
വടാട്ടുപാറ
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലാണ് വടാട്ടുപാറ. ഭൂതത്താൻകെട്ട് ഇടമലയാർ ഡാമുകൾക്ക് സമീപമായാണ് ഈ മനോഹരമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഭൂതത്താൻകെട്ട് സന്ദർശിക്കുന്നവർക്ക് കാനന മധ്യത്തിലൂടെയുള്ള ഒരു ഡ്രൈവ് ഇഷ്ടമാണെങ്കിൽ പോയി വരാവുന്ന മനോഹരമായ ഒരിടമാണ് വടാട്ടുപാറ.

ഗ്രാമീണ സൗന്ദര്യത്തിന്റെ റാണി
മനോഹരമായ നിത്യഹരിത വനവും, മലനിരകളും, അരുവികളും, പെരിയാറിന്റെ കൈവഴികളും നിറഞ്ഞ വടാട്ടുപാറ സന്ദർശകർക്ക് ഗ്രാമീണ സൗന്ദര്യത്തിന്റെ റാണിയാണ്.
ഇടതൂർന്ന് വളരുന്ന മരങ്ങളും സ്വഭാവിക ആവാസ് വ്യവസ്ഥയിൽ അനേകം പക്ഷികളും ജന്തുജാലങ്ങളും പ്രധാന ആകർഷണങ്ങളാണ്.


വടാട്ടുപാറയും കാട്ടാനകളും
ആനകൾ കൂട്ടമായി റോഡ് മുറിച്ചു കടക്കുന്ന ഒരു പ്രദേശമാണ് വടാട്ടുപാറ. അതു കൊണ്ട് തന്നെ വഴിയരുകിലായി ഇത്തരം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. വാഹനം ഓടിച്ചു പോകുമ്പോൾ ഹോൺ മുഴക്കുകയോ അമിത വേഗത്തിൽ ഓടിക്കുകയോ ചെയ്യരുത്. ഉഷ്ണകാലത്ത് ജനവാസ മേഖലയിൽ രാത്രികാലങ്ങളിൽ ആന ഇറങ്ങുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് സാധാരണമാണ്.
രണ്ടു മാർഗം, ഒരു ലക്ഷ്യം
ഇടമലയാറിലേക്കുള്ള റോഡ് രണ്ടായി പിരിയുന്നയിടത്ത് നിന്ന് ഇടത്തോട്ട് പോയാൽ ഇരു വശവും വനത്തിന്റെ വശ്യത മാത്രമാണ്. വഴിക്കിരുവശവും മനോഹരമായ കാട്ടരുവികൾ ഒഴുകുന്നത് കാണാം. മിക്കവാറും തന്നെ വർഷം മുഴുവൻ നീരൊഴുക്കുള്ള അരുവികളാണ്.
വലത്തോട്ട് തിരിയുന്ന റോഡിലൂടെ സഞ്ചരിച്ചാൽ വടാട്ടുപാറയിലെ ജനവാസപ്രദേശങ്ങളാണ്. മീരാൻ സിറ്റി, അരീക്കാ സിറ്റി, തുടങ്ങി കൗതുകമുണർത്തുന്ന പേരുകളിലുള്ള ചെറിയ ജംഗ്ഷനുകളാണ് ഇവിടെയുള്ളത്. ഇവിടേക്ക് പ്രൈവറ്റ്, കെ. എസ്. ആർ. ടി. സി (KSRTC) ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്.
ഇടമലയാർ ഡാമിന്റെ പ്രവേശന കവാടത്തിലാണ് ഇരു റോഡുകളും അവസാനിക്കുന്നത്. ഡാമിലേക്ക് നിലവിൽ പ്രവേശനം അനുവദിച്ചിട്ടില്ല.

ചലച്ചിത്ര ലൊക്കേഷൻ
നിരവധി ചലച്ചിത്രങ്ങളുടെ ചിത്രീകരണം വടാട്ടുപാറയിൽ നടന്നിട്ടുണ്ട്. ഒരു പഴയ ബോംബ് കഥ, പുലിമുരുകൻ, ശിക്കാരി ശംഭു, അശ്വാരൂഡൻ, ഒളിയമ്പുകൾ എന്നീ ചിത്രങ്ങളിലെല്ലാം തന്നെ വടാട്ടുപാറയുടെ ദൃശ്യഭംഗിയിൽ ചിത്രീകരിച്ചവയാണ്.
വടാട്ടുപാറയിലെ ശലഭങ്ങൾ
വിവിധ വർഗങ്ങളിലുള്ള ചിത്രശലഭങ്ങളുടെ ആവാസ കേന്ദ്രമാണ് വടാട്ടുപാറ. അങ്ങോട്ടുള്ള യാത്രകളിൽ എല്ലാം തന്നെ അനേകം ശലഭങ്ങൾ കൺമുന്നിൽ വന്നുപെട്ടിട്ടുണ്ട്. ശലഭങ്ങളുടെ മഡ്പുഡ്ലിംഗ് പ്രക്രിയ ആദ്യമായി എനിക്ക് പകർത്താൻ കഴിഞ്ഞത് വടാട്ടുപാറയിൽ നിന്നാണ്.

കാടുകയറുന്നത് സൂക്ഷിച്ച് വേണം
മതിയായ സുരക്ഷയോ, വഴികാട്ടികളോ ഇല്ലാതെ കാട്ടിൽ പ്രവേശിക്കരുത്. രാജവെമ്പാല ഉൾപ്പെടെയുള്ള പാംബുകളുടെ വിഹാരകേന്ദ്രം കൂടിയാണ് വടാട്ടുപാറ. അതു കൊണ്ട് തന്നെ സൂക്ഷിച്ച് വേണം കാടിനുള്ളിലേക്ക് സഞ്ചരിക്കാൻ.
അതു പോലെ തന്നെ പുഴയിൽ ഇറങ്ങുന്നതും സൂക്ഷിച്ചു തന്നെ വേണം. വെള്ളത്തിന്റെ കുത്തൊഴുക്കിൽ മിനുസമുള്ള പാറകളും പാറക്കുഴികളും അപകടമാണ്. പരിചയമില്ലത്തവർ പുഴ മുറിച്ചു കടക്കുന്നതും അധികം പുഴയിലേക്കിറങ്ങുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.

വടാട്ടുപാറയുടെ മഴക്കാല ദൃശ്യം കാണാം
എങ്ങിനെ എത്തിച്ചേരാം?
തട്ടേക്കാട് നിന്ന് 16 കിലോ മീറ്ററും ഭൂതത്താൻകെട്ടിൽ നിന്ന് 8 കിലോ മീറ്ററും ദൂരമാണ് വടാട്ടുപാറയിലേക്ക്. കൊച്ചിയിൽ നിന്ന് 70 കിലോ മീറ്റർ ദൂരം ഉണ്ട്. ബൈക്ക് സഞ്ചാരികൾക്ക് വന്നു പോകാൻ പറ്റിയ ഇടമാണ് ഈ പ്രദേശം.
Add comment