Site icon De Kochi – Photo Journal

നീലിമൂട്ടയും ഉറുമ്പും

Ants eating Aphids, Insects Kerala

Ants eating Aphids

Ants eating Aphids, Insects Kerala

നീലിമൂട്ടയും പുളിയുറുമ്പും

ഒരിക്കൽ അദ്ധ്യാപകൻ നാലാം ക്ളാസിലെ തന്റെ വിദ്ദ്യാർത്ഥികൾക്ക് ഒരു ഗൃഹപാഠം നൽകി. അടുത്ത ദിവസം ക്ളാസിൽ എത്തുമ്പോൾ ആരും ചോദിക്കാത്ത ഒരു ചോദ്യം കണ്ടെത്തി കൊണ്ടു വരണം. അതിന്‌ അദ്ധ്യാപകൻ ഉത്തരം നൽകുമെന്ന് മാത്രമല്ല, മികച്ച ചോദ്യം ചോദിക്കുന്ന കുട്ടിയ്ക്ക് ഒരു സമ്മാനവും നൽകും. ഡി.പി.ഇ.പി പഠന പദ്ധതി അനുസരിച്ചുള്ള ഒരു ക്രിയാത്മക ഗൃഹപാഠം തന്നെ ആയിരുന്നു അത്. അല്ലാതെ അദ്ധ്യാപകൻ സ്വന്ത ഇഷ്ടപ്രകാരം തീരുമാനിച്ച ഒന്നായിരുന്നില്ല അത്.

പിറ്റേന്ന് ഗ്രാമവാസികളായ കുട്ടികൾ കൊണ്ടു വന്ന ചോദ്യങ്ങൾക്ക് എല്ലാത്തിനും തന്നെ ഉത്തരം നൽകാൻ അദ്ധ്യാപകന്‌ അധികം വിഷമിക്കേണ്ടി വന്നില്ല. എന്നാൽ അന്ന് ക്ളാസിൽ വൈകിയെത്തിയ ബാക്ക് ബെഞ്ചർ ആയ കുട്ടിയുടെ സംശയം അദ്ധ്യാപകനെ ശരിക്കും കുഴക്കി.

എന്തുകൊണ്ടാണ്‌ നീറുറുമ്പുകൾ കൊക്കോമരത്തിൽ മാത്രം അധികമായി കാണപ്പെടുന്നത്?

അതായിരുന്നു ആ കുട്ടിയുടെ ചോദ്യം. ചോദ്യം ചോദിക്കാനുണ്ടായ കാരണം അദ്ധ്യാപകൻ തിരക്കി. കുട്ടി തന്റെ അനുഭവത്തിൽ നിന്നാണ്‌ ആ ചോദ്യം ചോദിച്ചത്. രാവിലെ വീട്ടിലെ കൃഷിയിടത്തിലെ കൊക്കോമരത്തിൽ നിന്ന് പാകമായ കൊക്കോ പറിക്കാൻ മൂത്ത സഹോദരനൊപ്പം ഈ കുട്ടിയും പോകുമായിരുന്നു. എന്നും തന്നെ കൊക്കോമരത്തിലെ നീറുറുമ്പിന്റെ (പുളിയുറുമ്പ്)  കടി കിട്ടുന്നതും പതിവാണ്‌. എന്നാൽ മറ്റ് മരങ്ങളിൽ ഒന്നും തന്നെ നീറുറുമ്പ് (Weaver Ant) വസിക്കുന്നതായി കുട്ടി കണ്ടതും ഇല്ല. ഇതായിരുന്നു ചോദ്യത്തിന്റെ ഉറവിടം.

അദ്ധ്യാപകൻ കുഴങ്ങി. ശാസ്ത്രീയമായി തന്നെ ഉത്തരം കൊടുക്കണം. എന്തായാലും ക്ളാസ് കഴിയുന്ന മണി അടിച്ചതിനാൽ അദ്ദേഹം തത്കാലം രക്ഷപെട്ടു. ‘ഉത്തരം അടുത്ത ക്ളാസിൽ വിശദീകരിക്കാം’ എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം പുറത്തിറങ്ങി. എന്നാൽ തന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അദ്ധ്യാപകന്‌ മാറിനിൽക്കാൻ കഴിയുമായിരുന്നില്ല.

അദ്ദേഹം കുട്ടി മുന്നോട്ട് വച്ച സംശയത്തേക്കുറിച്ച് വിശദമായി പഠിച്ചു. കുട്ടിയുടെ നിരീക്ഷണത്തിൽ കാര്യമുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. അതേക്കുറിച്ച് കർഷകരായ നാട്ടുകാരിൽ പലരോടും ചർച്ച ചെയ്തെങ്കിലും അടുത്തുള്ള ദിവസങ്ങളിൽ അദ്ധ്യാപകന്‌ മതിയായ ഒരു ഉത്തരം കണ്ടെത്താനായില്ല.

ഇത് അദ്ദേഹത്തെ വളരെ വിഷമിപ്പിച്ചു എന്ന് പറയേണ്ടതില്ലല്ലോ. അങ്ങനെ ഒടുവിൽ സുഹൃത്തായ കൃഷി വകുപ്പ് ഉദ്യോഗസ്ഥനെ അദ്ദേഹം സമീപിച്ചു. അദ്ദേഹമാണ്‌ അദ്ധ്യാപകന്‌ നീലിമൂട്ടയെ പരിചയപ്പെടുത്തുന്നത്.

എന്താണ് നീലിമൂട്ട?

