top of page
Writer's pictureDe Kochi

വിശ്വാസങ്ങൾ അതിരു കടക്കുമ്പോൾ – ഒരു തിബറ്റൻ വിശ്വാസ ചിഹ്നത്തിന്റെ കഥ - Story of Tibetan Prayer Flag

Updated: Oct 6

വിശ്വാസത്തിന്റെ അതിരുകൾ - Tibetan Prayer Flag

മതവിശ്വാസവും അചാരനുഷ്ഠാനങ്ങളും പലപ്പോഴും ഒരു ജനസമൂഹത്തിനിടയിൽ ഒതുങ്ങുന്ന ഒന്നാവാറുണ്ട്. ഒരു പ്രദേശത്തിലെ അല്ലെങ്കിൽ വിഭാഗത്തിലെ മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന വിശ്വാസങ്ങളുമായി ബന്ധപ്പെട്ട എന്തും അവരുടെ അതിർത്തികൾക്കപ്പുറം എത്തുമ്പോൾ കേവലം അതിശയമോ കൗതുകമോ ജനിപ്പിക്കുന്ന ഒന്നായി മാത്രം മാറുന്ന പതിവുണ്ട്. അത് വിശ്വാസത്തെക്കുറിച്ചുള്ള കഥകളായാലും, അതുമായി ബന്ധപ്പെട്ട ഏതൊരു വസ്തുവായാലും. പറഞ്ഞു വരുന്നത് തിബറ്റൻ ബുദ്ധമതവിശ്വാസികളുടെ കൊടിതോരണത്തെക്കുറിച്ചാണ്‌.


എന്താണ്‌ തിബറ്റൻ കൊടിതോരണം?

ആചാരപരമായി തിബറ്റൻ ബുദ്ധമതവിശ്വാസികൾ വളരെ പ്രാധാന്യം കൽപ്പിക്കുന്നതും, എന്നാൽ പുറം ലോകം ഒരു തോരണമായി മാത്രം ഉപയോഗിക്കുന്നതായും കാണുന്ന ഒന്നാണ്‌ ഈ കൊടി (Tibetan Prayer Flag) .


ദേവനാഗിരി ലിപിയിലുള്ള എഴുത്തുകളോടു കൂടിയ, നീല മുതൽ മഞ്ഞ വരെയുള്ള അഞ്ചു നിറങ്ങളിലുള്ള തുണിയിലോ കടലാസിലോ നിർമിച്ച് ഒരു ചരടിൽ കോർത്തിട്ട രീതിയിലുള്ളതാണ്‌ ഈ തോരണം.


പലപ്പോഴും റൈഡർബൈക്കുകളുടെ ഹാൻഡിലിൽ ഇത്തരം തിബറ്റൻ തോരണം കൊണ്ട് അലങ്കിരിച്ചിരിക്കുന്നത് കാണാം. അത്തരം ബൈക്കുകളിലെ തോരാണങ്ങളിലൂടെയാണ്‌ നമ്മുടെ നാട്ടിൽ ഈ തോരണം ചിരപരിചിതമായത്.


അഞ്ച് നിറങ്ങൾ

നീല, വെള്ള, ചുവപ്പ്, പച്ച, മഞ്ഞ എന്നീ ക്രമത്തിലാണ്‌ കൊടിയിലെ നിറങ്ങൾ കാണാനാകുക. ഒരോ നിറവും പഞ്ചഭൂതങ്ങളെ സൂചിപ്പിക്കുന്നു. മനുഷ്യൻ പഞ്ചഭൂതങ്ങളാൽ നിർമ്മിക്കട്ടിരിക്കുന്നു എന്ന ഭാരതീയ വിശ്വാസം തന്നെയാണ്‌ തിബറ്റൻ വിശ്വാസത്തിലും കാണാനാകുക.


തോരണത്തിലെ നീല ആകാശത്തേയും, വെള്ള വായുവിനെയും, ചുവപ്പ് അഗ്നിയേയും സൂചിപ്പികുമ്പോൾ പച്ച നിറം ജലത്തേയും മഞ്ഞ നിറം ഭൂമിയേയും സൂചിപ്പിക്കുന്നു.


Om Mani Padme Hum - chenrezig - avalokiteshvara

ഓം മണി പത്മേ ഹും – തിബറ്റൻ ടാഗിന്റെ നിറങ്ങൾ


കൊടിയിലെ എഴുത്ത് എന്താണ്‌?


