ശലഭങ്ങൾ
‘പുലർകാലസുന്ദര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായിന്നു മാറി… വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വർണ്ണച്ചിറകുമായ് പാറി…’
പാട്ടിലും പ്രകൃതിയിലും ശലഭം അത്ര നിറവും സൗന്ദര്യവും ഉള്ളവയാണ്. സ്വപ്നത്തിൽ നിന്നെന്ന പോലെ പവിഴക്കൂട്ടിൽ നിന്ന് പുറത്തു വരുന്ന ശലഭം. ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേക്ക് തേൻ നുകരാൻ, അല്ലെങ്കിൽ പൂമ്പൊടി തേടി പറക്കുന്ന പൂമ്പാറ്റ.
മനോഹരമായ വർണ്ണച്ചിറകുകളും പൂവിലൊരു പൂവിതൾ പോലെ പാറിപ്പറ്റുന്ന സ്വഭാവവും എല്ലാം എന്നും പൂമ്പാറ്റകളെ ആകർഷണമുള്ളവയാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ തേനുണ്ടു കഴിയുന്ന പൂമ്പാറ്റകളെ ചില നേരം ശ്രദ്ധിച്ചിട്ടുണ്ടോ?
വർണ്ണവും സുഗന്ധവും ഉള്ള പൂക്കളോടൊപ്പം വസിക്കുമ്പോഴും ചില നേരം അവയെല്ലം വിട്ട്, ചെളിക്കൂമ്പാരത്തിലും മാലിന്യങ്ങളിലും ഒത്തു കൂടുന്ന ശലഭങ്ങളെ കണ്ടിട്ടുണ്ടോ? എന്തിനാണ് ശലഭങ്ങൾ അത്തരത്തിൽ ഒത്തുകൂടുന്നത്? ഒറ്റ വാക്കിൽ പറഞ്ഞാൽ നിവൃത്തികേടു കൊണ്ടാണ്.
ചെളിയൂറ്റലിൽ ഏർപ്പെട്ടിരിക്കുന്ന നാട്ടുകുടുക്ക (Common Jay) ശലഭങ്ങൾ
എന്താണ് ശലഭങ്ങളുടെ നിവൃത്തികേട്?
ചിത്രശലഭങ്ങൾ പ്രധാനമായും പൂക്കളിലെ തേൻ ആണ് ഭക്ഷണമാക്കുന്നത്. ചില ശലഭങ്ങൾ പൂമ്പൊടിയും ഭക്ഷണമാക്കുന്നു. എന്നാൽ തേൻ കുടിക്കുന്ന പൂമ്പാറ്റകൾക്ക് ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നില്ല.
കാർബോ ഹൈഡ്രേറ്റ്സ് ആണ് തേൻ കുടിക്കുന്നതിലൂടെ പൂമ്പാറ്റയുടെ ശരീരത്തിലേക്ക് അധികമായി എത്തുന്നത്. ശരീരത്തിനാവശ്യമായ മറ്റുള്ള ധാതുക്കൾ, ലവണങ്ങൾ എന്നിവ ശേഖരിക്കുന്നതിന് വേണ്ടിയാണ് പൂമ്പാറ്റകൾ ചെളിക്കൂമ്പാരത്തിലും മാലിന്യങ്ങളിലും ഒത്തു കൂടുന്നത്.
എന്താണ് മഡ് പഡ്ലിംഗ് ?
ശലഭങ്ങൾ ശരീരത്തിനാവശ്യമായ ധാതുലവണങ്ങൾ ചീഞ്ഞ പഴങ്ങൾ, അഴുകിയ മാംസം, ചെളി തുടങ്ങിയ ജൈവ അവശിഷ്ടങ്ങളിൽ നിന്നാണ് ആഗിരണം ചെയ്യുന്നത്. ഇതിനായി ശലഭങ്ങൾ നദീതീരങ്ങളിലുള്ള ചെളിയിലും, പക്ഷി മൃഗാദികളുടെ വിസർജ്യങ്ങളിലും ഒത്തുകൂടുന്നു.
