കുട്ടിത്തേവാങ്ക് - Slender Loris
ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന കുരങ്ങുവർഗത്തിൽ പ്പെട്ട ചെറുജീവിയാണ് കുട്ടിത്തേവാങ്ക്. Slender Loris എന്നാണ് ഇംഗ്ളീഷിൽ അറിയപ്പെടുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡമാണ് ജന്മദേശം.
കുട്ടിത്തേവാങ്കിന്റെ രൂപം
മുതിർന്ന കുട്ടിത്തേവാങ്കിന്റെ പരമാവധി ശരീര വലിപ്പം 25 സെന്റിമീറ്ററാണ്. 15 മുതൽ 18 സെന്റിമീറ്ററാണ് സാധാരണ വലിപ്പം. പരമാവധി ശരീരഭാരം 350 ഗ്രാം. പെൻസിൽ കനത്തിലുള്ള മെലിഞ്ഞ കൈകാലുകാളാണ് കുട്ടിത്തേവാങ്കിനുള്ളത്. കണ്ണുകൾക്ക് വലുപ്പം കൂടുതലും കണ്ണുകൾ തമ്മിലുള്ള അകലം കുറവുമാണ്.
പന്തുപോലെ ഉരുണ്ടതലയും വട്ടത്തിലുള്ള നേർത്ത ചെവിയും, നേർത്ത രോമങ്ങൾ ഉള്ള ശരീരവുമാണ് ഈ ചെറുജീവിക്കുള്ളത്. വാലിന്റെ ഭാഗത്ത് ഒരു ചെറിയ തടിപ്പ് മാത്രമാണ് ഉള്ളത് എന്നത് കൊണ്ട് തന്നെ വാലില്ലാത്ത കുരങ്ങനായിട്ടാണ് കുട്ടിത്തേവാങ്കിനെ കണക്കാക്കുന്നത്.
കുട്ടിത്തേവാങ്ക്
ആവാസവ്യവസ്ഥ
കുട്ടിത്തേവാങ്കുകൾ കൂടുതലായും നിത്യഹരിതവനങ്ങളിലും മഴക്കാടുകളിലുമാണ് കാണപ്പെടുന്നത്. കേരളത്തിൽ തട്ടേക്കാട് പക്ഷിസങ്കേതത്തിലും പശ്ചിമഘട്ടമേഖലയിലും കാണപ്പെടുന്നു.
മരത്തലപ്പുകളിലാണ് കുട്ടിത്തേവാങ്കുകൾ വസിക്കുന്നത്. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം ഉണ്ടാകാതിരിക്കാനായി മരച്ചില്ലകളിൽ തീർത്തും കണ്ണിൽപ്പെടാത്ത വിധം ഇലകൾക്കിടയിലോ മരത്തിലെ വള്ളിപ്പടർപ്പിലോ ഒളിച്ചിരിക്കുന്നതാണ് രീതി. പകൽ സമയം പുറത്തിറങ്ങാറില്ല. ഇരതേടൽ രാത്രിയിലായതിനാൽ പകൽ ഇത്തരത്തിൽ മരത്തിനു മുകളിൽ വിശ്രമിക്കും.
മരത്തലപ്പുകളിലൂടെ തന്നെയാണ് മിക്കവാറും സഞ്ചാരം. മിശ്രഭുക്കുകളായ കുട്ടിത്തേവാങ്കുകളുടെ പ്രധാന ഭക്ഷണം ചെറു ജീവികളും കായ്കനികളുമാണ്. കയ്കനികൾക്കൊപ്പം തന്നെ പല്ലി, ഓന്ത്, ഷഡ്പദങ്ങൾ, ഒച്ച് എന്നിവയെല്ലാം തേവാങ്കിന്റെ ഭക്ഷണമാകുന്നു.
കുട്ടിത്തേവാങ്ക് – തട്ടേക്കാട്
കുട്ടിത്തേവാങ്ക് – തട്ടേക്കാട്
Photos: Anoop Santhakumar
ആദ്യത്തെ കാഴ്ച
പക്ഷികളെ കാണുക, ചിത്രങ്ങൾ എടുക്കുക എന്ന ഉദ്ദേശത്തോടെയുള്ള കറക്കത്തിനിടയിൽ, തട്ടേക്കാട് വനത്തിൽ വച്ചാണ് ആദ്യമായി കുട്ടിത്തേവാങ്കിനെ കണ്ടത്. അന്നെടുത്ത ചിത്രങ്ങളാണ് ഇവിടെ ചേർത്തിരിക്കുന്നത്.