top of page
  • Writer's pictureDe Kochi

മുടിയേറ്റ്, അനുഷ്ഠാന കലാരൂപം

മുടിയേറ്റ് 

മുടിയേറ്റ് ഒരു അനുഷ്ഠാന കലാരൂപമാണ്‌. ഭദ്രകാളി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടാണ്‌ മുടിയേറ്റ് കലാരൂപം അവതരിപ്പിക്കപ്പെടുന്നത്. മധ്യകേരളത്തിലെ ക്ഷേത്രങ്ങളിലാണ്‌ കൂടുതലായും മുടിയേറ്റ് എന്ന അനുഷ്ഠാന കലാരൂപം അവതരിപ്പിക്കപ്പെടുന്നത്. വൈകിട്ട് ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷം 7 മണിയോടു കൂടെയാണ്‌ മുടിയേറ്റ് ആരംഭിക്കുക.

Purappadu-of-Darika,-a-scene-from-Mudiyettu-performance

മുടിയേറ്റ് – ദാരികൻറെ പുറപ്പാട്


കളമെഴുത്ത് പാട്ട്.

കളമെഴുത്ത് പാട്ട് (കളമെഴുത്തും പാട്ടും) ആണ്‌ മുടിയേട്ടിന്റെ മുന്നൊരുക്കം. അലങ്കരിച്ച പന്തലിൽ പഞ്ചവർണപ്പൊടി കൊണ്ട്‌ ഭദ്രകാളിക്കളം വരയ്‌ക്കുന്നു. വർണ്ണപ്പൊടികൾ കൊണ്ട് വരയ്ക്കുന്ന ഭദ്രകാളിയുടെ രൂപമാണ്‌ കളം എന്നറിയപ്പെടുന്നത്.

കളമെഴുത്തിനുള്ള നിറങ്ങൾ

തികച്ചും പ്രകൃതിദത്തമായ നിറങ്ങളാണ്‌ കളം വരക്കാനായി ഉപയോഗിക്കുന്നത്. വെള്ളനിറത്തിന്‌ അരിപ്പൊടിയും, കറുപ്പിന്‌ കരിപ്പൊടിയും, മഞ്ഞ നിറത്തിന്‌ മഞ്ഞൾപ്പൊടിയും, പച്ച നിറത്തിന്‌ പുല്ല് പൊടിച്ചുണ്ടാക്കുന്ന പൊടിയും, ചുവപ്പിന്‌ ചുണ്ണാമ്പും മഞ്ഞളും ചേർത്ത് കിട്ടുന്ന മിശ്രിതവും ഉപയോഗിക്കുന്നു.

ഭദ്രകാളിയുടെ പ്രതിഷ്ഠയ്ക്കു മുന്നിലായിട്ടാണ്‌ കളം തീർക്കുക. കളം പൂർത്തിയാകുന്നതോടൊപ്പം തന്നെ പാട്ടു നടത്തുന്നു. കളം പൂജ, കളം പാട്ട്‌, താലപ്പൊലി, തിരിയുഴിച്ചിൽ എന്നിവയ്‌ക്കു ശേഷം കളം മായ്‌ക്കും. കളമെഴുത്തു പാട്ട് എന്നാണ്‌ ഈ ചടങ്ങ് അറിയപ്പെടുന്നത്.

Kalamezhuthu-Pattu-Devi, Kalamezhuthu Pattu

കളമെഴുത്ത് പാട്ടിനായി ഒരുക്കിയിരിക്കുന്ന കളം


മുടിയേറ്റ് അവതരണം

കളമെഴുത്തുപാട്ടിനു ശേഷം കളം മായ്ക്കുന്നതോടെ മുടിയേറ്റ്‌ ആരംഭിക്കുകയായി. ശിവൻ, നാരദൻ, കാളി, ദാരികൻ, ദാനവേന്ദ്രൻ, കൂളി, കോയിമ്പിടാർ എന്നിങ്ങനെ 7 കഥാപാത്രങ്ങളാണ്‌ മുടിയേറ്റ് കലപ്രകടനത്തിൽ ഉള്ളത്.

