De Kochi - Photographic Journal
cheru katha, cherukatha, short story, malayalam short story, malayalam katha, malayalam kadha, malayalam story, malayalam cheru kathakal, malayalam short stories, cherukathakal, katha, kathakal, Malayalam blog, Malayalam blog kathakal, malayalam blog stories

വാലന്റൈൻ റോസ്

cheru katha, cherukatha, short story, malayalam short story, malayalam katha, malayalam kadha, malayalam story, malayalam cheru kathakal, malayalam short stories, cherukathakal, katha, kathakal, Malayalam blog, Malayalam blog kathakal, malayalam blog stories

 

വാലെന്റൈൻസ് ഡേ എന്നു കേൾക്കുമ്പോഴൊക്കെ മനസിലേക്ക് ആദ്യം വന്നിരുന്നത് വാലെന്റൈന വ്ളാദിമിറോവ്ന തെരഷ്കോവ എന്ന പേരാണ്‌. ആദ്യമായി ബഹിരാകാശ സഞ്ചാരം നടത്തിയ ആ റഷ്യാക്കാരിയെ, എന്റെ മനസിൽ തോന്നിയ ഏതു കുസൃതിയാണ്‌ വാലന്റൈൻസ് ഡേയുമായി ബന്ധിപ്പിച്ചിരുന്നതെന്ന് എനിക്കു തീർച്ചയില്ല. പ്രൈമറി ക്ളാസുകളിൽ കാണാതെ പഠിച്ച, എനിക്ക് ഒരിക്കലും റൊമാന്റിക് ആയി തോന്നിയിട്ടില്ലാത്ത ആ പേരിലെ വാലന്റൈന എന്ന വാക്കായിരിക്കണം അതിനു കാരണം…!!

പിന്നീടൊരിക്കൽ മറ്റൊരാളുടെ പേര്‌ വാലന്റീൻസ് ദിനവുമായി ചേർത്ത് ഓർമിക്കുവാൻ തുടങ്ങി… ഏറെക്കാലത്തിനു ശേഷം ഈ വാലന്റൈൻ വാരത്തിൽ, മറൈൻ ഡ്രൈവിൽ അക്ഷരങ്ങൾ കൊണ്ട് ദേഹം വെളുപ്പിച്ച ഒരു കാക്ക ശിൽപത്തിനു കീഴിൽ നിന്ന് തന്റെ മകനൊപ്പം സെൽഫിയെടുക്കുന്ന അയാളെ ഞാൻ വീണ്ടും കാണുന്നു… നിങ്ങൾക്കു മുന്നിൽ ഞാൻ അയാളെ റോസ് എന്നു പരിചയപ്പെടുത്തട്ടേ…

വർഷങ്ങൾക്ക് മുൻപ് ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ ശ്രദ്ധിച്ചത് അയാളുടെ കണ്ണുകളായിരുന്നു. സംസാരിക്കുന്ന കണ്ണുകൾ എന്നു തോന്നി. ക്യാമറയ്ക്കു മുന്നിൽ നിൽക്കുമ്പോൾ ഭാവങ്ങളോരോന്നും, ക്യാമറ ഇമ ചിമ്മുന്ന അതേ വേഗത്തിൽ ആ മുഖത്ത് കടന്നു വന്നിരുന്നു…

വാലന്റൈൻ ദിനത്തിലൊന്നുമല്ലെങ്കിലും, പത്തോ പതിനൊന്നോ വർഷം മുൻപ് ഒരു ഫെബ്രുവരി മാസത്തിലാണ്‌ ഞാൻ അവളെ പ്രൊപോസ് ചെയ്തത്… അത്ര വലിയ പ്ലാനിങ്ങൊന്നും ഇല്ലാതെയാണ്‌ ചോദിച്ചത്, “ റോസ് ഞാൻ സ്വന്തമായി ചെയ്യാനാഗ്രഹിക്കുന്ന പ്രൊജക്ടിലെക്ക് വിളിച്ചാൽ വരുമോ…?”

