിഞ്ഞ ഒരു കരുതൽ കൊണ്ടാവാം അങ്ങിനെ തോന്നിയത്‌.

അങ്ങനെ ഒരു തരത്തിലും ആദിക്ക്‌ ഒരു പരിഭവം ഉണ്ടാകാതെ നോക്കണം.

അത്‌ ഒരു ഭർത്താവിന്റെ കടമയല്ല… കാമുകന്റെ കടമയാണ്‌.

എന്റെ ഉള്ളിലെ പ്രണയം ഇപ്പോൾ അവൾ തിരിച്ചറിയുന്നത്‌ ഒരു ഭർത്താവിന്റെ സ്നേഹം മാത്രമായിട്ടാവും…

അതങ്ങിനെ തന്നെ ഇരുന്നോട്ടെ.

ഇനിയിപ്പോൾ എന്തങ്കിലും പഴങ്കഥകൾ പറഞ്ഞു സ്നേഹിക്കേണ്ട ആവശ്യമില്ലല്ലോ. സ്നേഹം പങ്കു വക്കാൻ എല്ലാത്തരത്തിലുമുള്ള സ്വതന്ത്ര്യമാണ്‌ കിട്ടിയിരിക്കുന്നത്‌.

അല്ലെങ്കിലും എന്താണിനി പറയുക…?

അഞ്ചാറു വർഷം മുഴുവൻ പ്രണയം ഉള്ളിൽ ഒളിപ്പിച്ചു വച്ചു നടന്നിരുന്നെന്നോ…?

അതോ തന്നെ ഇഷ്ടപ്പെടുമോ എന്ന സംശയം കാരണം തുറന്നു പറയാതെ പോയ പ്രണയത്തെക്കുറിച്ചോ…?

വേണ്ട… ഇനി അതിനേക്കുറിച്ചൊന്നും പറയേണ്ട…

അതു ചിലപ്പോൾ തന്നെ ഒരു ഭീരുവാക്കി കാണുവാൻ ഇടവരുത്തിയേക്കും.

പൊതുവിൽ സൃതീകളെക്കുറിച്ച്‌ അങ്ങിനെ ആണല്ലോ ധാരണ. ചങ്കൂറ്റത്തോടെ പ്രണയം തുറന്നു പറയുന്നവനോടും, സ്നേഹം പ്രകടിപ്പിക്കുന്നവരോടും ആണത്രേ അവർക്ക്‌ ആരാധനയും പ്രണയവും…

എന്തായാലും എനിക്കതിനുള്ള ധൈര്യം ഒരിക്കലും തോന്നത്തതിന്‌ ഒട്ടേറെ കാരണങ്ങളുണ്ടായിരുന്നു. അതൊക്കെ ചിന്തിക്കുന്നതിൽ ഇനി എന്തു പ്രസക്തി…?

ഒരു ബാങ്ക്‌ ക്ലാർക്ക്‌ ആയി ജോലി ലഭിച്ചതു മാത്രമല്ല അവളുടെ ആലോചന വരാൻ കാരണം. ആദിശ്രീ യുടെ കാര്യം പറയാൻ വന്നപ്പോൾ ജ്യോതിഷൻ ശങ്കരപ്പണിക്കർ അച്ഛനോട്‌ പറയുന്നത്‌ ഞാനും കേട്ടതാണ്‌.

“കാശും പദവീം ഒന്നുമല്ല, ഒരു നല്ല സ്വഭാവമുള്ള പയ്യൻ അതാണ്‌ ചന്ദ്രൻപിള്ള സാർ നോക്കണത്‌…”

നാട്ടിലെ പ്രമാണിയുടെ മകളുടെ ആലോചന വന്നപ്പോൾ അമ്മയും ഒന്നു ശങ്കിച്ചു.

“വല്യ വീട്ടിലെ കുട്ടികളൊക്കെ വന്നാൽ നമ്മളുമായി പൊരുത്തപ്പെട്ടു പോകുമോ എന്തോ…?”

