കൊളുക്കുമല – ഭൂമി ആകാശത്തെ ചുമ്പിക്കുന്ന ഒരിടം
ഭൂമി ആകാശത്തെ ചുമ്പിക്കുന്ന ഒരിടം. കൊളുക്കുമലയെക്കുറിച്ച് ആദ്യം അറിഞ്ഞത് അങ്ങിനെയാണ്. നീലക്കുറിഞ്ഞി കാണാൻ മൂന്നാറിൽ പോകാൻ തീരുമാനിച്ചപ്പോൾ യാദൃശ്ചികമായിട്ടാണ് കൊളുക്കുമല പരിഗണനയ്ക്കായ് മുന്നിൽ വന്നത്. രാജമലയിൽ പോകുക, നീലക്കുറിഞ്ഞി കാണുക. അതു മാത്രമായിരുന്നു പദ്ധതി. എന്നാൽ നീല കുറിഞ്ഞിപ്പൂക്കൾ കൊണ്ടുള്ള കമ്പളം പുതച്ച് കോടമഞ്ഞിനെ ആവാഹിച്ച് സഞ്ചാരികളെ കൊതിപ്പിക്കുന്ന കൊളുക്കുമലയെക്കുറിച്ച് കേട്ടപ്പോൾ അവിടേക്ക് പോകാൻ തീരുമാനിച്ചു.
കൊളുക്കുമലൈ
കൊളുക്കുമല അല്ല, കൊളുക്കുമലൈ. പേര് പോലെ തന്നെ ഊര് തമിഴ്നാട് തന്നെ. തേനി ജില്ലയിലാണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. സൂര്യനെല്ലിയിൽ നിന്ന് കൊളുക്കുമല ടീ എസ്റ്റേറ്റിന്റെ ഗേറ്റ് കടന്നാൽ തേനി ജില്ലയാണ്. പ്രവേശനം കേരളത്തിൽ നിന്ന്, ലക്ഷ്യം തമിഴ്നാട്ടിൽ. കൊളുക്ക് എന്നാൽ തമിഴിൽ തണുപ്പ് എന്നാണ് അർത്ഥം.
കൊളുക്കുമലയിലെ നീലക്കുറിഞ്ഞി വസന്തം (2018)
കൊളുക്കുമലയിലെ ഉദയം
കൊളുക്കുമലയിലെ ഉദയം കാണേണ്ടത് തന്നെയാണ് എന്ന സുഹൃത്തിന്റെ വാചകം ആണ് കൊളുക്കുമലയിലേക്ക് തന്നെയാകാം നീലക്കുറിഞ്ഞി കാണാനുള്ള യാത്ര എന്ന് ഉറപ്പിക്കാനുള്ള മറ്റൊരു കാരണം. സമുദ്ര നിരപ്പിൽ നിന്ന് 7,100 അടി ഉയരത്തിൽ മലകൾക്കും കോടമഞ്ഞിനും മുകളിൽ നിന്ന് അകലെ സൂര്യോദയം കാണാം. മോഹിപ്പിക്കുന്ന ഒരു കാര്യം തന്നെ.
കൊളുക്കുമലയിൽ സമുദ്ര നിരപ്പിൽ നിന്ന് 7,000 ൽ അധികം അടി ഉയരത്തിൽ നിന്ന് കണ്ട സൂര്യോദയ ത്തെക്കാൾ എന്നെ ആകർഷിച്ചത് 700 അടി ഉയരത്തിൽ നിന്ന് കണ്ട അയ്യപ്പൻമുടിയിലെ സൂര്യോദയമാണെന്ന കാര്യം ഇവിടെ പറയുന്നത് അനുചിതമായിരിക്കാം. എങ്കിലും അത് പറയാതെയും വയ്യ.
കൊളുക്കുമലയിലെ ഉദയം
യാത്ര
സൂര്യനെല്ലിക്കടുത്തുള്ള ഒരു റിസോർട്ടിൽ തങ്ങിയ ശേഷം അതി കാലത്ത് കൊളുക്കുമല സൺറൈസ് പോയിന്റിലേക്ക് യാത്ര. രാവിലെ 4 മണിക്ക് പുറപ്പെടണം. സൂര്യനെല്ലി ടൗണിൽ നിന്നാണെങ്കിൽ 4.30 ന് പുറപ്പെട്ടാൽ മതി. ജീപ്പിലാണ് യാത്ര. കൊളുക്കുമല ടീ എസ്റ്റേറ്റിലെ റോഡ് മുഴുവനായും ഓഫ് റോഡ് തന്നെയാണ്.
കൊളുക്കുമല എസ്റ്റേറ്റ് സ്വകാര്യ കമ്പനിയുടേതാണ്. ഗേറ്റ് പാസ് എടുത്ത് അകത്തു കടന്നാൽ ഒരാൾക്ക് 100 രൂപ എൻട്രി പാസ്സും എടുക്കണം. സൺറൈസ് പോയിന്റിൽ എത്താൻ 1 മണിക്കൂർ ജീപ്പ് യാത്ര ഉണ്ട്. വേഗത്തിൽ പോകാനാകില്ല എന്നതു കൊണ്ടാണ് അത്ര സമയം എടുക്കുന്നത്.
സൺറൈസ് പോയിന്റിനു താഴെ ജീപ്പ് നിർത്തിയാൽ പിന്നെ 100 മീറ്ററോളം കുത്തനെ ഉള്ള കയറ്റം കയറണം. പതുക്കെ സാവധാനം വേണം കയറാൻ. ഉയരക്കൂടുതൽ ഉള്ള പ്രദേശം ആയതിനാൽ പലരും കിതച്ചു ക്ഷീണിച്ച് നിൽക്കുന്നത് കണ്ടു.
