പാഷൻ ഫ്രൂട്ട്
പേരിൽ തന്നെ ഒരു വികാരമുണ്ടെങ്കിലും പാഷൻ ഫ്രൂട്ടിന്റെ ഗുണങ്ങളെക്കുറിച്ച് ഒരു കാലത്ത് നാം അത്ര ചിന്തിച്ചിരുന്നില്ല. കേരളത്തിൽ ഡങ്കി പനി പടർന്നു പിടിച്ച സമയത്താണ് പാഷൻ ഫ്രൂട്ടിന്റെ ഗുണഗണങ്ങൾ കേൾക്കാൻ തുടങ്ങിയത്. രോഗികളുടെ ബന്ധുക്കളും സുഹൃത്തുക്കളും പാഷൻ ഫ്രൂട്ട് അന്വേഷിച്ചുള്ള ഓട്ടമായിരുന്നു പിന്നീട്.
സാധാരണയായി വീടുകളിലുടെ മേൽക്കൂരകളിലും തൊടിയിലെ മരങ്ങളിലും പടർന്നു വളർന്നിരുന്ന വള്ളിച്ചെടിയേയും അതിൽ ഉണ്ടാകുന്ന പഴത്തെയും അതു വരെ മലയാളികൾ വേണ്ട രീതിയിൽ ഗൗനിച്ചിരുന്നില്ല എന്നു തോന്നി.
വാണിജ്യാടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ നിന്ന് കടകളിൽ എത്തിയിരുന്ന പാഷൻ ഫ്രൂട്ടിന്റെ വില മനസിലാക്കിയതോടെ എല്ലാവരും വീണ്ടും പാഷൻ ഫ്രൂട്ട് വീടുകളിൽ വളർത്താൻ ആരംഭിച്ചു.
പാഷൻ ഫ്രൂട്ട് പാകമായതും പച്ചയും
ഏങ്ങിനെ വളർത്താം?
മഞ്ഞയും ചുവപ്പും നിറത്തിൽ രണ്ടു തരത്തിലുള്ള പാഷൻ ഫ്രൂട്ട് ആണ് കൂടുതലായി കണ്ടു വരുന്നത്. കേരളത്തിൽ എല്ലായിടത്തും ഒരു പോലെ വളരുന്ന വള്ളിച്ചെടിയാണ് പാഷൻ ഫ്രൂട്ട്. വിത്തുകൾ പാകി മുളപ്പിക്കുന്ന തൈകൾ വീടുകളിൽ അനായാസം വളർത്താവുന്നതാണ്.
മണ്ണിൽ നേരിട്ടോ അല്ലെങ്കിൽ വലിയ ചാക്കിൽ മണ്ണു നിറച്ചോ തൈ നടാവുന്നതാണ്. നെറ്റ് ഉപയോഗിച്ച് അല്ലെങ്കിൽ മരക്കമ്പുകൾ ഉപയോഗിച്ച് വള്ളികൾ വീടിന്റെ ടെറസിലോ മേൽക്കൂരയിലോ പടർത്തി വളർത്താവുന്നതാണ്.
സ്ഥല സൗകര്യം ഉള്ളവർക്ക് 6-7 അടി ഉയരമുള്ള പൈപ്പുകൾ, മരക്കമ്പുകൾ സ്ഥാപിച്ച് നെറ്റ്, അല്ലെങ്കിൽ വള്ളികൾ ഉപയോഗിച്ച് പന്തൽ ഒരുക്കി ചെടി വളർത്താവുന്നതാണ്. പ്രത്യേകിച്ച് വളപ്രയോഗത്തിന്റെ ആവശ്യം ഇല്ല. എന്നാൽ മണ്ണിൽ ഈർപ്പം ഉണ്ടായിരിക്കണം.
പാഷൻ ഫ്രൂട്ട് പൂവ്
പാഷൻ ഫ്രൂട്ടിന്റെ പോഷകമൂല്യം
വൈറ്റമിനുകൾ, മിനറലുകൾ, കാർബോ ഹൈഡ്രേറ്റ്സ്, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് പാഷൻ ഫ്രൂട്ട്.
പഴുത്ത ചുവന്ന നിറത്തിൽ പെട്ട പാഷൻ ഫ്രൂട്ട്
ഔഷധ മൂല്യം
ധാരാളമായി നാരുകൾ (ഫൈബർ) അടങ്ങിയിരിക്കുന്നു എന്നതിനാൽ ദഹനവ്യൂഹത്തിന് അത്യുത്തമം ആണ് പാഷൻ ഫ്രൂട്ട്. പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന പാസിഫ്ലോറിൻ മാനസിക സമ്മർദ്ധം അകറ്റുന്നതിന് സഹായിക്കുന്നു.
പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫറസും, ഇരുമ്പും, ബലക്ഷയം ഉണ്ടാകുന്നതിൽ നിന്നും എല്ലുകൾക്ക് സംരക്ഷണം നൽകുന്നു.
വാണിജ്യ തലത്തിൽ പാഷൻ ഫ്രൂട്ട് ജ്യൂസ്, സിറപ്പ്, വൈൻ, സ്ക്വാഷ്, ജെല്ലി എന്നീ ഉത്പന്നങ്ങളായി നിർമ്മിച്ച് വിപണനം നടത്തുന്നുണ്ട്.
പാഷൻ ഫ്രൂട്ട് ജ്യൂസ്