അതിനു ഞാൻ പറയാൻ ആഗ്രഹിച്ച മറുപടി ചേച്ചിയാണ്‌ പറഞ്ഞത്‌. “നല്ല സ്വഭാവമുള്ള കുട്ടിയാണമ്മേ… എനിക്കറിയാം… ദേവിക ടീച്ചറിന്റടുത്ത്‌ പാട്ടു പഠിക്കാൻ വരുമ്പോൾ ഞാൻ കാണാറുണ്ട്‌… നന്നായി പെരുമാറാൻ അറിയാം… കാശുള്ള വീട്ടിലെ കുട്ട്യാന്നുള്ള ഒരു പത്രാസുമില്ല… ”

ചേച്ചിയുടെ വീടിനടുത്താണ്‌ അവൾ പാട്ടു പഠിക്കാൻ പോയിരുന്നതെന്ന്‌ ഞാൻ അപ്പോഴായിരുന്നു അറിഞ്ഞതു തന്നെ. അതേതായലും നന്നായി.

ഞാൻ ആദിയെ ഉള്ളിൽ ഇഷ്ടപ്പെട്ടിരുന്ന കാര്യം ചേച്ചിയോടു പോലും പറഞ്ഞില്ല.

വിവാഹം ഉറപ്പിച്ച ദിവസം കോളേജിലായിരുന്നപ്പോൾ പ്രണയം നഷ്ടപ്പെട്ട സഹപാഠിക്ക്‌ സുഹൃത്ത്‌ എഴുതിക്കൊടുത്ത ആട്ടോഗ്രാഫിലെ വരികൾ ഓർമ്മ വന്നു.

“നീ ഒന്നിനെ സ്നേഹിക്കുന്നെങ്കിൽ അതിനെ വെറുതേ വിടുക… നിന്റെ ഉള്ളിൽ സ്നേഹമുണ്ടെങ്കിൽ, നിന്റെ ഹൃദയം അതിനായി സ്പന്ദിക്കുന്നെങ്കിൽ നിന്നിൽ നിന്നു പുറപ്പെട്ടു ചെല്ലുന്ന സ്നേഹം അതിനെ നിനക്ക്‌ ഏൽപിച്ചു തരും… അങ്ങിനെ സംഭവിച്ചില്ലെങ്കിൽ നിന്റെ പ്രണയത്തിന്‌ ഒരു ദിനം കൊണ്ട്‌ വാടി വീഴുന്ന പൂവിന്റെ ആയുസു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന്‌ ആശ്വസിക്കുക… ”

അപ്പോൾ എനിക്ക്‌ അവളെ ലഭിച്ചത്‌ എന്റെ പ്രണയം കൊണ്ട്‌ തന്നെ…

ജോലിയോ തറവാട്ടു മഹിമയോ അങ്ങിനെ ഒന്നുമല്ല, മറിച്ച്‌ എന്റെ പ്രണയമാണ്‌ അവളെ എനിക്കു നൽകിയതെന്ന്‌ ഞാൻ എന്റെ മനസിനെ വിശ്വസിപ്പിച്ചു. അത്‌ മറ്റൊന്നിനും വേണ്ടിയായിരുന്നില്ല… അവളെ കൂടുതൽ പ്രണയിക്കാൻ വേണ്ടി മാത്രം.

ള്ളിലൊളിപ്പിച്ചു വച്ച അത്തരമൊരു രഹസ്യത്തിന്റെ നിർവൃതിയിൽ ഞാൻ അവളെ ഓരോ ദിവസവും കൂടുതൽ കൂടുതൽ സ്നേഹിച്ചുകൊണ്ടിരിക്കുന്നു.

എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി ഞാൻ വല്ലാതെ അസ്വസ്തനായിരിക്കുന്നു.

രണ്ടു ദിവസം മുൻപ്‌ ഒരു സ്വകാര്യ സല്ലാപത്തിനിടയിലാണ്‌ ആദി അതു ചോദിച്ചത്‌.

“ഞാൻ ഒരഗ്രഹം പറഞ്ഞാൽ സാധിച്ചു തരുമോ…?”