“ അതിനെന്താ… ? നീ വിളിച്ചാൽ വരാതിരിക്കുമോ…?” അവൾ കൂടുതാലയൊന്നും അലോചിച്ചില്ല…

“ ആലോചിച്ചു പറഞ്ഞാൽ മതി… കുറച്ചു കാര്യങ്ങൾ കൂടി നമുക്ക് പ്ലാൻ ചെയ്യാനുണ്ട്…”

“ അത്ര ആലോചിക്കാനെന്താ…? ഇതു കല്യാണക്കാര്യമൊന്നും അല്ലല്ലോ…?” അങ്ങനെ പറഞ്ഞു മുഴുമിക്കും മുൻപേ അതൊരവസരമാക്കി ഞാൻ ഇടയിൽ കയറി പറഞ്ഞു, “ യെസ്… ഞാൻ അങ്ങനൊന്നാണ്‌ പറയാൻ വന്നത്…”

അവൾ ഒരു നിമിഷം നിശബ്ദയായിരുന്നു…

“ മറ്റ് സീരിയസ് റിലേഷൻഷിപ് ഒന്നും ഇല്ലെങ്കിൽ… കമ്മിറ്റഡ് അല്ലെങ്കിൽ… ആലോചിച്ച് ഒരു മറുപടി പറഞ്ഞാൽ മതി…”

പക്ഷേ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നാണ്‌ അവൾ പറഞ്ഞത്, “നീ ഒരു കല്യാണം കഴിക്ക്… എന്നിട്ട് ആ ബന്ധം ബ്രേക്ക് ആയാൽ ഈ ചോദ്യം ചോദിച്ചോളൂ…? അത് എന്നായാലും അന്നു ഞാൻ സമ്മതിക്കാം…”

റോസ് വിവാഹം കഴിച്ചതാണെന്നും ഒരു കുട്ടിയുണ്ടെന്നും അന്നാണ്‌ അറിയുന്നത്… മോഡലിംഗിൽ അവസരം ഇല്ലാതാകും എന്നുള്ള ആശങ്കയിൽ അവൾ ആരോടും പറയാതിരുന്ന ഒരു രഹസ്യമായിരുന്നു അത്…
“ ഒരാളെയാണ്‌ പ്രണയിച്ചത്… ഒരു കുട്ടിയൊക്കെയായപ്പോൾ പ്രണയവും ജീവിതവും ഒക്കെ തീർന്നു… ഒരു വാക്കു പോലും പറയാതെ അയാൾ പോയതോടെ എല്ലാം പൂർത്തിയായി… “

അവൾ തുടർന്നു, ” ആരെങ്കിലും ഈ ചോദ്യം ചോദിച്ചപ്പോഴൊക്കെ പിന്നീട് ദേഷ്യമായിരുന്നു… മാത്രമല്ല അതൊന്നും നീ ഈ ചോദിച്ച അർത്ഥത്തിലുള്ളതുമായിരുന്നില്ല…“

” നീ ആത്മാർത്ഥമയി ചോദിക്കുന്നുവെന്ന് തോന്നിയത് കൊണ്ട് മാത്രമാണ്‌ ഇങ്ങനൊരു മറുപടി പറഞ്ഞത്…“

” മാത്രമല്ല ഇനി ഒരു പ്രണയത്തിനൊന്നും തല വയ്ക്കാൻ പറ്റില്ല… മോനെ നോക്കണം… കഴിയുന്നിടത്തോളം മുന്നോട്ട് പോകണം… അത്ര മാത്രം…“

അന്ന് ആ ടോപ്പിക്ക് അവിടെ സംസാരിച്ചു തീർന്നു…!! പിന്നീട് കണ്ടപ്പോഴൊക്കെ വർക്കുമായി ബന്ധപ്പെട്ട സംസാരം മാത്രമായിരിക്കാൻ ശ്രദ്ധിച്ചിരുന്നു… എങ്കിലും പരസ്പരം ഉണ്ടായിരുന്ന സൗഹൃദത്തിൽ കുറവുണ്ടായെന്നും തോന്നിയില്ല…

കുറച്ചു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഇന്നാണ്‌ അവളെ കാണുന്നത്…

നേരിട്ടല്ലെങ്കിലും ഇടയ്ക്ക് കാണുന്ന മുഖമായതു കൊണ്ട് തിരിച്ചറിഞ്ഞു എന്നു പറയുന്നതിൽ അർത്ഥമില്ല… പരിചയപ്പെടുത്തേണ്ടി വരുമോ എന്ന സംശയത്തോടെ അടുത്തെത്തിയതും എന്നെ നോക്കി ചിരിച്ച് ഒരു ഹൈ പറഞ്ഞു…

