
മാക്കാച്ചിക്കാട അഥവാ സിലോൺ ഫ്രോഗ് മൗത്ത്
കേരളത്തിൽ മാക്കാച്ചിക്കാട എന്നറിയപ്പെടുന്ന ശ്രീലങ്കൻ ഫ്രോഗ് മൗത്ത് അഥവാ (Ceylon Frogmount), പേരിൽ പറയുന്നത് പോലെ തന്നെ ശ്രീലങ്കൻ സ്വദേശിയാണ്. 1800 ഇൽ ശ്രീലങ്കയിൽ നിന്നാണ് ആദ്യമായി മാക്കാച്ചിക്കാടയെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിൽ എവിടെയൊക്കെ?
കേരളത്തിൽ പ്രധാനമായി തട്ടേക്കാട് പക്ഷി സങ്കേതം, പറമ്പിക്കുളം, തേക്കടി എന്നിവടങ്ങളിലാണ് തവളവായൻ എന്നു കൂടി അറിയപ്പെടുന്ന ഈ പക്ഷിയെ കാണപ്പെടുന്നത്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ പക്ഷികൾ ഉള്ളത് തട്ടേക്കാട് പക്ഷി സങ്കേതത്തിലാണ്. പക്ഷിസങ്കേതത്തോട് ചേർന്നുള്ള വനപ്രദേശത്ത് 60 ജോഡി മാക്കാച്ചിക്കാടകൾ ഉള്ളതായാണ് ഔദ്യോഗീക വിവരം.

തട്ടേക്കാട് പക്ഷി സങ്കേതം
എറണാകുളം ജില്ലയിൽ കോതമംഗലത്ത് നിന്നും പതിനഞ്ച് കിലോമീറ്റർ അകലെയാണ് തട്ടേക്കാട് പക്ഷിസങ്കേതം. പ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി സ്നേഹിയുമായിരുന്ന ഡോ.സലിം അലിയുടെ പേരിൽ 1983ഇൽ സ്ഥാപിച്ചതാണ് തട്ടേക്കാട് പക്ഷി സങ്കേതം.
1933ൽ പക്ഷി നിരീക്ഷണത്തിന് കേരളത്തിലെത്തിയ ഡോ. സലിം അലി മാക്കാച്ചിക്കാടയെക്കുറിച്ച് അന്വേഷിച്ചറിഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് 1977ൽ അദ്ദേഹത്തിന്റെ ശിഷ്യനായ ഡോ. സുഗതൻ ആണ് കേരളത്തിൽ ഫ്രോഗ് മൗത്തിനെ കണ്ടെത്തിയത്.
തട്ടേക്കാട് വനത്തിലെ പക്ഷികളുടെ ചിത്രങ്ങൾ കാണാം
മാക്കാച്ചിക്കാടയുടെ ജീവിതരീതി
ആൺ പക്ഷിക്കും പെൺ പക്ഷിക്കും നിറ വ്യത്യാസം ഉണ്ട്. ആൺ പക്ഷിക്ക് ചാര നിറവും പെൺ പക്ഷിക്ക് ഇളം തവിട്ടു നിറവുമാണ്. പകൽ കാഴ്ച കുറവായതിനാൽ രാത്രികാലങ്ങളിലാണ് ഇവ ഇര പിടിക്കുന്നത്. ഷഡ്പദങ്ങളും ചെറു പ്രാണികളുമാണ് മുഖ്യ ആഹാരം.
രാത്രി സഞ്ചാരിയായ മാക്കാച്ചിക്കാട ഒരു മുട്ടമാത്രമാണ് ഇടുന്നത്. പെൺപക്ഷിയും, ആൺപക്ഷിയും മാറി മാറി അടയിരുന്നാണ് മുട്ട വിരിയിക്കുന്നത്. അടയിരിക്കുന്നതിനായി വളരെച്ചെറിയ കൂടാണ് ഇവ നിർമ്മിക്കുന്നത്.
കരിയിലയോട് സമാനമായ ശരീരനിറമായതിനാൽ പകൽ ഇവയെ കണ്ടെത്തുക പ്രയാസം തന്നെയാണ്. അധികം ഉയരമില്ലാത്ത, എന്നാൽ കരിഞ്ഞ ഇലകൾ ഉള്ള മരത്തിന്റെ ചില്ലകൾക്കിടയിൽ കരിയിലയോട് ചേർന്നു ഇരുന്നാണ് ഇവ പകൽ സമയം വിശ്രമിക്കുന്നത്. ഒറ്റയ്ക്കോ കൂട്ടായോ ആണ് മാക്കാച്ചിക്കാടകളെ കാണപ്പെടുന്നത്.

** തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് പകർത്തിയ മാക്കാച്ചിക്കാടകളുടെ ©ചിത്രങ്ങളാണ് ഇതോടൊപ്പം.
Add comment