അങ്ങിനെ അവൾ ചോദിച്ചപ്പോൾ വല്ലാതെ സന്തോഷിച്ചു. പ്രിയതമ ആദ്യമായി ഒരാഗ്രഹം ചോദിക്കാൻ പൊകുന്നു… അതു നിറവേറ്റിക്കൊടുക്കുന്നതിലെ സന്തോഷം അങ്ങിനെ തന്നെ മനസിൽ വന്നതിന്റെ ലഹരിയിൽ ഒന്നും സംശയിക്കാതെ സമ്മതിച്ചു.

“എങ്കിൽ പറയട്ടെ…” അവൾ എന്നിട്ടും ഒന്നു സന്ദേഹിച്ചു. വല്ലാത്ത ആകാംക്ഷയോടെയാണ്‌ ഞാൻ ആദിയ്ക്ക് ചെവി കൊടുത്തത്‌…

“എന്നെക്കുറിച്ച്‌ ഒരു കഥയെഴുതുമോ…? എന്നോടുള്ള സ്നേഹത്തെക്കുറിച്ച്‌… നല്ലൊരു കഥ…?”

സത്യത്തിൽ അത്രയും നേരം തോന്നിയ ആകാക്ഷ ഞൊടിയിടയിൽ പൊട്ടിത്തകർന്നു.

ഇതെന്തൊരു ആഗ്രഹം …?

ഞാൻ കരുതിയത്‌ രാജമലയിൽ നീലക്കുറുഞ്ഞി പൂത്തത്‌ കാണിക്കാൻ കൊണ്ടുപോകാൻ പറയുമെന്നാണ്‌… അല്ലെങ്കിൽ എന്തെങ്കിലും വാങ്ങി കൊടുക്കണമെന്ന ആവശ്യം…

പഠിക്കുമ്പോൾ തുടങ്ങിയ എഴുതുന്ന സ്വഭാവം ഇപ്പൊഴും കൊണ്ടു നടക്കുന്നതിനു മേൽ ഇങ്ങിനെ ഒരാവശ്യം ഉണ്ടാകുമെന്ന്‌ ഓർത്തില്ല.

എങ്കിലും അവളുടെ മുഖത്തെ പുഞ്ചിരി മായാതിരിക്കാൻ ഞാനതു സമ്മതിച്ചു.

പക്ഷേ കുഴപ്പം തുടങ്ങുന്നത്‌ അവൾ തൊട്ടടുത്ത ദിവസം മറക്കാതെ അത്‌ വീണ്ടും ഓർമിപ്പിച്ചപ്പോഴാണ്‌.

അപ്പോൾ ആദി ഒരു കാര്യം കൂടി പറഞ്ഞു.

“സത്യത്തിൽ എനിക്ക്‌ ഒരു അസൂയ…ഏട്ടൻ എഴുതുന്ന കഥയിലെ പെൺകുട്ടികളോട്‌… ഞാൻ ആഴ്ചപ്പതിപ്പിൽ വന്നത്‌ ചിലത്‌ വായിച്ചിട്ടുണ്ട്‌…”

ഞാൻ വെറുതേ മൂളി. ബാലിശമെന്നു തോന്നാമെങ്കിലും പെട്ടെന്ന്‌ അവളുടെ മനസിൽ ഉടലെടുത്ത ഒരു പൊസസ്സീവ്നെസ്സ്‌ എന്താണെന്ന്‌ എനിക്കൂഹിക്കാൻ കഴിയുമായിരുന്നു.

“ദേ പെട്ടെന്നു വേണം. ഒരു പെൺകുട്ടി ജീവിതത്തിലേക്ക്‌ കടന്നു വന്ന സന്തോഷത്തിൽ അവളേക്കുറിച്ചെഴുതുന്ന ഒരു കഥ. വല്യ സാഹിത്യകാരന്മാരൊക്കെ അവരുടെ ഭാര്യമാരെക്കൂറിച്ച്‌ എഴുതിയിട്ടുണ്ടല്ലോ. പിന്നെന്താ…?”

“അതെ… അതിൽ ഒരു പ്രശ്നവുമില്ല. നല്ലതൊന്നു എഴുതാം…” ഞാൻ അവളെ നിരാശപ്പെടുത്തിയില്ല.