ദാരികനെയും ദാനവേന്ദ്രനെയും കൊണ്ട്‌ ദേവന്മാർക്കും മനുഷ്യർക്കുമുള്ള ബുദ്ധിമുട്ടുകൾ നാരദൻ ഭഗവാൻ പരമശിവനെ അറിയിക്കുന്നതാണ്‌ ആദ്യഭാഗം.

Arangu-Keli-Beats-of-drums-before-the-Mudiyettu-performance

മുടിയേറ്റ് – അവതരണത്തിന് തുടക്കമിടുന്ന കേളികൊട്ട്


Artist-playing-the-role-of-Narada,-the-vedic-sage-in-Hindu-mythology-in-Mudiyettu

ദാരികന്റെ ക്രൂരതകൾ പരമശിവനെ അറിയിക്കുന്ന നാരദൻ


Artist-performing-the-role-of-Lord-shiva-in-Mudiyettu

ദാരികന്റെ ക്രൂരതകൾ നാരദൻ വിവരിക്കുന്നത് കേൾക്കുന്ന പരമശിവൻ


തുടർന്ന്‌ ദാരികന്റെ പുറപ്പാടാണ്‌. അസുരചരവർത്തിയായ ദാരികൻ തന്റെ ദുർഭരണം കാഴ്ചവെക്കുന്ന രംഗമാണിത്‌. തീപ്പന്തത്തിൽ തെള്ളിപ്പൊടി വിതറി തീ ഗോളം പറത്തി കലാകാരൻ ഈ രംഗം ഭീഭത്സമാക്കുന്നു. ദാരികൻ നാലു ദിക്കിനെയും നോക്കി തന്നോട്‌ യുദ്ധം ചെയ്യാൻ ആരെങ്കിലും ഉണ്ടോ എന്ന്‌ വെല്ലുവിളിക്കുന്നു.

തുടർന്ന്‌ ഭദ്രകാളി പുറപ്പാടാണ്‌. ക്ഷേത്രത്തിനകത്തു നിന്ന് ഭദ്രകാളി പുറത്തേക്ക് വരുന്നു എന്ന പ്രതീതിയിലാണ്‌ അവതരണം. തീപ്പന്തവും വാദ്യമേളവുമായി ദേവിയായി വേഷമിടുന്ന കലാകാരനെ പുറത്തേക്ക് ആനയിക്കുന്നു. അതോടേ ദാരികവധത്തിനായ്‌ ഭദ്രകാളി പോർക്കളത്തിലേക്ക്‌ പാഞ്ഞടുക്കുകയും ദാരികനെ പോരിനുവിളിക്കുകയും ചെയ്യുന്ന രംഗം ആരംഭിക്കുന്നു.

Character-darika-performing-in-front-of-the-fire-torch-in-Mudiyettu

ദാരികന്റെ പുറപ്പാട്


The-fireball-is-flaming-to-show-the-horrible-form-of-demon-Darika-in-Mudiyettu

പന്തത്തിൽ തെള്ളിപ്പൊടിയെറിഞ്ഞ് രംഗം പ്രക്ഷുബ്ധമാക്കുന്ന കലാകാരൻ


അലറിപ്പാഞ്ഞ് വരുന്ന കാളിയുടെ കലി ശമിപ്പികാനായി നന്ദികേശൻ വേഷമാറിവരുന്നതാണ്‌ കോയിമ്പടനായർ. കോയിമ്പടനായർ എന്ന വേഷക്കാരൻ സ്വയംപരിചയപ്പെടുത്തിക്കൊണ്ടാണ്‌ പ്രകടനം ആരംഭിക്കുക. കൈലാസത്തിൽ നിന്നും യുദ്ധഭൂമിലേക്കുള്ള തന്റെ യാത്രയിലെ മാർഗ്ഗതടസങ്ങളെപറ്റി വിവരിക്കുന്ന രംഗം രസാവഹമാണ്‌.