” ദാ, മമ്മിയുടെ ഒരു ഫ്രൻഡ് ആണ്‌…“ അവൾ പറഞ്ഞ് തീരും മുൻപേ നീണ്ടു മെലിഞ്ഞ, അവളേക്കാൾ പൊക്കമുള്ള ആ കുട്ടി ” ഹൈ ചേട്ടാ…“ എന്നു പറഞ്ഞു കൊണ്ട് എന്റെ നേരേ കൈനീട്ടി… അവന്റെ ചിരിയിലേയും വാക്കുകളിലേയും അതേ മൃദുത്വമായിരുന്നു അവന്റെ ഹസ്തദാനത്തിലും…

“ എന്നാ നീ പോയിട്ട് പോരേ… അധികം കറങ്ങാൻ നിൽക്കേണ്ട… 4 മണി ആകുമ്പോഴേക്കും എത്തണം…”

റോസ് അതു പറഞ്ഞ് നിർത്തിയതും അവൻ യാത്ര പറഞ്ഞ് പോയി… പേരു പോലും ചോദിക്കും മുൻപ്…
അങ്ങനെ ഓർത്തതും റോസ് പറഞ്ഞു, “ ആൽവിൻ നെക്സ്റ്റ് വീക്ക് ഹയർ സ്റ്റഡീസിന്‌ കാനഡയ്ക്ക് പോകുന്നു… ഫ്രണ്ട്സിനോട് യാത്ര പറയാനിറങ്ങിയതാണ്‌…” ഒന്നു നിർത്തിയിട്ട് എനിക്കും ചുറ്റും നോക്കിക്കൊണ്ട് റോസ് ചോദിച്ചു, “ നീയൊറ്റയ്ക്കേ ഉള്ളൂ…?”

“ അതെ… ഒരു ഫ്രണ്ട് വരാം എന്നു പറഞ്ഞിരുന്നു… കക്ഷിയ്ക്ക് ഓഫീസിൽ നിന്നിറങ്ങാൻ പറ്റിയിട്ടില്ല…”

“ നീ ഫെസ്റ്റിന്‌ ഇപ്പോൾ കയറുന്നോ…? ഇല്ലെങ്കിൽ നമുക്ക് ഒന്നു നടന്നിട്ട് വരാം…”
“ ഓഹ്… അതിനെന്താ…? ” എനിക്കൊട്ടും എതിർപ്പുണ്ടായിരുന്നില്ല…

വാക്ക് വേയിൽ എത്തിയപ്പോൾ റോസ് പറഞ്ഞു “ അങ്ങോട്ട് നടക്കാം…” വാക്ക് വേയുടെ തിരക്കു കുറഞ്ഞ അറ്റത്തേക്ക് അവൾ തിരിഞ്ഞു…

“ വരാനുള്ള ഫ്രണ്ട്…? ” റോസ് സംശയിച്ചത് എന്താണെന്ന് ആ കണ്ണുകളിൽ കാണാമായിരുന്നു…

“ ഹേയ്… വൺ ഓഫ് മൈ ഫ്രണ്ട്സ്…”

“ നിനക്കിതുവരെ കൂട്ടായില്ലെന്ന് അറിയാം… അതു കൊണ്ട് ചോദിച്ചെന്നേ ഉള്ളൂ…”

ഞാൻ അവളെ നോക്കി, “ എല്ലാം അറിയുന്നുണ്ടല്ലോ…”

“ ഫേസ്ബുക്കിൽ ഞാൻ ഫോളോ ചെയ്യുന്നുണ്ടല്ലോ… ഇല്ലെങ്കിൽ പിന്നെ താടിയൊക്കെ വച്ച് പണ്ടത്തേക്കാൾ ഗൗരവം വരുത്തിയ ഈ മുഖം കുറേ നാളുകൾക്കു ശേഷം എങ്ങനെ തിരിച്ചറിയാനാണ്‌… “

ജീവിതത്തിൽ കടന്നു പോയ കാലവും, വന്ന മാറ്റങ്ങളും ഒക്കെ ആ വാക്കുകളിൽ തിരിച്ചറിഞ്ഞപ്പോൾ മനസിൽ എന്തോ ഒരസ്വസ്ഥത തോന്നി…
നോർത്ത് എൻഡിലെ വാക്ൿവേയിലേക്ക് കടക്കുമ്പോൾ ” നല്ല വെയിൽ…“ എന്നു പറഞ്ഞു കൊണ്ട് അവൾ കണ്ണുകൾ മാത്രം പുറത്തു കാണുന്ന രീതിയിൽ ഷാൾ കൊണ്ട് മുഖം മറച്ചു…