പക്ഷേ മനസിൽ അസ്വസ്തത പടർന്നു തുടങ്ങുകയായിരുന്നു. അവളുടെ ആവശ്യം നിറവേറ്റാൻ ഞാൻ എന്തെഴുതണം…? ഒത്തിരി ചിന്തിച്ചു. മനസിലേക്ക്‌ ഒരാശയവും വന്നില്ല…

ഒരിക്കലും ഇങ്ങിനെ ഒരു പ്രയാസമുണ്ടായിട്ടില്ല. മനസിൽ വരുന്നത്‌, അല്ലെങ്കിൽ ജീവിതത്തിൽ കാണുന്ന ചിലതൊക്കെ എന്റെ ഭാഷയിൽ എഴുതി. അല്ലാതെ ഒരിക്കലും ആശയം അന്വേഷിച്ചു നടക്കുന്ന ഒരു പ്രൊഫഷണൽ എഴുത്തുകാരനാകാൻ ശ്രമിച്ചിട്ടില്ല.

എന്നാൽ ആദിയുടെ ആഗ്രഹത്തിനു മുന്നിൽ ആദ്യമായി അതിനും ശ്രമിച്ചു നോക്കി.

ഇല്ലാത്ത കഥ ഉണ്ടാക്കാൻ കുറച്ചു ദിവസമായി ശ്രമിക്കുന്നു… എന്നാലിപ്പോൾ മനസിൽ പരാജയ ബോധം പോലെ…

“ഏട്ടാ… എന്തിരിപ്പാ ഇത്‌ …? ഓഫീസിൽ പോകേണ്ടേ …?”

ആദി എന്റെ ചിന്തകളെ മുറിച്ചിരിക്കുന്നു.

ഞാൻ ചിരിക്കാൻ ശ്രമിച്ചു.

“എന്താ എഴുതാനുള്ളത്‌ ആലോചിക്കുകയാണോ…?” ഒരു സ്വകാര്യം പോലെ അവൾ ചോദിച്ചപ്പോൾ ഒരു ഞെട്ടൽ.

“ഊം …” വെറുതെ മൂളി…

“പോയി കുളിച്ചു വാ, ചായ എടുത്തു വച്ചിരിക്കുന്നു…” അവൾ തിരിഞ്ഞു നടന്നപ്പോൾ ദിവസം തുടങ്ങാനുള്ള തിരക്കിലേക്ക്‌ ഞാനും നീങ്ങി.

ജോലിയിലെ തിരക്കിനിടയിലും ഇടവേളകളിലും ഞാൻ ആദിക്കു വേണ്ടി ഓരോ ആശയങ്ങൾ തേടിക്കൊണ്ടിരുന്നു. മനസു വെറുതേ അസ്വസ്തമായതതല്ലാതെ ഒരാശയവും രൂപപ്പെട്ടില്ല.

ഇടക്കെപ്പോഴോ ഓഫീസിൽ അങ്ങിനെ ചിന്തിച്ചിരുന്നപ്പോൾ സരോജിനി മേഡം ചോദിച്ചു, “എന്താടോ കല്യാണം കഴിഞ്ഞപ്പോഴേ തുടങ്ങിയോ ചിന്ത…?”

മറുപടി പറയാൻ ഒന്നു വൈകിയപ്പോൾ അവർ ചിരിച്ചു. അവർക്കൊപ്പം മറ്റു ചില ജീവനക്കാരും ചിരിയിൽ പങ്കു കൊണ്ട്‌ എന്തൊക്കെയോ തമശകൾ പറഞ്ഞു കളിയാക്കി.

എല്ലാവരും എന്നെ ശ്രദ്ദിച്ചിരിക്കുന്നു എന്നു മനസിലായപ്പോൾ ചമ്മൽ. പിന്നെ എന്തോക്കെയോ പറഞ്ഞ്‌ തടി തപ്പി.

