De Kochi - Photographic Journal
Signature Spider, Writing Spider, Garden Spider, Argiope Anasuja, Spider, Spider Net

ഒപ്പ് വച്ച് ഇരയെ വീഴ്ത്തുന്ന ഒപ്പ് ചിലന്തി

Signature Spider, Writing Spider, Garden Spider, Argiope Anasuja, Spider, Spider Net

ഒപ്പ് ചിലന്തി എന്ന സിഗ്നേച്ചർ സപൈഡർ

ഒപ്പ് ചിലന്തി ഇംഗ്ലീഷ് ഭാഷയിൽ Signature Spider, Writing Spider, Garden Spider എന്നീ പേരുകളിൽ അറിയപ്പെടുന്നു. Argiope Anasuja എന്നാണ്‌ ശാസ്ത്രീയ നാമം. ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, മാലിദ്വീപുകൾ എന്നിവടങ്ങളിലെല്ലാം സാധാരണമായി കണ്ടു വരുന്ന ചിലന്തിയാണ്‌ ഒപ്പ് ചിലന്തി.

കളമെഴുത്തുപാട്ടിനുള്ള കളത്തിനോട് സാമ്യം തോന്നും വിധം മഞ്ഞ, വെള്ള, തവിട്ടു നിറങ്ങളിൽ ഉള്ള വരകളോടു കൂടിയ ശരീരം ഇരയെ ആകർഷിക്കാൻ ഉപകാരപ്പെടുത്തുന്നു. മനുഷ്യന്‌ ഹാനികരമായ രീതിയിൽ വിഷമില്ലാത്ത ചിലന്തികളാണ്‌ ഒപ്പ് ചിലന്തികൾ.

Signature Spider, Writing Spider, Garden Spider, Argiope Anasuja, Spider, Spider Net
ഒപ്പ് ചിലന്തിയും ഒപ്പ് അടയാളങ്ങളും

പേരിന്‌ പിന്നിൽ

പൂന്തോട്ടങ്ങളിൽ വലനെയ്ത് ഇര പിടിക്കുന്ന ചിലന്തിയായത് കൊണ്ടാണ്‌ ഇവയെ ഉദ്യാന ചിലന്തി (Garden Spider) എന്ന് വിളിക്കുന്നത്. ഒപ്പ് ചിലന്തി തന്റെ വലയിൽ സിഗ് സാഗ് (Zig zag) മാതൃകയിൽ കുത്തിക്കുറിച്ചതു പോലുള്ള വെള്ള അടയാളങ്ങൾ കൂടി നെയ്തു വയ്ക്കുന്നു.

2 അല്ലെങ്കിൽ 4 അടയാളങ്ങളാണ്‌ ഇത്തരത്തിൽ ചിലന്തിവലയിൽ ഉണ്ടാകുക. ഒപ്പ് ചാർത്തിയതെന്ന് തോന്നുന്ന വിധം ഇത്തരത്തിൽ വലയിൽ അടയാളങ്ങൾ നെയ്യുന്നതു കൊണ്ടാണ്‌ ഒപ്പ് ചിലന്തി അല്ലെങ്കിൽ Writing Spider എന്ന് പേര്‌ വരാൻ കാരണം.

വലയുടെ പ്രത്യേകതകൾ

തറ നിരപ്പിൽ നിന്ന് മൂന്നോ നാലോ അടി ഉയരത്തിലാണ്‌ ഒപ്പ് ചിലന്തി വല നെയ്യുന്നത്. പൂച്ചെടികളിൽ തേൻ നുകരാൻ എത്തുന്ന ചെറുപ്രാണികളെ വലയിൽ വീഴ്ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ തറ നിരപ്പിൽ നിന്ന് അധികം ഉയരത്തിലല്ലാതെ വല നെയ്യുന്നത്. മിക്കവാറും തന്നെ കൂടുതലായി പ്രാണികൾ എത്തുന്ന ചെടികളിൽ തന്നെ ഇവ വല കെട്ടുന്നു.

വലയുടെ മധ്യത്തിലായി ഒരു ദ്വാരം ഉണ്ടാകും. ഈ ദ്വാരത്തിനു മുകളിൽ ഒരു ദ്വാരപാലകനെപ്പോലെയാണ്‌ ഒപ്പ്ചിലന്തിയുടെ വിശ്രമം. ആവശ്യസമയങ്ങളിൽ ഈ വാതിലിലൂടെ വലയുടെ ഇരു വശത്തേക്കും ചിലന്തിക്ക് കടന്നു ചെല്ലാൻ കഴിയും. ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടാനും, അതിലുപരി വലയുടെ ഇരു ഭാഗത്തും കുരുങ്ങുന്ന ഇരയുടെ അടുത്ത് നിമിഷം കൊണ്ട് എത്തിച്ചേരാനും വലയിലെ ദ്വാരം ഒപ്പ് ചിലന്തി പ്രയോജനപ്പെടുത്തുന്നു.