തുടർന്ന് കൂളി പുറപ്പാടാണ്‌ ഹാസ്യകഥാപാത്രയ കൂളി മക്കളെ മുലയൂട്ടിയും ചിരിപ്പിച്ചും രംഗം മനോഹരമാക്കുന്നു. മുടിയേറ്റ് കാണുന്ന കാഴ്ചക്കാരിൽ ആരെയെങ്കിലും കൂളി വിളിക്കുകയും, ചെന്നില്ലെങ്കിൽ ഓടിച്ചിട്ട് പിടിക്കുകയും ചെയ്യുന്നു. ഇവരെ മക്കളായി കണ്ട് പ്രതീകാത്മകമായി മുലയൂട്ടുന്നു. മക്കളായി തിരഞ്ഞെടുക്കുന്നവർക്ക് പ്രായഭേദം ഉണ്ടാകില്ല. കുട്ടികളെയും യുവാക്കളേയും ഒക്കെ കൂളി ഇങ്ങിനെ കൂട്ടിക്കൊണ്ടു പോകും.

Kali-purappadu-(Entry-of-Goddess-Kali)-in-Mudiyettu-performance

കാളിയുടെ പുറപ്പാട്


കൂളിയുടെ പ്രകടനം അവസാനിക്കുന്നതോടെ, കാളിയും കൂളിയും ദാരിക-ദാനവേദ്രന്മാരുമായി അതിഘോരമായ യുദ്ധം നടക്കുന്നു. കാളിയുടെ അയോധനവിദ്യയിൽ പിടിച്ചു നിൽക്കാനാകാതെ ദാരിക-ദാനവേദരന്മാർ പാതാളത്തിൽ പോയി ഒളിക്കുന്നു. ഉഗ്രരൂപിയായി, കലി ബാധിച്ച ഭദ്രകാളിയുടെ മുടിപിഴുതെടുത്തു കോയിമ്പടനായർ ആയുധം നിലത്തുകുത്തി കലിശമിപ്പിക്കുന്നു.

പാതാളത്തിൽ ഒളിച്ച ദാരിക-ദാനവേദരന്മാർ രാത്രിയാകാൻ വേണ്ടികാത്തിരിക്കുന്നു. രാത്രിയിൽ മായായുദ്ധം ചെയ്യാനാണ്‌ അസുരന്മാരുടെ തീരുമാനം എന്ന് തിരിച്ചറിഞ്ഞ ഭദ്രകാളി തന്റെ നീണ്ടുചുരുണ്ട മുടിഅഴിച്ചിട്ടു സൂര്യബിംബം മറച്ചു ഇരുട്ടാക്കുന്നു. രാത്രിയായെന്നു കരുതി മായായുദ്ധത്തിന്‌ ഇറങ്ങിയ ദാരിക-ദാനവേദരന്മാരെ ഇരുട്ടുമാറ്റി മഹാകാളി വധിക്കുന്നു. ഇത്രയുമാണ്‌ മുടിയേറ്റിന്റെ അവതരണം.

Battle-between-Goddess-Kali-and-Demon-Darika,-a-scene-in-Mudiyettu

കാളി ദാരിക യുദ്ധം


യുനെസ്കോ അംഗീകാരം

യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ കലാരൂപമാണ്‌ മുടിയേറ്റ്. 2010 ഡിസംബർ മാസത്തിലാണ്‌ കേരളത്തിൽ നിന്നുള്ള ഈ അനുഷ്ഠാന കല യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയത്.

അനുഭവം

ആദ്യമായി മുടിയേറ്റ് കാണുന്നത് തങ്കളം ഭഗവതി ക്ഷേത്രത്തിലാണ്‌. 2018 ൽ. അന്ന് എടുത്ത ചിത്രങ്ങളാണ്‌ ഇതോടൊപ്പം ചേർത്തിരിക്കുന്നത്.

Chutti-kuth-Applying-Makeup-on-Mudiyettu-artist's-face-with-white-paste-made-up-with-rice-flour

മുടിയേറ്റ് കലാകാരന്റെ മുഖത്ത് ചമയമിടുന്ന കലാകാരൻ


Putting-face-mask-for-Demon-Darika-character-for-Mudiyettu-performance

മുടിയേറ്റ് കലാകാരന്റെ മുഖത്ത് ചമയമിടുന്ന കലാകാരൻ


Dresses-up-the-artist,-who-perform-Goddess-Kali-character-Mudiyettu

ഉടുത്തുകെട്ട് – അവതാരകനെ വേഷഭൂഷാദികൾ അണിയിക്കുന്നു


മുടിയേറ്റ് വീഡിയോ


3 views0 comments
bottom of page