ദിവസങ്ങൾ കഴിഞ്ഞു. ആദി എന്നും എപ്പോഴും അവളുടെ ആഗ്രഹത്തെക്കുറിച്ച്‌ പറയും. നീരസം തോന്നാത്ത വിധം ഞാൻ മറുപടി പറഞ്ഞു കൊണ്ടിരുന്നു.

ആശയവും മീശയും ഒരു പോലെയാണെന്ന പറഞ്ഞിരിക്കുന്നതിനേക്കുറിച്ച് ഞാൻ ചിന്തിച്ചു. ഉണ്ടെങ്കിൽ മാത്രമേ അതു രണ്ടും വളരൂ.

ഇന്നും അവൾ ചോദിച്ചു. “എന്താ ഏട്ടൻ ഒന്നും എഴുതിയില്ലേ…?”

“നല്ലതൊന്നിനു വേണ്ടി ഞാൻ ശ്രമിക്കുന്നു…” ഞാൻ അങ്ങിനെ പറഞ്ഞെങ്കിലും മുൻ ദിവസങ്ങളിലേതു പൊലെ എന്റെ മറുപടി അവളെ തൃപ്തിപ്പെടുത്തിയില്ല. അവളുടെ മുഖത്തു ഒരു പരിഭവം നിഴലിച്ചു. ഞാനതു ശ്രദ്ധിച്ചപ്പോഴേക്കും അവൾ ബെഡ്‌ ലാമ്പ്‌ അണച്ച്‌ ഇരുട്ടിൽ മുഖം മറച്ചു…

പിന്നെ എന്റെ കരവലയത്തിലേക്ക്‌ ചേർന്നു കിടന്നപ്പോൾ പറഞ്ഞു “അല്ലെങ്കിലും ഞാൻ കേട്ടിട്ടുണ്ട്‌ എന്തെങ്കിലും എഴുതുന്നവരുടെ പ്രണയവും സ്നേഹവുമൊക്കെ എഴുത്തിൽ മാത്രമേ കാണൂ എന്ന്‌… ജീവിതത്തിൽ അതു കാണില്ല… ഇപ്പോൾ എനിക്കും അങ്ങിനെ തോന്നുന്നു…”

അവളുടെ ചൂടു നിശ്വാസം നെഞ്ചിൽ തട്ടിയപ്പോൽ നെഞ്ചിനുള്ളിൽ അതിലും ചൂടുണ്ടെന്ന്‌ എനിക്കു തോന്നി.

എപ്പോഴാണ്‌ ഉറങ്ങിയതെന്ന്‌ അറിയില്ല. ഇടക്ക്‌ എന്തോ അനക്കം കേട്ട്‌ ഉണർന്നു.

ആദി അടുത്തില്ല. അവൾ കർട്ടൻ മാറ്റിയ ജനാലയുടെ അഴികളിൽ തല ചാരി പുറത്തേക്ക്‌ നോക്കി നിൽക്കുന്നു… നിലാവിൽ അവളുടെ കണ്ണുകൾ നിരഞ്ഞൊഴുക്കുന്നതു കാണാം.

ഞാൻ എഴുന്നേറ്റ്‌ അടുത്തു ചെന്നപ്പോൾ അവൾ അകന്നു മാറി.

“എന്തു പറ്റി ആദി നിനക്ക്‌ …?”

ചോദിച്ചു തീരും മുൻപ്‌ അവൾ പൊട്ടിക്കരഞ്ഞു. പകച്ചു നിൽക്കുമ്പോൾ അവൾ ചോദിച്ചു.

“ഞാൻ ഒരാഗ്രഹം പറഞ്ഞിട്ട്‌ അതു പറ്റിയില്ല അല്ലേ…? ഒരു കഥയൊന്നും എഴുതി യില്ലെങ്കിലും, എനിക്കു വേണ്ടി മാത്രമായിട്ട്‌ എന്തെങ്കിലും എഴുതി ഒന്നു വായിച്ചു കേൾപ്പിച്ചാൽ മതിയായിരുന്നല്ലോ…? വെറും കഥാപത്രങ്ങളെക്കുറിച്ച്‌ എന്തൊക്കെ വർണിച്ചിരിക്കുന്നു… എന്നെക്കുറിച്ച്‌ എന്തെങ്കിലും ഒന്ന്‌, എന്നോടു മാത്രമെങ്കിലും പറഞ്ഞു കൂടായിരുന്നോ …?”