ഇങ്ങനെ മാലിന്യങ്ങളിൽ നിന്ന് ദ്രാവകരൂപത്തിൽ ശരീരത്തിനാവശ്യമായ പോഷകങ്ങൾ വലിച്ചെടുക്കുന്ന പ്രക്രിയക്കാണ് മഡ് പഡ്ലിംഗ് (Mud Puddling)എന്നു പറയുന്നത്. മലയാളത്തിൽ ചെളിയൂറ്റൽ അല്ലെങ്കിൽ ലവണമൂറ്റൽ എന്നാണ് മഡ് പഡ്ലിംഗ് പ്രക്രിയക്ക് പറയുന്നത്.
ചീഞ്ഞ പഴത്തിൽ നിന്ന് ലവണം ഊറ്റുന്ന തവിടൻ ശലഭങ്ങൾ
ലവണമൂറ്റലിന്റെ ഗുണങ്ങൾ
സോഡിയം ഉൾപ്പെടെയുള്ള ലവണങ്ങളും, അമിനോ ആസിഡും ആണ് ശലഭങ്ങൾ മഡ് പഡ്ലിംഗ് പ്രക്രിയ വഴി മാലിന്യങ്ങളിൽ നിന്ന് ശരീരത്തിലേക്ക് വലിച്ചെടുക്കുന്നത്. പ്രധാനമായും ആൺ ശലഭങ്ങൾ ആണ് ചെളിയൂറ്റലിൽ ഏർപ്പെടുന്നത്. ശലഭങ്ങളുടെ പ്രജനനത്തിന് ലവണമൂറ്റലിൽ നിന്ന് ലഭിക്കുന്ന പോഷകങ്ങൾ സഹായകരമാകുന്നു.
ഇണചേരുമ്പോൾ മഡ് പഡ്ലിംഗ് വഴി സ്വന്തം ശരീരത്തിൽ ശേഖരിച്ച ധാതുക്കളും അമിനോ ആസിഡും ആൺശലഭങ്ങൾ പെൺശലഭങ്ങൾക്ക് പകർന്നു കൊടുക്കുന്നു. ഇത്തരത്തിൽ പെൺശലഭങ്ങൾക്ക് ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഇണയിൽ നിന്ന് ലഭിക്കുന്നു.
മഞ്ഞപ്പാപ്പാത്തിയും (Common Grass Yellow) നാട്ടുകുടുക്ക ശലഭങ്ങളും – വടാട്ടുപാറ
മഡ് പഡ്ലിംഗിന്റെ പ്രത്യേകതകൾ
ശലഭങ്ങൾ ലവണമൂറ്റലിൽ ഏർപ്പെടുമ്പോൾ തന്നെ ശരീരത്തിൽ അധികമായുള്ള ജലാംശം വിസർജ്യമായി പുറത്തു കളയുന്നു – വീഡിയോ കാണുക. ജലം തുള്ളികളായോ പമ്പു ചെയ്തു കളയുന്ന രീതിയിൽ തെറിപ്പിച്ചു കൊണ്ടോ ആണ് ശലഭങ്ങൾ ശരീരത്തിൽ നിന്ന് ജലം പുറം തള്ളുന്നത്. ശരീരത്തിനാവശ്യമായ പോഷകങ്ങൾ വലിച്ചെടുക്കുമ്പോൾ തന്നെ ശരീരത്തിൽ നിന്ന് ആവശ്യമില്ലാത്തവ പുറം തള്ളുകയും ചെയ്യുന്നു.
മഡ് പഡ്ലിംഗിങ്ങിനായി ഒത്തു കൂടുന്ന ശലഭങ്ങളിൽ പല വർഗ്ഗങ്ങളിലുള്ള ശലഭങ്ങൾ ഉണ്ടാകാറുണ്ട്. അതു കൊണ്ട് തന്നെ മഡ് പഡ്ലിംഗിങ്ങിനായി ഒത്തു കൂടുന്ന ശലഭങ്ങൾ മനോഹരമായ ഒരു കാഴ്ച വിരുന്നാണ് ഒരുക്കുന്നത്.