വാക്ൿവേയുടെ ഇരുവശങ്ങളിലുമുള്ള ബഞ്ചിലും മരച്ചുവടുകളിലും വിടർത്തിപ്പിടിച്ച വർണക്കുടകൾക്കു കീഴിൽ പരസ്പരം ലോക്ക് ചെയ്യപ്പെട്ട കൗമാരം…

മരങ്ങൾക്കും ചെടികൾക്കും ഒപ്പം അവിടെ നിറഞ്ഞു കാണാമായിരുന്നത് വർണക്കുടകളും, അതിനടിയിലെ പ്രണയവും മാത്രം…

” നേരത്തേ ബോൾഗട്ടിപാലസിന്റെ പരിസരമായിരുന്നു പിള്ളേരുടെ കേന്ദ്രം… “ അവൾ പഴയതെന്തോ ഓർത്തെടുത്തതു പോലെ ചിരിച്ചു… എന്നിട്ട് ചോദിച്ചു, ” നീ ഇങ്ങിനെ ഇവിടെ വന്നിരുന്നിട്ടുണ്ടോ…?“

” അതിന്‌ കൂട്ടിനാരെയും കിട്ടിയിരുന്നില്ല…“

അവൾ ഉറക്കെച്ചിരിച്ചു… ആ ചിരി കേട്ട് ചില കുടകൾക്കടിയിൽ നിന്ന് ഉയർന്നു വന്ന മുഖങ്ങൾ ഞങ്ങളെ നോക്കി…

” എത്ര സത്യസന്ധമായ മറുപടി…!!“

” അത്തരം പുകഴ്ത്തലുകൾ കേൾക്കുന്നതേ ഇപ്പോൾ അരോചകമാണ്‌…“ ഞാൻ പറഞ്ഞു…

അവൾക്കതിന്റെ അർത്ഥം മനസിലായതു പോലെ തലയാട്ടി…

” ഇപ്പോഴും സീരിയസ് റിലേഷൻഷിപ്പൊന്നും ഇല്ലേ നിനക്ക്…?“ അവൾ എന്നെ നോക്കി…

” ഇല്ലെന്ന് പറയാനാവില്ല… ഗൗരവമായി ചിലതൊക്കെയുണ്ടായിട്ടുള്ള ബന്ധങ്ങൾ വരെ…“

” നീ പറഞ്ഞത്…?“ അവൾ തീർച്ചപ്പെടുത്താനെന്ന പോലെ എന്നെ നോക്കി…

” കാര്യമായി തന്നെ… ഇപ്പോഴും ഉണ്ട് ഒരാൾ… അന്നത്തെ, നിന്റെ അതേ സാഹചര്യത്തിലൂടെ പോകുന്നൊരാൾ… ഒരു സൗഹൃദമായി തുടങ്ങി, പിന്നെ ഏതോ രീതിയിലൊക്കെ മുന്നോട്ട് പോകുന്നു…“

” എന്നിട്ട്… ? നിനക്ക് എന്തു കൊണ്ട് അത് സീരിയസ് ആയി എടുത്തുകൂടാ…?“

” അയാൾക്ക് താത്പര്യമില്ല… എന്നാൽ, പരസ്പരം അകന്നു മാറാൻ ശ്രമിക്കുന്നുമില്ല… അതു കൊണ്ട് മാത്രം…“

സംസാരിച്ച് വാക്ക് വേയുടെ അറ്റത്ത് എത്തിയത് അറിഞ്ഞില്ല… അതിനപ്പുറം അഴുക്കുമണം വമിക്കുന്ന തോട്… ആഡംബരത്തിന്റെ അമിതഭാരം ചുമക്കുന്ന നെഫർതിതി യാത്രികരെ പ്രതീക്ഷിച്ച് അൽപമകലെ കായലിൽ ചാഞ്ചാടുന്നു…

വെയിൽ കൂടുന്നുണ്ടായിരുന്നു…
ഒരു മരത്തണലിൽ കായലിനു പുറം തിരിഞ്ഞിരിക്കുന്ന അറുപത് വയ്സിനു മേൽ പ്രായമുള്ള ഒരു മനുഷ്യൻ ചുറ്റുമുള്ള കാഴ്ചകൾ ആസ്വദിക്കുകയാണെന്ന് തോന്നി… അയാൾ എന്നെയും റോസിനേയും നോക്കി ചിരിച്ചു…