“ആദി…” ഞാൻ അവളെ പിടിക്കാൻ ആഞ്ഞപ്പോൾ വേണ്ടെന്ന്‌ വിലക്കി.

കരഞ്ഞു കൊണ്ട്‌ അവൾ ചോദിച്ചു. “എന്നെ ഇഷ്ടമായിട്ടല്ല അല്ലേ? വിവാഹം കഴിച്ചത്‌…? എനിക്കറിയാം അനിയേട്ടന്റെ കഥയിലെ കുട്ടികളുടെ അത്രേം സുന്ദരിയൊന്നുമായിരിക്കില്ല ഞാൻ എന്നാലും എന്നെ ഒന്നു സമാധാനിപ്പിക്കാൻ… വെറുതേ ഒന്നു സ്നേഹം കാണിക്കാൻ… എന്തെങ്കിലും എഴുതിക്കൂടായിരുന്നോ…?”

“എനിക്കിപ്പോൾ വല്ലാതെ നിരാശ തോന്നുന്നു… അനിയേട്ടൻ മനസിൽ നിന്ന്‌ പോയതു പോലെ… എനിക്കിനി വയ്യ… എനിക്ക്‌ പോണം…”

“ആദി…” എതിർപ്പു വകവക്കാതെ ഞാൻ അവളെ ഇറുക്കി ചേർത്തു പിടിച്ചു.

“ഏട്ടാ… അനിയേട്ടാ…?” ആദി എന്നെ കുലുക്കി.

ഞാൻ പിടി വിട്ടപ്പോൾ അവൾ ബെഡ്‌ ലാമ്പ്‌ ഓൺ ചെയ്തു. ഞാൻ വല്ലാതെ വിയർത്തിരിക്കുന്നു.

“എന്താ സ്വപ്നം വല്ലതും കണ്ടോ…?”

വല്ലാത്ത ഒരു പതർച്ചയോടെയാണ്‌ അവൾ ചോദിച്ചത്‌.

ഞെട്ടലിൽ നിന്ന്‌ പെട്ടെന്നു ഞാൻ മുക്‌തനായി.

അവൾ മേശയിലിരുന്ന ജാറിൽ നിന്ന്‌ വെള്ളമെടുത്തു നീട്ടി…  ആർത്തിയോടെ വെള്ളം കുടിച്ചിട്ട്‌ അവളെ ചേർത്തു പിടിച്ചു.

“എന്താ ഏട്ടാ… ഞാൻ പറഞ്ഞത്‌ വിഷമമായോ…? ഞാൻ വെറുതേ…”

അവൾ കൈ എന്റെ നെഞ്ചിൽ വച്ചു. “വല്ലാതെ മിടിക്കുന്നു… എന്താ ഇങ്ങിനെ …?”

ആദിയെ ചേർത്തു പിടിച്ച്‌ കൊണ്ട്‌ ഞാൻ പറഞ്ഞു, “അതു നിനക്കു വെണ്ടിയാണ്‌ മിടിക്കുന്നത്‌… നിനക്കു വേണ്ടി മാത്രം…  അഞ്ചാറ്‌ വർഷം അതു നിനക്കു വേണ്ടി തുടിച്ചത്‌ ആരും അറിഞ്ഞില്ല… ഇന്നിപ്പോൾ നീ സ്വന്തമായി കഴിഞ്ഞതിനു ശേഷം, നീ എനിക്കു നഷ്ടപ്പെടുമെന്ന്‌ ഒരു സ്വപ്നത്തിൽ കണ്ടപ്പോൾ…”

ആദി അവിശ്വസനീയമായതു കേട്ടതുപോലെ എന്നെ നോക്കി…

“സത്യമാണ്‌ ആദി… ഞാൻ നിന്നെ വല്ലാതെ പ്രണയിച്ചിരുന്നു… ഒരിക്കൽ പോലും ശരിക്കൊന്നു സംസാരിക്കാതെ, മുഖം നോക്കി ഒന്നു ചിരിക്കുക കൂടി ചെയ്യാതെ… എന്നിട്ടിപ്പോൾ നീ ഒരാഗ്രഹം പറഞ്ഞപ്പോൾ അതു നിവൃത്തിച്ചു തരാൻ കഴിയാത്തതിലെ ഒരു മെന്റൽ പ്രഷർ… ”

ആദിയുടെ കണ്ണുകൾ നിറഞ്ഞു.