കൊളുക്കുമല തേയിലത്തോട്ടം
കൊളുക്കുമലയിലെ നീലക്കുറിഞ്ഞി
മലമുകളിൽ നിന്ന് വിശാലമായ ആകാശവും അകലെ നിരനിരയായ മലകളും കാണാമായിരുന്നു. മഞ്ഞ് കുറവായിരുന്നു എങ്കിലും സൂര്യോദയം മനോഹരമായിരുന്നു.
സൺറൈസ് പോയിന്റിന്റെ ചെങ്കുത്തായ ഭാഗത്തും തൊട്ടടുത്ത മലകളിലും നീലക്കുറിഞ്ഞി പൂത്തു നിൽക്കുന്ന മനോഹരമായ കാഴ്ച. ശരിക്കും കുറിഞ്ഞിപ്പൂക്കൾ കൊണ്ട് പുതപ്പുണ്ടാക്കി ധരിച്ചിരിക്കുന്നത് പോലെ. 2018ൽ കൂടുതലായി കുറിഞ്ഞി പൂത്തത് കൊളുക്കുമലയിലാണ്. കുറിഞ്ഞി കാണാൻ സഞ്ചാരികൾ ഏറെ എത്തിയതും ഇവിടേക്കാണ്.
പൂത്തു നിൽക്കുന്ന കുറിഞ്ഞി പൂക്കൾ
കൊളുക്കുമലയിലെ നീലക്കുറിഞ്ഞി വസന്തം (2018)
കൊളുക്കുമലയിലെ നീലക്കുറിഞ്ഞി വസന്തം (2018)
കൊളുക്കുമല ടീ ഫാക്ടറി
കൊളുക്കുമല ടീ ഫാക്ടറി സന്ദർശിക്കാനുള്ള പാസ് കൂടി 100 രൂപയ്ക്ക് നൽകുന്നത്. അതു കൊണ്ട് തന്നെ ഇവിടം സന്ദർശിക്കാൻ പ്രത്യേക പാസിന്റെ ആവശ്യം ഇല്ല. 1935ൽ ബ്രിട്ടീഷുകാർ സ്ഥാപിച്ചതാണ് ടീ ഫാക്ടറി. അന്നു സ്ഥാപിച്ച ഉപകരണങ്ങൾ തന്നെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നതെന്ന് ഫാകടറിയിലെ ജീവനക്കാർ വിവരിച്ചു തന്നു.
ആദികാല ഫാക്ടറിയുടെ അകത്ത് തേയിലയുടെ ഗന്ധം നിറഞ്ഞു നിന്നിരുന്നു. സന്ദർശന സമയത്ത് ഉത്പാദനം നടക്കുന്നത് കാണിച്ചു തരാൻ വേണ്ടി മാത്രം മെഷീൻ പ്രവർത്തിപ്പിച്ചു കാണിച്ചു. വളരെ കുറച്ചു ഉത്പാദനം മാത്രമാണ് ഇവിടെ നടക്കുന്നത്. കൂടുതായുള്ള ഉത്പാദനം ആധുനിക സൗകര്യങ്ങൾ ഉള്ള ഫാക്ടറിയിൽ ആണ് നടക്കുന്നത്.
തേയില ഉണ്ടാക്കുന്നതിന്റെ ആദ്യ പ്രക്രിയ
തേയില പൊടിയാക്കുന്നു
എല്ലാം പഴയ യന്ത്രങ്ങളിൽ തന്നെ – തേയില പൊടിക്കുന്ന യന്ത്രങ്ങൾ
പ്രകൃദിദത്തമായ ചായ
ടീ എസ്റ്റേറ്റ് സന്ദർശിക്കുന്നവർക്ക് രുചികരമായ ഒരു ചായ നൽകുന്നുണ്ട്. രാസവളങ്ങൾ ഉപയോഗിക്കാത്ത തോട്ടത്തിൽ നിന്നുള്ള തികച്ചും ഓർഗാനിക് ആയ തേയിലപ്പൊടി ഉപയോഗിച്ചുള്ള ചായ. ടീ ഫാക്ടറിയിൽ എന്നെ ആകർഷിച്ചത് മറ്റൊരു കൗതുകമാണ്.
ഫാക്ടറിയുടെ മുറ്റത്ത് ഒരു റോസാ ചെടി നിൽക്കുന്നുണ്ടായിരുന്നു. 12 അടിയോളം ഉയരമുള്ള പനിനീർ ചെടി. 30 വർഷത്തിനു മേൽ പഴക്കം ഉണ്ട് ചെടിക്ക് എന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. അത്ര ഉയരത്തിൽ പൂക്കൾ വിരിഞ്ഞു നിന്നിരുന്നു. ആദ്യമായി അത്രയും പ്രായമുള്ള, ഉയരമുള്ള റോസാച്ചെടി കാണുന്നു എന്നത് തികച്ചും കൗതുകം തന്നെയായിരുന്നു.
കൊളുക്കുമലയിലെ സൂര്യോദയത്തിന്റെയും നീലക്കുറിഞ്ഞി പൂക്കളുടെയും വീഡിയോ
എങ്ങിനെ എത്തി ചേരാം?
കൊളുക്കുമലയിൽ എത്തിച്ചേരുന്നതിന് ഇതോടൊപ്പമുള്ള ഗൂഗിൾ മാപ്പ് ഉപയോഗിക്കുക