top of page
  • Writer's pictureDe Kochi

സൂക്ഷ്മം – പ്രകൃതിയിലെ സൂക്ഷ്മമായ കാഴ്ചകളുമായി ഒരു ഹ്രസ്വചിത്രം

സൂക്ഷ്മം  ഹ്രസ്വചിത്രം (2020)

2020 മാർച്ച്‌ 24 അർദ്ധരാത്രി 12 മണിയ്ക്ക്‌ ഇന്ത്യയിൽ, കോവിഡ്‌ 19 (കൊറോണ വൈറസ് രോഗം 2019) പ്രതിരോധത്തിനായുള്ള ലോക്ക്ഡൗൺ ആരംഭിച്ചു. ലോക്ക്ഡൗൺ കാലത്ത്‌ മലയാളത്തിൽ ചിത്രീകരിച്ച, 3 മിനുട്ട്‌ ദൈർഘ്യമുള്ള ഹ്രസ്വചിത്രമാണ്‌ ‘സൂക്ഷ്മം’.

സൂക്ഷ്മം (Sookshmam Short Film) വീഡിയോ കാണുക


ഉള്ളടക്കം

ലോകം ഇരുട്ടിലാണ്‌ എന്ന്‌ ആകുലതപ്പെടുന്നവരെ, ‘വെളിച്ചം വരുന്നത്‌ വരെ സൂക്ഷമതയോടെ കാത്തിരിക്കുവാനുള്ള ഇടവേള മാത്രമാണ്‌ ഇരുട്ട്‌’ എന്ന്‌ ഓർമിപ്പിച്ചു കൊണ്ടാണ്‌ ചിത്രം ആരംഭിക്കുന്നത്‌.

ക്യാമറയ്ക്കു മുന്നിൽ ഒരു മനുഷ്യൻ പോലും കഥാപാത്രമായി വരുന്നില്ലെങ്കിലും, നാലു ചുമരുകൾക്കുള്ളിലെ തന്റെ ചുറ്റുപാടുകളിൽ അവൻ എത്ര നിരാശയും വിരസതയും അനുഭവിക്കുന്നുണ്ടെന്ന്‌ അവന്റെ തന്നെ വാക്കുകളിലൂടെ നമുക്ക്‌ കാണാനാകുന്നു.

വിരസത അർത്ഥശൂന്യമായ പലതിലേക്കും അവന്റെ ശ്രദ്ധയെ തിരിക്കുന്നതായി തോന്നുമെങ്കിലും, അതിനിടയിൽ നല്ല ശീലങ്ങളും അവൻ പതിവാക്കുന്നു.

ഒടുവിൽ ഒരു ദിവസം അവൻ അന്നു വരെ ശ്രദ്ധിക്കാതിരുന്ന, തന്റെ ചുറ്റുമുള്ള പച്ചപ്പിലേക്ക്‌ നോക്കുമ്പോൾ പ്രകൃതി അവനെ വിസ്മയിപ്പിക്കുന്നു.

ഓരോ പുല്ലും, പൂവും, ചെറുജീവിയും സുന്ദരമായ കാഴ്ച അവനു സമ്മാനിക്കുന്നു. ചുറ്റുപാടുമുള്ളതിനെയെല്ലാം അവൻ സൂക്ഷ്മതയോടെ നോക്കിക്കാണുന്നിടത്ത്‌ പ്രകൃതിയെ അവൻ തിരിച്ചറിയുന്നു.

‘മനസുണ്ടായാൽ മതി, അതിജീവിക്കാം’ എന്ന ആശയമാണ്‌ ചിത്രം മുന്നോട്ട്‌ വയ്ക്കുന്നത്‌.

നിർമ്മാണം

രണ്ടാംഘട്ട ലോക്ക്ഡൗൺ സമയത്താണ്‌ സൂക്ഷ്മം ചിത്രീകരിക്കുന്നത്. വീടിനു ചുറ്റുമുള്ള പൂക്കളുടെയും അതിൽ വന്നിരിക്കുന്ന ശലഭങ്ങളുടെയും ഷഡ്പദങ്ങളുടെയും ചിത്രങ്ങൾ എടുത്തു വയ്ക്കുന്നത് ഒരു പ്രധാന വിനോദമായിരുന്നു. അങ്ങനെ ചിത്രങ്ങൾ എടുക്കുന്നതിനിടയിൽ ചിലതിന്റെയെല്ലാം വീഡിയോ ഡൃശ്യങ്ങൾ പകർത്തി. ഒപ്പം പത്തുമണി പൂക്കൾ വിരിയുന്നതുൾപ്പെടെ ചില ടൈംലാപ്സ് ദൃശ്യങ്ങളും. പതിവു പോലെ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുക എന്ന ഉദ്ദേശ്യം മാത്രമായിരുന്നു മുന്നിൽ.