“എന്നോടൊന്നു പറഞ്ഞില്ലല്ലോ എന്നിട്ട്‌…? എനിക്കതു മതിയായിരുന്നല്ലോ… ”

അവൾ കരയുകയായിരുന്നു.

“അല്ലെങ്കിലും നിന്നെക്കുറിച്ച്‌ ഞാനെന്തെഴുതും ആദി…? നീ എന്റെ ജീവിതമല്ലേ… ഒരു കഥാപാത്രത്തിന്റെ ലാഘവത്തോടെ ഞാനെങ്ങിനെ നിന്നെ കാണും…? ”

“ഒരിക്കൽ ഇഷ്ടപ്പെട്ടിരുന്നതിലേറെ ഇപ്പോൾ ഞാൻ നിന്നെ സ്നേഹിക്കുന്നു അദി… സ്വന്തമായി കഴിഞ്ഞപ്പോൾ ഒരു വാക്കു കൊണ്ട്‌ പോലും നീ അകന്നു പോകുന്നത്‌ ഓർക്കാൻ പറ്റുന്നില്ല… ”

“സോറി ഏട്ടാ… ഞാൻ വെറുതെ എന്റെ പൊസ്സസ്സീവെനെസ്സ്‌ കാണിക്കാൻ ശ്രമിച്ചു… സോറി… ”

“സാരമില്ല… ” ഞാൻ ആശ്വസിപ്പിച്ചു.

“ഒരിക്കലും പറയേണ്ടെന്ന്‌ കരുതിയത്‌ എന്നെക്കൊണ്ട്‌ പറയിപ്പിച്ചത്‌ നിന്റെ ആ സ്നേഹം തന്നെയാണ്‌… ഇനി ഒരിക്കലും എന്നെ ഒരു ദു: സ്വപ്നവും വേട്ടയാടില്ല… എന്റെ പ്രിയപ്പെട്ടവളേയും… ”

ആദിയുടേ അഴിഞ്ഞു വീണ മുടിയിൽ ചുറ്റിപ്പിണഞ്ഞു കിടന്ന താലിമാല ഞാൻ നേരെയാക്കി. കവിളിലെ കണ്ണീർപാട്‌ കൈ കൊണ്ട്‌ തുടച്ച് അവളുടെ നെറ്റിയിൽ തല മുട്ടിച്ച് പിടിച്ചു…

അപ്പോൾ ചുണ്ടിൽ വിരിഞ്ഞ ഒരു കുസൃതിച്ചിരിയിൽ അവൾ പറഞ്ഞു, “നഷ്ടപ്പെടുത്താൻ വയ്യാത്ത സ്നേഹം മനസിൽ തോന്നുമ്പോൾ അതറിയാൻ കഴിയുന്നതാണ്‌ ഏറ്റവും വലിയ ഭാഗ്യം… എനിക്കതിപ്പോൾ അറിയാൻ കഴിയുന്നുണ്ട്‌…”

ഞാൻ അവളെ എന്റെ ആത്മാവിനോടു ചേർക്കാനെന്ന പോലെ നെഞ്ചോടു ചേർത്തു പിടിച്ച്‌ കവിളിലെ മറുകിൽ ചുംബിച്ചു.

 

അനൂപ്‌ ശാന്തകുമാർ
-2011 ജനവരി 05-

 

കൂടുതൽ ചെറുകഥകൾ വായിക്കാം

YOUTUBE  |  INSTAGRAM  |  FACEBOOK

Facebook Comments

comments

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Add comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

About Blogger

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Email Newsletter

We Won't SPAM , Only Serious Emails.

Advertisement