ഇര പിടുത്തം

X ആകൃതിയിൽ വരത്തക്ക വിധത്തിലാണ്‌ ഒപ്പ് ചിലന്തി വലയിൽ ഒപ്പ് അടയാളങ്ങൾ ഉണ്ടാക്കുക. അതേ പ്രകാരം തന്നെ രണ്ടു കാലുകൾ വീതം ചേർത്ത് വച്ച് X ആകൃതിയിൽ വരത്തക്ക വിധമാണ്‌ ഒപ്പ് ചിലന്തി വലയിൽ ഇരയെ കാത്തിരിക്കുക. ഇങ്ങനെ ഇരിക്കുന്നതു കൊണ്ടും ശരീരത്തിലെ നിറങ്ങളുടേയും വലയിലെ അടയാളങ്ങളുടേയും തിളക്കം കൊണ്ട് മനോഹരമായ ഒരു പൂവിന്റെ രൂപത്തിൽ ഇവ പ്രാണികളെ കബളിപ്പിക്കുന്നു.

പൂക്കളിൽ നിന്ന് തേൻ കുടിക്കുന്ന ചെറുപ്രാണികൾ ഒപ്പ് ചിലന്തിയെ മനോഹരമായ പൂക്കളായി തെറ്റിദ്ധരിച്ച് അവയുടെ അടുത്തെത്തുകയും വലയിൽ കുടുങ്ങുകയും ചെയ്യുന്നു. ഇരയെ വശീകരിച്ചു പിടിക്കുന്ന ഒപ്പ് ചിലന്തിയുടെ തന്ത്രം വിജയത്തിലെത്തുന്നു.

Signature Spider, Writing Spider, Garden Spider, Argiope Anasuja, Spider, Spider Net
ഇരയെ അകത്താക്കുന്ന ഒപ്പ് ചിലന്തി

ജീവനെടുക്കുന്ന ഇണചേരൽ

പ്രണയിച്ച് പ്രാപിക്കുന്ന പുരുഷനെ ഭീമാകാരരൂപം പൂണ്ട് നിലാവിനെ മറച്ച് ഇറുകെപ്പുണർന്ന് ഞെരിച്ച് കൊല്ലുന്ന യക്ഷിക്കഥകളിലെ വർണ്ണന ചിലന്തികളുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നതാണ്‌. ആണിനെക്കാൾ വലിപ്പമുള്ള പെൺ ഒപ്പ് ചിലന്തി ഇണ ചേർന്നു കഴിഞ്ഞാൽ ആൺ ചിലന്തിയുടെ ജീവനെടുക്കുന്നു. അതിനു ശേഷം ആൺചിലന്തിയുടെ വലയിൽ ആണ്‌ പെൺ ചിലന്തി മുട്ടകൾ ഇടുക.

ഒപ്പ് ചിലന്തി 400 മുതൽ 1400 മുട്ടകൾ ഇടും എന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്. മുട്ടകൾ ശരീരസ്രവം കൊണ്ട് നിർമ്മിക്കുന്ന കൂട്ടിനുള്ളിൽ നിക്ഷേപിക്കുന്നു. കുഞ്ഞുങ്ങൾ വിരിഞ്ഞ് ആരോഗ്യമുള്ളവരാകുമ്പോൾ ഈ കൂട് തുറന്ന് പുറത്തു വരുന്നു.

©ചിത്രങ്ങൾ

മുറ്റത്തെ ചെറിയ പൂന്തോട്ടത്തിൽ വല നെയ്ത് താമസമാക്കിയ ഒപ്പ് ചിലന്തിയുടെ പല ദിവസങ്ങളിലായി പകർത്തിയ ചിത്രങ്ങളാണ്‌ ഇതോടൊപ്പം ചേർത്തി രിക്കുന്നത്.

ഒരു ദിവസം മാത്രമാണ്‌ 4 ഒപ്പ് അടയാളങ്ങൾ വലയിൽ നെയ്തിരിക്കുന്നത് കണ്ടത്. എന്നാൽ തിരക്കുകൾ കാരണം അന്ന് ചിത്രം എടുക്കാൻ കഴിഞ്ഞില്ല.

കേരളത്തിലെ ഷഡ്പദങ്ങളുടെ ചിത്രങ്ങൾ കാണാം

Facebook Comments

comments

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Add comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

About Blogger

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Email Newsletter

We Won't SPAM , Only Serious Emails.

Advertisement