മൃദുവും സുതാര്യവുമായ ശരീരത്തോട് കൂടിയ ഒരു ചെറു കീടമാണ്‌ നീലി മൂട്ട. ഇംഗ്ളീഷിൽ ‘ആഫിഡ്’ (Aphid) എന്നാണ്‌ ഇവ അറിയപ്പെടുന്നത്. മരത്തിന്റെയും ചെടികളുടേയും മൃദുവായ ഇലകളുടേയും, ഫലങ്ങളുടേയും നീരാണ്‌ ഇവയുടെ പ്രധാന ഭക്ഷണം.

മൃദു ശരീരമായതിനാൽ തന്നെ ഭക്ഷണത്തിനായി വല്യ അധ്വാനത്തിന്‌ ഈ ജീവികൾക്ക് കഴിയില്ല. അതിനാൽ തന്നെ കൂട്ടത്തോടെ ഇവ തളിരിലകളോ ഫലങ്ങളോ ഉള്ള ചെടികളിലും മരങ്ങളിലും ആണ്‌ വസിക്കുക. അതായത് താമസം ഭക്ഷണം എല്ലാം ഒരേ സ്ഥലത്ത് എന്ന രീതി.

തളിരിലകൾ കൂടുതൽ ഉള്ള കൊക്കോചെടിയിൽ നീലിമൂട്ട കൂടുതലായി കാണുന്നത് സ്വാഭാവികമാണ്‌. അതു പോലെ തന്നെ തളിരിലകൾ ഉള്ള, ചെത്തി, പപ്പായ ഇല, പപ്പായയുടെ ഇളം കായ്കൾ ഇവയെല്ലാം തന്നെ നീലിമൂട്ടയുടെ ആവാസകേന്ദ്രങ്ങളാണ്‌.

ഉറുമ്പുകൾ നീലിമൂട്ടയിൽ നിന്ന് ആഹാരം ശേഖരിക്കുന്നു

നീലിമൂട്ടയും ഉറുമ്പും തമ്മിൽ എന്താണ്‌ ബന്ധം?

നീറുറുമ്പുകളുടെ (Weaver Ant) ഇഷ്ട ഭക്ഷണമാണ്‌ നീലിമൂട്ടയുടെ ശരീരത്തിൽ നിന്ന് പുറത്തു വരുന്ന സ്രവങ്ങൾ. നീലിമൂട്ടയുടെ സ്രവങ്ങൾ ആഹരിക്കാനാണ്‌ ഉറുമ്പുകൾ കൊക്കോയിൽ എത്തുന്നത്. അതുപോലെ തന്നെ ഉറുമ്പുകൾ സൗകര്യാർത്ഥം നീലിമൂട്ടകളെ അവരുടെ വാസസ്ഥലത്തിനടുത്തുള്ള ചെടികളിൽ എത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

തളിരിലകളുള്ള ചെടികളിൽ ഉറുമ്പുകൾ നീലിമൂട്ടകളെ കൃഷിചെയ്യുന്നു എന്ന് വേണമെങ്കിൽ പറയാം. നീലിമൂട്ട കൂടുതലായി കണ്ടുവരുന്ന തളിരിലകൾ ഉള്ള കൊക്കോയിൽ ഉറുമ്പ് കൂടുവയ്ക്കുന്നതിന്റെ കാരണം ഭക്ഷണത്തിന്റെ ലഭ്യത തന്നെ. ഉറുമ്പിനെ തൊട്ടുകളിച്ചാൽ കടി ഉറപ്പാണല്ലോ.

എന്തായാലും അറിവു തേടിയ വിദ്യാർത്ഥിയായ അധ്യാപകനും, ചോദ്യം ചോദിച്ച കുട്ടിയ്ക്കും തികച്ചും വ്യക്തമായ ഉത്തരം കിട്ടി.

നീലിമൂട്ടയുടെ ആക്രമണം

നീലിമൂട്ടയുടെ ആക്രമണം കാർഷിക വിളകൾക്ക് ദോഷം ചെയ്യുന്നു. പപ്പായ കൃഷിക്കും പടവലത്തിനും അലങ്കാര ചെടികൾക്കും ഒക്കെ നീലിമൂട്ടയുടെ ആക്രമണം ദോഷകരം തന്നെ. വേപ്പ് അധിഷ്ഠിതമായ കീടനാശിനികളാണ്‌ നീലിമൂട്ടയെ നശിപ്പിക്കാൻ ഉപയോഗിക്കുന്നത്.

ഉറുമ്പുകൾ നീലിമൂട്ടയിൽ നിന്ന് ആഹാരം ശേഖരിക്കുന്ന വീഡിയോ

 

©ചിത്രങ്ങളുടെ/വീഡിയോകളുടെ പകർപ്പവകാശം: ചിത്രങ്ങൾ പകർപ്പവകാശ സംരക്ഷണ നിയമത്തിന്‌ വിധേയമാണ്‌ ⚫︎ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രങ്ങൾ dekochi.com നു വേണ്ടി പകർത്തിയിരിക്കുന്നവയാണ്‌ ⚫︎ചിത്രങ്ങളുടെ അവകാശം ഫോട്ടോഗ്രാഫർക്ക് സ്വന്തമാണ്‌ ⚫︎ചിത്രങ്ങൾ അനുവാദമില്ലാതെ പകർത്തുന്നതും, ഉപയോഗിക്കുന്നതും, പ്രസിദ്ധീകരിക്കുന്നതും പകർപ്പവാകാശ സംരക്ഷണ നിയമങ്ങളുടെ ലംഘനമാണ്‌.

Facebook Comments

comments

Exit mobile version