ഓരോ നിറത്തിലും അക്ഷരങ്ങൾ കാണാം. അക്ഷരങ്ങൾക്കും വ്യത്യസ്ത നിറങ്ങളാണ്‌. നീലയിൽ ഇളം നീലനിറത്തിലും, വെള്ളയിൽ പച്ച നിറത്തിലും ചുവപ്പിൽ മഞ്ഞ നിറത്തിലും പച്ച നിറത്തിൽ നീലയും ചുവപ്പും നിറങ്ങളിലും, അവസാന നിറമായ മഞ്ഞയിൽ കടും നീല വർണ്ണത്തിലും ആണ്‌ അക്ഷരങ്ങൾ എഴുതിയിരിക്കുന്നത്. എല്ലാം കൂടി ചേർത്തു വായിച്ചാൽ ‘ഓം മണി പത്മേ ഹും’ എന്ന തിബറ്റൻ മന്ത്രമായി.


അവലോകിതേശ്വരൻ

ബുദ്ധമതവിശ്വാസികൾ കൂടുതലായി ആരാധിക്കുന്ന, ബുദ്ധ ദേവന്റെ ബോധിസത്വഭാവമായ അവലോകിതേശ്വരന്റെ (പത്മപാണി ബുദ്ധൻ – അഥവാ താമരപൂവ് കൈകളിലേന്തിയ ബുദ്ധൻ) മന്ത്രമാണ്‌ ഓം മണി പത്മേ ഹും എന്നത്. കൊടിയിലെ ഓരോ നിറത്തിലും ഓരോ അക്ഷരങ്ങൾ ആണെന്ന് പറഞ്ഞല്ലോ. അവ ഇപ്രകാരമാണ്‌.


  1. നീല: ‘ഓം’ – ഇളം നീല നിറത്തിൽ

  2. വെള്ള: ‘മ’ – പച്ച നിറത്തിൽ

  3. ചുവപ്പ്: ‘ണി’ – മഞ്ഞ നിറത്തിൽ

  4. പച്ച: ‘പത്’ നീല നിറത്തിലും, ‘മേ’ ചുവപ്പ് നിറത്തിലും

  5. മഞ്ഞ: ‘ഹും’ – കടും നീല നിറത്തിൽ


Om Mani Padme Hum Prayer - chenrezig - avalokiteshvara

ബോധിസത്വഭാവമായ അവലോകിതേശ്വരന്റെ മന്ത്രമാണ്‌ ഓം മണി പത്മേ ഹും


‘ഓം മണി പത്മേ ഹും’ എന്നാൽ അർത്ഥമാക്കുന്നത്

‘മണിപത്മേ’ എന്നാൽ, വാക്കുകളുടെ അർത്ഥമായി നോക്കിയാൽ താമരയിലെ രത്നം എന്നാണ്‌ അർത്ഥം. മന്ത്രത്തിലെ ഒരോ വാക്കും മനസിനെ ശുദ്ധമാക്കുന്നു.


  1. ഓം – മനസിലെ അഹങ്കാരത്തെ ശമിപ്പിക്കുന്നു

  2. മ – ഉള്ളിലെ അസൂയയിൽ നിന്ന് മോചനം നൽകുന്നു

  3. ണി – അത്യാസക്തിയിൽ നിന്ന് മോചനം തരുന്നു

  4. പത് – ജാഗ്രതയും, പരിശ്രമത്തിനുള്ള മനസും പ്രദാനം ചെയ്യുന്നു

  5. മേ – ഇല്ലായ്മ അല്ലെങ്കിൽ, ദാരിദ്രത്തിൽ നിന്നുള്ള മോചനം

  6. ഹും – ജ്ഞാനം നല്കുന്നു


കൊടിയുടെ വിശ്വാസം

തിബറ്റൻ ഭൂപ്രദേശങ്ങളിൽ എവിടേയും ‘ഓം മണിപത്മേ ഹും’ എഴുത്തോടു കൂടിയ പഞ്ചവർണ്ണങ്ങളിലുള്ള കൊടികൾ കാണാം. കൊടിയെ തഴുകി വരുന്ന കാറ്റ് മനുഷ്യനെ സർവ്വദോഷങ്ങളിൽ നിന്നും സംരക്ഷിച്ച് ശരീരത്തിനും ശാന്തിയും സമാധാനവും നൽകുന്നു എന്നതാണ്‌ തിബറ്റൻ ജനതയുടെ വിശ്വാസം. റൈഡർ ബൈക്കുകളുടെ മുന്നിലെ ഹാൻഡിലിൽ തന്നെ തന്നെ കൊടിതോരണം കൊണ്ട് അലങ്കരിക്കുന്നതിന്റെ ഉദ്ദേശ്യം മനസിലായല്ലോ.


‘ഓം മണിപത്മേ ഹും’ മന്ത്രം കൊടിയിൽ മാത്രമല്ല, ബുദ്ധമത ക്ഷേത്രങ്ങളിലെ കല്ലുകളിലു, തൂണുകളിലും, മണികളിലും എല്ലാം കൊത്തിവയ്ക്കുകയോ എഴുതിച്ചേർക്കുകയോ ചെയ്തിരിക്കുന്നതായി കാണാം.


1 view0 comments
bottom of page