ഫോൺ റിംഗ് ചെയ്തു… വരാം എന്നേറ്റിരുന്ന സുഹൃത്ത് ഇനിയും വൈകുമെന്ന് അറിയിച്ചു… അതിനു മറുപടി പറഞ്ഞിട്ട് റോസിനൊപ്പം തിരിഞ്ഞു നടന്നു…

പെട്ടെന്ന് അവൾ ചോദിച്ചു, ” നീ അന്നു പറഞ്ഞിരുന്നതു പോലെ എന്റെ കണ്ണുകൾ ഇപ്പോഴും കഥ പറയുന്നതായി നിനക്ക് തോന്നുന്നുണ്ടോ…?“

” സ്റ്റിൽ… ഇപ്പോഴും അങ്ങനെ തന്നെ…“ എന്റെ മറുപടി പെട്ടെന്നായിരുന്നു…

അവിശ്വനീയമായത് കേട്ടതു പോലെ റോസ് എന്നെ നോക്കി പുഞ്ചിരിച്ചു…

ഞാൻ ഒന്നു കൂടി ഉറപ്പിക്കാനെന്ന പോലെ പറഞ്ഞു, ” ജീവിതത്തിൽ നമ്മൾ പോയിട്ടുള്ള ചിലയിടങ്ങൾ ഉണ്ടാകില്ലേ… അവിടെ നമ്മെ ആകർഷിക്കുന്ന ചിലതുണ്ടാകും… ചിലപ്പോൾ ഒരു മരം… ചില മനുഷ്യർ… അല്ലെങ്കിൽ ചിലരുടെ പുഞ്ചിരി… എത്ര കാലം കഴിഞ്ഞ് അവിടേയ്ക്ക് ചെന്നാലും നാം അറിയാതെ തിരഞ്ഞു പോകുക ആ പഴയ കാഴ്ചകളാകും…“

അവൾ എന്തോ ഓർത്തിട്ടെന്ന പോലെ തലയാട്ടി…

” ഇന്ന് തന്നെ കണ്ടപ്പോൾ അറിയാതെ നോക്കിപ്പോയത് ഈ കണ്ണുകളിലേക്ക് തന്നെയാണ്‌… ചിലതൊക്കെ നീ പറയുന്നുണ്ട്, അല്ലെങ്കിൽ പറയാൻ ആഗ്രഹിക്കുന്നു എന്നു തോന്നിയതു കൊണ്ട് തന്നെയാണ്‌ നടക്കാം എന്നു പറഞ്ഞപ്പോൾ കൂടെയിറങ്ങി നടന്നതും…“

ഒന്നു നിർത്തിയിട്ട് ഞാൻ പറഞ്ഞു, ” പക്ഷേ നീ ഒന്നും പറഞ്ഞില്ല…“

റോസ് കൈ എന്റെ ചുമലിൽ വച്ച് നടന്നു കൊണ്ട് പറഞ്ഞു…

” നീ ചില കാര്യങ്ങളിൽ ഒട്ടും മാറിയിട്ടില്ല… ജീവിതത്തിൽ ആരെയും കാത്തു നിൽക്കരുത്… അല്ലെങ്കിൽ ഒന്നിനെയും… അതുപോലെ കൂടുതലായൊന്നും പ്രതീക്ഷിക്കുകയും അരുത്… കുറച്ചു കാലം കഴിയുമ്പോൾ അതെല്ലാം മണ്ടത്തരമായി തോന്നും…“

ഞാൻ ഒന്നും മിണ്ടിയില്ല…

അവൾ തുടർന്നു, ” നെക്സ്റ്റ് സിക്സ്റ്റീൻത്, ലേറ്റ് ഈവനിങ്ങ് ആൽവിൻ പോകും… അന്നു രാവിലെ അലക്സുമായുള്ള രജിസ്റ്റർ മാര്യേജ്…“