സാധാരണയായി സ്വന്തം 250mm ലെൻസിലായിരുന്നു ചിത്രങ്ങൾ പകർത്തിയിരുന്നത്. എന്നാൽ ലോക്ക് ഡൗൺ ആരംഭിക്കുന്നതിന്‌ 2 ദിവസം മുൻപ് സുഹൃത്തിന്‌ കൈമാറാൻ ഏൽപ്പിച്ച ക്യാമറ കിറ്റ് കൈയിലുണ്ടായിരുന്നു. അതിലെ മാക്രോ ഫോട്ടോഗ്രാഫിയ്ക്ക് ഉപയോഗി ക്കുന്ന Canon 100mm ലെൻസ്  ഉപയോഗിച്ചായിരുന്നു ചിത്രീകരണം. ചിത്രീകരണത്തിനിടയിൽ മനസിൽ വന്ന ആശയത്തിൽ നിന്നാണ്‌ സൂക്ഷമം ഹ്രസ്വചിത്രത്തിന്റെ ആശയം ഉണ്ടായതും അതു പൂർത്തീകരിക്കുന്നതും.

ഫസ്റ്റ് കട്ട് പൂർത്തിയാക്കിയതിനു ശേഷമാണ്‌ ദുബൈയിൽ സൗണ്ട് എഞ്ചിനീയറായി പ്രവർത്തിക്കുന്ന സുഹൃത്ത് മിഥുനുമായി സംസാരിക്കുന്നത്. എന്റെ മിക്കവാറും പരസ്യചിത്രങ്ങളുടെ ജോലികൾ ചെയ്തിരുന്നത് മിഥുനാണ്‌. ലോക്ക് ഡൗണിൽ വീട്ടിൽ കഴിയുകയായിരുന്ന മിഥുൻ, നരേഷനും ഫൈനൽ മിക്സിംഗും ഉൾപ്പെടെയുള്ള ജോലികൾ സന്തോഷത്തോടെ ഏറ്റെടുത്തു.

തുടർന്ന് 2 ദിവസങ്ങൾക്കുള്ളിൽ തന്നെ ഫൈനൽ മിക്സിംഗ് ഉൾപ്പെടെയുള്ള പോസ്റ്റ്പ്രോഡക്ഷൻ ജോലികൾ തീർത്ത് സൂക്ഷ്മം പൂർത്തിയാക്കി. ആകെ 7 ദിവസങ്ങൾ മാത്രമാണ്‌ സൂക്ഷ്മം ചെയ്തു തീർക്കാൻ എടുത്തത്.

പ്രേക്ഷകരുടെ പ്രതികരണം

2020 മെയ് 3 ന്‌ വൈകിട്ട് 7 മണിയ്ക്ക് യൂട്യൂബിലൂടെ സൂക്ഷ്മം പ്രേക്ഷകരിലേക്കെത്തി. എന്നാൽ ചിത്രത്തിന്‌ മികച്ച പ്രതികരണം ലഭിച്ചത് ഫേസ്ബുക്കിൽ നിന്നാണ്‌.

ജനപ്രിയ സോഷ്യൽ നെറ്റ് വർക്ക് എന്ന നിലയിൽ ഒരേ സമയം ഫേസ്ബുക്കിലും അപ്ലോഡ് ചെയ്തിരുന്ന ചിത്രം കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ തന്നെ തരംഗമായി മാറി.

ഗൾഫ് മേഖലയിലെ നിരവധി ഫേസ്ബുക്ക് ഗ്രൂപ്പുകളിലും, പേജുകളിലും സൂക്ഷ്മം പങ്കുവയ്ക്കപ്പെട്ടു. 3 മിനുട്ട് മാത്രം ദൈർഘ്യമുണ്ടായിരുന്നത് കൊണ്ട് വീഡിയോ വാട്സ് ആപ് മെസേജിംഗ് ആപ്പ് വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

0 views0 comments
bottom of page