” അലക്സ്…?“

” പുള്ളിയുടെ ഒന്നു രണ്ട് പ്രൊജക്ട് ചെയ്ത് പരിചയത്തിലായതാണ്‌… സിൻസ് ലാസ്റ്റ് ഫൈവ് ഇയേഴ്സ്… അതിനിടയിൽ നീ പറഞ്ഞതു പോലെ ഗൗരമുള്ള ചിലതൊക്കെ… പിന്നെ പുള്ളി അതങ്ങ് സീരിയസായി എടുത്തു… “

” ആൽവിൻ പോയാൽ പിന്നെ ഞാൻ ഇവിടെ തനിച്ചാകും… ഇത്ര നാളും അവനു വേണ്ടി പലതും ചെയ്യാനുണ്ടായിരുന്നു… പഠിക്കാനുള്ള സാമ്പത്തികമൊക്കെ ഞാൻ തന്നെ ഉണ്ടാക്കി കൊടുത്തതാണ്‌… എനിക്കു കഴിയുന്നതെല്ലാം തന്നെ അവനു വേണ്ടി ചെയ്തിട്ടുണ്ട്…“

” അലക്സിനും ഒരു കുട്ടിയുണ്ട്… പക്ഷേ, അവൻ പിരിഞ്ഞു പോയ ഭാര്യക്കൊപ്പമാണ്‌…“

പറഞ്ഞു നിർത്തിയതും അവളുടെ ഫോൺ ബെല്ലടിച്ചു… ” ഞാൻ ഇവിടെ അടുത്തു തന്നെയുണ്ട്… ജംഗ്ഷനിലേക്ക് വന്നാൽ മതി “ അത്ര മാത്രം പറഞ്ഞ് അവൾ കട്ട് ചെയ്തു…

റോഡിലേക്ക് നടക്കുമ്പോൾ പറഞ്ഞവസാനിപ്പിക്കാൻ വേണ്ടിയെന്ന പോലെ അവൾ പറഞ്ഞു, ”എല്ലാവരും മാറും… ഞാനും നീയും ഒക്കെ… ഓരോ സാഹചര്യങ്ങൾ അനുസരിച്ചായിരിക്കും എന്നു മാത്രം….“

അവൾ എന്നെ നോക്കി പുഞ്ചിരിച്ചു…

ഒരു ലക്ഷ്വറി കാർ ഞങ്ങൾക്ക് അടുത്തു വന്നു നിന്നു…

” ഇപ്പോൾ ഇത്തിരി തിരക്കുണ്ട്… പിന്നീട് ഞാൻ ആളെ വിശദമായി പരിചയപ്പെടുത്താം…“ അവൾ പോകാൻ തിടുക്കപ്പെട്ടു…

കാറിന്റെ ഡോർ തുറന്നപ്പോൾ ഡ്രൈവിംഗ് സീറ്റിലിരുന്ന മദ്ധ്യവയസ്കൻ എന്നെ നോക്കി ഒരു ഹൈ പറഞ്ഞു… ഞാനതു കണ്ടെന്ന് ഉറപ്പു വരുത്താനെന്ന പോലെ എന്നെ നോക്കിയിട്ട് റോസ് കാറിന്റെ ഡോർ അടച്ചു…

ഞാൻ തിരിഞ്ഞു നടന്നു…

അൽപമകലെ കൃതിയുടെ പവലിയനു സമീപം ഏതോ കലാകാരന്റെ കരവിരുതിനാൽ വൈലോപ്പിള്ളിയുടെ ഭീമാകാരം പൂണ്ട കാക്ക അക്ഷരങ്ങളുടെ ആശയത്താൽ ചിറക് വിടർത്താനായുന്നതു പോലെ തോന്നി… കാക്കയുടെ കറുപ്പിനു മേലെഴുതിയ എഴുത്തിൽ കണ്ണു പതിഞ്ഞു… ‘കൂരിരുട്ടിന്റെ കിടാത്തിയെന്നാൽ സൂര്യപ്രകാശത്തിനുറ്റ തോഴി’

——–

അനൂപ് ശാന്തകുമാർ
-2020 ഫെബ്രുരി 09-

 

കൂടുതൽ ചെറുകഥകൾ വായിക്കാം

YOUTUBE  |  INSTAGRAM  |  FACEBOOK

Facebook Comments

comments

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Add comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

About Blogger

Anoop Santhakumar

A graphic designer by profession, having found a hobby in photography, in this blog I share my Photographs, Designs, Videos along with a little information on it and Malayalam Short stories.

Email Newsletter

We Won't SPAM , Only Serious Emails.

Advertisement